ഇനിയുമിതുപോലെ എത്ര കുഞ്ഞുങ്ങൾ...?
text_fieldsവിഡിയോയിൽ കണ്ട ആ എട്ടു വയസ്സുകാരന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല; രണ്ടു വയസ്സുള്ള കുഞ്ഞനിയന്റെ ഉയിരറ്റുപോയ ദേഹവും താങ്ങിപ്പിടിച്ചിരിക്കുകയാണവൻ. കുഞ്ഞുടൽ മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള ഗ്രാമത്തിലെത്തിക്കാൻ പറ്റുന്ന ഒരു വാഹനം സംഘടിപ്പിക്കാൻ പോയിരിക്കുന്നു അവന്റെ പിതാവ് പൂജാറാം ജാദവ്. ഈ സങ്കടക്കാഴ്ചയുടെ പശ്ചാത്തലംകൂടി അറിഞ്ഞപ്പോൾ സങ്കടവും രോഷവും അടക്കാനാവുന്നില്ല.
വിളർച്ചയും പോഷകാഹാരക്കുറവും മൂലം അസുഖം ബാധിച്ച് ചികിത്സക്കായി മൊറേന ജില്ല ആശുപത്രിയിൽ കൊണ്ടുവന്നതാണ് കുഞ്ഞിനെ. ചികിത്സക്കിടെ അവൻ മരണപ്പെട്ടു. മൃതദേഹം വീട്ടിലെത്തിക്കാനുള്ള സൗകര്യം അന്വേഷിച്ചപ്പോൾ ആശുപത്രി അധികൃതർ അത് തങ്ങൾക്കറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി. ആ പിതാവിന്റെ കൈവശം സ്വകാര്യ ആംബുലൻസുകൾ ആവശ്യപ്പെട്ടത്ര പണം ഇല്ലായിരുന്നുതാനും.
കുഞ്ഞിന്റെ മൃതദേഹം റോഡരികിൽ കിടത്തി, നോക്കാൻ കുഞ്ഞേട്ടനെ ഏൽപ്പിച്ച് ഏതെങ്കിലുമൊരു വാഹനം തരപ്പെടുമോ എന്നു നോക്കാൻ പോയി അയാൾ. അന്നേരം അതിലേ പോയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൗ സംഭവം ഫോണിൽ പകർത്തി പുറത്തുവിട്ടതോടെ വൈറലായി. പൊലീസ് ഇടപെട്ട് അവർക്ക് വാഹനമേർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
ഞാൻ ആലോചിക്കുകയായിരുന്നു ആ കുഞ്ഞിനെക്കുറിച്ച്, അവന്റെ കുടുംബത്തെക്കുറിച്ച്; അടിസ്ഥാന പോഷകാഹാരവും അടിയന്തര ആരോഗ്യ പരിരക്ഷയും പോലും ലഭിക്കാത്ത ആയിരക്കണക്കിന് അത്തരം കുടുംബങ്ങളെക്കുറിച്ച്. വിശപ്പും പോഷകാഹാരക്കുറവും മൂലം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും മരിക്കുന്ന ദുരന്തത്തെക്കുറിച്ച് നാം എന്തേ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല? എന്തേ ചിന്തിക്കുന്നുപോലുമില്ല?
നമ്മുടെ സഹപൗരരിൽ വലിയൊരു ശതമാനത്തിന്റെ മരണത്തിനും നാശത്തിനും രാഷ്ട്രീയ- ഭരണ മേഖലകളിലെ ആരാരൊക്കെയാണ് ഉത്തരവാദികൾ? വഞ്ചനയും ശ്രദ്ധാശൈഥില്യവും നിറഞ്ഞ രാഷ്ട്രീയക്കസർത്തുകൾ എത്രകാലം ഇങ്ങനെ സഹിക്കേണ്ടിവരും? നമുക്ക് വാഗ്ദാനം െചയ്യപ്പെട്ട വികസനത്തിനും വളർച്ചക്കുമെല്ലാം എന്തു സംഭവിച്ചു?
അതിന്റെ ലക്ഷണംപോലും കാണാനില്ലല്ലോ. പട്ടിണിയും പോഷകാഹാരക്കുറവും ഓരോ ദിവസവും ഒരുപാട് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു, ഒരുപാട് കുടുംബങ്ങൾക്കുമേൽ കരിനിഴലായി പടർന്നുനിൽക്കുന്നു. ഇനിയും എന്തെല്ലാം ദുരിതങ്ങളും ദുരന്തങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.
തന്റെ രാജ്യത്തെ ജനാധിപത്യം ഫാഷിസ്റ്റ് ഭീഷണി നേരിടുന്നതായി ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഭിപ്രായപ്പെട്ടത് വായിച്ചപ്പോൾ ഖുശ്‍വന്ത് സിങ് പണ്ടൊരിക്കൽ നൽകിയ മുന്നറിയിപ്പ് ഓർമ വന്നു- ഫാഷിസ്റ്റുകൾ ഇതാ ഇവിടെ എത്തിക്കഴിഞ്ഞു. അവർ നിങ്ങളുടെ വീട്ടുമുറ്റത്തുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യയുടെ പരമാധികാരത്തിനും ജനാധിപത്യത്തിനും നേരെ ഫാഷിസം വാപിളർത്തിയേക്കുമെന്നതിന്റെ ലക്ഷണങ്ങൾ കണ്ടമാത്രയിൽ തന്നെ ഖുശ്‍വന്ത് ഇക്കാര്യം വിളിച്ചുപറഞ്ഞിരുന്നു; അന്നത് അംഗീകരിക്കാനോ സംഭവിക്കുമെന്ന് വിശ്വസിക്കാനോ പലരും തയാറായിരുന്നില്ല. ഇപ്പോൾ നമ്മൾ അതിനെല്ലാം തത്സമയം സാക്ഷ്യം വഹിക്കുന്നു- അക്രമം, അസഹിഷ്ണുത, വർഗീയ കൊലപാതകങ്ങൾ, ചിരപുരാതന സ്ഥാപനങ്ങളുടെയും മൂല്യങ്ങളുടെയും നാശം...
ജനങ്ങളെ കബളിപ്പിക്കുന്നവർ അതിനെല്ലാം പുതിയ ന്യായീകരണവും നിർവചനങ്ങളും ചമക്കുന്നു. ഒരു ചോദ്യം ചെയ്യലിനെയും ശിക്ഷകളെയും ഭയക്കാതെ ആരെയും നശിപ്പിക്കാൻ മാഫിയ ബ്രിഗേഡുകളെ കെട്ടഴിച്ചുവിട്ടിരിക്കുന്നു. ഭരണം പരാജയപ്പെടുമ്പോൾ വഞ്ചനയും ശ്രദ്ധതെറ്റിക്കലുമാണ് അവരുടെ രാഷ്ട്രതന്ത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.