ബോളിവുഡിെൻറ അർഥമുള്ള മൗനം
text_fieldsപാട്ടുപാടി, നൃത്തം ചവിട്ടി യഥാർഥ കർഷകരെന്ന് തോന്നിപ്പിക്കും വിധത്തിൽ വെള്ളിത്തിരയിൽ കർഷക കഥാപാത്രങ്ങളെ അവതരിപ്പിച്ച എത്രയെത്ര നായികാ നായകന്മാരുണ്ട് നമുക്ക്. കാർഷിക ജീവിതത്തിെൻറ തന്മയത്വമാർന്ന അവതരണത്തിലൂടെ അവർ പ്രേക്ഷകരുടെ മനസ്സിലേക്കും പാടത്തിെൻറ പച്ചപ്പ് പറിച്ചുനട്ടു.
മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ കഥ പറഞ്ഞ ആ സിനിമകളെല്ലാം വൻ ഹിറ്റുകളുമായിരുന്നു. ഇനി ചോദിക്കട്ടെ: ഇത്ര ജനപ്രിയരായ ഈ താരങ്ങൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ രണ്ടു വാക്കെങ്കിലും ഉരിയാടുന്നുണ്ടോ? നമ്മുടെ രാജ്യത്തെ കർഷകർ അതിദയനീയമായ അവസ്ഥ അഭിമുഖീകരിക്കുന്നതു കണ്ട് ഒരു താരമെങ്കിലും അവർക്കൊപ്പമാണെന്ന് അറിയിച്ച് ഐക്യദാർഢ്യവുമായി മുന്നോട്ടുവരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ? ഗ്രാമങ്ങളിലും വയലുകളിലും തകർത്തഭിനയിച്ച് കർഷകരുടെ കഥ പറഞ്ഞ് തങ്ങളുടെ സിനിമാഗ്രാഫ് ഉയർത്തിയവർക്ക് ഇങ്ങനെയും ഒരു ഉത്തരവാദിത്തമില്ലേ? ദിലിപ് കുമാറിനും മനോജ് കുമാറിനുമെല്ലാം പ്രായാധിക്യംകൊണ്ട് കർഷക സമരത്തിലേക്ക് ഇറങ്ങിച്ചെന്ന് പിന്തുണ അറിയിക്കാൻ കഴിയില്ലായിരിക്കാം. പക്ഷേ, അവരുടെ കുടുംബത്തിനും സഹകാരികൾക്കും തീർച്ചയായും സാധിക്കില്ലേ?
അതിലേറെ വിഷമിപ്പിക്കുന്ന കാര്യം ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളൊന്നും കർഷകർക്കായി മുന്നോട്ടുവന്ന് സംസാരിക്കാൻ തയാറായിട്ടില്ല എന്നാണ്. അവർക്ക് സമയം കിട്ടാഞ്ഞിട്ടാണോ അതോ നാടു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും അവർ നിയന്ത്രിക്കുന്ന ഭരണകൂടത്തിെൻറയും പ്രതികരണം ഭയന്നാണോ?
2002ൽ ഗുജറാത്ത് വംശഹത്യ നടന്നപ്പോഴും സമാനമായിരുന്നു അവസ്ഥ. വംശഹത്യയുടെ രാഷ്ട്രീയ ആസൂത്രകർക്കെതിരെ നമ്മിൽ പലരും മുന്നോട്ടുവന്നപ്പോഴും ബോളിവുഡ് നിരാശപ്പെടുത്തിയിരുന്നു. ആരുമേ വന്നില്ല എന്നല്ല, ചുരുക്കം ചിലർ അതിനുള്ള ആർജവം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ബോളിവുഡിലെ വമ്പൻ പേരുകൾ അക്കൂട്ടത്തിലില്ലായിരുന്നു. അവർ അതിെൻറ കാരണവും തുറന്നുപറഞ്ഞിരുന്നു-വംശഹത്യ ഇരകളുടെയും അവരുടെ ബന്ധുക്കളുടെയുെമല്ലാം അടുത്തു പോകുന്നതറിഞ്ഞാൽ ഞങ്ങൾ സർക്കാറിെൻറ കരിമ്പട്ടികയിൽപെടും, സിനിമകൾ വേട്ടയാടപ്പെടും, ഭാവിതന്നെ നശിച്ചുപോകും. അതുതന്നെയാണ് യാഥാർഥ്യം, അതി ഭയാനകമാണ് അനന്തരഫലങ്ങൾ.
ഗുജറാത്ത് വംശഹത്യക്ക് 19 ആണ്ട് തികയുേമ്പാഴും ഇരകൾ നീതിക്കായുള്ള കാത്തിരിപ്പിലാണ്. ഗുജറാത്ത് എന്ന വാക്ക് കേൾക്കുേമ്പാൾ തന്നെ മനസ്സിലെത്തുക ആട്ടിപ്പായിക്കപ്പെട്ട, തകർത്തെറിയപ്പെട്ട ഒരുപിടി മനുഷ്യരുടെ മുഖങ്ങളാണ്.
സകിയ്യ ജാഫരിയുടെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു- ''നീതി തേടിയുള്ള പോരാട്ടം ഞാൻ തുടരും, ഹിന്ദുത്വ കലാപകാരികളാൽ കൊലചെയ്യപ്പെട്ട ഭർത്താവ് ഇഹ്സാൻ ജാഫരി ജീവനറ്റുപോകുന്ന നിമിഷംവരെ ധീരതയോടെ പൊരുതിയതുപോലെ. എനിക്കുവേണ്ടി മാത്രമല്ല, 2002ൽ ഗുജറാത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ നൂറുകണക്കിന് മനുഷ്യർക്കുവേണ്ടി കൂടിയാണിത്.''
ഒരു പേരിൽ പലതുമിരിക്കുന്നു
ബോളിവുഡ് കാതോർത്തിരിക്കുന്നത് ഒരു കുഞ്ഞിെൻറ പിറവിക്കാണ്. സൂപ്പർ താരങ്ങളായ കരീന-സൈഫ് അലിഖാൻ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിെൻറ വരവ് കാത്ത്.
കുട്ടിക്ക് എന്തു പേരാവും അവർ നൽകുക എന്നറിയാനാണ് ഏവർക്കും ആകാംക്ഷ. ആദ്യ കുഞ്ഞിന് തൈമൂർ എന്ന് നാമകരണം ചെയ്തതിെൻറ പേരിൽ പല കോണുകളിൽനിന്നും അവർ കേട്ട പഴികളും കുത്തുവാക്കുകളും ചീത്തവിളികളും എത്രമാത്രമായിരുന്നു.
തൈമൂർ എന്ന അധിനിവേശകനെക്കുറിച്ച് പറഞ്ഞവരാരും തൈമൂറിെൻറ മറുപുറം പറഞ്ഞില്ല. 1398ൽ വടക്കേ ഇന്ത്യയിലേക്ക് തൈമൂറിെൻറ വരവിനുപിന്നാലെ 1700 അതിവിദഗ്ധരായ കൊത്തുപണിക്കാരും വാസ്തുശിൽപികളും അലങ്കാര ചിത്രമെഴുത്തുകാരും ഗംഭീര കൈപ്പുണ്യമുള്ള 'വസാ' എന്നറിയപ്പെടുന്ന പാചകക്കാരുമാണ് സമർകന്ദിൽനിന്ന് കശ്മീരിലേക്ക് കുടിയേറിയത്. ഇപ്പോഴും കശ്മീരിലെ ഭൂരിഭാഗം വരുന്ന വസാ കുടുംബങ്ങളുടെ വേരുകൾ ചെന്നെത്തി നിൽക്കുന്നത് സമർകന്ദിലാണ്.
കശ്മീരിലെ പണ്ഡിറ്റുകൾക്കും മുസ്ലിംകൾക്കുംവേണ്ടി വിരുന്നുകളുടെ വിരുന്ന് എന്ന് വിശേഷിപ്പിക്കാവുന്ന കശ്മീരി വാസ്വാൻ തയാറാക്കുന്നതും ഇവരാണ്.
ശഹ്രിയാറിെൻറ ഓർമകൾ
കവിയും എഴുത്തുകാരനും ഗാനരചയിതാവുമായിരുന്ന ശഹ്രിയാറിെൻറ ഒമ്പതാം വിയോഗ വാർഷികമാണ് ഫെബ്രുവരി 13ന്. അഖ്ലാഖ് മുഹമ്മദ് ഖാൻ എന്ന ശഹ്രിയാർ ഉർദു കവിതയിലെ അതികായരിലൊരാളായിരുന്നു.
മുസഫർ അലി സംവിധാനം ചെയ്ത 'ഗമൻ' (1978), 'ഉംറാവ് ജാൻ' (1981) എന്നീ ചിത്രങ്ങളിലെ പാട്ടുകൾ മാത്രംമതി കൽപാന്തകാലം അദ്ദേഹം ഓർമിക്കപ്പെടാൻ. 1987ൽ സാഹിത്യ അക്കാദമി പുരസ്കാരവും 2008ൽ ജ്ഞാനപീഠവും അദ്ദേഹത്തെ തേടിയെത്തി.
അലീഗഢ് മുസ്ലിം സർവകലാശാല ഉർദു വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം കവിസമ്മേളനങ്ങളിലെ തിളങ്ങുന്ന താരമായിരുന്നു. ഇതിനെല്ലാമുപരി അദ്ദേഹത്തിെൻറ നിരീക്ഷണപാടവവും രസികത്വവും ഏറെ പേരുകേട്ടതാണ്. എനിക്കുമുണ്ട് വ്യക്തിപരമായ ചില അനുഭവങ്ങൾ.
ഞങ്ങളുടെ പിതാവിെൻറ കുടുംബ പ്രദേശമായ യു.പിയിലെ ആവ്ലായിൽ നിന്നാണ് അദ്ദേഹം. അലീഗഢിൽ പാർക്കുന്ന എെൻറ സഹോദരി ഹബീബയുമായും നല്ല അടുപ്പം. പക്ഷേ, ഇതെല്ലാം ഞാനറിയുന്നത് ഒരു പതിറ്റാണ്ടു മുമ്പ് ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് ഇത് ഹബീബയുടെ സഹോദരിയാണെന്നു പറഞ്ഞ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയപ്പോഴാണ്.
''താങ്കൾ... ഹബീബയുടെ സഹോദരിയോ?'' ശഹ്രിയാറിന് വിശ്വാസം വരാത്തതുപോലെ.
''അതെ, ഹബീബ എെൻറ ഇളയതാണ്.''
''പക്ഷേ, കണ്ടിട്ട് തോന്നുന്നില്ലല്ലോ, ശരിക്കും വ്യത്യസ്തം. അവരെ ശിരോവസ്ത്രമൊക്കെ അണിഞ്ഞാണ് കാണാറ്...'' എെൻറ കൈയില്ലാ കുപ്പായം കണ്ടിട്ട് അേദ്ദഹത്തിനത് സമ്മതിക്കാൻ പറ്റാത്തതു പോലെ.
''അതെ, ഞങ്ങൾ ശരിക്കും സഹോദരങ്ങളാണ്.''
''ഒരേ പിതാവിന്റെ മക്കൾ?''
''അതേയെന്നേ.''
''സത്യമായും ഒരേ പിതാവിെൻറ''?
ചോദ്യം പിന്നെയുമാവർത്തിച്ചപ്പോൾ മറുപടി പറയാതിരിക്കാനായില്ല:
''അങ്ങനെയാണ് അമ്മ ഞങ്ങളോട് പറഞ്ഞത്.''
ഈ മറുപടിക്കുശേഷം അതേക്കുറിച്ച് ചോദ്യമുണ്ടായില്ല. പകരം അതേച്ചൊല്ലി കുറെയേറെ നേരം ഞങ്ങൾ പൊട്ടിച്ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.