നിഷ്പക്ഷർക്കും രക്ഷയുണ്ടാവില്ല
text_fieldsഒരു കവിയായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അങ്ങനെയെങ്കിൽ എെൻറ കഠിനവേദനകളും കടുത്ത രോഷങ്ങളും പൊള്ളുന്ന കാവ്യങ്ങളിലൂടെ പുറത്തു വിടാമായിരുന്നു. കഷ്ടം, ഞാൻ കവിയല്ല. സംഭവിക്കുന്ന ദുരന്തങ്ങളെല്ലാം നിസ്സഹായമായി കണ്ടുനിൽക്കാൻ വിധിക്കപ്പെട്ട നിസ്വയായ ഒരു എഴുത്തുകാരി മാത്രം.
കർഷകരുടെ അവസാനമില്ലാത്ത ദൈന്യത കാണുേമ്പാൾ നമ്മളിപ്പോഴും രാജ ഭരണകാലത്താണോ ജീവിക്കുന്നതെന്ന് ആരും ചോദിച്ചുപോകും-അല്ലെങ്കിൽപിന്നെ ഇങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം, സ്വന്തം രാജ്യത്തിെൻറ തലസ്ഥാനനഗരിയിൽ കാലുകുത്താനുള്ള സ്വാതന്ത്ര്യം പോലും ഇങ്ങനെ തടയപ്പെടുമോ?
ഡൽഹി അതിർത്തിയിലെ ബാരിക്കേഡുകളും തടസ്സങ്ങളും കാണുേമ്പാൾ ഒരു സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ ഭരണകൂടം ഏതറ്റംവരെ പോകുമെന്നത് നമുക്ക് ബോധ്യമാവുന്നു. കർഷകരുമായി സംവദിക്കാൻ സന്നദ്ധമാകുന്നതിനുപകരം കുടിവെള്ളം, വൈദ്യുതി, ഗതാഗതസൗകര്യം, ആശയവിനിമയസംവിധാനങ്ങൾ എന്നിങ്ങനെ അവരുടെ നിലനിൽപിനാവശ്യമായതെല്ലാം നിഷേധിക്കുന്നത് എത്രമാത്രം വിചിത്രരീതിയാണ്.
ഇൗയൊരവസ്ഥയിൽ നിഷ്പക്ഷരെന്ന് ഭാവിച്ച് നിൽക്കുന്നവരും എല്ലാകാലവും ഇങ്ങനെ തുടരാനാകുമെന്ന് കരുതേണ്ടതില്ല. അവരും ഉന്നമാക്കപ്പെടുന്ന നാളുകൾ അതിവിദൂരമല്ല. ഫാഷിസ്റ്റ് ശക്തികൾ വ്യക്തികളെയും സമൂഹങ്ങളെയും വേട്ടയാടുന്നതിൽനിന്ന് എന്നാണ് കുറവ് വരുത്തിയിട്ടുള്ളത്?
ആദ്യം അവർ മുസ്ലിംകളെ തേടിയെത്തി, പിന്നെ ദലിതുകളെയും ആദിവാസികളെയും. അടുത്തത് ലിബറലുകൾ, വിദ്യാർഥികൾ, സാമൂഹികപ്രവർത്തകർ, അക്കാദമിക പണ്ഡിതർ എന്നിങ്ങനെ അവകാശത്തിനായി ശബ്ദമുയർത്തിയ ഓരോരുത്തരുടെയും ഊഴമായിരുന്നു. അടുത്തത് സർക്കാർകുറിപ്പുകളും ഭാഷ്യങ്ങളും പകർത്താൻ കൂട്ടാക്കാത്ത, അധികാരികളുടെ മടിത്തട്ടിലുറങ്ങാൻ മടികാണിച്ച അചഞ്ചലരായ മാധ്യമപ്രവർത്തകരും എഴുത്തുകാരുമായിരുന്നു. ഇപ്പോഴിതാ ഭാഗ്യഹീനരായ കർഷകജനത വേട്ടയാടപ്പെടുന്നു. നമ്മെ നാൾക്കുനാൾ ഊട്ടി പരിപോഷിപ്പിച്ചു പോന്ന ആ മനുഷ്യരോടാണ് അതി മനുഷ്യത്വരഹിതമായ നിലപാട് സർക്കാർ സ്വീകരിക്കുന്നത്!
ഖുശ്വന്ത് സിങ് ഭയപ്പെട്ടത്
ഖുശ്വന്ത് സിങ്ങിെൻറ 106ാം പിറന്നാൾ വർഷമാണിത്. 1915ൽ ജനിച്ച ഖുശ്വന്ത് ഓരോ വർഷവും രണ്ടു തവണയാണ് പിറന്നാൾ ആഘോഷിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനും ആഗസ്റ്റ് 15നും.
അദ്ദേഹത്തെക്കുറിച്ച് എഴുതാനിരുന്നാൽ വാല്യങ്ങളിലേക്ക് നീളും. ഇപ്പോഴിവിടെ അദ്ദേഹത്തിെൻറ ഒരു ഉദ്ധരണി മാത്രം എടുത്തെഴുതട്ടെ. അത്യന്തം ധീരനായിരുന്ന ഖുശ്വന്ത് ഭയപ്പെട്ടിരുന്നത് ഒന്നു മാത്രമായിരുന്നു: ''ഇന്ന് എെൻറ ഏക ആശങ്ക വലതുപക്ഷ ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് ശക്തിപ്പെടുന്നത് മാത്രമാണ്. വർഗീയ രാഷ്ട്രീയത്തിെൻറ വളർച്ചയെയും അത് വരുത്തുന്ന അപകടങ്ങളെയും കുറിച്ച് യുവതലമുറ ബോധ്യമുള്ളവരാവണം.''
2003ൽ അദ്ദേഹത്തിെൻറ 'ദ എൻഡ് ഒാഫ് ഇന്ത്യ'(പെൻഗ്വിൻ)യുടെ പ്രകാശനശേഷം നൽകിയ അഭിമുഖത്തിൽ ഖുശ്വന്ത് എന്നോടു പറഞ്ഞു: ''നാം ഈ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ വർഗീയ ശക്തികളിൽനിന്ന് നാടിനെ രക്ഷിക്കണം. ലിബറൽസമൂഹം ശുഷ്കിച്ചുവരുകയാണെങ്കിലും ഈ തലമുറ വർഗീയ-ഫാഷിസ്റ്റ് നയങ്ങളെ തള്ളിക്കളയുമെന്നുതന്നെയാണ് എെൻറ പ്രതീക്ഷ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ദീർഘജ്ഞാനിയായ ആ എഴുത്തുകാരെൻറ പ്രതീക്ഷ അസ്ഥാനത്താവില്ലെന്ന് ശുഭവിശ്വാസം പുലർത്താം.
ഫൈസ്- അവസാനിക്കാത്ത വേദന
അനശ്വരകവി ഫൈസ് അഹ്മദ് ഫൈസും പിറന്നത് ഫെബ്രുവരിയിൽ. ഈ മാസം 13ന് അദ്ദേഹത്തിെൻറ 110ാം ജന്മവാർഷികമാണ്. പലവുരു കാണാനും ഇടപഴകാനും കഴിഞ്ഞ ഫൈസിനെക്കുറിച്ചും ഒരുപാടുണ്ട് എഴുതാൻ. സുഹൃത്തുക്കളെയും അനുവാചകരെയും കാണാൻ എഴുപതുകളുടെ അവസാനത്തിൽ അദ്ദേഹം ഇടക്കിടെ ചണ്ഡീഗഢിൽ വരുമായിരുന്നു.1976 മുതൽ 80 വരെ ഞാനും അവിടെയാണ് പാർത്തിരുന്നത്.
അദ്ദേഹത്തിെൻറ ബഹുമാനാർഥം സിവിൽ സർവിസ് ഉദ്യോഗസ്ഥരും കവികളും അക്കാദമീഷ്യന്മാരും ഒരുക്കിയ നിരവധി കൂടിേച്ചരലുകളിലും കവിസമ്മേളനങ്ങളിലും സംബന്ധിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയകഴുകന്മാർ നമ്മുടെ ദൈനംദിന ജീവിതങ്ങളിലേക്ക് അതിക്രമിച്ചു തുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അത്. ഇന്ന് നമ്മെ ഭരിക്കുന്ന മട്ടുള്ള സുരക്ഷാഭീതികളൊന്നും അന്നില്ലായിരുന്നു. ഇന്നത്തേതു പോലെ വർഗീയാധിക്ഷേപങ്ങളെയും ഭയക്കേണ്ടതില്ലായിരുന്നു.
ഞങ്ങളുമൊരിക്കൽ ഫൈസ് സാഹിബിനെ അത്താഴവിരുന്നിന് ക്ഷണിച്ചു. തരിമ്പ് ഗർവ് കാണിക്കാതെ വരുകയും അതിസൗമ്യവും മാന്യവുമായി സംസാരിക്കുകയും ചെയ്തു. ഒരേയൊരു സങ്കടമെന്തെന്നാൽ അദ്ദേഹത്തെക്കുറിച്ച് പുസ്തകം ചെയ്തില്ലല്ലോ എന്നതാണ്. അദ്ദേഹത്തിെൻറ സംഭാഷണങ്ങൾ അത്രമാത്രം കനപ്പെട്ടതായിരുന്നു. അന്ന് എനിക്ക് പ്രായവും കുറവാണ്. അദ്ദേഹത്തിലെ പ്രതിഭയുടെ ആഴം തിരിച്ചറിയാനുള്ള പാകത എനിക്കുണ്ടായിരുന്നിരിക്കില്ല. എന്തായാലും ഈ സങ്കടം ജീവിതാവസാനം വരെ ഞാൻ കൊണ്ടുനടക്കും. ഔദ്യോഗികവും അനൗദ്യോഗികവുമായി തടവിലാക്കപ്പെട്ടവർക്കു വേണ്ടി അദ്ദേഹത്തിെൻറ ഏതാനും വരികൾ പങ്കുവെക്കാം:
സ്നേഹത്തടവുകാർ
ആരാച്ചാരുടെ തൂക്കുകയർ
മാലപോലണിഞ്ഞ്
ഗായകർ രാപ്പകൽ പാടുന്നു
കാൽച്ചങ്ങല ചിലങ്കപോൽ കിലുക്കി
നർത്തകർ ദ്രുതനൃത്തം തുടരുന്നു
ആ തമ്പിലും ഈ തമ്പിലുമില്ലാതെ
നമ്മൾ അസൂയപൂണ്ട്
അവരെ നോക്കിനിൽക്കുന്നു
നിശ്ശബ്ദമായി കണ്ണുനീർ പൊഴിക്കുന്നു
മടക്കത്തിൽ, രക്തപുഷ്പങ്ങൾക്ക്
നിറംവറ്റിയതായി നാം കാണുന്നു
നമ്മുടെ ഹൃദയമിരുന്നിടം
തപ്പിനോക്കുേമ്പാൾ
കുത്തേറ്റ വേദനമാത്രമാണ് ബാക്കി
നമ്മുടെ കഴുത്തിൽ
ഒരു തൂക്കുകയറിെൻറ പ്രതീതി
കാലുകളിൽ ചങ്ങലയുടെ കിലുക്കവും
ബാദ് ഷാ സ്നേഹിച്ച രാജ്യം
മ്യാന്മറിൽ നിന്ന് രാഷ്ട്രീയ അട്ടിമറിയുടെ വാർത്തകൾ കേൾക്കവെ അവസാന മുഗൾ ബാദ്ഷാ ബഹദൂർ ഷാ സഫറിലേക്ക് ചിന്തകൾ പറക്കുന്നു. 1875ലെ ഒന്നാം സ്വാതന്ത്ര്യപ്പോരാട്ടത്തിെൻറ നായകനായി അവരോധിക്കപ്പെട്ട അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം നാടുകടത്തിയതും 1862ൽ മരണപ്പെട്ട് ഖബറടക്കപ്പെട്ടതും റംഗൂണിലാണല്ലോ. ഭരണനിപുണനല്ലായിരുന്നുവെങ്കിലും അതിസാധാരണമായ കാവ്യപ്രതിഭയായിരുന്നു അദ്ദേഹം. താൻ ജീവിക്കുകയും സ്നേഹിക്കുകയും നാടുകടത്തപ്പെടുകയും മരിക്കുകയും ചെയ്തത് ഏതു നാടിനുവേണ്ടിയാണോ ആ ദേശത്തെക്കുറിച്ച് ബഹദൂർഷാ സഫർ എഴുതിയത് വായിക്കൂ:
ഹിന്ദുസ്ഥാന് ഒരു മംഗളഗീതം
അതുല്യം ഹിന്ദുസ്ഥാെൻറ മണ്ണ്
ഇവിടെ തളിർക്കുന്നു
പ്രണയവും കരുണയും വിശ്വാസ്യതയും
സൂര്യൻ കിഴക്കുദിക്കും പോലെ തീർച്ച;
ഈ സംശുദ്ധഭൂവിൽ നിന്നാണ്
ഉയരുന്നത്
ഇന്ത്യയിലെ ഇൗ വിത്തുകളാണ്
വിദൂരങ്ങളിൽ, ലോകമെങ്ങും
മധുരം വിളയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.