കഥ, തിരക്കഥ, സംവിധാനം: വിദ്വേഷം
text_fieldsഒരു സിനിമ കണ്ട് വരുന്നവർ ‘ഇത് കണ്ട് മുസ്ലിംകളോട് ഭയം തോന്നുന്നു’ എന്ന് പ്രതികരിക്കുന്നത് കുറച്ചു ദിവസമായി കേൾക്കുന്നു. ‘കേരള സ്റ്റോറി’ പോലൊരു സിനിമ പടച്ചിറക്കിയവരുടെ ലക്ഷ്യം സഫലമായി എന്നുതന്നെ പറയാം. മുസ്ലിം സമൂഹത്തെ ആവുംവിധമെല്ലാം താറടിച്ച് ചിത്രീകരിക്കുന്ന സിനിമകൾക്ക് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും പ്രകീർത്തനവും സംസ്ഥാന സർക്കാറുകളുടെ നികുതിയിളവ് പ്രോത്സാഹനവും ലഭിക്കുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. വർഗീയ ധ്രുവീകരണവും വിഭാഗീയതയും സൃഷ്ടിക്കാനുദ്ദേശിച്ചുള്ള ഗൂഢ അജണ്ടകളോടെ ഇത്തരം സൃഷ്ടികൾ തയാർ ചെയ്യപ്പെടുേമ്പാൾ സത്യവും കണക്കുകളുമെല്ലാം തട്ടിമാറ്റപ്പെടുന്നു.
ഇതൊന്നും ഒരുരാത്രികൊണ്ട് സംഭവിച്ചതല്ല, പക്ഷേ വലതുപക്ഷ സംഘങ്ങളും സ്ഥാപിത താൽപര്യക്കാരും ചേർന്ന് ഏതാനും വർഷംകൊണ്ട് നമുക്ക് നിരൂപിക്കാൻ കഴിയാവുന്നതിലുമേറെ ഭയാനകമായി ഇവിടത്തെ സാഹചര്യം മാറ്റിക്കഴിഞ്ഞിരിക്കുന്നു.
വെള്ളിത്തിരയിലെ സമുദായം
ബോളിവുഡ് ചലച്ചിത്ര ലോകവും ടെലിവിഷൻ സീരിയലുകളും മുഖേന രൂപപ്പെടുന്ന വാർപ്പ് മാതൃകകളെയും ആഖ്യാനങ്ങളെയും സാമുദായിക മുൻവിധികളെയും കുറിച്ച് ഏറെ മുമ്പേ ഗവേഷണ പഠനം നടത്തിയ ഒരാൾ ജമ്മു-കശ്മീർ കേഡറിലെ ഉദ്യോഗസ്ഥൻ പർവേസ് ദിവാൻ ആയിരുന്നു.
സിനിമകളിൽ ക്രൈസ്തവ പുരുഷ കഥാപാത്രങ്ങളെ കുടിയന്മാരും തെമ്മാടികളും ക്രിമിനലുകളുമായി ചിത്രീകരിക്കുേമ്പാൾ അവരുടെ സ്ത്രീകളെ കുടിച്ചും വലിച്ചും നിഷ്ഠകളില്ലാതെ നടക്കുന്നവരായി അവതരിപ്പിക്കുന്നു.
ദുഷ്ട െൻറ ഫലം ചെയ്യുന്ന ശുദ്ധരായാണ് സിഖുകാരെ ചിത്രീകരിക്കുക. ദലിതരെയും ആദിവാസി സമൂഹത്തെയും മറ്റൊരു വിധത്തിൽ അവതരിപ്പിക്കും, നിസ്സാരരും പ്രായമുള്ളവരുമായിരിക്കും സിനിമയിലെ പാഴ്സികൾ. ഇന്ത്യയിൽ പാർക്കുന്ന ചൈനക്കാർ ദുഷ്ടതയുടെ പ്രതീകങ്ങളായി ചിത്രീകരിക്കപ്പെടും, അല്ലങ്കിൽ ഗുണ്ടാസംഘക്കാരായി. സിനിമയിലും സീരിയലിലും വില്ലനോ സഹായിയോ മുസ്ലിം പേരുകാരായിരിക്കും.
മുസ്ലിം പുരുഷന്മാർ സ്റ്റീരിയോടൈപ്പ് വസ്ത്രത്തിലാണ് വെള്ളിത്തിരയിൽ അവതരിക്കുക. ആ കഥാപാത്രം ഒന്നുകിൽ വൃദ്ധൻ, ശേഷിക്കുറവുള്ളവൻ അതുമല്ലെങ്കിൽ സ്വവർഗരതിക്കാരൻ ആയിരിക്കും. ഇതൊന്നുമല്ലെങ്കിൽ ഒരുപാട് കുട്ടികളുള്ള ആളായിരിക്കും. ചെറുപ്രായക്കാരായി ഇരുപതു ശതമാനത്തിൽ താഴെ മുസ്ലിം പുരുഷകഥാപാത്രങ്ങളെ മാത്രമാണ് കാണിക്കാറുള്ളത്. അതാകട്ടെ, പിന്നാക്കക്കാർ, കടുംപിടിത്തമുള്ള മതവാദികൾ എന്നീ മട്ടിലാവും. തേസാബ് സിനിമ മുതൽ മുസ്ലിം പുരുഷരെ തീവ്രവാദ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ട്രെൻഡായി.
സത്യം നഷ്ടമായ കലക്കച്ചവടം
യശഃശരീരനായ നടൻ ഫാറൂഖ് ശൈഖുമായി രണ്ടു തവണ ഞാൻ അഭിമുഖം നടത്തിയിട്ടുണ്ട്. ബോളിവുഡ് സിനിമകളിലെ തെറ്റായ മുസ്ലിം ചിത്രീകരണത്തിനെതിരെ അതിനിശിതമായാണ് അദ്ദേഹമന്ന് സംസാരിച്ചിരുന്നത്. ‘‘ബോളിവുഡിൽ പടംപിടിക്കാൻ ചെലവിടുന്നത് കോടികളാണെങ്കിലും പ്രസക്തമായ വിഷയങ്ങളോടുള്ള സംവേദനക്ഷമത തുലോം തുച്ഛമാണ്. ഇന്ത്യൻ മുസ്ലിമിെൻറ യഥാർഥ അവസ്ഥ അവതരിപ്പിക്കുന്നതിന് അവർക്ക് താൽപര്യമേയില്ല, കച്ചവടച്ചരക്കു മാത്രമായ സിനിമകളിൽ സമുദായങ്ങളുടെയും അതിലെ അംഗങ്ങളുടെയും ചിത്രീകരണം മുൻവിധികളാൽ പടച്ചുവെച്ച വാർപ്പ് മാതൃകയിലൂന്നി മാത്രമാണ്. മുസ്ലിം പുരുഷർ ലുങ്കിയും ബനിയനും മാത്രം ധരിച്ചാണ് സിനിമയിലെത്തുക, അല്ലെങ്കിൽ വഞ്ചകരായ കഥാപാത്രങ്ങളായി. ചില സിനിമകളിൽ രാജ്യസ്നേഹം പറയുന്ന ആളായി ഒരു നല്ല മുസ്ലിമിനെ അവതരിപ്പിക്കും, മുസ്ലിംകൾ എല്ലാം മോശക്കാരാണെന്ന് ഞങ്ങൾ പറയുന്നില്ല എന്ന വാദത്തിനു വേണ്ടിയാണത്. സിനിമകളിൽ കാണുന്നതുപോലെ നീളൻ കുപ്പായം ധരിച്ച് സദാ കുറുമ പാചകം ചെയ്ത് ഒരു മുന്നൂറു തവണ ആദാബ് (ഉത്തരേന്ത്യൻ അഭിവാദന രീതി) പറഞ്ഞു നിൽക്കുന്ന സ്ത്രീയെ ഒരു ശരാശരി മുസ്ലിം വീട്ടിൽ കാണാനാവില്ല.’’
സിനിമ മേഖല അപ്പാടെ ലാഭകേന്ദ്രീകൃത കച്ചവടമായി മാറിയതിൽ അദ്ദേഹത്തിന് വല്ലാത്ത സങ്കടമുണ്ടായിരുന്നു. “പണത്തിനു പുറകെ മാത്രം പോകുന്നതിനാൽ സമൂഹത്തെ ഇതെല്ലാം ഏതുവിധം ബാധിക്കും എന്ന കാര്യത്തിൽ ഇപ്പോൾ സിനിമാക്കാർക്ക് ഒരു വേവലാതിയുമില്ല. കെ. ആസിഫ്, ഗുരുദത്ത്, ബിമൽ റോയ്, മെഹബൂബ് എന്നിവരെപ്പോലുള്ള നിർമാതാക്കളെ ഇനി കാണാൻപോലും കിട്ടില്ല. മെഹബൂബിെൻറ കൈയിൽ പണമുണ്ടായിട്ടില്ല, സിനിമയോടുള്ള അടങ്ങാത്ത സ്നേഹം കാരണമാണ് അദ്ദേഹം നിർമാതാവായത്. ബിമൽ റോയ് ജീവിതാവസാനം വരെ വാടകവീട്ടിലാണ് താമസിച്ചത്. ഗരം ഹവാ നിർമിക്കാൻ വാങ്ങിയ കടം ഇരുപത് വർഷമെടുത്താണ് എം.എസ്. സത്യുവിന് വീട്ടാനായത്. അത്തരം പ്രതിബദ്ധതയും അഭിനിവേശവും സംവേദനക്ഷമതയുമെല്ലാം സിനിമ നിർമാതാക്കളിൽ അപ്രത്യക്ഷമായിരിക്കുന്നു.”
കേട്ടുകേൾവിയുടെ കെട്ടകാലം
നാലുകെട്ടുന്ന, നാൽപത് കുട്ടികളുള്ള, കുളിയും നനയുമില്ലാതെ നടക്കുന്ന അമിത ലൈംഗികാസക്തർ, അക്രമികൾ, ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കുവഹിക്കാത്തവർ, വിഭജനംകൊണ്ട് ഒരു നഷ്ടവും പറ്റാത്തവർ, പാകിസ്താനോട് കൂറുപുലർത്തുന്നവർ! അപരവത്കരണം പരകോടിയിലെത്തിയിരിക്കുന്നു- വിചിത്രവും സത്യവിരുദ്ധവുമായ ചിത്രീകരണങ്ങൾ കാണുേമ്പാൾ ഇന്ത്യൻ മുസ്ലിമിനെക്കുറിച്ച് പ്രചരിക്കുന്ന കള്ളങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇനിയൊരു അവസാനമില്ലെന്ന് തോന്നുന്നു.
പരസ്പര സമ്പർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തെറ്റിദ്ധാരണകൾ ഒരു പരിധിയോളം ഇല്ലാതായേന. പക്ഷേ, പരസ്പര സമ്പർക്കത്തിന് സാധ്യത ഇല്ലാതാവുന്നതിനാൽ കേട്ടുകേൾവികളും വ്യാജപ്രചാരണങ്ങളും ശക്തിനേടുന്നു. വിഭജനത്തോടെ തന്നെ ഇടപഴകി ജീവിക്കുന്നതിനുള്ള സാധ്യത ഉത്തരേന്ത്യയിലെങ്കിലും ഇല്ലാതായിരുന്നു. ഇന്നാകട്ടെ ആഴത്തിലുള്ള വിഭാഗീയതയും ധ്രുവീകരണവും സമൂഹത്തെ ഒട്ടാകെ ഗ്രസിച്ചിരിക്കുന്നു.
സാമൂഹികമായി മലിനീകരിക്കപ്പെട്ട വർത്തമാനകാലത്ത് മുസ്ലിംകൾക്കും സഹോദര സമുദായാംഗങ്ങൾക്കും തമ്മിൽ ഇടപഴകി ജീവിക്കാനും ആശയവിനിമയം നടത്താനും എത്രമാത്രം അവസരമുണ്ട്? നിങ്ങൾ തുല്യരായിരിക്കു
േമ്പാൾ മാത്രമല്ലേ അടുത്ത് ഇടപഴകാനുള്ള സാഹചര്യമുണ്ടാകൂ. ഒരുമിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ അല്ലെങ്കിൽ അടുത്തടുത്തുള്ള വീടുകളിൽ പാർക്കുകയോ ചെയ്യുന്ന മധ്യവർഗ ഹിന്ദു- മുസ്ലിം കുടുംബാംഗങ്ങൾ തമ്മിൽ സംസാരവും ഒരുമിച്ച് നടത്തവുമെല്ലാം സാധ്യമായേക്കും. എന്നാൽ, ഇത്തരം അനുപാതം തീറെ കുറവാണിന്ന്. സൗഹൃദത്തിനും സമജീവിതത്തിനുമുള്ള സാഹചര്യങ്ങളെല്ലാം ഇല്ലാതാക്കപ്പെടുന്നുവെന്നു മാത്രമല്ല, മുസ്ലിം പുരുഷരും ഹിന്ദു സ്ത്രീകളും തമ്മിൽ സൗഹൃദം രൂപപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പല സംസ്ഥാനങ്ങളിലും സദാചാര സേനകളുമുണ്ട് എന്ന കാര്യവും കാണാതിരുന്നു കൂടാ.
രാഷ്ട്രീയ പാർട്ടികൾ മുസ്ലിംകളെ പ്രീണിപ്പിക്കുന്നു എന്ന തരത്തിലെ വ്യാജ പ്രചാരണവും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അവർ അനർഹമായത് അവിഹിതമായി നേടിയെടുക്കുന്നു എന്ന ആഖ്യാനം ചമച്ചുവിടുന്നതിൽ ആരും പിന്നിലല്ല.
ഇന്ത്യൻ മുസ്ലിംകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സമ്പ്രദായം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. വിവിധ മന്ത്രാലയങ്ങൾക്കും കമീഷനുകൾക്കും ഈ വിഷയങ്ങളിൽ ഇടപെട്ട് അറുതിവരുത്താൻ സാധിക്കുമായിരുന്നു, ഇന്ന് കാണുന്ന മട്ടിലെ സാമുദായിക വിഭജനത്തിൽനിന്ന് നാട് മുക്തമാകുമായിരുന്നു. എന്നാൽ, ഭരണാധികാരികൾക്ക് താൽപര്യം ജനങ്ങൾക്കിടയിലെ വിടവുകളാണ്. എങ്കിലല്ലേ അവരുടെ അജണ്ടകൾക്ക് വേരിറങ്ങാൻ ഇടമുണ്ടാകൂ.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.