പിറന്ന നാട്ടിൽ മണ്ണ് നഷ്ടപ്പെടുന്നവർ
text_fieldsഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമുദായത്തെ മുഴുവനായിത്തന്നെ ഹനിക്കാൻ കൃത്യമായ മൂന്നു വഴികളുണ്ട്. ഒന്നുകിൽ അവരെ കൊലപ്പെടുത്തിയ ശേഷം അവർക്ക് മേൽ ആരോപണങ്ങളുടെ ഒരു കൂന ചുമത്തി ആ ഹത്യയെ ന്യായീകരിക്കൽ. രണ്ടാമത്തേത്: എല്ലാ വിധ ജീവിതമാർഗങ്ങളും നശിപ്പിക്കൽ- ജീവസന്ധാരണത്തിനുള്ള അടിസ്ഥാനവഴികൾ പോലും അടഞ്ഞുപോകുമ്പോൾ ഇഞ്ചിഞ്ചായ മരണം സംഭവിക്കും.
മൂന്നാമത്തേതും ഒരുപക്ഷേ ഏറ്റവും കണിശതയുള്ളതുമായ രീതി അതിജീവനം തന്നെ അസാധ്യമാക്കും വിധത്തിൽ അവരെ ദിനേനയെന്നോണം നിരന്തരം നിന്ദിക്കുകയും ദ്രോഹിക്കുകയും വേട്ടയാടുകയും ചെയ്യലാവും. തുടരെത്തുടരെ പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. സമീപകാല ചരിത്രത്തിൽ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഇന്ത്യൻ മുസ്‍ലിംകൾ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇത്രമാത്രം ഹതാശയും നിസ്സഹായാവസ്ഥയും എനിക്കനുഭവപ്പെട്ടിട്ടേയില്ല.
'സംശയിക്കപ്പെടുന്നവരുടെ' വീടുകളും കടകളും ബുൾഡോസർ വെച്ച് തകർക്കുന്ന രീതി ആസൂത്രിതവും സംഘടിതവുമായ കുതന്ത്രങ്ങളിലധിഷ്ഠിതമാണ്. അത് ഒരുപാട് ചോദ്യങ്ങളുമുയർത്തുന്നു. ആരാണ് 'സംശയിക്കപ്പെടേണ്ട' ആൾ? ബുൾഡോസർ ചെയ്യുന്നവരോ അതിന് ഇരയാക്കപ്പെടുന്നവരോ? പള്ളികളുടെയും മുസ്‍ലിം ഭവനങ്ങളുടെയും മുന്നിൽ പ്രകോപനപരമായ വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കി അക്രമ സാഹചര്യം സൃഷ്ടിച്ചവരോ അതോ സ്വന്തം വീടും ആരാധനാലയവും സംരക്ഷിക്കാൻ സ്വയം പ്രതിരോധിച്ചവരോ? ഭൂമാഫിയയും രാഷ്ട്രീയ മാഫിയയും കൈകോർത്തിരിക്കുന്നു എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയങ്ങളുണ്ടോ? ഒരു സമൂഹത്തെ മുഴുവൻ വേട്ടയാടാനും അവരുടെ വീടുകളിൽ നിന്നും പൂർവിക ഭൂമിയിൽ നിന്നും ഉപജീവനമാർഗങ്ങളിൽ നിന്നും അവരെ മാറ്റിപാർപ്പിക്കാനുമുള്ള ഹിന്ദുത്വരുടെ ആസൂത്രിത നീക്കങ്ങൾ ആരെയും അലട്ടുന്നില്ലേ? അഭയാർഥികളേക്കാൾ പരിതാപകരമല്ലേ രാജ്യത്തെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ജനങ്ങളുടെ അവസ്ഥ?
ഇപ്പോൾ നടമാടുന്ന ഇരട്ട നീതിയെക്കുറിച്ച് നമുക്ക് നല്ല ബോധ്യമുണ്ട്. 2020 ജനുവരിയിലാണ് തലസ്ഥാന നഗരിയിൽ മുസ്‍ലിംകളെ പരസ്യമായി അവഹേളിക്കുകയും വെടിവെച്ചു കൊല്ലണമെന്ന ഭീഷണി മുഴങ്ങുകയും ചെയ്തത്- അതു മുഴക്കിയ അനുരാഗ് ഠാകൂറുമാർക്കും കപിൽ മിശ്രമാർക്കും പർവേശ് വർമമാർക്കുമെതിരെ അറസ്റ്റ് വാറന്റ് പോലുമിറങ്ങിയിട്ടില്ല. എന്നാൽ, അതേ കാലയളവിൽ നിരവധി വിദ്യാർഥികളെയും ഗവേഷകരെയും വിദഗ്ധരെയുമെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. അത്തരത്തിൽ അറസ്റ്റിലായ ഒരു വിദ്യാർഥി നേതാവിനെ- ശർജിൽ ഇമാമിനെ 'ഭീകരവാദി'യായി പ്രഖ്യാപിച്ചു മടിത്തട്ട് മാധ്യമങ്ങൾ. ആരോപണങ്ങൾ തെളിയിക്കപ്പെടാൻ പോലും സാവകാശമില്ലാതെ ശരിതെറ്റുകൾ നിർണയിക്കാനും കുറ്റവാളികളെ പ്രഖ്യാപിക്കാനും ഭരണകൂടത്തിന്റെ അരികു പറ്റി നിൽക്കുന്ന മാധ്യമങ്ങൾക്ക് സാധിക്കുന്നു.
കർണാടകയിലെ ബിദറിലുള്ള ശഹീൻ സ്കൂൾ വിദ്യാർഥികൾ നാടകത്തിലൊരിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുവെന്നതിന്റെ പേരിൽ ജീവനക്കാർക്കും നാടകത്തിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് എണ്ണമറ്റ കൈകടത്തലുകളിൽ മറ്റൊന്ന്.
വർത്തമാനകാലത്ത് നടമാടിയ കലാപങ്ങളിൽ പൊലീസ് സേന വഹിച്ച പങ്കാളിത്തം കൂടുതൽ ചില ചോദ്യങ്ങൾ ഉയർത്തുന്നു. തദ്‍വിഷയത്തിൽ ഒരു സ്വതന്ത്ര അന്വേഷണം തന്നെ വേണ്ടതുണ്ട്. പൊലീസിനു മേൽ വലതുപക്ഷ സമ്മർദം വ്യാപകമാണോ, ആ വർഗീയ വൈറസ് അത്രയധികം സജീവമാണോ?
പൊലീസ് സേനയിൽ മുസ്‍ലിംകൾക്ക് മതിയായ പ്രാതിനിധ്യമുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അധികാരികളിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുക എന്നത് അത്യാഗ്രഹമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകൾ ഇക്കാര്യം ചിന്താവിഷയമായി ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സമൂഹത്തിൽ നിന്ന് കുടിയിറക്കപ്പെടുമ്പോൾ
വലതുപക്ഷ സംഘടന നേതാക്കളുടെ ആജ്ഞാനുസരണം മുസ്‍ലിം വീടുകൾ ബുൾഡോസർ വെച്ച് തകർക്കുന്ന പ്രക്രിയ ഒന്നല്ല പല പല സംസ്ഥാനങ്ങളിലായി ആവർത്തിക്കുന്നു. ഒരുഭാഗത്ത് താമസിക്കുന്ന വീടുകളിൽ നിന്ന് അവർ ഇറക്കി വിടപ്പെടുമ്പോൾ മറ്റൊരു ഭാഗത്ത് താമസിക്കാൻ അവർക്കൊരു വീടു പോലും ലഭിക്കുന്നില്ല എന്ന പ്രശ്നവും നിലനിൽക്കുന്നു.
ഡൽഹിയിൽ വീട് അന്വേഷിച്ച പല മുസ്‍ലിംകളും അനുഭവിച്ച ഒരു ചോദ്യമുണ്ട്- നിങ്ങളെന്തിന് ഇവിടെ വീടു നോക്കുന്നു, വല്ല മുസ്‍ലിം മൊഹല്ലകളിലേക്കും പോയി താമസിച്ചു കൂടേ എന്ന്. അതും കടന്ന്, നിനക്കൊക്കെ പാകിസ്താനിലേക്ക് പോയ്ക്കൂടെ എന്ന ചോദ്യം കേട്ടിട്ടുള്ളവരും നിരവധി. മുസ്‍ലിം വാടകക്കാർ വേണ്ട, പൊലീസ് ഞങ്ങളുടെ പിറകെ നിന്ന് ഒഴിയില്ല എന്ന് വീട്ടുടമകളും തുറന്നു പറയാറുണ്ട്.
വർഷങ്ങൾ മുമ്പൊരിക്കൽ ജസ്റ്റിസ് രജീന്ദർ സച്ചാറുമായി അഭിമുഖം നടത്താൻ അദ്ദേഹത്തിന്റെ ഓഫിസിൽ പോയി.സച്ചാർ ഒരു മീറ്റിങ്ങിന്റെ തിരക്കിലായിരുന്നു. കാത്തിരിക്കുന്ന നേരത്ത് ഓഫിസ് ജീവനക്കാരിലൊരാളുമായി സച്ചാർ സമിതി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് ചർച്ച ചെയ്തു. ഭവന ലഭ്യതയുടെ കാര്യം തിരക്കവേ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് ജോലിയാവശ്യാർഥമെത്തിയ ഒരു മുസ്‍ലിം യുവാവിന്റെ അനുഭവം ഇങ്ങനെയായിരുന്നു- ഡൽഹിയിലെ ഗ്രീൻപാർക്ക് മേഖലയിൽ അയാൾക്ക് ഒരു വീട് ലഭിച്ചു.
വീട്ടുടമയായ സിഖുകാരൻ യുവാവിന്റെ മുസ്‍ലിം സ്വത്വത്തെച്ചൊല്ലി ഒരു വിധ ആവലാതിയും പ്രകടിപ്പിച്ചിരുന്നില്ല. നഗരത്തിൽ പുതുതായി എത്തിയ യുവാവ് വഴികൾ മനസ്സിലാക്കുന്നതിനായി വീടിന്റെ ബാൽക്കണിയിലിരുന്ന് നഗരത്തിന്റെ ഭൂപടം നോക്കവെ രണ്ടാം നിലയിലെ താമസക്കാർ ഇയാളെ ചൂണ്ടി പറയുന്നു- 'ഒരുത്തൻ മാപ്പ് നോക്കുന്നുണ്ട്, ഡൽഹിയിൽ എവിടെയൊക്കെ ബോംബ് വെക്കണമെന്ന് നോക്കുകയാവും' എന്ന്.
ഈ കടുത്ത അവഹേളനം സംബന്ധിച്ച് അയാൾ എന്തു കൊണ്ട് പരാതി നൽകിയില്ല എന്നു കൂടി അറിയണം. അയാൾ പറഞ്ഞു: ഭാഗ്യത്തിന് എനിക്ക് ഡൽഹിയിൽ താമസിക്കാൻ ഒരു ഇടമെങ്കിലും കിട്ടിയല്ലോ, അതു കൊണ്ട് അപമാനം സഹിച്ച് മിണ്ടാതിരിക്കാൻ തീരുമാനിക്കുകയായിരുന്നു.
1992ലെ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ സീലംപുർ മേഖലയിലെ മുസ്‍ലിംകളെ ചികിത്സിക്കാൻ മുന്നോട്ടു വന്ന ഡൽഹിയിലെ അതിപ്രശസ്ത പ്രസവചികിത്സവിദഗ്‌ധന്‍ ഡോ. പുനീത് ബേദി പറഞ്ഞതോർക്കുന്നു- മുസ്‌ലിംകളോട് വിവേചനം ഇല്ലെന്ന് ആരെങ്കിലും എന്നോട് പറഞ്ഞാൽ, ഞാൻ പറയും, ആ സുഹൃത്ത് കള്ളം പറയുകയാണെന്ന്… അവർ നേരിടുന്ന വിവേചനങ്ങൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അവർക്ക് വാടകക്ക് മുറി ലഭിക്കുന്നില്ല.
ജോലിയില്ല, താമസിക്കാൻ സ്ഥലമില്ല! ദക്ഷിണ ഡൽഹി കോളനികളിൽ വളരെ ചെറിയ ശതമാനം മുസ്‍ലിംകൾക്കു മാത്രമെ താമസിക്കാൻ ഇടമുള്ളൂ എന്തുകൊണ്ട്? കാരണം, അവർക്ക് സ്വന്തമായി അപ്പാർട്മെന്റുകൾ ഉണ്ടെങ്കിൽ പോലും പല വിധത്തിൽ വേട്ടയാടപ്പെടുന്നു! അത്തരം ഒരു സംഭവം നടന്നത് രണ്ടു വർഷം മുമ്പാണ്... സാകേതിൽ സ്വന്തമായ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഒരു മുസ്‌ലിം കുടുംബത്തെ എനിക്കറിയാം- താടിയുള്ള ബന്ധുക്കളോ 'മുസ്‍ലിം വേഷം ധരിച്ചവരോ' 'മുസ്‍ലിം രൂപത്തിലുള്ളവരോ'' സുഹൃത്തുക്കളോ അവരെ സന്ദർശിക്കുമ്പോഴെല്ലാം ഏതൊക്കെയോ തരം ആളുകൾ ഇവിടെ വന്ന് തങ്ങുന്നുവെന്ന് അയൽക്കാർ പൊലീസിൽ പരാതി നൽകുമായിരുന്നു. പരാതികൾ ഏറിയതോടെ മനംമടുത്ത് അവർ തങ്ങളുടെ സാകേതിലെ വീട് വിറ്റ് ജാമിയ നഗറിന് അടുത്തുള്ള മുസ്‍ലിം ഭൂരിപക്ഷ മേഖലയായ ജസോലയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.
ഡോ. ബേദി മറ്റു ചില കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ദിവസം അദ്ദേഹം താൻ താമസിക്കുന്ന ഹൗസ്ഖാസ് മേഖലയിലെ ഫോൺ ഡയറക്ടറി പരതി നോക്കി. 3000 വീടുകൾ ഉള്ള ആ പ്രദേശത്ത് ആകെ കാണാനായത് മൂന്ന് മുസ്‍ലിം പേരുകൾ മാത്രം. ഒരു പക്ഷേ കുറച്ച് മുസ്‍ലിം കുടുംബങ്ങൾ അവിടെ വാടകക്ക് പാർക്കുന്നുണ്ടാവാം. പക്ഷേ സ്വന്തമായി വീടോ ഭൂമിയോ ഉള്ളവർ അധികമില്ല തന്നെ. വിരോധാഭാസമെന്തെന്നാൽ, വിഭജനത്തിന് മുമ്പ് തെക്കൻ ഡൽഹിയിലെ കോളനികളിലെ വീടുകളും മുസ്‍ലിംകളുടേതായിരുന്നു. ഹൗസ്ഖാസ്, ഷാഹ്പുർ ജാട്ട്, ഗ്രീൻപാർക്, ഗ്രേറ്റർ കൈലാശ് തുടങ്ങിയ ഇടങ്ങളിലെ അവരുടെ ഒഴിപ്പിക്കപ്പെട്ട സ്വത്തുവകകൾ പിന്നീട് ജാട്ട് വിഭാഗം സ്വന്തമാക്കി. ഇന്ന് അവർ സമസ്ത മേഖലകളിൽ നിന്നും ഒഴിവാക്കപ്പെടുന്നു.
സ്കൂളിലെത്തും വരെ ഒരു മുസ്‍ലിം കുട്ടിയേയോ കുടുംബത്തെയോ താൻ കണ്ടിട്ടില്ല എന്നും ഡോ. ബേദി പറഞ്ഞു. മെഡിക്കൽ കോളജിലെത്തിയപ്പോൾ അവിടെ മൂന്ന് മുസ്‍ലിം സഹപാഠികളുണ്ടായിരുന്നു. എന്നാൽ, ആ സമൂഹവുമായി നേരിട്ട് ഇടപഴകാനും അവരുടെ ജീവിത യാഥാർഥ്യങ്ങൾ കണ്ണാലെ കാണാനും കഴിഞ്ഞത് സീലംപുരിലെ ജനതാ മസ്ദൂർ കോളനി, വെൽകം കോളനി എന്നിവിടങ്ങളിലെ മുറിവേറ്റ മനുഷ്യരെ ചികിത്സിക്കാനും ചേർത്തുപിടിക്കാനും ഒരു പറ്റം ഡോക്ടർമാർക്കും ആക്ടിവിസ്റ്റുകൾക്കുമൊപ്പം കടന്നു ചെന്നപ്പോഴാണ്. അടിയന്തരാവസ്ഥക്കാലത്ത് തുർക്മാൻ ഗേറ്റ് പ്രദേശത്തു നിന്ന് പിഴുതെറിയപ്പെട്ട മനുഷ്യർ പാർക്കുന്ന, നൂറു ശതമാനം മുസ്‍ലിം ആവാസ പ്രദേശങ്ങളായിരുന്നു ആ കോളനികൾ. ആ ചേരികളിൽ കണ്ട ദാരിദ്ര്യത്തെക്കുറിച്ച് വിവരിക്കാൻ പോലും താൻ അശക്തനാണ് എന്നായിരുന്നു ഹൃദയാലുവായ ഡോ. ബേദി എന്നോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.