മൂന്ന് മനുഷ്യർ, പിറന്നാളുകൾ
text_fieldsവർഗീയവാദികളെ ഖുശ്വന്ത് വെറുത്തു. എനിക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു-, നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ അതിനെ വർഗീയ- സാമുദായിക ശക്തികളിൽ നിന്ന് രക്ഷിക്കണം. ഇന്നത്തെ തലമുറ വർഗീയ, ഫാഷിസ്റ്റ് നയങ്ങളെ തള്ളിപ്പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
തിരക്കിലും തിരക്കിലും പെട്ടും, ഭയാനകമായ റോഡപകടങ്ങൾക്കിരയായും വെള്ളപ്പൊക്കവും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും തകർച്ച മൂലവുമെല്ലാം നൂറുകണക്കിന് ആളുകൾ മരിക്കുന്ന കാലത്ത് ജീവിച്ചിരിക്കുന്നവർ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ചുള്ള ആശങ്കകളാണ് കൂടുതൽ.
അതെ, തൊഴിലില്ലായ്മയുടെ കടുത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അസ്വസ്ഥതകൾ വർധിക്കുന്നു. നമ്മുടെ യുവതയെ, വരുന്ന തലമുറയെ കാത്തിരിക്കുന്നത് എന്താണ്? യുവജനങ്ങളുടെ കാര്യത്തിലാണ് നാം അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത്.
ഭാവി എത്രമാത്രം നിരാശഭരിതമാണെന്ന് തോന്നുന്നുവെന്നിരിക്കിലും അവരെ ശക്തിപ്പെടുത്താനും പ്രതീക്ഷ കൈവിടാതെ നിലനിർത്താനുമാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ശ്രമിക്കേണ്ടത്.
ആഗസ്റ്റ് നമ്മെ ഏവരെയും സംബന്ധിച്ച് വിശേഷാൽ മാസമാണ്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ക്വിറ്റ് ഇന്ത്യ സമരകാഹളമുയർന്ന മാസമാണിത്, പതിനായിരക്കണക്കിന് ധീര ദേശാഭിമാനികൾ ജീവനും ജീവിതവും ത്യജിച്ച് പോരാടി സ്വാതന്ത്ര്യം നേടിത്തന്ന മാസവുമാണ്. ഇന്ത്യയുടെ ജീവിതത്തെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാധീനിച്ച മൂന്ന് അസാധാരണ വ്യക്തിത്വങ്ങൾ ജനിച്ച മാസമാണ് ആഗസ്റ്റ്- അവർ മൂവർക്കും മുൻകൂർ ജന്മദിനാശംസകൾ.
ഖുശ്വന്ത് സിങ്
ആർജവം നിറഞ്ഞ എഴുത്തും ജീവിതവും കൊണ്ട് അതികായൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ ഖുശ്വന്ത് സിങ് വർഷത്തിൽ രണ്ട് തവണ പിറന്നാൾ ആഘോഷിച്ചിരുന്നു. ഫെബ്രുവരി രണ്ടിനും ആഗസ്റ്റ് 15നും.
ഇതെങ്ങനെ രണ്ട് ജന്മദിനം, അതും വ്യത്യസ്തമായ രണ്ട് മാസങ്ങളിൽ എന്ന ന്യായമായ സംശയം ഏതൊരു വായനക്കാർക്കുമുണ്ടാകാമെന്നതിനാൽ അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞതു തന്നെ ഉദ്ധരിക്കട്ടെ: വസന്തകാലത്തിന്റെ തുടക്കത്തിലാണ് എന്റെ ജനനം എന്ന കാര്യത്തിൽ എന്റെ അച്ഛന് നല്ല ഉറപ്പുണ്ടായിരുന്നു.
അതുകൊണ്ട് ഫെബ്രുവരി രണ്ടാണ് എന്റെ ജന്മദിനം. പക്ഷേ, മൺസൂൺ കാലത്തിന്റെ മധ്യത്തിലാണ് ഞാൻ പിറന്നതെന്ന് എന്റെ അച്ഛമ്മ തറപ്പിച്ചുപറയുന്നു, അതുകൊണ്ട് ആഗസ്റ്റ് 15 എന്റെ രണ്ടാം ജന്മദിനമായി.
അവിഭക്ത പഞ്ചാബിലെ ഹദാലിയിൽ 1915ൽ ജനിച്ച ഖുശ്വന്തിന് സ്വന്തം ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു, അതിൻ പ്രകാരം ജീവിച്ചു. നിർഭയം സംസാരിക്കുകയും അതേ ആവേശത്തിൽ എഴുതുകയും ചെയ്തു. ആ ജീവിതത്തിൽ ഏതെങ്കിലും വിധത്തിലെ വൈരുധ്യങ്ങളോ തരിമ്പ് കാപട്യമോ കാണാനില്ലായിരുന്നു.
ജീവിതാവസാനം വരെ അദ്ദേഹത്തിന് സ്വന്തമായി ഒരു കമ്പ്യൂട്ടറോ സെക്രട്ടറിയോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. ഇതൊന്നും ഇല്ലാത്തതിലും കടലാസ് ചീന്തുകളിൽ എഴുതുന്നതിലും സന്തുഷ്ടനാണെന്ന് അദ്ദേഹം പറയാറുമുണ്ടായിരുന്നു.
ഖുശ്വന്തുമായി ഇടപഴകിയ കാലത്ത് അസാധാരണമായ ചില വശങ്ങൾ അടുത്തറിയാനായി. ഒരിക്കലും ഉപദേശങ്ങൾ നൽകിയില്ല. ഗോസിപ്പ് പറച്ചിലിനും അനാവശ്യമായ അലച്ചിലുകളിലും സമയം പാഴാക്കിയില്ല. വ്യാജങ്ങളും മത പക്ഷപാതങ്ങളും നുണയും വഞ്ചനയും ആ ജീവിതത്തിലില്ലായിരുന്നു. ആർദ്രവും സൂക്ഷ്മവുമായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൈമാറ്റവും.
വർഗീയവാദികളെ ഖുശ്വന്ത് വെറുത്തു.‘‘ഇന്ന്, എന്റെ ഒരേയൊരു ആശങ്ക രാജ്യത്ത് വലതുപക്ഷ ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയാണ്... വർഗീയ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നതിനെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും യുവജനങ്ങൾക്കും ഇന്നത്തെ തലമുറക്കും ബോധ്യമുണ്ടാവണം’’- 2003-ലെ വസന്തകാലത്ത് പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ദ എൻഡ് ഓഫ് ഇന്ത്യ’ എന്ന പുസ്തകം ഇറങ്ങിയതിന് തൊട്ടുപിന്നാലെ, എനിക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു-, നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ അതിനെ വർഗീയ- സാമുദായിക ശക്തികളിൽ നിന്ന് രക്ഷിക്കണം. ലിബറൽ പക്ഷം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, ഇന്നത്തെ തലമുറ വർഗീയ, ഫാഷിസ്റ്റ് നയങ്ങളെ തള്ളിപ്പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മരണത്തെ ഭയക്കാതെ
മരണത്തെക്കുറിച്ചുള്ള ഖുശ്വന്തിന്റെ വീക്ഷണങ്ങളും വളരെ വ്യക്തമായിരുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ മരണത്തെ ഭയക്കുന്നില്ല, അത് അനിവാര്യമാണ്, ആകയാൽ അതേക്കുറിച്ച് വിഷമിക്കാതെ സദാസമയം അതിന് തയാറായിരിക്കുക.
അസദുല്ലാ ഖാൻ ഗാലിബ് കൃത്യമായി പറഞ്ഞതുപോലെ - ‘‘റൗ മേ ഹേ രക്ഷെ ഉംറ് കഹാ ദേഖിയേ തമ്മേ /ന ഹാത്ത് ബാഗ് പർ ഹൈ ന പാ ഹൈ റകാബ് മേ (പ്രായം അതിവേഗം കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു / അത് എവിടെ നിൽക്കുമെന്ന് ആർക്കറിയാം/കടിഞ്ഞാൺ നമ്മുടെ കൈകളിലല്ല, അങ്കപ്പടി നമ്മുടെ കാലുകളിലുമില്ല)’’
‘‘മരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതോ ഭയപ്പെടേണ്ടതോ ആയി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. മുമ്പ് മനസ്സ് വിഷമിക്കുയോ എന്തെങ്കിലും ഭാരം തോന്നുകയോ ചെയ്യുമ്പോൾ ഞാൻ ശ്മശാനങ്ങളിലേക്ക് പോകുമായിരുന്നു- ആ സന്ദർശനം വഴി ഉള്ളം ശുദ്ധീകരിക്കപ്പെടുന്നതായി എനിക്ക് തോന്നിയിരുന്നു.
എന്നിൽ അതൊരു ചികിത്സയായി വർത്തിച്ചു ... ഞാൻ മരണത്തെക്കുറിച്ച് ചിന്തിക്കാറുണ്ട് ... പക്ഷേ, പുനർജന്മസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നില്ല ... പലപ്പോഴും ഞാൻ ബഡേ മിയാ (ദൈവം) യോട് പറയാറുണ്ട്, കുറച്ച് ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ എന്റെ വരവിനായി അൽപം കാത്തിരിക്കണമെന്ന്.
ഉയർന്ന രക്തസമ്മർദമുൾപ്പെടെ വാർധക്യം മൂലമുണ്ടാകുന്ന അവശതകളെ ഞാൻ ഭയപ്പെടുന്നു- കാഴ്ചയും കേൾവിയും നഷ്ടപ്പെടുകയോ പക്ഷാഘാതം വരുകയോ ചെയ്താൽ എന്തു സംഭവിക്കുമെന്ന ചിന്തയാണ് എന്നെ ഭയപ്പെടുത്തുന്നത്. മരിച്ചാൽ മറവ് ചെയ്യപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്തിനെന്നാൽ ഭൂമിയിൽ നിന്ന് ലഭിച്ചത് അങ്ങനെ ഭൂമിയിലേക്ക് തിരികെ നൽകാനാകുമെന്നതിനാലാണത്. ഇപ്പോൾ അത് വൈദ്യുതി ശ്മശാനത്തിലുമായിരിക്കും’’.
‘‘തിരിച്ചുപോകേണ്ട സമയം വരുമ്പോൾ ഒരു ഖേദവും സങ്കടങ്ങളുമില്ലാതെ, ആരോടും പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മനുഷ്യനെപ്പോലെ പോകുക. അല്ലാമാ ഇഖ്ബാൽ അത് മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട് - ‘ഒരു വിശ്വാസിയുടെ ലക്ഷണങ്ങളെന്തൊക്കെയാണെന്ന് നിങ്ങൾ എന്നോട് ചോദിക്കുന്നു / മരണം അരികിൽ വരുമ്പോൾ, ചുണ്ടിൽ പുഞ്ചിരി വിരിയുന്നവരാണവർ.’"
ഗുൽസാർ
ജ്ഞാനപീഠം നൽകി രാജ്യം ആദരിച്ച അസാമാന്യ പ്രതിഭാശാലിയായ ഗുൽസാർ സാബിന്റെ ജന്മദിനം 1934 ആഗസ്റ്റ് 18നാണ്. കണ്ണുകളിലൂടെ കവിതകൾ പ്രസരിപ്പിക്കുന്ന കവികൾ അപൂർവമാണ്. ഗുൽസാർ സാബിന്റെ കണ്ണുകളിലതുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ ലാളിത്യവുമുണ്ട്.
ഗുൽസാറിന്റെ വരികൾ കൂടുതലായി വായിക്കുംതോറും ആ വിസ്തൃതമായ സംവേദനക്ഷമത എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആരാധകർ നമ്മുടെ നാടും കടന്ന് വിദൂരദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇല്ലെങ്കിൽത്തന്നെ കവികൾ അതിർത്തികളിൽ വിശ്വസിക്കുന്നില്ലല്ലോ.
അദ്ദേഹവുമായി നസ്രീൻ മുന്നി കബീർ നടത്തിയ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം വീണ്ടും വീണ്ടും വായിക്കെ അത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതാണ് എന്നെനിക്ക് തോന്നുന്നു, എന്തുകൊണ്ട്? കാരണം ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വരികളും മാത്രമല്ല, ജീവിതത്തിന്റെ മുഴു തത്ത്വചിന്തയും ഉൾക്കൊള്ളുന്നു.
കശ്മീർ എന്ന വികാരം
ആ പുസ്തകം വായിച്ചുകൊണ്ടിരിക്കെ, ഞാൻ ഗുൽസാർ സാബിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചോർത്തു. അതുതന്നെ ഒരു അസാമാന്യ അനുഭവമായിരുന്നു. 2005ലെ വേനൽക്കാലത്ത് ഒരു ദേശീയ ദിനപത്രത്തിനുവേണ്ടി അഭിമുഖം ചെയ്യുന്നതിനായാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
അദ്ദേഹമന്ന് താമസിച്ചിരുന്ന ന്യൂ ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ ഒരു പ്രാതൽ വേളയിലായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചത്.
സംഭാഷണത്തിനിടെ, ഞങ്ങൾ കശ്മീർ താഴ്വരയെക്കുറിച്ച് പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ, ഗുൽസാർ സാബ് വികാരാധീനനാവുകയും വിങ്ങിക്കരയുകയും ചെയ്തു.
അദ്ദേഹം പറഞ്ഞു, “കശ്മീർ താഴ്വര എന്നെയെപ്പോഴും ആകർഷിച്ചിരുന്നു, എത്രമാത്രമെന്നുവെച്ചാൽ രാഖിയും ഞാനും ഞങ്ങളുടെ മധുവിധു നിശ്ചയിച്ചതുപോലും ശ്രീനഗറിലാണ്... മകൾ ബോസ്കിയെ ഗർഭം ധരിച്ചത് കശ്മീർ താഴ്വരയിലാണെന്ന് ഞാനും രാഖിയും പലപ്പോഴും കളിയാക്കാറുണ്ട്... ശ്രീനഗറിലെ പൂന്തോട്ടത്തിൽ രണ്ട് ഗംഭീരമായ ചിനാർ മരങ്ങളുണ്ടായിരുന്നു.
ഞാൻ അവയെ ബാദ്ഷാ- ബീഗം എന്നും ജഹാംഗീർ-നൂർജഹാൻ എന്നും വിശേഷിപ്പിച്ചിരുന്നു.... ഈ അടുത്ത വർഷങ്ങളിൽ ഞാൻ അവയെ വീണ്ടും കണ്ടു, ‘ബാദ്ഷായും ബീഗ’വും തികച്ചും പരിതാപകരമായ അവസ്ഥയിലായിരുന്നു. കശ്മീർ എന്റെ വികാരങ്ങളിൽ നിന്ന് ഒഴിച്ചുമാറ്റാൻ പറ്റാത്ത ഘടകമാണ്, അത് അത്രമാത്രം എന്റെ ഹൃദയത്തോട് ചേർന്നുകിടക്കുന്നു.
താഴ്വരയിൽ ഒരു സിനിമ നിർമിക്കാൻ പോലും പദ്ധതിയിട്ടിരുന്നു. കൃഷ്ണ ചന്ദറിന്റെ ‘കിതാബ് കാ കഫൻ’ എന്ന ചെറുകഥാസമാഹാരത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് ‘ഇസ് വാഡി മേ’എന്ന് പേരുമിട്ടു. താഴ്വരയുടെ രണ്ട് ഭാഗങ്ങളിൽ നിന്ന് പ്രണയിതാക്കൾ സൈനികമായ തടസ്സങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. നിർഭാഗ്യവശാൽ അതിനിടയിൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സിനിമ നിർമാണം അസാധ്യമായി’’.
വർഷങ്ങൾക്കുശേഷം പെൻഗ്വിൻ പുറത്തിറക്കിയ ഗുൽസാറിന്റെ കഥാസമാഹാരം - ‘ഹാഫ് എ റുപ്പി സ്റ്റോറീസ്’ പ്രകാശനം ചെയ്യുന്ന ചടങ്ങ് ഡൽഹിയിൽ നടക്കുമ്പോൾ എന്റെ ഒരു കസിൻ മാരകമായ ഒരു റോഡപകടത്തിൽപെട്ടതിനാൽ എനിക്ക് തിരക്കിട്ട് യു.പിയിലേക്ക് പോകേണ്ടിവന്നു.
എന്നാൽ, തിരിച്ചെത്തിയ ശേഷം പുസ്തകം നോക്കുമ്പോൾ ഗുൽസാർ സാബ് ആ സമാഹാരത്തിലെ ചെറുകഥകളിലൊന്ന് എനിക്കായി സമർപ്പിച്ചിരിക്കുന്നുവെന്നു കണ്ടത് ഹൃദയസ്പർശിയായി. അതിൽ അദ്ദേഹമെഴുതി: ‘‘ഞങ്ങൾ രണ്ടുപേരും അവിടെ നിന്നുള്ളവരല്ലെങ്കിലും കശ്മീരിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് പങ്കുവെച്ചു’’
വൈജയന്തി മാല ബാലി
1936 ആഗസ്റ്റ് പതിമൂന്നിനാണ് നടിയും നർത്തകിയും മുൻ പാർലമെന്റംഗവുമെല്ലാമായ വൈജയന്തിമാല ബാലിയുടെ പിറന്നാൾ.
54ലധികം സിനിമകളിൽ അഭിനയിച്ച ശേഷം വിവാഹത്തിന് തീരുമാനിച്ചപ്പോൾ അവർ സിനിമ ഉപേക്ഷിച്ചു. ഞാൻ വിരമിക്കുകയല്ല സിനിമകൾ ഉപേക്ഷിക്കുകയാണ് ചെയ്തതെന്ന് അവർ ഒരിക്കൽ പറയുകയുണ്ടായി. പിന്നീട്, രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയും സൗത്ത് മദ്രാസ് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുകയും ചെയ്തു.
ഒരു അഭിമുഖത്തിനിടയിൽ, രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ പറഞ്ഞു: എനിക്ക് ഒരു രാഷ്ട്രീയക്കാരിയുടെ മട്ടുണ്ടെന്നും ഞാൻ രാഷ്ട്രീയത്തിൽ ചേരണമെന്നും എന്റെ ഭർത്താവിന് തോന്നി. അത് പിന്നെ പതുക്കെ പതുക്കെ സംഭവിച്ചു. അതിനുമുമ്പായി ഞങ്ങൾ തമിഴ്നാട്ടിലൊട്ടാകെ പര്യടനം നടത്തി, നാടിന്റെ അടിസ്ഥാന യാഥാർഥ്യങ്ങൾ കണ്ടറിഞ്ഞു, ആളുകൾ നിരാശാഭരിതരായിരുന്നു.
പര്യടനത്തിനിടെ, മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു: ആളുകൾ ഇന്ദിര ഗാന്ധിയെ സ്നേഹിക്കുന്ന വിധം. പിന്നീട്, ന്യൂഡൽഹിയിൽ ചെന്നപ്പോൾ ഞങ്ങൾ ഇന്ദിര ഗാന്ധിയെ സന്ദർശിക്കുകയും തമിഴ്നാട്ടിലെ സ്ഥിതിഗതികൾ പറയുകയും രാഷ്ട്രീയത്തിൽ ചേരാനുള്ള ആഗ്രഹത്തെക്കുറിച്ച് പറയുകയും ചെയ്തു. അവർ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു, അങ്ങനെയാണ് എന്റെ രാഷ്ട്രീയ പ്രവേശം യാഥാർഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.