ചോദ്യം ചെയ്യപ്പെടാത്ത തെമ്മാടിത്തങ്ങൾ
text_fieldsഈ കുറിപ്പ് കഴിഞ്ഞ ദിവസം എഴുതാനിരുന്നിട്ടും അത് പൂർത്തിയാക്കാനായില്ല. - കുഞ്ഞുങ്ങളെയും സ്ത്രീകളെയുമുൾപ്പെടെ ഗസ്സ മേഖലയിലുടനീളം ഫലസ്തീനികൾക്കെതിരെ നടക്കുന്ന കൂട്ടക്കുരുതിയുടെയും നശീകരണത്തിന്റെയും ദൃശ്യങ്ങളും വിഡിയോകളും കണ്ട ഞെട്ടലാണ് എന്റെ എഴുത്ത് മുടക്കിയത്.
പരിഷ്കൃതമെന്ന് വിളിക്കപ്പെടുന്ന നാം ജീവിക്കുന്ന ലോകത്തിന്റെ സമീപകാല ചരിത്രത്തിൽ മുമ്പൊരിക്കലും ഇതുപോലെ നൂറുകണക്കിനാളുകളെ ഇല്ലാതാക്കണം എന്ന തീവ്രലക്ഷ്യത്തോടെ ആശുപത്രികളെ ഉന്നമിട്ടിട്ടില്ല! മാതാപിതാക്കൾ, കുഞ്ഞുങ്ങൾ, കൗമാരക്കാർ, ആരോഗ്യ-സന്നദ്ധ-രക്ഷാപ്രവർത്തകർ എന്നിവരെയെല്ലാം ലാക്കാക്കി ആക്രമണം നടക്കുന്നു… നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു!
ഫലസ്തീനികൾ കടന്നുപോകുന്ന ദുരന്തങ്ങളെ വിവരിക്കാനുതകുന്ന വാക്കുകൾ കണ്ടെത്താനാവുന്നില്ല. തങ്ങളിൽനിന്ന് അപഹരിക്കപ്പെട്ട സ്വന്തം നാട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിജീവനത്തിനുള്ള ആ അടിസ്ഥാന അവകാശം പോലും അവരിൽനിന്ന് പിടിച്ചുപറിക്കപ്പെട്ടിരിക്കുന്നു!
മുൻകാലങ്ങളിൽ ഫലസ്തീനികൾക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങൾക്കെതിരെ സ്വതന്ത്രമായും നിർഭയമായും പ്രതികരിക്കാൻ ഇന്ത്യയിലെ പൗരജനങ്ങൾക്ക് സാധിക്കുമായിരുന്നു. ഡൽഹിയിലും ലഖ്നോവിലും ശ്രീനഗറിലുമെല്ലാം നടന്ന അത്തരം നിരവധി പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഞാൻ നേരിട്ട് സാക്ഷ്യംവഹിച്ചിട്ടുണ്ട്.
അതിപ്പോൾ അസാധ്യമായിരിക്കുന്നുവെന്നത് കാലത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന സുപ്രധാന മാറ്റങ്ങളിലൊന്നാണ്. ഗസ്സയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി ഡൽഹിയിലെ തെരുവുകളിലൂടെ മാർച്ച് നടത്തുക എന്നത് ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധത്തിൽ വിശ്വസിക്കുന്ന വിദ്യാർഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമൊക്കെ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഭരണാധികാരികൾ ദയനീയമായ ബാലൻസിങ് വേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പല രാഷ്ട്രത്തലവന്മാരും ഇസ്രായേലിന്റെ പക്ഷം ചേർന്നിരിക്കുന്നു; ഒരുപക്ഷേ, അവർക്കതിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വിപുലീകരണ പദ്ധതികളുമുണ്ടാവും.
ഈ ഭരണാധികാരികൾ നടത്തുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ അവരുടെ മുൻഗണനകൾ തങ്ങളിലേക്കും സർക്കാറുകളിലേക്കും ഒതുക്കിക്കൂടേ? എന്തിനാണ് ജനങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നത്?
ബഹുജനങ്ങൾ എട്ടുംപൊട്ടും തിരിയാത്ത മനുഷ്യരല്ല, നടമാടുന്ന ക്രൂരതകളും കൊലപാതകങ്ങളും അവർ കാണുന്നുണ്ട്, ഫലസ്തീനികളുടെ ന്യായവും യുക്തവുമായ ആവശ്യത്തെക്കുറിച്ച് അവർക്ക് നന്നായി അറിയാം. നിങ്ങൾ ഏത് ടീമിനൊപ്പമാണ് എന്ന നാണംകെട്ട ചോദ്യം ചോദിക്കാൻ ഇപ്പോൾ നടക്കുന്നത് ഒരു ക്രിക്കറ്റ് കളിയല്ല, വംശഹത്യയാണ്.
മനുഷ്യരുടെ നിലവിളി നമുക്ക് കേൾക്കാനാവുന്നില്ലേ! മനുഷ്യരക്തത്തിന്റെ വിലയിൽ തഴച്ചുവളരുന്ന ആയുധ ലോബികളെയും വണിക്കുകളെയും നമുക്ക് കാണാനാവുന്നില്ലേ? ഇന്നത്തെ ഭരണാധികാരികളുടെ വിപുലീകരണ നയങ്ങളും രാഷ്ട്രീയ കളികളും മൂലം മനുഷ്യാത്മാക്കൾ തകർന്നുവീഴുന്നത് നാം അറിയുന്നില്ലേ?
ഇത്തരം സംഭവങ്ങൾ വെസ്റ്റ് ബാങ്കിൽ മാത്രം ഒതുങ്ങുന്നുവെന്ന് നാം കരുതരുത്. നിരവധി രാജ്യങ്ങൾ കടുത്ത ആഭ്യന്തര കലഹത്തിന്റെ നടുവിലാണ് .നൂറുകണക്കിനാളുകൾ സ്ഫോടനങ്ങളിൽ കൊല്ലപ്പെടുന്നതിന്റെയും ദേഹത്തിൽ വെച്ചുകെട്ടിയ ബോംബുകളുമായി കൗമാരക്കാർ സ്ഫോടനം നടത്തിയതിന്റെയും വാർത്തകൾ കേൾക്കുമ്പോൾ, സ്ഫോടനത്തിൽ തകർന്ന വീടുകളിലും കെട്ടിടങ്ങളിലും മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളുടെയും പലായനം ചെയ്യുന്ന കുടുംബങ്ങളുടെയും ദൃശ്യങ്ങൾ കാണുമ്പോൾ, ഭീകരവാദികളെ തിരയാനെന്ന പേരിൽ നടത്തുന്ന ഓപറേഷനുകളിൽ ചില പ്രദേശങ്ങൾ തന്നെ ഇല്ലാതാകുമ്പോൾ ഈ കൂട്ടക്കൊലകൾക്കെല്ലാം പിന്നിൽ ആരാണെന്ന ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്.
ഐസിസ് എന്ന പദം തികച്ചും അവ്യക്തമാണ് എന്ന് തോന്നുന്നു. ആരാണത് സ്ഥാപിച്ചത്? അവർക്ക് ഫണ്ട് കൊടുക്കുന്നതാരാണ്? കൃത്യമായി നിർണയിച്ച ലക്ഷ്യങ്ങൾ പ്രകാരം ലോകത്തിന്റെ ഒരറ്റം മുതൽനിന്ന് മറ്റൊരറ്റം വരെ, ഉന്നം പിഴക്കാത്തവിധത്തിൽ വൻതോതിലുള്ള നാശങ്ങൾ വരുത്തിവെക്കുന്നത് ആരാണ്? മനുഷ്യരുടെ അടിസ്ഥാനപരമായ നിലനിൽപ്പിനെ അസ്വസ്ഥമാക്കുന്ന ഈ മാരക തന്ത്രങ്ങൾക്ക് പിന്നിലെ സൂത്രധാരൻ ആരാണ്?
അതിർത്തി ഗാന്ധി എന്ന് നാം ആദരപൂർവം വിളിക്കുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ ചെറുമകൻ അസ് ഫന്ദ്യാർ വാലി ഖാൻ, മുമ്പ് ഒരു അഭിമുഖത്തിൽ ഇന്നത്തെ ലോകത്ത് വർധിച്ചുവരുന്ന പ്രക്ഷുബ്ധതയെക്കുറിച്ച് അതീവ ലളിതമായ ഒരു വിശദീകരണം നൽകിയിരുന്നു.
ഒരു ഗ്രാമത്തിൽ രണ്ട് തെമ്മാടികൾ ഉണ്ടെങ്കിൽ വലിയ കുഴപ്പമില്ല, എന്തെന്നാൽ അവന്മാർക്ക് തമ്മിൽ തല്ലാനേ നേരമുണ്ടാവൂ. പക്ഷേ, ഒരു തെമ്മാടി മാത്രം അവശേഷിച്ചാൽ കാര്യങ്ങൾ വല്ലാത്ത കുഴപ്പത്തിലാവും. സമകാലിക ലോകത്തെ പ്രശ്നവും അതു തന്നെയാണ്.
അഫ്ഗാനിസ്താനിൽ അടിത്തറ സൃഷ്ടിക്കാൻ അമേരിക്കക്കാർ മതത്തെ ഉപയോഗിക്കുകയായിരുന്നു. അതുവരെയും അഫ്ഗാനികളുടെ പോരാട്ടങ്ങൾ മതത്തെ ആസ്പദമാക്കിയായിരുന്നില്ല, ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 9 /11 ന് ശേഷം ഇറാഖിലെയും അഫ്ഗാനിസ്താനിലെയും അവസ്ഥകൾ സമാനമാണെന്ന മട്ടിൽ വിലയിരുത്തപ്പെട്ടു, പക്ഷേ അതായിരുന്നില്ല യാഥാർഥ്യം.
നിർഭാഗ്യവശാൽ ഇസ്ലാമിന്റെ യഥാർഥ സത്തക്ക് മേലും ഈ അരാജകത്വത്തിന്റെ നിഴൽ പതിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അഫ്ഗാൻ-പാകിസ്താൻ അതിർത്തികളിൽ സി.ഐ.എ ഒരു മറയായി മദ്റസകളും മറ്റ് മതസ്ഥാപനങ്ങളും സ്ഥാപിച്ചിരുന്നു എന്നത് രഹസ്യമല്ലാത്ത വസ്തുതയാണ്.
ലിബിയയുടെ മുൻ ഭരണാധികാരി കേണൽ മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് ഇൽ ഇസ്ലാമിനെ അഭിമുഖം ചെയ്ത വേളയിൽ പടിഞ്ഞാറൻ ശക്തികൾ അവർക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന ഭീകരമുദ്രകളെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. അദ്ദേഹം മറുപടി പറഞ്ഞത്: അതെല്ലാം നിങ്ങളുടെ കാഴ്പ്പാടുകൾക്കനുസൃതമാണ് എന്നായിരുന്നു.
പല നാടുകളിലെയും വിമോചന നായകരെ തീവ്രവാദികളായാണ് ഗണിച്ചിരുന്നത്, എന്നാൽ പിന്നീട് അവർ വീരനായകരായി മാറി. നെൽസൺ മണ്ടേല പ്രതിസന്ധിയിൽ അകപ്പെട്ട വേളയിൽ ഞങ്ങൾ അദ്ദേഹത്തെ സഹായിച്ചു, മുഗാബേ പ്രശ്നത്തിൽപെട്ടപ്പോൾ അദ്ദേഹത്തെയും സഹായിച്ചു- അതിനർഥം ഞങ്ങൾ തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ചു എന്നാണോ?! അവർ രണ്ടുപേരും വിമോചനപോരാട്ടങ്ങൾ നടത്തി വീരനായകരായി ഉയർന്നവരാണ് എന്നത് മറക്കരുത്.
ഇറ്റലിയിൽനിന്ന് വിമോചനം പ്രാപ്തമാക്കാനുള്ള യുദ്ധത്തിൽ ജനസംഖ്യയുടെ മുക്കാൽ ഭാഗമാണ് എന്റെ രാജ്യത്തിന്റെ നഷ്ടമായത്. ആയതിനാൽ പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കുക ... ഇതെല്ലാം കാഴ്ചപ്പാടുകളുടെയും പ്രതിച്ഛായയുടെയും പ്രശ്നങ്ങളാണ്. ”
നോം ചോംസ്കി പറഞ്ഞതുപോലെ, “റീഗന്റെ ഭരണകാലയളവിൽ മാത്രം, അമേരിക്ക സ്പോൺസർ ചെയ്ത ഭരണകൂട ഭീകരർ ലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കുകയും ദശലക്ഷക്കണക്കിനാളുകളെ അനാഥരാക്കുകയും ചെയ്തു, നാല് രാജ്യങ്ങളെ അതീവ നാശത്തിലേക്ക് തള്ളിയിട്ടു.
ഇതേ കാലയളവിൽ തന്നെ പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയോടെ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പെരുംകൊള്ളയിൽ 1.5 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയെക്കുറിച്ചോ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ചോ ഞാൻ പറയേണ്ടതില്ല ...ഇതെല്ലാം, ഭീകരതയുടെ ചരിത്രാഖ്യാനത്തിൽനിന്ന് ലളിതമായ ഒരു ഉപായത്താൽ തടയപ്പെട്ടിരിക്കുന്നു, രാഷ്ട്രീയ വ്യവഹാരത്തിലെ മിക്ക പ്രയോഗങ്ങൾക്കുമെന്നപോലെ ‘ഭീകരവാദം’ എന്ന പദത്തിനും രണ്ട് അർഥങ്ങളുണ്ട് - ഒന്ന് അക്ഷരാർഥത്തിലുള്ളത്.
അടുത്തത് പ്രൊപ്പഗണ്ടകൾക്കായുള്ളത്. അമേരിക്കക്കും അവരുടെ സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും എതിരെയുള്ള ഭീകരതയാണ് ഭീകരവാദം എന്ന പ്രൊപ്പഗണ്ടയാണ് അമേരിക്ക പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്ന് കൂട്ടിച്ചേർക്കേണ്ടതില്ല’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.