വീടിനരികിൽ ജയിൽ തുറക്കുേമ്പാൾ
text_fieldsഇക്കഴിഞ്ഞയാഴ്ച ഒരു പ്രമുഖ പത്രത്തിൽ കണ്ട വാർത്താ തലക്കെട്ട് ഇങ്ങനെയായിരുന്നു 'നാട്ടിൽ ജയിൽ തുറന്ന ആഹ്ലാദത്തിൽ നുഹ് നിവാസികൾ' - തലക്കെട്ട് കണ്ടാൽ എന്തു മണ്ടത്തമാണിതെന്ന് തോന്നിയാലും വാർത്തയുടെ വിശദാംശങ്ങളിലേക്ക് നീങ്ങുേമ്പാൾ തലക്കെട്ടിെൻറ സാംഗത്യം വ്യക്തമാവും, ഗ്രാമവാസികളുടെ ആഹ്ലാദത്തിെൻറ കാരണം ന്യായമാണെന്ന് നമുക്കും തോന്നിപ്പോകും.
'നീണ്ട കാലത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിെൻറ ആഹ്ലാദത്തിലായിരുന്നു നുഹ് ഗ്രാമവാസികൾ. ഹരിയാനയിലെ ജംതാര ജമാൽഗഢ്, നയി, പുൻഹാന എന്നിവിടങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾ ജില്ലയിൽ പുതുതായി സജ്ജമായ സൗകര്യത്തിൽ ആഹ്ലാദമറിയിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പുതുതായി തുറക്കപ്പെട്ടത് ഒരു സ്കൂളോ ആശുപത്രിയോ ഒന്നുമല്ല മറിച്ച്, ഒരു ജയിലാണ്. ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിൽനിന്നുമുള്ള ചെറുപ്പക്കാരും ഫരീദാബാദിലെയോ, ഗുരുഗ്രാമിലെ ഭോന്ദ്സി ജയിലിലോ ഒക്കെയായി പാർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അയൽപ്രദേശത്ത് ജയിൽ തുറക്കപ്പെട്ടിരിക്കുന്നത് ഇന്നാട്ടുകാർക്ക് ഒരു അനുഗ്രഹമായാണ് അനുഭവപ്പെടുന്നത്. ''ദൂരെ നാടുകളിലെ ജയിലിൽ മക്കളെ കാണാൻ പോകാൻ ഒരുപാട് പണം ചെലവിടണമായിരുന്നു, ഇവിടെ അടുത്ത് ജയിൽ തുറന്നതോടെ മക്കളെ ഇനി എളുപ്പത്തിൽ ചെന്ന് കാണാം''-ജമാൽഗഢിലെ ആബിദാ നൂർ പറയുന്നു. ഭോന്ദ്സി, ഫരീദാബാദ് ജയിലുകളിലെ തിരക്കും തിക്കുംമുട്ടും കുറയുമെന്ന ആശ്വാസത്തിലാണ് പൊലീസ് അധികൃതർ. ആ രണ്ടു ജയിലുകളിലെയും അന്തേവാസികളുടെ 40 ശതമാനവും നുഹിൽ നിന്നുള്ളവരാണ്. 3000 ആളുകളെ പാർപ്പിക്കാൻ ഇടമുള്ള ഭോന്ദ്സി ജയിലിൽ 600 ഓളം പേരുണ്ട് അവിടത്തുകാർ. ഉറ്റവരെ ജയിലിൽ സന്ദർശിക്കണമെന്നുണ്ടെങ്കിൽ 60 കിലോമീറ്റർ യാത്ര ചെയ്യുകയും വേണം.
രാജ്യത്തെ പിന്നാക്കക്കാരിൽ പിന്നാക്കക്കാരായ മുസ്ലിം ജനസമൂഹം താമസിക്കുന്ന നാടാണ് തലസ്ഥാന നഗരിയായ ന്യൂഡൽഹിയിൽനിന്ന് അത്രയകലെയല്ലാതെ സ്ഥിതിചെയ്യുന്ന മേവാത് മേഖല. ഇന്ത്യയുടെ മോചനത്തിനായുള്ള പോരാട്ടത്തിന് ജീവനും രക്തവും നൽകിയവരാണ് അവിടത്തെ മേവ് ജനത. രാജ്യത്തോട് എത്രമാത്രം സ്നേഹവും കൂറും പുലർത്തിയോ ബ്രിട്ടീഷുകാരിൽനിന്ന് അത്രതന്നെ കോപവും ക്രോധവും ഏറ്റുവാങ്ങി അവർ. െവള്ളക്കാരുടെ എതിർപ്പ് എത്രത്തോളമായിരുന്നുവെന്നുവെച്ചാൽ, സാധ്യമായ എല്ലാമേഖലയിലും മേവാത്തിനെ അവഗണിച്ച് ചവിട്ടിമാറ്റി നിർത്താൻ അവർ ശ്രദ്ധിച്ചിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ട വേളയിൽ മേവുകൾ പാകിസ്താനിലേക്ക് പോകാൻ കൂട്ടാക്കിയില്ല, അവർക്കിഷ്ടം പൂർവികർ രക്തം നൽകി പുഷ്കലമാക്കിയ മണ്ണിൽ ജീവിച്ച് ഇവിടത്തെ മണ്ണോടുചേരുവാനായിരുന്നു. രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയേറെ ത്യാഗങ്ങളനുഭവിച്ച മനുഷ്യരും അവരുടെ പിന്മുറക്കാരും സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുേമ്പാഴും പിന്നാക്കാവസ്ഥയുടെ പടുകുഴിയിലാണ്ട് കിടക്കുന്നു. തീർത്തും ശോച്യമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, അപര്യാപ്തമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ. 1990കൾ മുതൽ മേവാത്തിലേക്ക് പലവുരു യാത്ര ചെയ്തിട്ടുണ്ട് ഞാൻ. 18ാം നൂറ്റാണ്ടിലെ ജനതയെപ്പോലെയാണ് അവിടുള്ള മനുഷ്യർ കഴിഞ്ഞുപോരുന്നത്.
ജനസംഖ്യയേക്കാളേെറ ജയിൽപുള്ളികളുണ്ടാവുന്നത്
യശഃശരീരനായ ശുഭ്രദീപ് ചക്രവർത്തി സംവിധാനം ചെയ്ത ആഫ്റ്റർ ദ സ്ട്രോം എന്ന ഡോക്യൂമെൻററി പറഞ്ഞു തരുന്നുണ്ട്, നിരപരാധികളെ കേസുകളിൽപെടുത്തി ജയിലിനുള്ളിൽ കുരുക്കി ജീവിതം തകർക്കുന്ന രീതികൾ. കള്ളക്കേസിൽ കുടുക്കപ്പെട്ട് ജയിലിലായി ഒടുവിൽ നിരപരാധികളെന്നു കണ്ട് കോടതികൾ വിട്ടയച്ച മുഖ്താർ അഹ്മദ്, മുഹമ്മദ് ഫസിലുദ്ദീൻ അഹ്മദ്, ഉമർ ഫാറൂഖ്, മുഅതസിം ബില്ലാഹ്, ഹാരിസ് അൻസാരി, മുഹമ്മദ് മുസറത്ത് ഹുസൈൻ, ശൈഖ് അബ്ദുൽ കരീം എന്നീ ഏഴു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് ആ ലഘുചിത്രമെടുത്തിരിക്കുന്നത്. ഇല്ലാക്കുറ്റങ്ങളുടെ പേരിൽ പിടികൂടപ്പെട്ട നൂറുകണക്കിന് മനുഷ്യരുണ്ടെന്നും അവരിൽ ഏഴുപേരെക്കുറിച്ചാണീ ചിത്രമെന്നും ശുഭ്രദീപ് എന്നോട് പറഞ്ഞിരുന്നു. ഈ മുസ്ലിം ചെറുപ്പക്കാരെയെല്ലാം അറസ്റ്റു ചെയ്തോ, പിടിച്ചുകൊണ്ടോ പോകുന്നത് ഏതെങ്കിലും നിസ്സാര കുറ്റങ്ങളുടെ പേരിലാവും, ചിലപ്പോൾ കുറ്റംതന്നെ ഉണ്ടായെന്നും വരില്ല- വെറും സംശയത്തിെൻറ പുറത്തും ഭയാന്തരീക്ഷം സൃഷ്ടിക്കാനുമെല്ലാം പൊലീസ് ഇതു ചെയ്യാറുണ്ട്. വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന നിരപരാധികളുടെ അടിസ്ഥാന ജീവിത കാര്യങ്ങൾപോലും അന്വേഷിക്കാൻ ആരുമുണ്ടാവില്ലെന്നതിനാൽ കുറ്റക്കാരല്ലെന്ന് ബോധ്യമായി തിരിച്ചെത്തുേമ്പാഴേക്ക് അവരുടെ ജീവിതം തകർന്ന് തരിപ്പണമായിട്ടുണ്ടാവും.
ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്ന ഗുരുതരമായ ഒരു വിഷയമുണ്ട്- ഒരു മുസ്ലിമിനെ പൊലീസ് അറസ്റ്റു ചെയ്യുന്ന ഘട്ടത്തിൽ തന്നെ മുൻവിധികളും ഏേങ്കാണിപ്പുകളും ആരംഭിക്കുന്നു. അവരുടെ 'ഭീകരബന്ധങ്ങൾ', 'ദേശവിരുദ്ധ' നിലപാടുകൾ എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങൾ പുറത്തുവരുന്നു. വിഷം മുറ്റിയ പ്രചാരണതന്ത്രങ്ങളും വളച്ചൊടിച്ച വ്യാഖ്യാനങ്ങളും കൂടിവരുന്നതോടെ സംഗതികൾ കൈവിട്ട അവസ്ഥയിലെത്തുന്നു.
ഡോ. ജാവേദ് ജമീൽ കണക്കുകൾ നിരത്തി പറയുന്നു: ''കുറ്റവാളിയോ നിരപരാധിയോ ആയിക്കോട്ടെ, ഇന്ത്യയിൽ മുസ്ലിംകൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ, വിചാരണ തടവുകാരായി ജയിലിലടക്കപ്പെടാൻ സാധ്യത ഏറെയാണ്. കുറ്റവാളികളെന്ന് കണ്ടെത്താനും വധശിക്ഷക്കോ ജീവപര്യന്തത്തിനോ വിധിക്കപ്പെടാനോ, വധശിക്ഷ നടപ്പാക്കപ്പെടാനോ സാധ്യത ഏറെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യയെങ്കിലും രാജ്യത്ത് ജയിലിൽ കഴിയുന്ന മൊത്തം ആളുകളുടെ 26.4 ശതമാനവും അവരാണ്.
എല്ലാവിധ പൊലീസ് പീഡന മുറകൾക്ക് ഇരയാവുന്നതും അവർ തന്നെ. തങ്ങളുടെ ഭാഗം പറയാൻ നല്ല വക്കീലന്മാരെ ഏർപ്പാടാക്കാനുള്ള സൗകര്യമില്ലാത്തതിനാൽ നല്ല മട്ടിലുള്ള വിചാരണ ലഭിക്കാനും സാധ്യത പരിമിതമാണ്. വൻകിട ഭീകരാക്രമണക്കേസുകളുടെ കാര്യമെടുത്താലും ഇതൊരു വസ്തുതയാണെന്ന് കാണാം. ചില ഭീകരാക്രമണക്കേസുകളിലെ പ്രതികൾക്കെതിരെ അതിവേഗം നിയമം നടപ്പാക്കപ്പെടുന്നുണ്ട്. എന്നാൽ, ബാബരി മസ്ജിദ് ധ്വംസനം, ബോംബെ കലാപം, ഗുജറാത്ത് വംശഹത്യ തുടങ്ങിയ സംഭവങ്ങളുടെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനും നീതി ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ അത്തരത്തിലല്ല.''
തടവിലാക്കെപ്പട്ട നീതി എന്ന ശീർഷകത്തിൽ പ്രകാശനം ചെയ്യപ്പെട്ട ഡോ. ജാവേദിെൻറ പുതിയ പുസ്തകം (Justice Imprisoned-Yenepoya Publishers, Mangaluru) ലോകത്തിെൻറ പല ഭാഗങ്ങളിൽ നടക്കുന്ന തടവറ കൊലപാതകങ്ങളും വധശിക്ഷകളും സംബന്ധിച്ചാണ് ചർച്ച ചെയ്യുന്നത്. വധശിക്ഷക്കെതിരെ കാമ്പയിനുകൾ ഒരുപാട് നടക്കുന്നുവെങ്കിലും കോടതികൾ ശിക്ഷിക്കുന്നതിനു പകരം പൊലീസുകാർ തന്നെ ശിക്ഷ നടപ്പാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയാണെന്ന് അദ്ദേഹം പറയുന്നു. വധശിക്ഷകൾ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലധിഷ്ഠിതമായ വാദങ്ങൾക്കൊടുവിലാണ്. എന്നാൽ, പൊലീസ് േനരിട്ട് അവ നടപ്പാക്കുന്നത് മുൻവിധികളുടെയും ഊഹങ്ങളുെടയും അടിസ്ഥാനത്തിലാണ്. കോടതികൾ വിധിക്കുന്ന വധശിക്ഷകളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് ലോകമൊട്ടുക്ക് പൊലീസ് കസ്റ്റഡികളിൽ നടക്കുന്ന കൊലപാതകങ്ങൾ. കൊലപാതകം മാത്രമല്ല, പീഡനങ്ങളാൾ കൊല്ലാക്കൊലകളും നടക്കുന്നുണ്ട് കസ്റ്റഡികളിൽ. എന്നിരിക്കിലും പൊലീസുകാരുടെ കർമവീര്യത്തെയും അവരുടെ ജോലിഭാരത്തിലുമൂന്നി ഈ ആരോപണങ്ങൾ തള്ളിക്കളയാനാണ് രാഷ്ട്രീയക്കാർക്ക് തിടുക്കം.
*****
രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയിരുനൽകിയ മേവാത്തിലെ ജനതയുടെ വൈഷമ്യങ്ങൾ നാം ഏവരേയും അലോസരപ്പെടുത്തേണ്ടതുണ്ട്. അവരുടെ മുൻഗാമികൾ അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമാണ് നാമിന്ന് ആസ്വദിക്കുന്ന, അനുഭവിക്കുന്ന, ധൂർത്തടിക്കുന്ന സ്വാതന്ത്ര്യം. ജയിലല്ല, സാമൂഹിക- സാമ്പത്തിക വികസനവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് അവർക്ക് ഉറപ്പാക്കേണ്ടത്, അത് ആ മനുഷ്യർ നാമേവരെയും പോലെ അർഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.