മദ്റസകൾക്ക് പൂട്ടിടാൻ ശ്രമിക്കുമ്പോൾ
text_fieldsയു.പിയിലെ പുതിയ മദ്റസകൾക്ക് സർക്കാർ ധനസഹായം നൽകേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. സർക്കാർ നിലവിൽവന്നതു മുതൽ ഒരു സമുദായത്തോട് പുലർത്തിവരുന്ന സമീപനം അറിയുന്നവർക്ക് അതിൽ അസ്വാഭാവികത തോന്നാനിടയില്ല. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ മദ്റസ എന്ന വാക്കുതന്നെ ഇല്ലാതാക്കണം എന്ന നിലപാടുകാരനാണ്. കേരളത്തിൽ പ്രാദേശിക മസ്ജിദുകളുടെയും മതസംഘടനകളുടെയും നേതൃത്വത്തിൽ, അവരുടെ ചെലവിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ ശമ്പളം നൽകുന്നത് സർക്കാറാണ് എന്ന മട്ടിലുള്ള വ്യാജ പ്രചാരണങ്ങളും ടി.വി ചാനൽ ചർച്ചകളും നടക്കുന്ന കാലവുമാണിത്.
സ്കൂളിലും കോളജിലും പോകുന്നതിനൊപ്പം മദ്റസ പഠനവും നടത്തുന്ന കേരളത്തിലെ രീതിയല്ല ഉത്തരേന്ത്യയിലും മറ്റുപല ഭാഗങ്ങളിലും. ഇവിടങ്ങളിൽ മതവിദ്യാഭ്യാസത്തിനൊപ്പം മുഖ്യധാര വിദ്യാഭ്യാസവും നേടാൻ നിർധന സമുദായങ്ങളിലെ മക്കളുടെ ഏക ആശ്രയമാണ് ഇത്തരം മദ്റസകൾ. മുസ്ലിംകൾ മാത്രമല്ല, മുൻഷി പ്രേംചന്ദ് ഉൾപ്പെടെ നൂറുകണക്കിന് അമുസ്ലിം വിദ്യാർഥികളെ മാതാപിതാക്കൾ പഠിക്കാൻ വിട്ടത് മദ്റസകളിലായിരുന്നു. വർഗീയ വൈറസ് വ്യാപകമായ ഇക്കാലത്ത് ഒരുപക്ഷേ അത്തരമൊരു സംഭവം ആലോചിക്കാൻപോലും കഴിയുന്നുണ്ടാവില്ല.
സർക്കാർ ധനസഹായം അവസാനിപ്പിക്കുകയും മുസ്ലിം സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിതാപകരമാവുകയും ചെയ്യുന്നതോടെ മദ്റസകളുടെ നിലനിൽപും അവിടത്തെ വിദ്യാർഥികളുടെ ഭാവിയും കടുത്ത പ്രതിസന്ധിയിൽ തന്നെയാവും. തീർത്തും നിർധന ചുറ്റുപാടുകളിൽ നിന്നുള്ളവരാണ് അവിടങ്ങളിൽ പഠിക്കുന്ന അധിക വിദ്യാർഥികളും. ഈ കുട്ടികളിൽ കുറെയേറെ പേർ അനാഥരുമാണ്.
മദ്റസകളിൽ പഠിച്ചിറങ്ങുന്നവർ ഡോക്ടർമാരോ എൻജിനീയർമാരോ ആകുന്നതിനെക്കുറിച്ച് ആലോചിക്കുക പോലുമില്ലെന്ന് പ്രസ്താവിക്കുന്ന ഹിമാന്ദ ബിശ്വ ശർമക്ക് മദ്റസകളിൽ പഠനം പൂർത്തിയാക്കിയശേഷം സിവിൽ സർവിസിൽ മുതൽ ലണ്ടനിലെ ബി.ബി.സി ആസ്ഥാനത്തുവരെ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽനിന്നുള്ള മിടുക്കരെക്കുറിച്ച് ഒന്നുമറിയില്ലെന്നു കരുതേണ്ടിവരും.
മദ്റസകൾ അവ്വിധത്തിലേക്ക് പുനഃക്രമീകരിക്കുന്ന രീതി ബിഹാറിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം കരഗതമാക്കുന്നതിനുള്ള ചെലവേറിയ പരിശീലന കോഴ്സുകൾ ന്യൂനപക്ഷ സമുദായത്തിലെ ദുർബല കുടുംബങ്ങൾക്ക് താങ്ങാനാവുന്നതല്ല.
കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ വഖഫ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, വഖഫ് സ്വത്തുക്കളിൽ വലിയ ഒരു ഭാഗം സർക്കാറും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം കൈയടക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടെനിന്ന് ലഭിക്കുമായിരുന്ന വരുമാനവും സൗകര്യങ്ങളും പോലും ലഭിക്കാതെ പോവുകയാണ്.
ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് സിവിൽ സർവിസ് ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനവും താമസ സൗകര്യവും ഒരുക്കി നൽകുന്നുണ്ട്. വിജയകരമായി പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയ പലരും ഈ കുറിപ്പുകാരിയോട് പറഞ്ഞിട്ടുണ്ട് ജാമിഅ ഹംദർദ് അത്തരമൊരു സൗകര്യം ലഭ്യമാക്കിയില്ലായിരുന്നെങ്കിൽ അവരുടെ സിവിൽ സർവിസ് സ്വപ്നം സഫലമാകുമായിരുന്നില്ല എന്ന്.
സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് സങ്കടപ്പെട്ടുനിൽക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് ബോധ്യമുള്ള ചില വ്യക്തികളും കൂട്ടായ്മകളും ചെറിയ തോതിലാണെങ്കിലും വിഷയത്തിൽ ഇടപെടുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ ഹൈദരാബാദ് സന്ദർശിച്ചപ്പോൾ സിയാസത് പത്രത്തിന്റെ ആസ്ഥാനം കാണാൻ ചെന്നു. അവിടെ പോയപ്പോൾ പത്രത്തിന്റെ മാനേജിങ് എഡിറ്റർമാരും നടത്തിപ്പുകാരുമായ സാഹിദ് അലി ഖാൻ, അമീർ അലി ഖാൻ എന്നിവർ അടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ സർക്കാർ ജോലിക്ക് ഒരുങ്ങുന്ന യുവജനങ്ങൾക്ക് പരിശീലനം നൽകുകയാണെന്നറിഞ്ഞു.
സമുദായത്തിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞ് അതിനൊരു മാറ്റം സൃഷ്ടിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നുവെന്ന് സാഹിദ് അലി ഖാനും മകൻ അമീർ അലി ഖാനും പറഞ്ഞു. സർക്കാർ ജോലി തങ്ങൾക്ക് വിധിച്ചിട്ടുള്ളതല്ല എന്നുകരുതി മനംമടുത്ത് കഴിയുകയാണ് മുസ്ലിം ചെറുപ്പക്കാരിൽ വലിയ ഒരു ശതമാനവും. കഴിയുന്നത്ര യുവജനങ്ങളെ പരിശീലിപ്പിച്ച് യോഗ്യത പരീക്ഷകൾക്ക് പ്രാപ്തരാക്കുകയാണവർ. മുൻ ജൂഡോ ചാമ്പ്യൻ മുതൽ ഉന്നത റാങ്കിൽനിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെ സന്നദ്ധ പരിശീലനം നൽകാൻ ഇവർക്കൊപ്പം കൈകോർക്കുന്നുണ്ട്.
പൊലീസിലും മറ്റു സർക്കാർ ഉദ്യോഗ മേഖലകളിലുമുള്ള മുസ്ലിം പ്രാതിനിധ്യക്കുറവ് സമുദായത്തിന് അരക്ഷിതബോധം സൃഷ്ടിക്കുന്നു.
ഒരു ദേശീയ ദിനപത്രത്തിന്റെ ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചിരുന്ന മിർ അയൂബ് സഈദ് ഖാനെയും അന്ന് കണ്ടുമുട്ടിയിരുന്നു. ഹൈദരാബാദിലെ മുസ്ലിം ജനസാമാന്യത്തിന്റെ നിരാശജനകമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. നഗരത്തിലെ 80 ശതമാനത്തിലേറെ റിക്ഷാവലിക്കാരും ഓട്ടോ ഡ്രൈവർമാരും മുസ്ലിംകളാണ്. ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയിൽ അത് സ്വാഭാവികം എന്ന് കരുതുക. എന്നാൽ, സർക്കാർ ഓഫിസുകളിലേക്ക് കടന്നുചെന്നാൽ നാമമാത്ര പ്രാതിനിധ്യം പോലും കഷ്ടിയാണ് പലയിടങ്ങളിലും.
ഉസ്മാനിയ സർവകലാശാല ജേണലിസം വിഭാഗത്തിന്റെ മുൻ മേധാവി ഡോ. കെ. സ്റ്റീവൻസനെയും അന്ന് സന്ദർശിച്ചിരുന്നു. ജേണലിസം കോഴ്സിന് ചേരുന്ന മുസ്ലിം വിദ്യാർഥികളുടെ എണ്ണം തീരെ കുറവാണെന്ന് അദ്ദേഹവും പറഞ്ഞു. എന്താണ് കാരണം? ഈ മേഖലയുടെ സാധ്യതയെക്കുറിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അറിവില്ലായ്മ തന്നെ. പഴയ നഗരത്തിൽ മുസ്ലിംകൾക്കിടയിൽ വല്ലാത്ത ഒരുതരം ഹതാശയും അതൃപ്തിയും പടർന്നിട്ടുണ്ട്, അതിനൊപ്പം ദാരിദ്ര്യവും. അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. ''ഇത്തരം പോരായ്മകളുടെ പേരിൽ ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മുസ്ലിം നേതാക്കൾക്കും ഇതിലെല്ലാം തുല്യമായ ഉത്തരവാദിത്തമുണ്ട്.''
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ 'കോൺഫെഡറേഷൻ ഓഫ് വളന്ററി അസോസിയേഷൻസ് (കോവ) ഭാരവാഹികളിലൊരാൾ പറഞ്ഞത് ഹൈദരാബാദ് പഴയ നഗരത്തിലെ മുസ്ലിം കുടുംബങ്ങളിൽ രണ്ടിലൊരു കുട്ടി വീതം പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരാണ് എന്നാണ്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും അതിജീവനത്തിന്റെ വിഷയമാണിത്. പത്താം ക്ലാസു വരെ വിദ്യാഭ്യാസം സൗജന്യമാണ്. പക്ഷേ, അത്ര വരെ പഠിക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. അതിനു മുമ്പേ വല്ല സൈക്കിൾ റിപ്പയറിങ് കടയിലോ മറ്റേതെങ്കിലും ചെറുസംരംഭങ്ങളിലോ അവർ ജോലിക്കാരായി കയറേണ്ടിവരുന്നു.
ഹൈദരാബാദിലെ മുസ്ലിം വിദ്യാർഥികളുമായി നടത്തിയ സംഭാഷണത്തിൽ അവർ ഊന്നിപ്പറഞ്ഞത് സമുദായ നേതാക്കൾ തങ്ങളുടെ വിഷയങ്ങളെ സംബോധന ചെയ്യാൻ തയാറാവണമെന്നാണ്. മുസ്ലിം ചെറുപ്പക്കാർക്കിടയിൽ ഒരുതരം നിസ്സഹായാവസ്ഥ പ്രകടമാണ്. നിറംകെട്ട സാമ്പത്തിക സാഹചര്യത്തിനു പുറമെ കുറഞ്ഞ സാക്ഷരത നിരക്കും സാമൂഹിക തിന്മകളുമെല്ലാം ചേർന്ന് അവരെ വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ട്. വ്യക്തികൾക്ക് സ്വന്തമായി ഇത്തരം പ്രശ്നങ്ങളെ നേരിടാനാവില്ല. സമുദായ നേതാക്കൾ തന്നെ വേണം ഇതിന് ഒരു പരിഹാരം കണ്ടെത്താൻ.
വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിൽ നടത്തിയ സംഭാഷണമാണിതെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും സമുദായം കടന്നുപോകുന്നത് സമാനമോ അതിലേറെ ശോച്യമോ ആയ സാഹചര്യത്തിലൂടെയാണ്.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിൽ പൊറുതിമുട്ടുന്നതിനിടയിലാണ് ആൾക്കൂട്ട അതിക്രമങ്ങളും പൊലീസ് വേട്ടയുമെല്ലാം ഈ ജനവിഭാഗത്തിനു നേർക്ക് വന്നെത്തുന്നത്. ആൾക്കൂട്ടം അടിച്ചുകൊന്ന പെഹ്ലു ഖാന്റെയും അതുപോലെയുള്ള നിരവധി മനുഷ്യരുടെയും കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. കുടുംബത്തിന്റെ അത്താണിയായ മനുഷ്യൻ അതിദാരുണമായി കൊല്ലപ്പെടുന്നു, സംഭവത്തിന് ഉത്തരവാദികളായ പ്രതികൾ രാഷ്ട്രീയ-പൊലീസ് പരിരക്ഷയിൽ പരിലസിക്കുന്നു, കുടുംബം നിത്യദുരിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും ആണ്ടുപോകുന്നു.
നിവർന്നു നിൽക്കാൻ പോലും അനുവദിക്കപ്പെടാത്ത അവസ്ഥയിൽ അവരോട് മുന്നിലേക്കു കുതിക്കാൻ ആവശ്യപ്പെടുന്നത് കടന്ന കൈയാവും. എന്നാൽ, എക്കാലവും ഇതേ അവസ്ഥയിൽ തുടരാൻ അനുവദിച്ചുകൂടാ. സർക്കാർ ഗ്രാന്റ് നൽകിയാലും നിഷേധിച്ചാലും ശരി, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്. അക്ഷരമറിയാത്ത ഒരു അരക്ഷിത തലമുറയായി അവർ ഇനിയും പിന്നോട്ടടിക്കപ്പെട്ടുകൂടാ. സമുദായ നേതാക്കൾ ഇനിയെങ്കിലും ഇതേക്കുറിച്ച് ഗൗരവമായിത്തന്നെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.