എങ്ങോട്ടാണ് ഈ രാജ്യം സഞ്ചരിക്കുന്നത്?
text_fieldsകഴിഞ്ഞയാഴ്ച വിശ്രുത നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത േകട്ടപ്പോൾ അദ്ദേഹവും പത്നി സൈറ ബാനുവുമായി നടത്തിയ കൂടിക്കാഴ്ചയും സംഭാഷണവും ഓർമയിൽ വന്നു. ഡൽഹിയിലെ ഒരു നക്ഷത്ര ഹോട്ടൽ ലോബിയിൽവെച്ചാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൗമ്യസുന്ദര താരദമ്പതികളെ കണ്ടത്.
അതിനുശേഷം 1999ൽ ഒരു ദേശീയ ദിനപത്രത്തിനുവേണ്ടി സൈറ ബാനുവുമായി അഭിമുഖം നടത്തി. പാക് സർക്കാറിെൻറ ഉന്നത ബഹുമതിയായ നിശാനെ ഇംതിയാസ് പുരസ്കാരത്തിനായി ദിലീപ് കുമാറിനെ തെരഞ്ഞെടുത്തതിനെച്ചൊല്ലി വിവാദം പുകയുന്ന കാലത്തായിരുന്നു അത്. പുരസ്കാരം തിരസ്കരിക്കാൻ അദ്ദേഹത്തിനുമേൽ സമ്മർദം കനത്തുനിന്നിരുന്നു. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ സംവിധാനത്തിലാണോ അതോ ഏകാധിപത്യനുകത്തിൻ കീഴിലോ എന്ന് സൈറ അന്ന് രോഷവും സങ്കടവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചതോർക്കുന്നു.
ബ്രിട്ടീഷ് സർക്കാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ തിരിച്ചുനൽകിയ സംഭവത്തെ പലരും പരാമർശിക്കുന്നുണ്ടെന്ന് ഞാൻ ചൂണ്ടിക്കാട്ടി.
''ടാഗോർ ഒരു പ്രത്യേക സാഹചര്യത്തിൽ, അദ്ദേഹത്തിെൻറ സ്വന്തം താൽപര്യത്തിലാണ് സർ ബഹുമതി വേണ്ടെന്നുവെച്ചത്. പുരസ്കാരം തിരിച്ചുനൽകൂ ദേശദ്രോഹീ എന്ന് ഒരാളും അദ്ദേഹത്തെ ചൂണ്ടി പറഞ്ഞില്ല, ഭീഷണിപ്പെടുത്തലോ ചാപ്പകുത്തലോ ചീത്തവിളിയോ ഉണ്ടായിരുന്നില്ല'' -ഇതായിരുന്നു അവരുടെ പ്രതിവചനം. പാകിസ്താനിൽ കളിച്ചുനേടിയ ട്രോഫികളെല്ലാം എറിഞ്ഞുകളയാൻ നമ്മുടെ ക്രിക്കറ്റ് താരങ്ങളോട് പറയാൻ കഴിയുമോ, അദ്വാനി സാബിനുപോലും പാകിസ്താനിൽനിന്ന് ഏതോ ബഹുമതി കിട്ടിയിരുന്നു എന്നാണറിയുന്നത്- അവാർഡ് തിരിച്ചുകൊടുക്കണമെന്ന് പറയുന്നത് ബാലിശമാണ്.
പരിതഃസ്ഥിതിയിൽ വന്ന അപഭ്രംശത്തിൽ ഏറെ ഖിന്നയായിരുന്നു അവർ. ഛിദ്രതകളുടെയും കാലുഷ്യങ്ങളുടെയും അന്തരീക്ഷത്തെ അതിജയിച്ച് സമഭാവനയും സമാധാനവും പുലരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളുടെ വേദനയായിരുന്നു അവരുടെ ഓരോ വാക്കിലും. ''ഇതിനുമുമ്പ് ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ വന്ന കലാപങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു നമുക്ക്. ചില്ലുജാലകത്തിൽ വിള്ളൽ വീണതുപോലെയാക്കിക്കളഞ്ഞു അതെെൻറ സ്വപ്നങ്ങളെ. വിഭാഗീയ ചിന്തകളും പ്രവണതകളുമില്ലാതെ ഏവരും സമാധാനപൂർവം സഹവർത്തിക്കുമെന്നായിരുന്നു എെൻറ വിശ്വാസം.''
അവർ അന്നേ നൽകി അപായസൂചന
രാജ്യത്ത് കാര്യങ്ങൾ നാം കരുതുന്നപോലെ വെടിപ്പായല്ല നീങ്ങുന്നതെന്ന് ആദ്യമേ തിരിച്ചറിഞ്ഞ് വിളിച്ചുപറഞ്ഞൊരാൾ ഖുശ്വന്ത് സിങ് ആയിരിക്കണം. ഫാഷിസം വിഷപ്പല്ലുകൾ നീട്ടിത്തുടങ്ങിയെന്നും വർഗീയ സ്പർധ അപായകരമായ തോതിൽ വളർന്നതായും അദ്ദേഹം ഓർമപ്പെടുത്തി.
''ഫാഷിസ്റ്റ് ശക്തികൾ ഇവ്വിധം രാജ്യത്ത് വ്യാപിക്കുമെന്ന് നമ്മിലാർക്കും സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. യാതൊരു എതിർപ്പും കൂടാതെ വർഗീയ ശക്തികളെ അവർക്ക് തോന്നിയപോലെ ചുവടുവെക്കാൻ നമ്മൾ അനുവദിച്ചു, അവരിപ്പോൾ നമ്മുടെ വീട്ടുപടിക്കൽ വന്നുനിൽക്കുന്നു. ഇഷ്ടമില്ലാത്ത പുസ്തകങ്ങൾ ചുട്ടെരിച്ചു, എതിരായെഴുതുന്ന മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചു, മറ്റൊരു ദൈവത്തിൽ വിശ്വസിക്കുന്നതിെൻറ പേരിൽ ആളുകളെ പരസ്യമായി കശാപ്പ് ചെയ്തു... 2002ൽ മഹാത്മാവിെൻറ ജന്മനാട്ടിൽ നടന്ന വംശഹത്യയും അതിനു പിന്നാലെ നരേന്ദ്ര മോദി നേടിയ നടുക്കുന്ന വിജയവും രാജ്യത്തിന് ദുരന്തമായി. ഹിന്ദുത്വ വർഗീയവാദികളുടെ ഫാഷിസ്റ്റ് അജണ്ട ആധുനിക ഇന്ത്യ അഭിമുഖീകരിച്ച എല്ലാ ദുരന്തങ്ങളേക്കാളും ഭയാനകമാണ്.''
നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും വർഗീയ ശക്തികളിൽനിന്ന് രക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തു വിലകൊടുത്തും അതിനെതിരെ പൊരുതണമെന്ന് എന്നും എപ്പോഴും ഖുശ്വന്ത് പറഞ്ഞുകൊണ്ടിരുന്നു.
വിഖ്യാത എഴുത്തുകാരൻ മുൽക്രാജ് ആനന്ദും നമ്മളൊരു മൂന്നാംകിട രാഷ്ട്രമായി മാറുന്നുവെന്ന് പണ്ടേ ആകുലപ്പെട്ടിരുന്നു. അജന്ത, എല്ലോറ ഗുഹകൾ പണിത അതേ രാജ്യത്തെ ആളുകൾതന്നെയാണോ നമ്മളെന്ന് സംശയിച്ചുപോകുന്നുവെന്നും ക്രിയാത്മക സമൂഹമായിരുന്ന നമ്മളിന്ന് നാശചിത്തരായി മാറിയിരിക്കുന്നതായും അദ്ദേഹം പറയുമായിരുന്നു. അതിക്രമങ്ങൾ അത്രമാത്രം അതിരുവിട്ടിരിക്കുന്നു, നമുക്ക് എന്താണ് സംഭവിക്കുന്നത്?
ഇരകളെ പിന്നെയും വേട്ടയാടുേമ്പാൾ
അതിക്രമങ്ങളും നശീകരണവും തുടരുന്നതിനൊപ്പം മറ്റൊരു ദുഷ്പ്രവണതകൂടി വർധിച്ചുവരുന്നു. കലാപങ്ങളിലും അന്യായങ്ങളിലും ഇരയാക്കപ്പെടുന്ന സാധുക്കൾക്കുമേൽ കുറ്റാരോപണമുദ്രയും ചുമത്തപ്പെടുന്നു. ഡൽഹിയിൽ കഴിഞ്ഞ വർഷം നടന്ന വംശീയാതിക്രമത്തിൽ നമ്മളത് കണ്ടതാണ്. പരിക്കേറ്റ് മരണവക്കിൽ നിന്ന ഒരുപാട് പേർക്ക് ആശ്വാസമേകിയ അൽഹിന്ദ് ആശുപത്രിയിലെ ഡോ. എം.എ. അൻവറിെൻറ പേരും ഡൽഹി പൊലീസ് കുറ്റപത്രത്തിൽ കുത്തിക്കയറ്റിയിരിക്കുന്നു. ഇരകളെ വേട്ടയാടുന്ന പ്രക്രിയ ഇപ്പോഴും തുടർന്നുപോരുകയാണെന്ന് ആക്ടിവിസ്റ്റുകളും അക്കാദമീഷ്യന്മാരും ഈയിടെ നടത്തിയ പഠനവും അടിവരയിട്ടു പറയുന്നു.
ഏതാനും വർഷം മുമ്പ് നടന്ന സമാനമായ ഒരു സംഭവം ഇവിടെ എടുത്തുപറയുന്നത് പ്രസക്തമാകുമെന്ന് തോന്നുന്നു. 2006 സെപ്റ്റംബർ എട്ടിന് ഒരു വിശേഷ ദിവസം മാലേഗാവിലെ മസ്ജിദിനു സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ നാൽപതോളം പേർ കൊല്ലപ്പെട്ടിരുന്നു. ജീവാപായം സംഭവിച്ചതേറെയും മുസ്ലിംകൾക്കാണ്.
എന്നിട്ടും ബജ്റംഗ്ദൾ പോലുള്ള ഹിന്ദുത്വ വർഗീയ സംഘങ്ങളെക്കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷിച്ചതേയില്ല, പകരം മുസ്ലിംകളെയാണ് സംശയത്തിെൻറ മുനയിൽ നിർത്തിയതും കുറ്റാരോപിതരാക്കി ജയിലിലടച്ചതും. ബജ്റംഗ്ദൾ അവരുടെ അണികളെ ബോംബ് നിർമിക്കാനും വെടിവെക്കാനും പരിശീലിപ്പിച്ചുവരുന്ന, ഒട്ടനവധി തെളിവുകളുണ്ടായിരുന്ന വേളയിലായിട്ടും അവർക്കെതിരെ അന്വേഷണം നടക്കാഞ്ഞത് എന്തുകൊണ്ടാണ്? എൽ.കെ. അദ്വാനിയെപ്പോലുള്ളവരുടെ സംരക്ഷണവലയത്തിലായിരുന്നു ഈ സംഘടന എന്നതുകൊണ്ടുതന്നെ.
ഒഡിഷയിലെ കുഗ്രാമങ്ങളിൽ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ ഗ്രഹാം സ്റ്റെയ്ൻസും രണ്ടു മക്കളും ചുട്ടുകൊല്ലപ്പെട്ടപ്പോൾ ഒട്ടേറെ തെളിവുകൾ എതിരായി ഉണ്ടായിരുന്നിട്ടും അന്ന് ആഭ്യന്തര വകുപ്പ് കൈയാളിയിരുന്ന അദ്വാനി പറഞ്ഞത് ബജ്റംഗ്ദളുകാർ ഇങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു. എന്നിരുന്നാലും അന്വേഷണങ്ങൾക്കൊടുവിൽ അത് വെളിപ്പെട്ടു, അറുകൊല ചെയ്തുകൂട്ടിയത് ബജ്റംഗ്ദൾ നേതാവായ ധാരാസിങ് ആണെന്ന സത്യം.
നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ സത്യം സത്യമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും എഴുത്തുകാരെയുമെല്ലാം ഭരണകൂടം ഉന്നംവെച്ച് വേട്ടയാടുന്ന സംഭവങ്ങൾ അപായകരമാംവിധം വർധിച്ചുവരുന്നു. അടിയന്തരമായി ഈ അന്യായത്തിന് അറുതിവരുത്താനായില്ലെങ്കിൽ എങ്ങനെയാണ് മാധ്യമപ്രവർത്തകർക്ക് നിർഭയമായി തങ്ങളുടെ കടമ നിർവഹിക്കാനാവുക? ശ്വാസംമുട്ടിക്കുന്ന നിസ്സഹായാവസ്ഥയും നിരാശയും വരിഞ്ഞുമുറുക്കുകയാണ് നമ്മെ.മുമ്പും മോശപ്പെട്ട സംഭവങ്ങളും ഭരണനിർവഹണവുമെല്ലാം ഉണ്ടായിട്ടുണ്ട്- പക്ഷേ, അന്ന് അതിനെതിരെ ചോദ്യം ഉന്നയിക്കാനുള്ള സാഹചര്യംകൂടി ഈ ജനാധിപത്യ മതേതര രാജ്യത്ത് അവശേഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.