Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
eid in india
cancel
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightഎന്തുകൊണ്ടാണ്...

എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉയരാത്തത് ?

text_fields
bookmark_border

ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം രാവിലെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള നിരവധി മുസ്‍ലിംകൾ ഡൽഹിയിൽ പോയാണ് നമസ്കാരം നിർവഹിച്ചത്. ഗുഡ്ഗാവിൽ ഏതു പള്ളികളാണ് ഈദ് നമസ്കാരത്തിന് തുറക്കുക, ഹിന്ദുത്വ ഗുണ്ടകൾ വെറിപിടിച്ച് ചുറ്റിനടക്കുന്നതിനാൽ എവിടെയാണ് 'സുരക്ഷിതമായി' പ്രാർഥന നിർവഹിക്കാനാവുക എന്ന കാര്യങ്ങളിൽ തീർച്ചയില്ലാത്തതിനാലാണ് അവർ ഡൽഹിയിലേക്ക് പുറപ്പെട്ടത്.

നമസ്കരിക്കാൻ പോയി ആൾക്കൂട്ട അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാവാതെ സുരക്ഷിതമായി മടങ്ങിവരുന്നതിനെക്കുറിച്ചുപോലും ആകുലപ്പെടുന്ന രീതിയിലേക്ക് ആശങ്കകൾ വളർന്നുതുടങ്ങിയിരിക്കുന്നു നാട്ടിൽ. നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരമേറ്റശേഷം നടന്ന ആദ്യ ആൾക്കൂട്ടക്കൊല പുണെയിലെ ഐ.ടി വിദഗ്ധൻ മുഹ്സിൻ ശൈഖിന്‍റേതായിരുന്നു. പ്രഭാത നമസ്കാരം നിർവഹിച്ച് വീട്ടിലേക്കുവരുന്ന വഴിയായിരുന്നു കൊലപാതകം. ഖുർആൻ മനപ്പാഠമാക്കിയതിന് കിട്ടിയ സമ്മാനവും പെരുന്നാളിനുള്ള കുപ്പായവുംകൊണ്ട് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് ജുനൈദ് എന്ന കൗമാരക്കാരനെ ട്രെയിനിൽനിന്ന് വലിച്ചിറക്കി അടിച്ചുകൊന്നത്.

ഒരു മുസ്ലിം പ്രദേശത്തെ താമസക്കാരാവുകയോ പരമ്പരാഗത വസ്ത്രം ധരിക്കുകയോ സമാധാനത്തിെൻറ ആശംസയായ അസ്സലാമു അലൈക്കും ഉറക്കെ പറയുകയോ ചെയ്താൽപോലും അവരിലേക്ക് പൊലീസിെൻറ സംശയക്കണ്ണ് നീളുന്ന വിധത്തിലേക്ക് അത്യന്തം വർഗീയ വിഷം പടർന്നിരിക്കുന്നു സമൂഹത്തിൽ.

ഹതാശരായോ അതല്ലെങ്കിൽ രണ്ടാംതരം ജനതയായി ചുരുങ്ങിക്കൂടിയോ ജീവിക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്ക് നാം എത്തിപ്പെടുമെന്ന് ഒരുകാലത്തും ഞാൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഈ ദുരവസ്ഥയിൽ ഉറക്കെ കരയാൻ പോലും അനുമതിയില്ലാത്ത സ്ഥിതിയാണ്. എതിരുപറയുന്ന ആർക്കുനേരെയും അധികൃതർ ഒരുകൂന കുറ്റങ്ങൾ കൊണ്ടുവന്ന് ചൊരിഞ്ഞുകളയും. നിരപരാധികളുടെ ജീവനോ ജീവിതമാർഗങ്ങളോ ഇല്ലാതാക്കിയാൽപോലും ഭരണകൂടം ആരോടും മറുപടിപോലും നൽകേണ്ടതില്ല എന്ന നിലവന്നിരിക്കുന്നു.

യാത്രകൾക്കിടയിൽ നിരവധി കലാപ ഇരകളെ കണ്ടുമുട്ടുന്ന ഞാൻ- അവർ നേരിട്ട ദുരിതത്തിെൻറ ആഘാതത്തിന് പുറമെ അത് പുറത്തുപറയരുത് എന്ന തീട്ടൂരത്തിെൻറ ഭീതികൂടി താങ്ങുന്നവർ. കുറ്റവാളികളെയും സൂത്രധാരകരെയും കുറിച്ച് പറഞ്ഞാൽ ഇല്ലാതാക്കിക്കളയുമെന്ന ഭീഷണിയാണ് രാഷ്ട്രീയ മാഫിയകളുയർത്തുന്നത്. ഇത് ഏതെങ്കിലുമൊരു പ്രദേശത്തെ മാത്രം സംഗതിയല്ല, രാജ്യവ്യാപകമായിരിക്കുന്ന പ്രതിഭാസമാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ എൽ.കെ. അദ്വാനിയുടെ രഥയാത്ര പുറപ്പെട്ടതിനൊപ്പം തുടങ്ങിയതാണ് സമകാലിക ഇന്ത്യ ഇന്നനുഭവിക്കുന്ന വർഗീയ വിഷപ്പെയ്ത്ത്. അക്കാലത്ത് മുസ്ലിം കുടുംബങ്ങൾ തങ്ങളുടെ വീടുകളുടെ പേരുകൾപോലും ഒഴിവാക്കിയിരുന്നു, ഉന്നംവെക്കപ്പെടുമെന്ന ഭയപ്പാടുകൊണ്ടുതന്നെ. വിദ്യാർഥികൾ സ്കൂളുകളിലും കോളജിലും തെമ്മാടിത്തങ്ങൾക്കിരയായി. പലരും സ്കൂളിൽ പോക്ക് തന്നെ നിർത്തി. ഞാനീ പറയുന്നത് അത്യുൽകൃഷ്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പബ്ലിക് സ്കൂളുകളിൽനിന്ന് പഠനമൊഴിവാക്കിയ ആളുകളെക്കുറിച്ചാണ്. അങ്ങനെയെങ്കിൽ അത്ര പേരും പെരുമയുമൊന്നുമില്ലാത്ത സ്കൂളുകളിൽ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിക്കാവുന്നതല്ലേയുളളൂ.

അക്കാലത്ത് നടന്ന ഒരു കൂടിക്കാഴ്ചയും ചർച്ചയും ഓർമിക്കുന്നു. ഖുശ്വന്ത് സിങ്ങിെൻറ വീട്ടിലിരുന്ന് ഔട്ട്ലുക്കിെൻറ എഡിറ്ററായിരുന്ന വിനോദ് മേത്തയുമായി (ഇരുവരും ഇന്ന് നമ്മോടൊപ്പമില്ല) സംസാരിക്കുകയായിരുന്നു. മേത്ത ചോദിച്ചു- മുസ്ലിംകൾക്ക് എന്തിനാണ് ഭയപ്പാട്, തലസ്ഥാന നഗരിയായ ഡൽഹിയിൽ അവർക്ക് അരക്ഷിതത്വം അനുഭവപ്പെടുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല.

ഖുശ് വന്ത് സിങ്ങും വിനോദ് മേത്തയും

ഞാൻ അദ്ദേഹത്തോട് മറ്റൊരു ന്യൂനപക്ഷ സമുദായത്തിെൻറ അനുഭവം മറുപടിയായി നൽകി- സിഖ് സമൂഹത്തിന് 1984ൽ ഇതേ തലസ്ഥാന നഗരിയിൽ എന്താണ് സംഭവിച്ചത്? അവരെ വേട്ടയാടി കൊല്ലുകയായിരുന്നില്ലേ, പൊലീസിെൻറയും രാഷ്ട്രീയക്കാരുടെയും കൺവെട്ടത്തു വെച്ചല്ലേ ഇതെല്ലാം നടമാടിയത്.

ആ മറുപടിയും അദ്ദേഹത്തിന് ബോധിച്ചില്ല എന്നു തോന്നി.

ഞാൻ പറഞ്ഞു- എന്നാൽ, താങ്കൾ സ്വയം ഒന്ന് അനുഭവിച്ചറിയൂ.

എങ്ങനെ?

പേരും ഉപനാമവും ഒന്നു മാറ്റി താൽക്കാലികമായി ഒരു മുസ്ലിം പേര് ഇട്ടുനോക്കൂ, ഒരു ഷർവാണിയോ അച്കനോ (ജുബ്ബക്ക് മുകളിൽ അണിയുന്ന മേൽക്കുപ്പായം) ധരിച്ച് സമൂഹത്തിലേക്ക് ഇറങ്ങിനോക്കൂ, സിനിമാചമയക്കാരുടെ പക്കൽനിന്നോ, തിരക്കുള്ള ഇടങ്ങളിൽ പതിവായി വേഷംമാറി നുഴഞ്ഞുകയറുന്ന വലതുപക്ഷക്കാരുടെ കൈയിൽ നിന്നോ ഒരു വെപ്പുതാടിയും കടംവാങ്ങി ഫിറ്റ് ചെയ്യൂ അപ്പോഴറിയാം.

അദ്ദേഹം തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു.

ഒരുപക്ഷേ, ചേലാകർമം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്ന കാര്യമോർത്തിട്ടാവും.

ഒരു കാര്യം ആവർത്തിച്ചു പറയട്ടെ, ഭരണകൂടം പക്ഷപാതത്തോടെ പെരുമാറുന്നു എന്ന് ബോധ്യപ്പെടുന്നതോടെ ന്യൂനപക്ഷ സമുദായങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ നമുക്ക് സങ്കൽപിക്കാൻപോലും കഴിയില്ല. ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ സ്വകാര്യസേനകൾ നടത്തുന്ന അതിക്രമങ്ങൾ അത് വർധിപ്പിക്കുന്നു, പൊലീസുകാർ അക്രമികളും കൊലപാതകികളുമായി മാറുന്നതോടെ അരക്ഷിതാവസ്ഥ അതിശക്തമായ വേദനയായി മാറുന്നു.

ഡൽഹിയിലെ ഒരു ഓഡിറ്റോറിയത്തിലിരുന്ന് ഹോട്ടൽ റുവാണ്ട എന്ന സിനിമ കാണുേമ്പാൾ എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞിരുന്നില്ല. ജനങ്ങൾ നടത്തുന്ന ആഭ്യന്തര പോരിെൻറയും നാശത്തിെൻറയും രംഗങ്ങൾ കണ്ട് സഹിക്കാൻ കഴിയുമായിരുന്നില്ല. ബാബരി മസ്ജിദ് തകർക്കുകയും അതിനു പിന്നാലെ കലാപവും കൊലപാതകങ്ങളും അരങ്ങേറുകയും ചെയ്തപ്പോഴും അതേ അരക്ഷിതാവസ്ഥയാണ് അനുഭവിച്ചത്. വംശഹത്യ അരങ്ങേറവെ ഗുജറാത്തിൽനിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയാണ് ഞാൻ വസിച്ചിരുന്നത്. എന്നിരിക്കിലും അരക്ഷിതബോധം എന്നെ വല്ലാതെ ഗ്രസിച്ചിരുന്നു. കൊലയുടെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ മാഞ്ഞുപോകാത്ത വിധത്തിലെ മുറിപ്പാടായി മനസ്സിൽ കടന്നുപറ്റിയിരിക്കുന്നു. എനിക്ക് സ്വന്തം വീടെന്ന മട്ടിൽ കയറിചെന്ന് അഭയം തേടാവുന്ന സിഖ്, ക്രൈസ്തവ, ഹിന്ദു സുഹൃത്തുക്കളുടെ പേരുകൾ അന്നേരം ഒന്നൊന്നായി മനസ്സിൽ വന്നു. അവരെല്ലാം ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ രാഷ്ട്രീയ ഭരണകർത്താക്കളും ഭരണകൂട സംവിധാനങ്ങളുമാണ് ജനങ്ങൾക്ക് അഭയവും കാവലും സുരക്ഷിതത്വ ബോധവും നൽകേണ്ടത് എന്ന കാര്യം മറക്കാനാവില്ലല്ലോ.

ന്യൂനപക്ഷ സമുദായങ്ങൾ പൊലീസിൽനിന്ന് നേരിട്ട അതിക്രൂര അതിക്രമങ്ങളെക്കുറിച്ച് മുതിർന്നവർ പറയുന്നത് കുഞ്ഞായിരിക്കെ ഞാൻ കേട്ടിട്ടുണ്ട്. വളർന്നുവരവെ ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് ഉയർന്നുപൊന്തിയ അതിക്രമങ്ങൾക്ക് ഞാൻ സാക്ഷിയാണ്. ഗുജറാത്തിലും വടക്കു കിഴക്കൻ ഡൽഹിയിലും വംശീയ അതിക്രമങ്ങൾ നടക്കുേമ്പാൾ മാധ്യമ പ്രവർത്തക എന്ന നിലയിൽ മുറിവേറ്റവരുടെ വേദന ഞാൻ പകർത്തിയെഴുതുന്നുണ്ട്... ജീവിത കാലത്ത് ഇതിന് അവസാനമേതുമില്ലേ?

സംഘടിതമായ കൊലകളിലെയും അതിക്രമങ്ങളിലേയും പങ്കാളിത്തം സംബന്ധിച്ച് കൃത്യമായ തെളിവുകൾ അവശേഷിക്കെത്തന്നെ അവയുടെ സംഘാടകരും ആസൂത്രകരും ഒരു കൂസലുമില്ലാതെ വിരാജിക്കുന്നു. അതിലുപരി നിരാശ്രയരായ കലാപ ഇരകളും അവരുടെ നീതിക്കുവേണ്ടി വാദിച്ചവരും കലാപകാരികളായി മുദ്രകുത്തപ്പെട്ട് തടങ്കലിൽ കഴിയേണ്ട അവസ്ഥയുമുണ്ടാവുന്നു.

എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉയരാത്തത്?

അനീതിക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഒരുമിച്ച് എഴുന്നുനിന്ന് ശബ്ദിക്കാൻ ജനാധിപത്യ രാജ്യത്തെ പൗരജനങ്ങൾ എന്ന നിലയിൽ നമുക്ക് ബാധ്യതയില്ലേ?

സിഖ് സമുദായം വേട്ടയാടപ്പെടുേമ്പാൾ സിഖുകാർ മാത്രം അതിനെച്ചൊല്ലി വിലപിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

മുസ്ലിംകൾ ആൾക്കൂട്ടക്കൊലക്കിരയാവുേമ്പാൾ അവർ മാത്രം ഒച്ചവെക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികൾ ആക്രമിക്കപ്പെടുകയും ചെയ്യുേമ്പാൾ അവർ മാത്രം ശബ്ദമുയർത്തി വരേണ്ടത് എന്തു കൊണ്ടാണ്?

ദലിത് ജനതജീവിതത്തിെൻറ സമസ്ത മേഖലകളിലും വേട്ടയാടപ്പെടുേമ്പാൾ അവർക്ക് നീതി തേടുവാൻ നമ്മുടെ വിരലുകൾ ഉയരാത്തത് എന്തുകൊണ്ടാണ്?

നടുക്കുന്ന സത്യങ്ങൾ വിളിച്ചുപറയാൻ വിരമിച്ച് സുരക്ഷിത ലാവണം പുൽകുന്നതു വരെ ഉദ്യോഗസ്ഥ പ്രഭുക്കൾ കാത്തിരിക്കുന്നത് എന്തുകൊണ്ടാണ്?

ഈ ചോദ്യങ്ങൾ നാം ഓരോരുത്തരോടുമാണ്. അതിന് നീതിപൂർവകമായ മറുപടി കണ്ടെത്തുേമ്പാൾ മാത്രമേ നമ്മെ ഗ്രസിച്ചിരിക്കുന്ന അരക്ഷിതത്വ ബോധം വിട്ടൊഴിയുകയുള്ളൂ, അനീതിക്ക് അറുതിയുണ്ടാവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationhindutwaMinority issuehate politics
News Summary - Why do not questions arise?
Next Story