ഒരു കൊറ്റിയായ് മാറിയ ഞാൻ
text_fieldsഅന്തിചായും നേരത്ത്
അരയാൽ മരത്തിൽ ചെക്കേറിയ
കാക്കകളും
കൊറ്റികളും
പാട്ടുകച്ചേരി തുടങ്ങിയിരുന്നു.
കാറ്റിന്റെ വിരലുകൾ
ഇലകളിൽ
ഹാർമോണിയം വായിച്ചു തുടങ്ങിയിരുന്നു.
അപ്പോൾ,
വെയിലിറങ്ങിപ്പോയ
ഇലധമനികൾ വിജ്രംഭിച്ചു.
വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം
കറുപ്പും
വെളുപ്പും തൂവലുകൾ
സിത്താറിന്റെ തന്ത്രികളിൽ
ഒരു പതിഞ്ഞ രാഗം വായിച്ചു.
പാട്ട് കേട്ടും
കാഴ്ചകൾ കണ്ടും
കണ്ണുകളിൽ ഇരുട്ട് കയറി.
അവസാനത്തെ വണ്ടിക്ക്
പോകാനുറച്ചു ഞാൻ
അതേ നിൽപിൽ ഒരു കൊറ്റിയായി.
എല്ലാവരും പോയിരുന്നു.
അന്തി കറുത്തിരുന്നു.
പാട്ടുകച്ചേരി കഴിഞ്ഞ്
കൊറ്റികളും കാക്കകളും
ഉറങ്ങിക്കഴിഞ്ഞിരുന്നു,
ആ നിൽപിൽ,
മണ്ണൊലിച്ചുപോയ പാതയിൽ
ഒരു ശിലയായ് ഞാൻ
ഉറച്ചുപോയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.