ഇന്നത്തെ ശബ്ദം -കഥ
text_fieldsതുലാമാസത്തിലെ ഇരുൾ മൂടിയ സന്ധ്യയിൽ തലയാഴിപ്പറമ്പ് കവല നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ പ്രകാശപൂരിതമായിരുന്നു. കെ.ജി മേനോൻ സ്മാരക വായനശാലയുടെ നവതി ഗംഭീരമായി ആഘോഷിക്കുകയാണ്. നാട്ടിലെ പഴയ ജന്മിയാണ് കിഴക്കേതിൽ ഗോവിന്ദമേനോൻ.ലൈബ്രറിയുടെ സ്ഥാപകനും അദ്ദേഹമാണ്. രാഷ്ട്രീയരംഗത്തും ,സാഹിത്യരംഗത്തുമുള്ള ധാരാളം പ്രശസ്തർ അതിഥികളായി വേദിയിലുണ്ട്.പക്ഷേ അവർക്കിടയിൽ മുഴങ്ങിക്കേട്ടത് പ്രതീക്ഷയുണർത്തുന്ന രണ്ട് സ്ത്രീ ശബ്ദങ്ങളാണ്. വെളിച്ചമറ്റു പോയ നാട്ടുകാരുടെ മനസ്സുകളിൽ പ്രകാശം നിറക്കുന്ന വാക്കുകൾ.പ്രവൃത്തിയിലൂടെ വാക്കുകളും സംസാരിക്കുമെന്ന് യാഥാർത്ഥ്യമാക്കുന്നവർ.
എം.എൽ.എ ആർച്ചയും ,ജില്ല കലക്ടർ രാഖിയും. ഇരുവരും സഹോദരിമാരാണ്. അത്രയും കാലം തലയാഴിപ്പറമ്പിലെ വികസന പ്രവർത്തനങ്ങളെല്ലാം പൊള്ളയായ വാഗ്ദാനങ്ങളുടെ പുറന്തോടിനകത്തെഇരുട്ടിലൊളിച്ചുകിടക്കുകയായിരുന്നു. നാടിന്റെ സിരാപടലങ്ങളെ പുനർജ്‌ജീവിപ്പിക്കുന്ന വികസനപ്രവർത്തനങ്ങളാണ് കുറഞ്ഞ കാലയളവിനുള്ളിൽ എം. എൽ.എ ആർച്ചയും ,കളക്ടർ രാഖിയും ചേർന്ന് കാഴ്ച വച്ചത്.
ഏറെ ആവേശത്തോടെയാണ് സംഘാടകരും ,നാട്ടുകാരുംഎം.എൽ.എആർച്ചയേയും ,കളക്ടർ രാഖിയെയും സ്വീകരിച്ചത്. "രണ്ടു പേരുംഇന്നാട്ടിൽ തന്നെ ജനിച്ചു വളർന്നോരല്ലേ..എന്തോരം കഷ്ടപ്പെട്ടാണെന്നോ മണിയൻജി പെങ്ങന്മാരുടെ മക്കളെ ഈ നിലയിലെത്തിച്ചത്. അദ്ദേഹം പകർന്ന് കൊടുത്ത ആദർശങ്ങളെല്ലാം അവരുടെ ഉള്ളിൽ കാണാതിരിക്ക്യോ"പെണ്ണമ്മ പറഞ്ഞു.പാവങ്ങളായ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സത്യസന്ധനായ
നേതാവാണ് മണിയൻജി. എല്ലാവർക്കും അദ്ദേഹത്തോട് വലിയ സ്നേഹവും ,ബഹുമാനവുമാണ്.
"എന്തായാലും തലയാഴിപ്പറമ്പിന്റെ മൊകഛായ തന്നെ പെമ്പിള്ളേര് മാറ്റിയെടുത്തു. പോളേം ,പായലും മൂടി കിടന്നിരുന്ന മൂവാറ്റുപുഴ റ്വൃത്തിയാക്കിയെടുത്തപ്പോൾ എന്തോരം കെട്ടുവള്ളങ്ങളാ ഇതിലേ ഇപ്പോ പോകുന്നേ. തന്നെയോ നെറയെ കടകളല്ലയോ കവലേല്. പുതിയ പാലോം ,റോഡുമൊക്കെ വന്നിട്ടീ ദേശം തന്നെ കണ്ടാൽ തിരിച്ചറിയൂല്ല. ആർച്ചക്കൊച്ചിന്റടുത്ത് ആരെന്ത് പരാതിയുമായി ചെന്നാലും പരിഹാരം ഉടനടി കിട്ടും..എപ്പം കണ്ടാലും കാറ് നിർത്തി 'സുഖമല്ലേ ചേച്ചീന്ന്' ചോദിക്കാറുണ്ട്.തണ്ടും ,ഭാവോം ഒന്നുമില്ല"സുശീല പിന്താങ്ങി.
നല്ലത് ചൊല്ലുന്നവരുടെ ഇടയിൽ നിന്നിരുന്നചില കട്ടുറുമ്പുകൾക്ക് ഒന്ന് ആഞ്ഞ് കടിക്കാതിരിക്കാനായില്ല "കേട്ടില്ലേ ,പ്രസംഗത്തിനെടക്ക് രാഖിപ്പെണ്ണ് കിഴക്കേതിൽ ഗോവിന്ദൻകുട്ടിമേനോൻ സ്മാരക ലൈബ്രറിന്ന് പറഞ്ഞത്. കിഴക്കേതിലെ ഉപ്പും ,ചോറും തിന്ന് വളർന്നവരാ . ഇച്ചിരി ബഹുമാനമെങ്കിലും കാണിച്ചൂടേ അസത്തിന് "വടക്കേലെ രാധാമണിയമ്മക്ക് ഇതൊന്നും അത്ര പിടിക്കുന്നില്ല.
"ജില്ലാ കളക്ടറെക്കുറിച്ച് ഇങ്ങനൊന്നും പറയല്ലേ രാധാമണിയമേമ.പോലീസ്കാര് കേട്ടാൽ പിടിച്ചകത്തിടും" .കൂട്ടത്തിലൊരാൾ ഓർമ്മപ്പെടുത്തി. "പിന്നേ .രാധാമണിയമ്മക്ക് ഉള്ളിൽ നല്ല മുറു മുറുപ്പുണ്ട്.കാലങ്ങളെത്ര കഴിഞ്ഞാലും മാഞ്ഞു പോകാത്ത ചില ഉണങ്ങിയ പൂപ്പലുകളിപ്പോളും അവരുടെ മനസ്സിൽ പടർന്ന് കിടക്കുന്നുണ്ട്.
മീറ്റിംഗ് കഴിഞ്ഞ് അമ്മാവന്റെ വീട്ടിലേക്ക് പോകാനുള്ളഒരുക്കത്തിലായിരുന്നു ആർച്ചയും ,രാഖിയും.ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നും നോക്കാതെ ഒരേ കാറിലായിരുന്നു അവർ മൂവരും കയറിയത്. "നെന്റെ മുഖം എന്താ മോളേ കടുന്നല് കുത്തിയത് പോലെ ഇരിക്കുന്നത്" മണിയൻ അമ്മാവൻ രാഖിയോടായി ചോദിച്ചു.
ലൈബ്രറിയുടെ ഒരു ഭാഗത്തുള്ള ചുമരിൽ കെ.ജി ഗോവിന്ദ മേനോന്റെ മാതാപിതാക്കളുടെ ഫോട്ടോ വച്ചിട്ടുണ്ട്. മേനോനെ പോലെയല്ല.
വളരെ ക്രൂരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.ധാരാളം കഥകൾ അവൾ കേട്ടിട്ടുമുണ്ട്. തലയെടുപ്പോടെയുള്ള ഗർവ്വ് നിറഞ്ഞ മുഖം
ചുമരിൽ കണ്ടപ്പോൾ തന്നെ രാഖിക്ക് ഹാലിളകിയതാണ്. "നമ്മുടെ കൂട്ടത്തിൽ പെട്ടവരെയെല്ലാം ഇവരും ,മുൻതലമുറക്കാരുമെല്ലാം എത്ര മാത്രം ദ്രോഹിച്ചു കാണണം. എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതൊക്കെ ഓർക്കുമ്പോൾ എന്റെ രക്തം തിളക്കും"രാഖി ജ്വലിക്കുകയാണ് .
"നല്ല ആളുകളും ,ചീത്ത ആളുകളും എല്ലാ കാലങ്ങളിലുമുണ്ട്. മുദ്ര കുത്തപ്പെട്ടിട്ടുള്ള വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടു വരുവാൻ യത്നിച്ചവരും അന്നുണ്ടായിരുന്നു.അന്നത്തെ കാലത്ത് മാറ്റി നിർത്തിയവരെ സ്വന്തം ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി മാറ്റത്തിന് തുടക്കം കുറിച്ചവരുമുണ്ട്. നമ്മുടെ കെ.ജി .മേനോൻ സാറും അതു പോലെ ഒരാളായിരുന്നു.അദ്ദേഹം നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്ഥലമൊക്കെ വിട്ടു കൊടുത്തത് കൊണ്ടാണ് ഈ നാട്ടിൽ ആശുപത്രിയും ,സ്കൂളും വായനശ്ശാലയുമൊക്കെ വന്നത്.
വൈക്കം സത്യാഗ്രഹ സമരത്തെക്കുറിച്ചൊക്കെ വായിച്ച് പഠിച്ചിട്ടല്ലേ രാഖീ നീ ഐ.എ .എസ്സ് നേടിയത്. ആർച്ച പറഞ്ഞത് രാഖിക്കൊട്ടും പിടിച്ചില്ല.പല വാദമുഖങ്ങളും നിരത്തി അവൾ ചേച്ചിയോട് തർക്കിച്ചു കൊണ്ടിരുന്നു. താനിടപെടേണ്ട സമയമായെന്ന് മണിയൻജിക്ക് മനസ്സിലായി. "കാര്യമൊക്കെ ശരിയാണ് .*മണിയൻ ജി സംസാരിക്കുന്നത് കേൾക്കാൻ ഇരുവരും ശ്രദ്ധയോടെ ഇരുന്നു. "പഴയ തലമുറക്കാര് ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.ജന്മികളിൽ നിന്നും മറ്റും ധാരാളം പീഢനങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്.അതൊക്കെയോർത്താൽ കണ്ണിൽ നിന്നും രക്തം തന്നെ പൊടിയും.പക്ഷേ പുതിയ തലമുറ ഇന്നലെകളുടെ വിഴുപ്പുദാണ്ഡങ്ങൾ ഇനിയുംപേറേണ്ടതുണ്ടോ. കാലം മാറുമ്പോൾ പുതിയ ചിന്തകളും ,കാഴ്ചപ്പാടുകളുമല്ലേ പുലർത്തേണ്ടത്.
പഴയ കാര്യങ്ങൾ പർവ്വതീകരിച്ച് വരും തലമുറകളുടെ സൗഹൃദത്തിലേക്കും ,സ്നേഹബന്ധങ്ങളിലേക്കും വിഷം വാരിയെറിയേണ്ട ആവശ്യമില്ലല്ലോ. മനസ്സിലെ ഇരുട്ട് നീങ്ങിപ്പോയില്ലെങ്കിൽ നിങ്ങൾ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണ് പിള്ളേരെ. നിങ്ങളെപ്പോലെയുള്ളവർ സമൂഹത്തിലെ ജീർണ്ണതകളെ തുടച്ചു നീക്കുവാനാണ് ശ്രമിക്കേണ്ടത് .അല്ലാതെ പറിച്ചെറിയേണ്ട കാര്യങ്ങൾ തപ്പിയെടുത്ത് വീണ്ടും പതിച്ച് വയ്ക്കുവാനല്ല മുന്നിട്ടിറങ്ങേണ്ടത്. "മണിയൻ ജി പറഞ്ഞു.
"ശരിയാണ് അമ്മാവൻ പറഞ്ഞത്. നെഗറ്റീവ് ചിന്തകളും ,പകയും മനസ്സിനെ ദുഷിപ്പിക്കുകയേ ഉള്ളൂ. മനസ്സ് കലുഷിതമായ ഒരാൾക്ക് കർമ്മങ്ങളിൽ ശരിയായ രീതിയിൽ ശ്രദ്ധിക്കുവാൻ കഴിയുകയില്ല. ഇന്നലെകളെ ചുമലിലേറ്റി നടക്കേണ്ടവരല്ല നമ്മൾ. ഇന്നത്തെ ശബ്ദമായി മാറണം. ഇനിയും ഈനാടിന് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.അതു കൊണ്ട് എന്റെ മിടുക്കിക്കുട്ടി അത്തരം കാര്യങ്ങളെക്കുറിച്ച് മാത്രം ഇനിഓർത്താൽ മതി കേട്ടോ. രാഖിയുടെ കവിളിൽ തട്ടിക്കൊണ്ട് ആർച്ച പറഞ്ഞു. "ശരി നേതാവേ .നാടിന്റെ വികസനത്തിനായി നമ്മളിനിയും ഒരുമിച്ച് പ്രവർത്തിക്കും. രാഖി ആർച്ചയെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു. രാഖിയുടെ കണ്ണിൽ തെളിയുന്ന നന്മയുടെ തിളക്കം കണ്ട് മണിയൻ ജിയും സന്തോഷത്തോടെ ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.