Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightമണലാരണ്യപ്പടി

മണലാരണ്യപ്പടി

text_fields
bookmark_border
manalaranyappadi story
cancel
camera_alt

ചിത്രീകരണം: സംഗീത സുധീർ

കാലങ്ങളായുള്ള തങ്കപ്പന്‍റെ ആഗ്രഹമായിരുന്നു തലയ്ക്കു യോജ്യമായ ഒരു വിഗ്ഗ്. സ്കൂളിൽ പഠിക്കുമ്പോൾ ചുരുണ്ടു പിണഞ്ഞു സുന്ദരമായി ഒട്ടിക്കിടന്നിരുന്ന മുടിയിഴകൾക്ക് ആരാധികാരാധകർ വേണ്ടുവോളം ഉണ്ടായിരുന്നു. അവരുടെയൊക്കെ കണ്ണ് പറ്റിയിട്ടോ എന്തോ എന്നറിയില്ല നല്ല പ്രായം എത്തിയതോടെ മുടി മുഴുവൻ കൊഴിഞ്ഞു പോയി. അതുകൊണ്ട് പെണ്ണ് കാണാൻ പോലും ധൈര്യം വന്നിട്ടില്ല. പെരനിറഞ്ഞു പൊളിയാറായിട്ടും ചെക്കൻ പെണ്ണ് കെട്ടുന്നില്ല എന്നും പറഞ്ഞ് അമ്മ ഒരു സ്വൈര്യം കൊടുക്കുന്നില്ല. ഫഹദിനും കുഞ്ചാക്കോ ബോബനുമൊക്കെ അതൊരലങ്കാരമാണ്. ഇപ്പോഴത്തെ ന്യൂജെൻ സ്റ്റൈൽ ഇതാണെന്ന് പറഞ്ഞു കുറച്ചു നാളൊക്കെ മുടി കൊഴിഞ്ഞ തല കാണിച്ചു നടന്നു. പക്ഷെ ഫഹദും ബോബനും സിനിമ നടന്മാരല്ലേ. തങ്കപ്പൻ അതല്ലല്ലോ. അവർക്കൊക്കെ എത്ര കിളി പോലത്തെ പെമ്പിള്ളേരെയും കിട്ടിയെന്നിരിക്കും. പെയിന്‍റ് പണിക്ക് പോകുന്ന തങ്കപ്പന്‍റെ കാര്യം അങ്ങനെയാണോ? ആ തിരിച്ചറിവ് ഉണ്ടായപ്പോൾ ഉള്ള ആത്മവിശ്വാസം പോയി.

കുമ്മായം അടിച്ചുള്ള അലർജിയാണെന്ന് കരുതി പണി മാറ്റിപ്പിടിച്ചു. എന്നിട്ടും നെറുകയിൽ പേരിനൽപ്പം ചുരുട്ടി കൂട്ടി മടക്കിവെക്കാൻ ഉണ്ടായിരുന്ന കേശസംരക്ഷണം നടന്നില്ല. അവസാനം കളിയാക്കലിൽ നിന്ന് മോചനം നേടി ആത്മവിശ്വാസത്തോടെ നിവർന്നു നിൽക്കാനുള്ള ഉപദേശം കിട്ടിയത് വിഗ്ഗിൽ അഭയം പ്രാപിച്ചു സ്വന്തം ജീവിതം തന്നെ എന്‍റെ സന്ദേശം എന്ന് പറഞ്ഞു നടക്കുന്ന അളിയനിൽ നിന്നായിരുന്നു. അതോടെ തങ്കപ്പനും ഉറപ്പിച്ചു വിഗ്ഗ് തന്നെ ശരണം.

കുറേശ്ശേയായി കാശ് സ്വരൂപിച്ചു വെച്ച് രൂപ പതിനായിരം ഒത്തപ്പോൾ ഒരു മണലാരണ്യപ്പടി തന്നെ തലയിൽ കേറ്റി. വെച്ചു കഴിഞ്ഞപ്പോൾ സംഗതി കൊള്ളാം. അല്പം ചങ്കുറപ്പൊക്കെയായി പെണ്ണ് കാണാൻ പോകാൻ. സ്ഥിരം പെണ്ണ് കെട്ടാത്ത ചങ്കുകളെ കൂടെ കൂട്ടുന്നില്ല എന്ന് ഉറപ്പിച്ചു. അതിനു കാരണവുമുണ്ട്. മുൻപൊരിക്കൽ പെണ്ണ് കാണാൻ ചെന്നപ്പോൾ പെണ്ണിന്‍റെ അമ്മ വയസ്സ് എത്രയായി എന്ന് ചോദിച്ചപ്പോൾ 32 ഒന്ന് കുറച്ച് 28 പറഞ്ഞപാടെ കൂടെ ഉണ്ടായിരുന്ന ഒരു ചങ്ക് വായ്പൊത്തി ചിരിച്ചു. അതോടെ പിന്നെ അറിയിക്കാം എന്ന് പറഞ്ഞു അമ്മ മകളെ അകത്തേക്ക് കൊണ്ടു പോയി. പുറത്തിറങ്ങി ചൂടാവാൻ നിൽക്കുമ്പോഴേക്കും ചങ്ക് തിരിച്ചു തട്ടി കേറി. ഇങ്ങനെയുള്ള നുണകൾ പറയുമ്പോൾ ആദ്യം പറഞ്ഞില്ലെങ്കിൽ ആരായാലും ചിരിച്ചുപോകും... പിന്നെ മറുപടി ഇല്ലാതായി. നല്ലൊരു സുന്ദരിപ്പെണ്ണിനെ ഒത്തുവന്നു എന്ന് കരുതിയിരുന്നതാണ്. അവൾക്കാണേൽ മുടിയിലും മറ്റുമൊന്നും കാര്യമായ ശ്രദ്ധയൊന്നും ഇല്ലായിരുന്നു. മറ്റൊരിക്കൽ പെണ്ണും പിടക്കോഴിയും ഇല്ലാത്ത വേറൊരുത്തനെയാണ് കൂട്ടിന്നുകൊണ്ടുപോയത്. ആ പെങ്കൊച്ചിനെയും കണ്ടയുടനെ ബോധിച്ചു. കൃത്യസമയത്ത് ചെക്കന്‍റെ വയസ്സെത്രയ്യായി എന്നുള്ള ചോദ്യത്തിന് തങ്കപ്പന്‍റെ 26 എന്ന് രണ്ടുകൊല്ലം കൂടി കുറച്ചുപറഞ്ഞപ്പോൾ കൂടെ വന്നവൻ സഹിക്കാൻ വയ്യാതെ അമ്മയെ നോക്കി കണ്ണിറുക്കി കാണിച്ചതോടെ ആ ആലോചനയും തുടക്കത്തിലേ അണഞ്ഞുപോയി. അതോടെ ഒരു കാര്യം ഉറപ്പായി. അരയിൽ ചുറ്റിയിരിക്കുന്നതെല്ലാം പാമ്പുതന്നെ. ഏതെങ്കിലും വിധത്തിൽ വല്ല നല്ല പെണ്ണിനേയും തനിക്ക് കിട്ടുമെന്നായാൽ കല്യാണം കഴിക്കാത്ത, തന്‍റെ കൂടെ വരുന്നവൻമാരെല്ലാം അത് മുടക്കി കളയുമെന്ന് ബോധ്യമായതോടെ ഇനി അറിഞ്ഞുകൊണ്ട് ആ സർപ്പങ്ങളെയൊന്നും വാരി ചുറ്റേണ്ടതില്ലെന്നു തീരുമാനിച്ചു. അപൂർവ്വം ഒന്നോ രണ്ടോ പെമ്പിള്ളേർ സമ്മതം മൂളി എന്നല്ലാതെ ഇപ്പോഴും പെമ്പിള്ളേർ കാണാൻവരുന്ന ചെക്കന്മാരിൽ കാത്തിരിക്കുന്നത് നല്ല തൂർമ്മയുള്ള നീളൻ മുടിയാണെന്നും ഇക്കാലത്തിനിടയിൽ അവൻ അറിഞ്ഞു കഴിഞ്ഞിരുന്നു.

പെണ്ണുകെട്ടാതെ ഈ വീട്ടിൽ കഴിയാൻ പറ്റില്ലെന്ന് അമ്മ തീർത്തു പറഞ്ഞപ്പോൾ ഇനി ആരെ കൊന്നിട്ടായാലും പെണ്ണ് കെട്ടിയേ അടങ്ങൂ എന്ന് അവനും തീരുമാനിച്ചു. ഒട്ടിച്ചു പതിപ്പിച്ച മുടിക്കൂമ്പാരവുമായി ഏതെങ്കിലും ചങ്ങാതിയെക്കൊണ്ടുപോയാൽ തന്നെ പെണ്ണും അമ്മയും ബന്ധുക്കളും ചായ വെച്ച്‌ വിശേഷങ്ങൾ ചോദിയ്ക്കും നേരം ആ ചങ്ക് മനഃപൂർവ്വം തന്‍റെ തലയിലേക്ക് കുറച്ചുനേരം നോക്കിയിരിക്കുമെന്നും അതോടെ ഏതു കൊച്ചുകുട്ടിക്കും ഉള്ളു തൂർമയുള്ള നല്ല കട്ടകറുപ്പൻ മുടിയുടെ ഗുട്ടൻസ് തിരിഞ്ഞു കിട്ടുമെന്നും അങ്ങനെ ആ ആലോചനയും അവതാളത്തിലാകുമെന്നും തങ്കപ്പന് മുൻ അനുഭവങ്ങളിൽ നിന്നുള്ള പാഠഭാഗങ്ങൾ വിവരിച്ചുകൊടുത്തിരുന്നു. അങ്ങനെയാണ് അളിയന് ശിഷ്യപ്പെട്ട് വിഗ്ഗ് ജീവിതം തെരഞ്ഞെടുത്ത്‌ മുന്നോട്ടു പോകാൻ തങ്കച്ചൻ തീരുമാനിച്ചത്.

അളിയനൊപ്പം ചെന്ന് വെള്ളിയാഴ്ച കാലത്തു തന്നെ ഒരു മണലാരണ്യപ്പടി തലയിൽ ഫിറ്റ് ചെയ്തു. ഞായറാഴ്ചയാണ് പെണ്ണ് കാണൽ ഉള്ളത്. ശനിയാഴ്ച ഒരുദിവസം അതായിട്ട് ഒന്നിണങ്ങട്ടെ എന്നും കരുതി. കണ്ടചങ്കുകൾ ആദ്യം മൂക്കത്തുവിരൽവെച്ചെങ്കിലും പിന്നീട് സമയം നീങ്ങിയതിനൊത്തു അതുമായി പൊരുത്തപ്പെട്ടു. ശനിയാഴ്ച്ച ഉച്ചവരെ ഒരു ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയുമൊക്കെ തലയിൽ തോന്നിയെങ്കിലും സാവധാനം ശരിയായിക്കോളും എന്ന് കരുതി ക്ഷമകൊണ്ടു. ഉച്ചവരെയുള്ള കേശപ്രദർശനം വിജയകരമായിത്തീർത്ത് ഊണ് കഴിഞ്ഞു കുറച്ചുനേരം തലയിൽ നിന്നതു ഊരി തരിശിട്ട തലക്ക് കാറ്റും വെളിച്ചവുമൊക്കെ കിട്ടി സമാധാനിക്കട്ടെ എന്ന് കരുതി സ്വസ്ഥമായി പകലുറക്കത്തിന് കിടക്കുകയായിരുന്നു.

ആ സമയത്താണ് ഒരു ചങ്കിന്‍റെ ഫോൺ വരുന്നത്. അല്പം അകലെയുള്ള അമ്പലത്തിൽ പൂരമുണ്ട്, പോരുന്നുണ്ടോ എന്ന്. ആനക്കും മേളത്തിനും വെടിക്കെട്ടിനും പൂരം പ്രശസ്തമാണ്. വെടിക്കെട്ടിന് നിയന്ത്രണം മൂലം മറ്റു പല പൂരങ്ങൾക്കും വെടിക്കെട്ടിന് അനുമതിയില്ലെങ്കിലും ഇവിടെ മാത്രമായി സർക്കാരിൽ നിന്ന് സമ്മതവും കിട്ടിയിട്ടുണ്ട്. എല്ലാക്കൊല്ലവും കൂട്ടുകൂടി പോകാറുള്ളതാണ്. പിന്നെന്തിനു വേണ്ടെന്നു വെക്കണം. മാത്രമല്ല മുടിപ്പടി വെച്ച് ആൾക്കൂട്ടത്തിലൂടെ കറങ്ങി നടക്കുന്നതോടെ സകലവിധ അപരിചിതത്വങ്ങളും മാറിപോകുമെന്നും പിറ്റേന്നേക്ക് അതിനേക്കാൾ നല്ലൊരു റിഹേഴ്സൽ കിട്ടാനില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ അമാന്തിച്ചില്ല യെസ് മൂളി. സന്ധ്യക്ക് എല്ലാവരും ഒത്തുചേർന്നു പൂരപ്പറമ്പിലേക്കു വിട്ടു. വെടിക്കെട്ട് അപൂർവ്വമായതിനാലാവണം സാധാരണത്തെക്കാൾ തിരക്കുണ്ടായിരുന്നു പൂരപ്പറമ്പിൽ. കേശപ്പടിയും വെച്ച് നടക്കുമ്പോൾ ഒരാളും സംശയദൃഷ്ടിയോടെ നോക്കുന്നില്ല എന്നത് തങ്കപ്പന് നൽകിയ സന്തോഷവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. ഈ മുടിയൊക്കെ പാരമ്പര്യമായി, ജനിച്ചപ്പോൾത്തന്നെ കിട്ടിയതാണ് എന്ന മട്ടിൽ മുടിയുള്ള ആൾക്കാരേക്കാൾ ഗമയിലും തലയെടുപ്പിലും തങ്കപ്പൻ പൂരപ്പറമ്പിൽ വിലസി.

രാത്രി എട്ടുമണിക്ക് പറഞ്ഞ വെടിക്കെട്ട് ഒമ്പതരയായിട്ടും പൊട്ടുന്ന മട്ടില്ല. തിരക്കാണെങ്കിൽ കൂടിവരുന്നു. പൊലീസിന് പലപ്പോഴും നിയന്ത്രണം വിട്ടുപോകാൻ തുടങ്ങി. ആയിടെ പൊലീസിൽ കയറിയ ജോസപ്പിന് ആദ്യമായി ഒരു പൂരം ഡ്യൂട്ടി കിട്ടിയിരിക്കുകയായിരുന്നു. ജനങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ ലാത്തി വീശിക്കൊള്ളാൻ മുകളിൽനിന്നു കൽപ്പനയുണ്ട്. ജോസപ്പിനാകട്ടെ ലാത്തിച്ചാർജിൽ പരിചയം കുറവാണെങ്കിലും നല്ല ഹരമായിരുന്നു. പക്ഷെ അമ്പലപ്പറമ്പ് ആയതുകൊണ്ട് സത്യക്രിസ്ത്യാനിയും ദൈവഭയവുമുള്ള ജോസപ്പിനു ലാത്തിവീശാൻ ഉള്ളിൽ അല്പം ഭയവുമുണ്ടായിരുന്നു. അമ്പലപ്പറമ്പിൽ വരുന്ന ഭക്തജനങ്ങളെ ലാത്തികൊണ്ട് വീശിയടിക്കുക എന്നൊക്കെ വെച്ചാൽ... അതുമല്ല രാത്രിനേരത്ത് അമ്പലപ്പറമ്പുകളിലൊക്കെ ഉള്ളതിനേക്കാൾ കൂടുതൽ തിരക്ക് തോന്നുന്നതിനു കാരണം പകുതിയിലേറെ പ്രേതാത്മാക്കളാണെന്നു ചെറുപ്പം തൊട്ടേ ജോസപ്പ് അപ്പാപ്പനിലൂടെ കേട്ടറിഞ്ഞിരുന്നു.

എന്ത് ചെയ്യണം എന്നൊരു വേവലാതിയുമായി നിൽക്കുമ്പോഴാണ് കൂടെയുള്ള സാറന്മാർ ചാർജ്ന്നും പറഞ്ഞു ലാത്തി വീശാൻതുടങ്ങിയത്. ആ ഭാഗത്ത് നല്ല തിരക്കുണ്ടായിരുന്നു. പൊലീസുകാരാണെങ്കിൽ എണ്ണത്തിൽ കുറവും. അപ്പോൾ കനത്തിൽ ലാത്തി പ്രയോഗിച്ചാലേ ആൾക്കാർ പേടിച്ചു പിൻവാങ്ങുകയുള്ളൂ. പിന്നെ നോക്കാനും പറയാനും ഒന്നുമില്ലായിരുന്നു. ജോസപ്പ് തലങ്ങും വിലങ്ങും ലാത്തി വീശി. കയ്യിൽ കിട്ടിയവരെയും കിട്ടാത്തവരെയും പെരുമാറി. പ്രേതാത്മാക്കൾ എന്ന് തോന്നിയവരോടൊക്കെ ഒഴിഞ്ഞു പോ എന്നും പറഞ്ഞു. കിട്ടിയവരെയൊക്കെ കയ്യിൽ പിടിച്ചും കഴുത്തിൽ പിടിച്ചും തള്ളുകയും അടിക്കുകയും ചെയ്തു. ഇരുട്ടിൽ ഒന്നും കാണാനുമില്ല. അങ്ങനെ തല്ലിക്കയറി കാലം കേറികൊട്ടികൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ്... ഒരു തല കയ്യിൽ തടഞ്ഞു. സമൃദ്ധമായ മുടിയുണ്ട് എന്ന് തൊട്ടപ്പോൾ മനസിലായി. മുടിപിടിച്ചു വലിച്ചിട്ടു അടിക്കാമെന്നു കരുതി കൂട്ടിപ്പിടിച്ചു പൊക്കിയതാണ്. തലതന്നെ കഴുത്തിൽ നിന്ന് വേർപ്പെട്ടു കയ്യിലേക്ക് ഉയർന്നു വരുന്നത് ആന്തലോടെ ജോസപ്പ് കണ്ടു. അവസാനം, അപ്പാപ്പൻ പറയാറുള്ളതുപോലെ അമ്പലപ്പറമ്പിലെ ഒരു പ്രേതത്തിന്‍റെ വായിൽ താൻ ചെന്ന് പെട്ടു എന്നറിഞ്ഞതും ജോസപ്പ് കുഴഞ്ഞുവീണതും ഒന്നിച്ചായിരുന്നു. അതിനിടയിൽ 'അയ്യോ സാറെ എന്‍റെ പതിനായിരം' എന്നുള്ള തങ്കപ്പന്‍റെ നിലവിളിയൊന്നും കേൾക്കാൻ ജോസപ്പിൽ ബോധമുണ്ടായിരുന്നില്ല.

പിറ്റേന്ന് പക്ഷെ തങ്കപ്പൻ തോറ്റൊന്നുമില്ല. ഉച്ചക്ക് എല്ലാ കവലനിരങ്ങികളും ക്ലബിന് താഴെയിരുന്ന് തങ്കപ്പന്‍റെ വിഗ്‌ കഥ പറഞ്ഞു ആർത്തു ചിരിക്കുംനേരം തങ്കപ്പനും അളിയനും കൂടി അവർക്കുമുന്നിലൂടെ ബൈക്കിൽ ഓടിച്ചുപോയി. ഒരു വ്യത്യാസം മാത്രം. തങ്കപ്പന്‍റെ തലയിൽ അളിയന്‍റെ പടിയും അളിയന്‍റെ തലയിൽ തങ്കപ്പന്‍റെ പൂടകൊഴിഞ്ഞുപോയ കോഴിവാല് പോലുള്ള മണലാരണ്യപ്പടിയും ആയിരുന്നു എന്ന് മാത്രം. അതുകണ്ടു ചിരിക്കാൻകഴിയാതെ ക്ലബ്ബ്നിരങ്ങികൾ വാ തുറന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam storyp reghunath
News Summary - manalaranyappadi story by p reghunath
Next Story