സതീശൻ മരിച്ച രാത്രി -കവിത
text_fieldsസതീശൻ മരിച്ച രാത്രി കാവിലുത്സവമായിരുന്നു.
അന്നാദ്യ വേനൽമഴയിൽ ഭൂമി
തണുത്തു വിറങ്ങലിച്ചു
അസ്തമയത്തിന്റെ മേഘപ്പടവുകളിൽ
പാതി കൺമുനപൂട്ടി ചന്ദ്രനും, നക്ഷത്രങ്ങളും
നിശ്ശബ്ദരായുറങ്ങി
മുതുകിൽ തറച്ച ശൂലത്തിൻ നഖരങ്ങളിൽ
കൊരുത്ത നാരങ്ങകൾക്കിടയിലൂടെ
തിളച്ചുരുകി വരുന്ന ചോരപ്പുഴകൾക്ക് ഭസ്മത്താലൊരു തടയണകെട്ടിയൊതുക്കി അവനൊരുങ്ങിയിറങ്ങുമ്പോൾ
അപ്പുറത്തവരുമൊരുക്കങ്ങൾ കൂട്ടി
പാട്ടമ്പലത്തിൽ നിന്നും അമ്മൻകുടം തുള്ളിയിറങ്ങണ നേരത്ത്കതിന
മാനത്ത് ചിതറുമ്പോൾഇരുൾവഴിയിൽ പതുങ്ങിയ കൊടുവാളുകളവന്റെ വിധി നിർണ്ണയിച്ചു.
തെരുവിന്റെയരണ്ടവെളിച്ചത്തിൽ
കലങ്ങിയ ആകാശത്തിന്റെ അതിരുകളിലിരുന്ന്
തലയറ്റൊരുടൽ പിടഞ്ഞുനിശ്ചലമാകുമ്പോൾ
നീ പലരിലൊരുവൻ മാത്രം
നാളത്തെചിതയിൽ മറ്റൊരുവനുണ്ടെന്ന്
കാഴ്ചമൂടിയഇരുൾക്കാറ് പറഞ്ഞുകൊണ്ടിരുന്നു
മണൽത്തരികളിലൂറി നിന്ന രക്തത്തുള്ളികളെ നുണയുവാൻ ചളിക്കൈകളാർത്തു പുളഞ്ഞു
മരവിച്ച ഉടലിലെ ചോരയുണങ്ങും മുമ്പേ
കാലചക്ര വിഭ്രമങ്ങളിലത് കാവിനിറംപൂണ്ടു
പുലരൊളിവെട്ടത്തിൽ വീണ്ടും ചെഞ്ചായം പൂശി
കൊടിപിടിച്ച് ഇടവഴികളിലൂടോടി മറഞ്ഞു.
അമ്മൻ കൊടത്തിന്റെയന്ന് വെട്ടും, കൊലയും
പതിവാണെന്ന് ഉത്സവകമ്മിറ്റിയിൽ കശപിശ
കൂടിയപ്പോൾ അമ്മൻകൊടമങ്ങ് നിർത്തിയെന്നേ.
കഷ്ടം, അങ്ങനാ ഞങ്ങളിപ്പോളും സതീശൻ
മരിച്ച രാത്രി ഓർത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.