മകൻ
text_fieldsവരുമെന്ന് പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അവർ എത്തിയത്.
കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. ഗേറ്റിന് മുന്നിൽകുറച്ചുനേരം കാർ നിശ്ചലമായി നിന്നു. പാതി തുറന്ന ജനാലയിലൂടെ അവൻ കാറിന്റെ ഡോറിലേക്ക്തന്നെനോക്കിയിരുന്നു. ഡോർ തുറന്ന് ആദ്യം പുറത്തിറങ്ങിയത് അച്ഛനാണ്. തൊട്ടുപുറകേ അപ്പുറത്തെ ഡോർ തുറക്കുന്നതും അവർ പുറത്തിറങ്ങുന്നതും കണ്ടു. വേറെ ആരും അവർക്കൊപ്പം ഉണ്ടായിരുന്നില്ല.
ഗേറ്റ് കടന്നു വരുന്ന അവരുടെ തോളുകളിലും കൈകളിലും ഓരോരോ ബാഗുകൾ ഉണ്ടായിരുന്നു. അവൻ ആദ്യമായിട്ട് അവരെ കാണുകയായിരുന്നു. മഞ്ഞനിറത്തിൽ ചെമപ്പും വെളുപ്പും ഇടകലർന്ന പൂക്കളുള്ള സാരിയാണ്അവർ ഉടുത്തിരുന്നത്. ഒരൊറ്റ നോട്ടത്തിൽ തന്നെ ആ സാരി അവന് ഇഷ്ടപ്പെട്ടു. അവരുടെ മുഖത്തേക്കാൾ ഇഷ്ടം തോന്നിയതും മനസ്സിൽ തങ്ങി നിന്നതും ആ സാരിയായിരുന്നു. ഉമ്മറത്ത് എത്തിയ അവർ ജനാലക്കൽ ഇരുന്ന്നോക്കുന്ന അവനെ കണ്ടു. ആശ്ചര്യവും അതിശയവും കലർന്ന അവരിൽനിന്ന് വല്ലാത്തൊരു ശബ്ദം ഉണ്ടായി. ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീയിൽ നിന്ന് അത്തരത്തിൽ ഒരു ശബ്ദം കേൾക്കുന്നത്. അവനു പേടി തോന്നി. ബാഗ്എല്ലാം തിണ്ണയിൽ വച്ച് ഇരുകൈകളും നീട്ടി അവർ അരികിലേക്ക് ഓടി വന്നു. അതുകാണാൻ വയ്യ എന്ന വണ്ണം ജനാല ഉറക്കെ അടച്ച് നീങ്ങിനിന്നു. അവർക്ക് പിറകിൽ അച്ഛൻ ഉണ്ടായിരുന്നതിനാലും അച്ഛൻ അതെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിരുന്നതിനാലും മാത്രമാണ് അവൻ ഉറക്കെ കരയാതിരുന്നത്.
അവർ അവന്റെ പേരെടുത്ത് വിളിച്ച് വാതിലിൽ മുട്ടാൻ തുടങ്ങി. വാതിൽ തുറക്കാൻ പലവട്ടം പറഞ്ഞെങ്കിലും അവൻ അതിന് അനുസരിച്ചില്ല. അവസാനം അക്കാര്യം അവർ അച്ഛന് കൈമാറി. അച്ഛന്റെ രണ്ടാമത്തെ മുട്ടലിൽ വാതിൽ തുറന്ന് അവൻ അച്ഛനെ കെട്ടിപിടിച്ചു. അച്ഛന്റെ വയറിനു മീതെ അവൻ മുഖം പൂഴ്ത്തി. അച്ഛൻ ചിരിക്കാൻ തുടങ്ങി. അവന്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് അച്ഛൻ അങ്ങനെ നിന്നു.
ഉറക്കെ അലറികൊണ്ട് തന്നെ അവർ അച്ഛനിൽ നിന്നും അവനെ അടർത്തിയെടുത്തു. അവർക്ക് നല്ല ആരോഗ്യംഉണ്ടെന്ന് തോന്നി. അവർ അവനെ വായുവിലൂടെ മുകളിലേക്കെറിഞ്ഞ് പിടിച്ച് കവിളുകളിൽ മാറി മാറി ഉമ്മവെച്ചു. ആപ്രായത്തിൽ അങ്ങനെയാരും അവനോട് ചെയ്തിരുന്നില്ല. അവർ ഉമ്മ വെച്ചതിനേക്കാൾ ദേഷ്യവും സങ്കടവും തോന്നിയത് ഒരു കൊച്ചുകുട്ടിയോടെന്നവണ്ണം പെരുമാറിയതിൽ ആയിരുന്നു. അതുവരേയ്ക്കും താൻ വലുതായിരിക്കുന്നു എന്ന് ആഹ്ലാദിച്ച് ഇരിക്കുകയായിരുന്നു. എന്നാൽ അവരിൽ നിന്നുണ്ടായ ആ ഒരൊറ്റ പ്രവർത്തി അവനിലെ സകല സന്തോഷത്തെയും ഇല്ലാതാക്കി.
അവൻ അവരുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ടിരുന്നു. ബലിഷ്ഠമായ അവരുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ട് നിലത്തിറങ്ങി ഓടുക എന്നത് സാധ്യമായ കാര്യമായിരുന്നില്ല. അവർക്ക് അച്ഛനേക്കാൾ ആരോഗ്യം ഉണ്ടെന്നും അച്ഛനും അവരും നിന്ന് വഴക്ക് അടിച്ചാലും അച്ഛൻ തോറ്റു പോകുകയുള്ളൂ എന്നും തോന്നി. അതുകൊണ്ട് അച്ഛനും നേരെ കൈനീട്ടി കരയുവാൻ ഉള്ള ധൈര്യമില്ലായിരുന്നു. പ്രയോജനം ഉണ്ടാകാൻ ഇടയില്ലാത്ത ഒരു കാര്യമാണ് അതെന്ന് നിശ്ചയമായിരുന്നു. അച്ഛൻ രസം ഏറെയുള്ള ഒരു കളി കാണുന്ന ഭാവത്തോടെ നിൽക്കുകയായിരുന്നു. അവന്അച്ഛനോട് ദേഷ്യം തോന്നി.
അമ്പരപ്പും ഭയവും അൽപ്പമൊന്ന് കുറഞ്ഞു എന്ന് തോന്നിയപ്പോൾ അവരവനെ നിലത്തിറക്കി നിർത്തി.അങ്ങനെ നിർത്തി ആകെ കൂടി അടിമുടി നോക്കി. തന്റെ ശരീരം ആകപ്പാടെ ഒന്നു കാണാൻ വേണ്ടിയാണ് തന്നെതാഴെയിറക്കി നിർത്തിയതെന്ന് തോന്നി. അവന് ലജ്ജ തോന്നി. അവർ ബാഗ് തുറന്ന് വസ്ത്രങ്ങൾ ഓരോന്നായിപുറത്തെടുത്തു. അവൻ കൗതുകത്തോടെ അവയിലെല്ലാം നോക്കിനിന്നു. അവന്റെ ശരീരത്തിന് അനുയോജ്യമായതുംഅവൻ ഇഷ്ടപ്പെടുന്നതുമായ ഒന്നുപോലും അതിൽ ഇല്ലായിരുന്നു. ചിലത് ഏറെ വലുതായപ്പോൾ മറ്റു ചിലത്ദേഹത്തെവെച്ച് ചെറുതും ആയി. ഓരോന്നോരോന്നായി അവർ അവനെ മാറിമാറി ഉടുപ്പിച്ചു. അച്ഛനതു നോക്കി മൂക്കത്ത്വിരൽ വെച്ചിരുന്നു. ഓരോന്നും ഇട്ടശേഷം അഴിച്ചുമാറ്റിയിടുന്നമ്പോൾ അച്ഛന്റെ മുഖത്തെ നിരാശയുടെ കറുപ്പിന്ആഴമേറി. എല്ലാം കഴിഞ്ഞപ്പോൾ അവരുടെ മുഖത്തെ ഇച്ഛാഭംഗം മറ നീക്കിവന്നു. അതെല്ലാം എടുത്ത് ബാഗിൽ വെക്കുംനേരം അവർ പറഞ്ഞു.
"മോനുള്ളത് ഇന്ന് തന്നെ ടൗണിൽ പോയി എടുക്കാം."
അവരിൽ വല്ലാത്ത ഒരു മണം ഉണ്ടായിരുന്നുവെന്ന് അകത്തേക്ക് കയറി പോയപ്പോൾ മാത്രമാണ് മനസ്സിലായത്. അവരവിടെ നിന്നു പോയതിനു ശേഷവും ആ മണം അവിടെ തങ്ങിനിന്നു. ആ മണം അവന് ഇഷ്ടപ്പെട്ടു. കുറേശ്ശെയായിഭയവും അപരിചിതത്വം ഉരുകിയലിയാൻ തുടങ്ങി. അരികിലേക്ക് വന്ന അവനെ അണച്ചു നിർത്തിക്കൊണ്ട് അച്ഛൻപറഞ്ഞു.
"മോൻ പേടിച്ചു പോയോ. എന്തിനാ പേടിക്കുന്നത് മോന്റെ അമ്മയല്ലേ."
പക്ഷേ അവനത് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല. അവർ വരുന്നതിന് രണ്ടാഴ്ച മുൻപ് അച്ഛൻപറഞ്ഞിരുന്നു,അമ്മ തിരികെ വരികയാണെന്നും ഇനി അവനെ വിട്ടവർ ഒരിടത്തേക്കും പോകുന്നില്ലെന്നും അവരെഅമ്മേയെന്ന് വിളിക്കണം എന്നുമൊക്കെ. പക്ഷേ അവനതിന് കഴിയുമായിരുന്നില്ല. എന്തുകൊണ്ടോ ആദ്യമുണ്ടായഅത്തരമൊരു സമാഗമം നിമിത്തം തനിക്ക് ഒരിക്കൽപോലും അവരെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് തോന്നി. അവനിൽ ഭയം കലർന്ന രൂപത്തിലാണ് അവരെപ്പോഴും നിറഞ്ഞുനിന്നിരുന്നത്.
അക്കാര്യം അച്ഛനിൽ നിന്ന് കേട്ടപ്പോൾ തന്നെ ചില സങ്കല്പങ്ങൾ അവരെ കുറിച്ച് ഉണ്ടായിരുന്നു. വാസ്തവത്തിൽ ആ ഒരു ദിനത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നില്ല അവൻ. അവർ വരുമ്പോൾ വരട്ടെ എന്നരീതിയിലുള്ള ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ വന്നപ്പോഴാകട്ടെ നേരിയ രീതിയില്ലെങ്കിലും മനസ്സിൽഉണ്ടായിരുന്നതിന്റെ അടുത്ത് വരുന്ന ഒരു സ്ത്രീയായി അനുഭവപ്പെട്ടതുമില്ല. തീർത്തും അപരിചിതയായ, എത്ര തന്നെഅടുത്തിടപഴകിയാലും പെട്ടെന്നൊന്നും ഇണങ്ങിവരുന്ന ഒരു സ്ത്രീയാകാൻ അവർക്ക് സാധിക്കും എന്ന് തോന്നിയില്ല.
കാര്യങ്ങൾ ആ രീതിയിലല്ല സംഭവിച്ചിരുന്നത് എങ്കിൽ കൂടിയും അച്ഛൻ പറഞ്ഞതുപ്രകാരം അല്ലെങ്കിൽ അവർനിർബന്ധിക്കുന്നത് പ്രകാരം അവരെ അമ്മ എന്ന് വിളിക്കാൻ കഴിയുമായിരുന്നില്ല. എത്ര തന്നെ ശ്രമിച്ചാലും ആ ഒരുവാക്ക് ഒരു സ്ത്രീ മുഖത്ത് നോക്കി നിൽക്കുന്ന നേരത്ത് തന്നിൽ നിന്നും പുറത്തു വരാൻ പോകുന്നില്ല എന്ന്ഉറപ്പുണ്ടായിരുന്നു. അതൊഴികെ ഒരു സ്ത്രീയെ വേറെന്ത് വിളിക്കാനും അവൻ തയ്യാറായിരുന്നു. അതുമാത്രംചുണ്ടുകൾക്കിടയിലൂടെ നാവിൽ നിന്ന് പുറത്തേക്ക് വരാൻ മടിച്ചു.
അതിനും ഒരു കാരണമുണ്ടായിരുന്നു. തന്നെ പ്രസവിച്ച സ്ത്രീയെ ഒരിക്കൽപോലും കണ്ട ഓർമ്മ അവനിൽ ഇല്ലായിരുന്നു. അവൻ ജനിച്ചയുടനെ അവർ കടൽകടന്നു പറന്നിരുന്നു. പിന്നീട് അവർ വരുന്നത് പതിനൊന്ന്വർഷത്തിനുശേഷമായിരുന്നു. അതിനിടയിൽ സ്വന്തം അമ്മ എന്ന അടിക്കുറിപ്പോടെ എഴുതപ്പെട്ട കുറെ എഴുത്തുകൾഅവരുടേത് എന്നു പറഞ്ഞ് അച്ഛൻ കൊടുത്തിരുന്നു. അവയിലേറെയും വായിച്ചു പോലും നോക്കാതെ ചുരുട്ടി മടക്കികളയൂകയായിരുന്നു പതിവ്. അമ്മയെന്ന ആ വാക്ക് ഒരിക്കൽ പോലും സ്നേഹം ചുരത്തിക്കൊണ്ട് അവന്റെഹൃദയത്തിൽ നിന്ന് അവരിലേക്ക് അവനിൽനിന്നും ഒഴുകുകയുണ്ടായില്ല. അതിന്റെ ആവശ്യം അനുഭവപ്പെട്ടിരുന്നില്ലഎന്നതായിരുന്നു നേര്. അവൻ അമ്മേയെന്ന് വിളിച്ച, അമ്മയെപ്പോലെ കണ്ടും കൊണ്ടും അറിയുന്ന ഒരു സ്ത്രീഅവിടെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞെങ്കിലും കുട്ടികൾ ഉണ്ടാകില്ല എന്ന കാരണം പറഞ്ഞ് വലിയച്ഛൻ വീട്ടിൽകൊണ്ട് നിർത്തിയ അച്ഛന്റെ ചേച്ചി ആയിരുന്നു അത്. വല്യമ്മ അവന് അമ്മയെ പോലെയും അവൻ അവർക്ക് മകനെപ്പോലെയുമായിരുന്നു. ഒരു അമ്മയിൽ നിന്നെന്നപോലെ സ്നേഹവും വാത്സല്യവും അവന് വല്യമ്മയിൽ നിന്ന്കിട്ടിക്കൊണ്ടിരുന്നു. തിരിച്ചറിവ് വന്ന പ്രായത്തിൽ വല്യമ്മ അവന്റെ അമ്മയല്ല വല്യമ്മയാണെന്നും അമ്മദൂരെയൊരിടത്താണെന്ന് പറഞ്ഞുവെങ്കിലും അവൻ ചെവികൊണ്ടില്ല.
അതിനിടയിൽ പല പ്രകാരത്തിലുള്ള അമ്മയുടെ ഫോട്ടോകൾ അവനെ തേടി വരുന്നുണ്ടയിരുന്നു. അത്നോക്കാനായി വല്യമ്മ വിളിച്ചപ്പോഴൊക്കെ താല്പര്യമില്ലാത്ത മട്ടിൽ അകന്നിരുന്നു. തനിക്കരികിൽ ഒരമ്മയുള്ളപ്പോൾ കാണാനാകുന്നതിനപ്പുറം അമ്മയെന്നു പറഞ്ഞിരിക്കുന്ന സ്ത്രീയുടെ ഫോട്ടോനോക്കി ഓമനിക്കാൻ നേരമുണ്ടായിരുന്നില്ല. ആരൊക്കെ തിരുത്താൻ ശ്രമിച്ചാലും അമ്മയുടെ രൂപഭാവങ്ങളോടെ വല്യമ്മ അവനുള്ളിൽനിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു.
രണ്ടുദിവസം പനിച്ചു കിടന്ന വല്യമ്മ മൂന്നാം ദിവസം പുലർച്ചെയുണ്ടായ തണുപ്പിലേക്ക് സാവകാശം ഇറങ്ങിപോയി. മറക്കാൻ സാധിക്കാത്ത അന്ന് തോരാത്ത മഴയുണ്ടായിരുന്നു. വല്യമ്മ മരിച്ചെന്നും ഇനി തനിക്കവരെകാണാനോ സ്നേഹം അനുഭവിക്കാനോ സ്വരം കേൾക്കാനോ കഴിയില്ലെന്നും അവനറിയാമായിരുന്നു. മരണത്തെക്കുറിച്ച് അതായിരുന്നു അറിവ്. എത്രതന്നെ അടക്കിനിർത്താൻ ശ്രമിച്ചിട്ടും ദുഃഖം നിയന്ത്രിക്കപ്പെട്ടില്ല. അന്നുമാത്രമല്ല, തുടർന്ന് ഒരാഴ്ചയോളം ഒരേ കിടപ്പിൽ കിടന്ന് കരഞ്ഞു. കരഞ്ഞു തളർന്ന അവനിൽ ശ്വാസം നിലച്ചുപോകുമെന്ന് ഭയന്ന് അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ പോരുമ്പോൾ കണ്ണുനീർ നിലച്ചെങ്കിലും ഉള്ളിൽവല്യമ്മ വിങ്ങി കിടപ്പുണ്ടായിരുന്നു.
ഒരു മാസത്തിനു ശേഷം പലപ്പോഴായി അവർ അയച്ച ഫോട്ടോകളെടുത്ത് ഏറെനേരം നോക്കിയിരുന്നെങ്കിലും അവർ ആഗ്രഹിച്ചതരത്തിലുള്ള സ്നേഹവാത്സല്യം അവനിലേക്ക് ചൊരിഞ്ഞില്ല. അകന്ന ബന്ധത്തിലുള്ള ഏതോ ഒരുസ്ത്രീയുടെ മുഖച്ഛായ മാത്രമാണ് തോന്നിയത്. അതിൽ നോക്കിയിരിക്കാനുള്ള കൗതുകവും സാവകാശം ഇല്ലാതായി.
വല്യമ്മ മരിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് കടൽകടന്ന് ജനലരികിൽ അവർ എത്തിയത്. അവന്‍റെ ദിനങ്ങളിലേക്ക് സാവധാനം അവർ ഇഴുകിയലിയാൻ തുടങ്ങി. എത്രയായിട്ടും അവനവരെ അമ്മേയെന്ന് വിളിച്ചില്ല. ആഒരു വാക്ക് അതിന്റെ മുഴുവൻ പൂർണ്ണതയോടെ ഉപയോഗിച്ചു കഴിഞ്ഞുവെന്നും ഇനിയും ആ അർത്ഥത്തിൽ നാവിന്വഴങ്ങില്ലെന്നും തോന്നി. മനപൂർവ്വം ആയിരുന്നില്ല അത്. ഇടയ്ക്കിടെ ശ്രമിക്കാതിരുന്നില്ല. അപ്പോഴൊക്കെ ശരീരത്തിൽഎന്തൊക്കെയോ പൊട്ടിമുളച്ചു വരുന്നതായും നാക്കിനടിയിൽ കനം വരുന്നതായും അറിഞ്ഞു. അവനതിൽനിന്ന്പിൻവാങ്ങി. ഏതെങ്കിലും കാലത്ത് സ്വയമേ തന്നിൽനിന്നത് വന്നേക്കാമെന്നും അപ്പോഴാകാമെന്നും കരുതി മാറ്റിവെച്ചു. ഏറെ തവണ നിർബന്ധിച്ചു മടുത്ത് അവസാനം അവർ പറഞ്ഞു.
"ഇല്ല. ഇനി ഞാൻ ഇതു പറയില്ല ഞാൻ പറയാതെ തന്നെ ഒരിക്കൽ നിന്റെ നാവിൽ നിന്ന് വരും. അതുവരെ ഞാൻ കാത്തിരിക്കുന്നു."
അവരിരുവരും തങ്ങളിൽ തന്നെ ആ ഒരു കാര്യത്തിൽ സമാധാനം കണ്ടെത്തി. അവരിൽ അപ്പോഴും ആ മണമുണ്ടായിരുന്നു. എവിടേക്ക് പോകുമ്പോഴും അവർക്കൊപ്പം അത് ഉണ്ടാകുമായിരുന്നു. അന്നത്തേതിനുശേഷം മഞ്ഞയിൽ ചുമപ്പും വെള്ളുത്ത പൂക്കളും കലർന്ന ആ സാരി അവർ ഉടുത്തിരുന്നില്ല. പലകുറി അതുടുക്കാൻപറയണമെന്നുണ്ടായിരുന്നെങ്കിലും തുറന്നു സംസാരിക്കാൻ അപ്പോഴും കഴിഞ്ഞിരുന്നില്ല.
അന്ന് സ്കൂൾ വിട്ടുവരുമ്പോൾ പുറത്ത് വിലകൂടിയ ഒരു ജോഡി ചെരുപ്പ് കിടപ്പുണ്ടായിരുന്നു. അത്തരമൊരുചെരുപ്പ് ആ പ്രദേശത്ത് ആരുടെ കാലിലും കണ്ടിരുന്നില്ല. ചിത്രത്തുന്നൽ നിറഞ്ഞ് സ്വർണം പൂശിയത് പോലുള്ള അതവന് വല്ലാതെ ഇഷ്ടപ്പെട്ടു. അകത്തേക്ക് കടക്കുന്നതിനു മുൻപ് കുറച്ചു നേരം നോക്കി നിന്നു. സ്വീകരണമുറിയിൽ അച്ഛനെയും അവരെയും കൂടാതെ വെളുത്ത് തടിച്ച ഒരാൾ കൂടിയുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ സ്നേഹത്തോടെ എന്നവണ്ണം അയാൾ കൈകൾ നീട്ടി. സംശയിച്ചു നിന്നെങ്കിലും അച്ഛൻ പറഞ്ഞപ്പോൾ ധൈര്യമായി അയാളുടെഅരികിലേക്ക് നടന്നു. അയാൾ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു. അയാളുടെ ശരീരം ദേഹത്തു ഉരസിയപ്പോൾ വല്ലായ്മതോന്നി. അയാളുടെ ശരീരത്തിലും വസ്ത്രങ്ങളിലും അവരിലുള്ള അതേ മണമായിരുന്നു. സന്ധ്യകഴിഞ്ഞപ്പോൾ അയാൾ യാത്ര പറഞ്ഞിറങ്ങി. പിന്നീട് പലപ്പോഴും സ്കൂൾ വിട്ട് വരുന്ന നേരങ്ങളിൽ ചെരിപ്പുകൾ പുറത്തുകാണാൻ തുടങ്ങി. ചില നേരങ്ങളിൽ മാത്രമേ അച്ഛൻ അവിടെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെയും അവനെ അയാൾകൈനീട്ടിപ്പിടിച്ചു. ചില രാത്രികളിൽ അച്ഛനും അവരും പിണങ്ങുന്നതും ഉറക്കെ സംസാരിക്കുന്നതും കേട്ടു. തുടക്കത്തിൽഇടയ്ക്കിടെ ശബ്ദം താഴ്ത്തി പരസ്പരം കേൾക്കാൻ പാകത്തിൽ ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെഎന്തിനെക്കുറിച്ചാണ് തർക്കമെന്ന് തിരിച്ചറിയാനായില്ല. ദിനങ്ങൾ നീങ്ങിയതനുസരിച്ച് ഇടയ്ക്കിടെയുള്ള സംസാരവുംപിറുപിറുക്കലും വേഗതയേറി ചുറ്റുമുള്ളവർ കേൾക്കാൻ പാകത്തിലുള്ള ഒച്ച കൈവരിച്ചു. തർക്കവും വഴക്കുംഅയാളെക്കുറിച്ചാണെന്ന് മനസ്സിലായി. അയാളവിടെ വരുന്നത് അവനിഷ്ടമുള്ള കാര്യമായിരുന്നു. അയാളുടെചെരുപ്പുകൾ ഇഷ്ടപ്പെട്ട കാഴ്ചകളിൽ ഒന്നായിരുന്നു. മാത്രമല്ല അയാൾ വന്നപ്പോഴൊക്കെ സ്വാദുള്ള എന്തെങ്കിലുംപുതിയ തരം പലഹാരങ്ങൾ കൊണ്ടുവരുമായിരുന്നു. ഒരേ പലഹാരം തന്നെ രണ്ടാമതൊരിക്കൽ കൊണ്ടുവന്നില്ല. അകലെ നിന്ന് അയാളുടെ ചെരുപ്പുകൾ കാണുമ്പോൾ അവനിൽ സന്തോഷം കുത്തിയുയർന്നു. വല്ലപ്പോഴുമൊക്കെഅയാൾ വന്ന് പോകുന്നതിൽ എന്തിനാണ് അച്ഛൻ ഇത്രമാത്രം ദേഷ്യം പിടിക്കുന്നത് എന്ന് മനസ്സിലായില്ല. അവന്അച്ഛനോട് ഈർഷ്യ തോന്നി.
ഒരു ദിവസം നന്നെ വൈകിയാണ് അച്ഛൻ വീട്ടിൽ വന്നത്. നടക്കുമ്പോൾ വീഴാൻ പോകുന്നുണ്ടായിരുന്നു. അച്ഛന്റെ കൂടെ അസഹ്യമായ ഗന്ധവും ഉണ്ടായിരുന്നു. അവന് ശർദ്ദിക്കാൻ വന്നു. വേഗത്തിൽ അച്ഛനു മുന്നിൽ നിന്ന്ഓടിയൊളിച്ചു. തൊട്ടുപുറകെ ഉറക്കെയുള്ള അവരുടെ കരച്ചിൽ കേട്ടു. എന്തൊക്കെയോ ഉരുണ്ടു വീഴുന്ന ശബ്ദവും.ഉരുളൻ ജനലഴികളിൽ എത്തി പിടിച്ചു കയറി നിന്ന് നോക്കി. അച്ഛൻ അവരെ അടിക്കുന്നത് കണ്ടു. അടി മുഴുവൻകൊണ്ടിരുന്നുവെങ്കിലും കയ്യുയർത്തി ഒന്ന് തടുക്കാൻ പോലും അവർ തുനിഞ്ഞില്ല. അവനൽഭുതം തോന്നി. അച്ഛന്റെകാലുകൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല. വേണമെങ്കിൽ അവർ ഒന്നുറക്കെ തള്ളുകയോ അടിക്കുകയോചെയ്തിരുന്നെങ്കിൽ അച്ഛൻ വീണുപോകുമായിരുന്നു. അതിനുപകരം ഉറക്കെ കരയുക മാത്രമായിരുന്നു ചെയ്തിരുന്നത്. ആദ്യമായി അവർക്ക് നേരെ സങ്കടവും സഹതാപവും തോന്നി. നോക്കിനിന്ന ജാലകത്തിനരികിൽ തന്നെ അവൻകിടന്നു. ഉറക്കത്തിനിടയിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ കണ്ണുതുറന്നു. അവർ അവനെ കെട്ടിപ്പിടിച്ച്കരയുകയായിരുന്നു. അവരുടെ കണ്ണുനീർ അവന്റെ കഴുത്തിലൂടെ, കയ്യിലൂടെ ഒഴുകി.എങ്ങിയേങ്ങി കരയുന്നതിനൊപ്പംഎന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവനത് കേൾക്കാൻ ഇഷ്ടപ്പെട്ടില്ല. ശബ്ദമില്ലാതെ അവർക്കൊപ്പം അവനും കരഞ്ഞു. അപ്പോൾ അവരെ അമ്മേ എന്ന് വിളിക്കാൻ തോന്നി. എന്നിട്ടും വാക്കുകൾ പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ വിറച്ചു കിടന്നു.
കുറെ കഴിഞ്ഞപ്പോൾ അവരിൽ നിന്നും ശബ്ദം കേൾക്കാതായി. അവൻ എഴുന്നേറ്റു നോക്കി. ജാക്കറ്റ് മുഴുവൻകീറി പറഞ്ഞിരുന്നു. അവരുടെ പുറത്ത് പണ്ടെന്നോ തീപ്പൊള്ളലേറ്റപോലെ നീളത്തിൽ കരിഞ്ഞ ഒരു വടു തിണർത്തുകിടന്നിരുന്നു. തൊടാനായി കൈ നീട്ടിയെങ്കിലും കൈപൊള്ളിവണ്ണം വലിച്ചെടുത്തു.
അവനെ നിരാശപ്പെടുത്തിയ കാര്യങ്ങൾ നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വിലകൂടിയചെരുപ്പുകൾ കാണാതാവുകയും പല തരത്തിലും രീതിയിലും ഉള്ള പലഹാരങ്ങൾ കിട്ടാതാവുകയും ചെയ്തു. അയാൾവരാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല. സാവകാശം അയാളെക്കുറിച്ചുള്ള ചിന്ത അവനിൽ നിന്നും അപ്രത്യക്ഷമായി. രാത്രികാലങ്ങളിൽ എപ്പോഴെങ്കിലും അച്ഛനും അവരും വഴക്ക് കൂടുമ്പോൾ മാത്രമായി അയാളെക്കുറിച്ച് ഓർക്കുന്നത്.
കാറ്റും മഴയും ശക്തമായ ഒരുച്ച.
സ്കൂൾ നേരത്തെ വിട്ടു. മഴയിലൂടെ ഓടി ഗേറ്റിനരികിൽ അവൻ എത്തി. ഊണ് കഴിച്ചിരുന്നില്ല. വീട്ടിലെത്തിഅവർക്കൊപ്പം ഇരുന്ന് ചോറുണ്ണാം എന്ന് കരുതി കൊണ്ടുപോയ പൊതിച്ചോർ അവന്റെ സഞ്ചിക്കകത്ത്ഇരിപ്പുണ്ടായിരുന്നു. തുറന്നു കിടന്ന ഗേറ്റ് കണ്ടപ്പോൾ വീട്ടിൽ ആരോ ഉണ്ടെന്ന് തോന്നി. അകത്തേക്ക് ഓടുന്നതിന് മുൻപ് ചവിട്ടുപടിയുടെ മൂലയിൽ ആ ചെരുപ്പുകൾ കണ്ടു. അവനു സന്തോഷം തോന്നി. നാളുകൾക്കുശേഷം പലഹാരംകഴിക്കാമെന്ന ആഹ്ലാദത്തിൽ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കടന്നു.
അവൻ അവിടെ ഒന്നും കണ്ടില്ല. വാതിൽ തുറന്ന പാടെ അവന്റെ കണ്ണുകളിൽ ഇരുൾ വീണിരുന്നു. അതുപോലെതന്നെ മഴയിലേക്ക് തിരിഞ്ഞോടി. തന്റെ കാലുകളിൽ എങ്ങുനിന്നില്ലാതെ ശക്തി ഒഴുകിയെത്തുന്നത്അറിഞ്ഞു. എന്തിനാണ് താൻ ഓടിക്കൊണ്ടിരിക്കുന്നത് എന്നുമാത്രം മനസ്സിലായില്ല. മഴയിൽ നിന്ന് മഴയിലേക്ക് മഴയിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഓടിയോടി തളർന്നു ഒരിടത്ത് വീണു. വീഴുന്നതിനിടയിൽ അവസാനമായി കണ്ടമാംസം കരിഞ്ഞു തിണർത്ത പാട് അവനിൽ ഉണർന്നുവന്നു. അതിനേക്കാൾ ഭീകരവും ഭയാനകവും ആയിരുന്നു അവരുടെ മുഖം. അവരുടെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന ഭാവം എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
മഴ തീർന്നപ്പോൾ വീടിനുമുന്നിൽ വെറും തറയിൽ ഇരിക്കുകയായിരുന്നു അവൻ. ഈറൻ നനഞ്ഞ അന്തരീക്ഷത്തിൽ തനിക്കു ചുറ്റും ആൾക്കാർ നിൽക്കുന്നത് കണ്ടു. അവിടെ ഉണ്ടായതെന്തന്ന് മനസ്സിലായില്ല. ജനവാതിൽ പാതി തുറന്നിരുന്നു. അതിനിടയിലൂടെ അകത്തേക്ക് നോക്കി. മഞ്ഞയിൽ ചെമപ്പു വെളുപ്പും പൂക്കൾ ഇടകലർന്ന സാരിയുടുത്ത് അവരുടെ അരക്ക് കിഴക്കോട്ടുള്ള ഭാഗം വായുവിൽ നിശ്ചലമായി നിൽക്കുന്നത് കണ്ടു. കാലത്ത് അവർ ആ സാരി ആയിരുന്നില്ല ഉടുത്തിരുന്നത്. അവരുടെ മുഖം കാണാനായി തല ചെരിച്ചു നോക്കി. ഫാനിൽതൂങ്ങിക്കിടന്ന അവരുടെ മുഖം എതിർവശത്തേക്ക് തിരിഞ്ഞിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. ചവിട്ടുപടിയുടെമൂലയിലേക്ക് നോക്കി. കുറെ മുൻപ് അവിടെ ചെരുപ്പുകൾ ഉണ്ടായിരുന്നു എന്നോർത്തു. തിരിഞ്ഞു നിന്ന് അവരുടെമുഖത്തേക്ക് നോക്കി അവൻ പറയാൻ ശ്രമിച്ചു.
'ഇല്ല. ഞാനൊന്നും കണ്ടില്ല. ഞാൻ നിങ്ങളെ അങ്ങനെയൊന്നും വിളിച്ചിട്ടില്ലല്ലോ. പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്. നിങ്ങൾ ഇത് ചെയ്യണമായിരുന്നോ?'
അതുതന്നെ ഉരുവിട്ടുകൊണ്ടിരുന്നു. കഴിഞ്ഞകൊല്ലം ആ സമയത്ത് താൻ കത്തിച്ച വല്യമ്മയുടെ ചിത ഓർമ വന്നു. അന്നും മഴയുണ്ടായിരുന്നു. ഈ ചിതയും താൻ തന്നെ കൊളുത്തേണ്ടി വരുമെന്ന് അവനറിയാമായിരുന്നു. തീർച്ചയായും ആ നേരത്ത് തന്റെ കണ്ണുകൾ നിറയാൻ പാടില്ല എന്നവൻ ഉറപ്പിച്ചു കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.