ആദരവേ ആദരവ് ...
text_fieldsഇടവേളയ്ക്കു മുൻപ്
സുന്ദരി നൃത്തകലാപീഠത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടിയിൽ എന്നെ ആദരിക്കാൻ ക്ഷണിച്ചപ്പോൾ ആദ്യം അത് ഒഴിവാക്കാനാണ് ഞാൻ ശ്രമിച്ചത്. ആദരവുകൾ ഏറ്റുവാങ്ങി മടുത്തിരിക്കുന്ന സമയമായിരുന്നു അത്. കഴിഞ്ഞമാസം വിദ്യാലയം പ്രതിഭകളെ തേടി എന്ന പരിപാടിയുടെ ഭാഗമായി പഠിച്ച രണ്ടു സ്കൂളുകളിൽ നിന്ന് രണ്ടുദിവസമായിട്ട് അധ്യാപകരും കുട്ടികളും വീട്ടിലേക്ക് വന്നിരുന്നു. അതുപിന്നെ അത്ര അപകടം പിടിച്ച കാര്യമായിരുന്നില്ല. വീട്ടിലേക്ക് വരുന്ന കുട്ടികളുമായി അറിയാവുന്നത് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. മാനസിക സംഘർഷവും ഒരുക്കങ്ങളൊന്നും ആവശ്യമില്ല. എഴുതിയ കൃതികളെക്കുറിച്ച് ചോദിക്കുമ്പോൾ സത്യസന്ധമായി, ലളിതമായി, അവർക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി പറഞ്ഞാൽ മതി. ചില ആദരവു പരിപാടികൾ അങ്ങനെയല്ല. എല്ലാം കഴിയുമ്പോൾ നീണ്ട പ്രസംഗങ്ങൾ പലരും പ്രതീക്ഷിക്കും. അത്യാവശ്യം സഭാകമ്പവും കൈകാൽ വിറയലുമുള്ളതുകൊണ്ട് പ്രസംഗപരിപാടി നടക്കില്ലെന്ന് ആദരിക്കാൻ വരുന്നവരോട് തുടക്കത്തിലേ പറയുമായിരുന്നു. ഗീത വിളിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ്. അവളെ അങ്ങനെ ഒഴിവാക്കാനും പറ്റില്ല. കാരണം മൂന്നുവർഷം ഒന്നിച്ച് പഠിച്ചതാണ്. മാത്രമല്ല വേണ്ടപ്പെട്ട സുഹൃത്തിന്റെ ഒരേയൊരു പെങ്ങളും.
'പ്രസംഗ പരിപാടിയൊന്നുമില്ല, നീ വെറുതെ ഒരു മൊമെന്റോ വാങ്ങി ഒന്ന് ഇരുന്നു തന്നാൽ മതി' എന്ന് പറഞ്ഞപ്പോൾ ഒഴിവാക്കാൻ പറ്റാതായി. അപ്പോഴാണ് മറ്റൊരു കാര്യം ഞാൻ ഓർമ്മിച്ചത്. മിക്കപ്പോഴും എന്നെ ആദരിക്കുമ്പോൾ ഞാൻ പറയുന്നവരെ കൂടി പലരും ഉൾപ്പെടുത്താറുണ്ട്. ഞാൻ ആദ്യം പറയുന്ന പേരാണ് രാജേഷിന്റെത്. ഒന്നിച്ച് പോകാനും സ്റ്റേജിൽ ഇരിക്കാനും ഒരു കൂട്ടായി.അവനാണെങ്കിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്. സംവിധാനവും നിർമ്മാണവും ഒക്കെ അവൻ തന്നെ. അഞ്ചെട്ട് അവാർഡുകൾ പ്രതീക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പത്താൾക്കാരെ കാണിക്കാം എന്നുവെച്ചപ്പോൾ വിതരണത്തിന് ആളില്ലാത്തതുകാരണം തീയറ്ററിലൊട്ടു കളിക്കാനും കഴിഞ്ഞില്ല. ഉണ്ടായിരുന്ന സ്വത്തും പണവും പോയി എന്നല്ലാതെ പ്രത്യകിച്ചു ഗുണമൊന്നുമുണ്ടായില്ല.
ആകെയുള്ള സമാധാനവും ഇപ്പോഴുള്ള ഒരു പിടിവള്ളിയും അതിലെ ഒരുപാട്ട് സൂപ്പർഹിറ്റാണ് എന്നതാണ്. ആ പാട്ടിന്റെ പേരിലാണ് മൂപ്പർ ഇപ്പോൾ എവിടെയും അറിയപ്പെടുന്നത്. മതേതരത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്ന ഒരു ഇന്ത്യൻ പാട്ടാണ് അത്. പള്ളിയിലും അമ്പലത്തിലും എന്നുവേണ്ട ഏതു സാംസ്കാരിക പരിപാടിക്കും ആ പാട്ട് ഇന്ന് ഒഴിവാക്കാൻ പറ്റാത്തതാണ്. പക്ഷേ രാജേഷിന്റെ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ഗീതക്ക് വലിയ പിടിപാടില്ല. പക്ഷെ രണ്ടുവരി പാട്ട് മൂളിക്കൊടുത്തപ്പോൾ വേഗം മനസ്സിലായി. അവൾ പലയിടത്തും പാടിയിട്ടുണ്ട് ആ പാട്ട്. രാജേഷിന്റെ പടത്തിലേതാണ് ആ പാട്ടെന്ന് അറിഞ്ഞപ്പോൾ ഗീത ഉറപ്പിച്ചു, എന്നെ ആദരിച്ചില്ലെങ്കിലും രാജേഷിനെ ആദരിക്കണം എന്ന്. ഞാൻ നമ്പർ കൊടുത്തു. 'എന്റെ പേര് പറയേണ്ട. അവനൊരു കുറച്ചിൽ തോന്നണ്ട'. പക്ഷേ എനിക്ക് അതേ ദിവസം തന്നെ കോഴിക്കോട് ഒഴിവാക്കാൻ പറ്റാത്ത ഒരു കല്യാണത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ട് ആദരം ഏറ്റുവാങ്ങാൻ പറ്റില്ലെന്ന് അന്ന് രാത്രി തന്നെ ഞാൻ ഗീതയെ വിളിച്ചു പറഞ്ഞു. രാജേഷിന്റെ കാര്യം ചോദിക്കാൻ മറക്കുകയും ചെയ്തു. ഗീത വിളിച്ചിട്ടുണ്ടാകും എന്ന് കരുതി. ഞാൻ വരാത്ത ദേഷ്യത്തിന് ഒഴിവാക്കിയിട്ടുണ്ടാകുമോ എന്നും സംശയിച്ചു. രാജേഷ് കണ്ടപ്പോഴും എന്നോട് അതേക്കുറിച്ചു ഒന്നും പറഞ്ഞതുമില്ല. ഞാനും അക്കാര്യം മറന്നുപോയിരുന്നു. ഒരുച്ചക്ക് ഡാനിയുടെ വീട്ടിൽ കൊള്ളി പുഴുങ്ങി തിന്നും നേരം രാജേഷ് രഹസ്യമായി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു: "എനിക്ക് ഒരു ആദരവ് ഒത്തുവന്നിട്ടുണ്ട് ട്ടോ "
അവന്റെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി. പാവം.
"എന്തായാലും നന്നായി"
എന്നാണ് ആരാണ് എന്നൊക്കെ ഞാൻ ചോദിച്ചപ്പോൾ അവൻ മറുപടി പറഞ്ഞു. പിന്നെയും സന്തോഷം അടക്കാൻ കഴിയാതെ അവൻ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. എല്ലാം കേട്ട് ഞാൻ ക്ഷമിച്ചു നിന്നു. "അപ്പൊ നിന്നെ എന്താ ആദരിക്കാൻ വിളിച്ചില്ലേ? എല്ലാ ആദരവിലും നീയാണല്ലോ ആദ്യം പതിവ്."
പിന്നെ എനിക്ക് പറയാതിരിക്കാനാവില്ല.
"അതേടാ, ഞാൻ തന്നെയായിരുന്നു ആദ്യം. പക്ഷേ എനിക്ക് ആ ദിവസം പറ്റില്ല. നിന്റെ പേര് ശുപാർശ ചെയ്തതും ഞാൻ തന്നെ.പറയില്ല പറയില്ല എന്ന് വിചാരിച്ചാലും നീ പറയിപ്പിച്ചേ അടങ്ങൂ .."
ഞാൻ പറഞ്ഞത് ഉച്ചത്തിലായിപ്പോയി. എന്നെ ആരെങ്കിലും ആദരിക്കാൻ വിളിക്കുമ്പോൾ ഞാൻ രാജേഷിന്റെയും രാജേഷിനെ വിളിക്കുമ്പോൾ അവൻ എന്റെയും പേരു പറഞ്ഞു ഞങ്ങൾ പരസ്പരം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്നുള്ള കളിയാക്കൽ സംസാരം കൂട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു. എന്നെയും രാജേഷിനെയും ആദരിക്കുന്നത് കണ്ടു ഒട്ടും രസിക്കാത്ത ഒരു ചങ്ങാതിയാണ് ഡാനി. അടിക്കാൻ ഒരു വടി അപ്രതീക്ഷിതമായി വീണുകിട്ടിയപ്പോൾ അവനത് ചാടിയെടുത്തു.
അവൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു:
"രാജേഷേ, ഈ ആദരവും ഒരു ഔദാര്യം ആണല്ലോ... എന്തിനിങ്ങനെ ആദരവുകൾ ഏറ്റുവാങ്ങാൻ ബാക്കിയാവുന്നു നീ..." സ്വന്തം കോമഡി സ്വയം ആസ്വദിച്ചുകൊണ്ട് പുഴുങ്ങിയ കൊള്ളി തിന്നുന്നതിനിടയിലും ചിരിച്ചുകൊണ്ടിരുന്നു. വീണ്ടും അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ രാജേഷിനെ നോക്കി, വടികൊടുത്തു അടി വാങ്ങിയതല്ലേ എന്ന മട്ടിൽ. അവനു പക്ഷെ നോ കുലുക്കം.
എനിക്ക് അങ്ങനെ നോക്കിയിരിക്കാനായില്ല. ഞാൻ പറഞ്ഞു: "അസൂയക്കും കുശുമ്പിനും ഡാനിക്കും മരുന്നില്ല..."
"അടുത്ത പ്രാവശ്യം നീ എൻറെ പേര് കൂടി പറയണം..." ഡാനി.
"ഏത് തരത്തിൽ?"... ഞാൻ.
"ഞാൻ അത്യാവശ്യം മിമിക്രി എടുക്കുന്നതല്ലേ. പിന്നെ സ്പോർട്സ് രംഗം... സ്‌കൂൾ ഗ്രൗണ്ടിലും ടൂർണമെന്റിലും ഞാൻ അടിച്ചു കൂട്ടിയ ഗോളുകൾക്ക് കണക്കും കയ്യുമുണ്ടോ? ചുരുങ്ങിയത് ഒരയ്യായിരമെങ്കിലും വരും. കളിക്കളത്തിൽ എന്റെ പേരുതന്നെ പാവങ്ങളുടെ റൊണാൾഡോ എന്നാണ്. നിന്നെയൊക്കെ ആദരിക്കാം എന്നുവെച്ചാ എന്തുകൊണ്ടും എന്നെയും ആദരിക്കാം.."
"എന്നിട്ട് വേണം എൻറെ ആദരവ് കൂടി മുടങ്ങാൻ.." ഞാനും വിട്ടു കൊടുത്തില്ല.
പക്ഷെ അതൊന്നും കേൾക്കാതെ ഡാനി മലയാള സിനിമയിലെ പത്തിരുപത്തിയഞ്ചു നടന്മാരുടെ ശബ്ദാനുകരണം നടത്തി കിട്ടിയ ഗ്യാപ്പിൽ ഒന്ന് വെറുപ്പിച്ചു. ഭാഗ്യം പന്തവിടെ ഉണ്ടാവാതിരുന്നത്. എങ്കിൽ എവിടെയെങ്കിലും രണ്ടു കോലു കുത്തിയിട്ട് ഗോൾ അടിച്ചുകൂട്ടി എണ്ണം പെരുപ്പിച്ചെന്നെ.
പക്ഷേ പരിപാടി വിചാരിച്ചത്ര ചെറുതായിരുന്നില്ല. സുന്ദരിയും ഗീതയും പൊളിച്ചടുക്കി. തച്ചംപറമ്പ് സെൻററിലും മറ്റ് ചെറിയ കവലകളിലും ഫ്ലക്സ് അടിച്ചു വെച്ചു. പോരാത്തതിന് മൾട്ടി കളർ നാലു പേജ് വലിയ നോട്ടീസും. എല്ലാത്തിലും രാജേഷിന്റെയും ആദരിക്കപ്പെടുന്ന മറ്റു വിശിഷ്ട വ്യക്തികളുടെയും കളർ ഫോട്ടോ. വാട്സാപ്പിലും ഫേസ്ബുക്കിലും പറന്നു നടന്ന നോട്ടീസ് കണ്ടപ്പോൾ ആദ്യം ഞെട്ടിയത് ഞാൻ തന്നെയാണ്. ഇത്രകാലം പല ആദരവുകൾ ഏറ്റുവാങ്ങിയിട്ടും ഇന്നേവരെ കളർ ഫോട്ടോ അടിച്ചുള്ള ഒരു നോട്ടീസിൽ തല വെക്കാക്കാനുള്ള ഒരു യോഗം ഈയ്യുള്ളവന് ഉണ്ടായിട്ടില്ല. സുന്ദരി ഇത്രമാത്രം ഗ്ലാമർ ആകുമെന്ന് ചെറിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ കോഴിക്കോട്ടെ കല്യാണമേ ഞാൻ ഉപേക്ഷിക്കുമായിരുന്നു. ഒരു പച്ചക്കറി സദ്യ കഴിക്കാൻ വേണ്ടിയാണ് ഇത്രേം ദൂരേക്ക്.. അതും കളർഫുള്ളായ ഒരാദരവും കളഞ്ഞുകുളിച്ചിട്ട്. നഷ്ടബോധം മൂലം വിറച്ചുവന്ന തല ഞനാകെയൊന്നു കുടഞ്ഞു തെറിപ്പിച്ചു. ഓ... രാജേഷിന്റെ ഒരു ഭാഗ്യമേ... അതുകൊണ്ടൊന്നും തീരുന്നുണ്ടായിരുന്നില്ല. തുടർ ഞെട്ടലുകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
പരിപാടി അടുത്തുവരും തോറും ബാഹുബലി പോലെ കത്തിക്കയറി. തെക്കേക്കര പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും മാതൃഭൂമിയിലും മനോരമയിലും ദേശാഭിമാനിയിലും കയറി ക്ഷണപത്രിക ചെന്നുകൊണ്ടിരുന്നു. കാലത്തെ ചുടു ചായക്കൊപ്പം തെക്കേക്കര പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങൾ രാജേഷിന്റെ കളർ പടം കണി കണ്ടുണർന്നു. നിശ്ശബ്ദം സിനിമാ സംവിധായകൻ എന്ന പേരിൽ രാജേഷ് ആദ്യമായി നാട്ടിൽ അറിയപ്പെടാൻ തുടങ്ങി. പരിപാടിയുടെ തലേ ദിവസം പത്രസമ്മേളനം നടത്തി. ചാനലുകളിൽ മാത്രമല്ല മാതൃഭൂമി, മനോരമ, ദേശാഭിമാനി പത്രങ്ങളുടെ പ്രാദേശിക കോളങ്ങളിലും ഇടം കണ്ടെത്തി. സാധാരണ എന്തു പരിപാടിക്കും കാശെറിഞ്ഞു കളറാക്കാൻ ശീലിച്ച രാജേഷിന് അഞ്ചു പൈസ ചെലവാക്കാതെ ഒരു ആദരവും പബ്ലിസിറ്റിയും കൈ വന്നിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. ആ ദിനങ്ങൾ വളരെയധികം സന്തുഷ്ടമായും സന്തോഷമായും കടന്നുപോയി.
അങ്ങനെ ഞായറാഴ്ച ഉച്ചയായി. ആദരവ് സമയം ഉച്ചക്ക് കൃത്യം 2:00 ആണ് പറഞ്ഞിരിക്കുന്നത്. ഞാൻ കാലിക്കറ്റ് കല്യാണം കഴിഞ്ഞ്, മഹാമോശം പച്ചക്കറി സദ്യയും കഴിഞ്ഞു ആലോചിച്ചു നിൽക്കുകയാണ്. പച്ചക്കറിക്ക് തൃശ്ശൂർ തന്നെ വേണം. ഇവന്മാർക്ക് വല്ല നോൺ വെജെ പറ്റൂ. രാജേഷ് വിളിക്കുമോ എന്ന് അറിയണം. ഇതുവരെ നന്ദിയുള്ളവൻ ആണ്. ഇനി സ്വയം എന്നെക്കാൾ വലുതായി എന്നു തോന്നി ഇന്നേദിവസം വിളിക്കാതിരിക്കുമോ? ഹേയ്... അങ്ങനെ വരില്ല എന്ന എന്റെ വിശ്വാസം തെറ്റിയില്ല. കൃത്യം രണ്ട് മണിക്ക് തന്നെ അവൻറെ വിളി വന്നു, കല്യാണം കഴിഞ്ഞ് ഞാൻ എപ്പോൾ തിരിച്ചെത്തും എന്ന് ചോദിച്ച്. ആദരവ് എന്തായി എന്ന് ഞാൻ. തുടങ്ങുന്നതേയുള്ളൂ എല്ലാവരും എത്തിക്കൊണ്ടിരിക്കുന്നു എന്നവൻ. പരിപാടി തകർക്കട്ടെ, ഞാൻ എത്തുമ്പോൾ അഞ്ചു മണിയാകും. എല്ലാവിധ ആശംസകളും... ഉള്ളിൽ നിന്ന് പുളിച്ചു തികട്ടിവന്ന മസാലയും പുളിയും പായസമധുരവും ചേർന്ന രസത്തെ ഞാൻ കീഴേക്കു തന്നെ അമർത്തി. എനിക്ക് അല്പമൊരാശ്വാസമായി. വിളിച്ചു പറയാനുള്ള മര്യാദ കാണിച്ചല്ലോ. അഞ്ചരയ്ക്ക് ഞാൻ തിരിച്ചെത്തിയപ്പോൾ പന്തലിന് പുറത്ത് ആദരവു കഴിഞ്ഞു ഫലകവും പൊന്നാടയും കൈപിടിച്ച് എന്നെയും കാത്തു രാജേഷ് നിൽക്കുന്നുണ്ട്.
"എങ്ങനെയുണ്ടായിരുന്നു പരിപാടി?".. ഞാൻ ചോദിച്ചു. "പരിപാടിയൊക്കെ നന്നായി എൻറെ പ്രസംഗവും ഉണ്ടായിരുന്നു. രണ്ടുവാക്കിൽ കൂടുതൽ പറയരുത് , സമയമില്ല എന്ന് പറഞ്ഞതാണ്. പക്ഷേ എനിക്ക് പറയാൻ കുറെ ഉണ്ടായിരുന്നു. ആര് എതിർത്താലും മൈക്ക് പിടിച്ചു വാങ്ങിയാലും പറയാനുള്ളത് പറഞ്ഞു തന്നെ തീർക്കണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ നിന്നു തകർത്തു. കഴിഞ്ഞപ്പോൾ നിർത്താത്ത കയ്യടി ആയിരുന്നു."
അത് ഒരു തള്ളൽ ആണെന്നാണ് വാസ്തവത്തിൽ ഞാൻ കരുതിയത്. രാജേഷ് സ്റ്റേജിൽ കയറി പ്രസംഗിക്കുന്നത് ഞാൻ അധികം കണ്ടിട്ടില്ല. പിന്നെ ഇവനിതെന്തു പറയാനാണ്. അല്ലെങ്കിലും ചെറിയൊരു കാര്യം കിട്ടിയാൽ മതി അവൻ അതിൽ തൂങ്ങി കിടന്നു കൈകൾകോർത്ത് സ്വപ്നലോകത്ത് വിഹരിച്ചോളും. ഫലകവും പൊന്നാടയും പിടിച്ചുനിൽക്കുന്ന രാജേഷിനെ ഇനിയും ഏറെ നേരം അങ്ങനെ നിർത്തേണ്ട എന്നുകരുതി ഞാൻ അടുത്തുള്ള വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീണ്ടും സുന്ദരിക്കടുത്തെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും പലരും എന്നെ നോക്കി കൈ ചൂണ്ടി എന്തൊക്കെയോ പറയുന്നു. ആദ്യം ഒരു തോന്നലാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ശ്രദ്ധിച്ചപ്പോൾ അങ്ങനെയല്ല. എല്ലാവരും എന്നെ ഒരുതരം ബഹുമാനത്തിലും സ്നേഹത്തിലും നോക്കുന്നുണ്ട്. ആദരവില്ലാത്ത ഞാൻ എങ്ങനെ ഇവിടെ ആദരിക്കപ്പെട്ടു എന്ന് അമ്പരന്നു നിൽക്കുമ്പോഴാണ് ഒരു സുഹൃത്ത് പുറത്തു തട്ടി എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നത്.
"രാജേഷിന്റെ പ്രസംഗം തകർത്തു ട്ടോ. മനസ്സുരുകി ഉള്ളിലുള്ളത് മുഴുവൻ വളരെ നല്ല രീതിയിൽ തുറന്നു പറഞ്ഞു. വളരെ നന്നായിട്ടുണ്ട്..."
അതിന് എന്തിനാണ് എന്നെ കെട്ടിപ്പിടിക്കുന്നതും അഭിനന്ദിക്കുന്നതും എന്ന് ഞാൻ സംശയിച്ചു.
"ഈ ആദരവിന്റെ ക്രെഡിറ്റ് മുഴുവൻ നിങ്ങൾക്കാണ്. ഈ ആദരവ് നിങ്ങടെ ഒരു ഔദാര്യം ആണെന്നാണ് രാജേഷ് പറഞ്ഞത്..."
എൻറെ ദൈവമേ. അവൻ പ്രസംഗിച്ചു കുളം ആക്കിയോ? പക്ഷേ അത് ഒരു തെറ്റിദ്ധാരണ ആയിരുന്നു കാണുന്നവർ കാണുന്നവർ എന്നെ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. രാജേഷിനെ തുറന്നു പുറത്തെടുത്തു കാണിച്ചത് ഞാനാണ് എന്ന് പറഞ്ഞ്... അവൻ ഇത്രയും വലിയ ഒരാളായിരുന്നു എന്ന് അവരൊക്കെ അറിയുന്നത് ഇപ്പോഴാണത്രേ. എന്റെ പകരക്കാരനായാണ് രാജേഷ് വന്നതെന്നും ഞാൻ കാരണമാണ് അവനീ ആദരവ് കിട്ടിയതെന്നും അതുകൊണ്ട് ഈ ആദരവ് എനിക്ക് സമർപ്പിക്കുന്നു എന്നുമൊക്കെ അവൻ പ്രസംഗത്തിൽ കാച്ചിയത്രെ. അവൻറെ പ്രസംഗം കഴിഞ്ഞപ്പോൾ സംഘാടകർ അത് തിരുത്തി. ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജേഷിനെ ക്ഷണിക്കാൻ അവർ പരിപാടി ഇട്ടിട്ടുണ്ടായിരുന്നു എന്ന്. അതെന്തായാലും നന്നായി. സ്വയം ചെറുതാവുന്നതിൽ നിന്ന് അവനെ അവർ വലിച്ചു കയറ്റി കരക്കിട്ടല്ലൊ.. അപ്പോഴാണ് ഗീത എന്നെ കാണുന്നത്. അവൾ കയ്യോടെ പിടികൂടി.
"നിന്നെ ഞാൻ അങ്ങനെ വിടില്ല. നീ വന്നേ പറ്റൂ..." എന്നും പറഞ്ഞു കൈ പിടിച്ച് നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി.
"ഇതാണ് രവീന്ദ്രൻ. ഞാൻ ആദരിക്കാൻ വിളിച്ചപ്പോൾ എനിക്ക് വേറെ പണിയുണ്ടെന്നും ആദരവ് വേണ്ടെന്നും പറഞ്ഞു പോയ ആൾ. ഞങ്ങൾ ഒന്നിച്ച് പഠിച്ചിട്ടുണ്ട് . പക്ഷേ ഇപ്പോൾ സ്നേഹം കൂടിപോയിരിക്കുന്നത് രാജേഷിന്റെ കാര്യം പറഞ്ഞതുകൊണ്ടാണ്. രാജേഷ് എന്ന, ഒരു സിനിമ ചെയ്തിട്ടും നാമൊന്നും വേണ്ടും വണ്ണം അറിയാതെ പോയ വലിയ ഒരു കലാകാരനെ നമുക്ക് മുന്നിൽ കൊണ്ടുവരാനും ആദരിക്കാനും ഇടയാക്കിയത് രവീന്ദ്രനാണ്. അതുകൊണ്ട് ആ ഒരു പേരിൽ ഞാൻ രവീന്ദ്രനെ ഇവിടെ ആദരിക്കുന്നു..."
ആ ആദരവ് ഏറ്റുവാങ്ങുമ്പോൾ എന്റെ മനസ്സും ശരീരവും നിറഞ്ഞിരുന്നു. ഫലകവും പൊന്നാടയും വാങ്ങി പുറത്തിറങ്ങുമ്പോൾ എന്നെ കാത്തു രാജേഷ് വേദിക്ക് പുറത്ത് ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. അവനെ കെട്ടിപ്പിടിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നിട്ട് ഞാൻ പറഞ്ഞു:
"ഇനി ഒരു ആദരവും ഞാനേറ്റു വാങ്ങില്ല. എനിക്കുള്ള ആദരവ് കൂടി നീ വേണം വാങ്ങാൻ. കാരണം നിന്നെ ആദരിച്ചാൽ മതിയല്ലോ, നീ ഇതുപോലെ പ്രസംഗിച്ചാൽ മതിയല്ലോ, പിന്നെ എന്നെയും വിളിച്ച് ആദരിക്കേണ്ടതില്ലല്ലോ...എൻറെ അസാന്നിധ്യത്തിലും എൻറെ സാന്നിധ്യം ഇവിടെ സുഹൃത്തേ..."
അതുകേട്ട് തൊട്ടടുത്തുതന്നെ പല്ലുകടിച്ച് ചിരിച്ചു നിൽപ്പുണ്ടായിരുന്നു ഡാനി.
"നാടകം നന്നായി ചങ്കുകളെ...നന്നായി...കളിക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ നാടകം കളിക്കണം..."
ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ചിരിച്ചു പറഞ്ഞു:
"അതേടാ ഇനിയുള്ള നാടകങ്ങൾ ഒക്കെ ഇങ്ങനെ കളിക്കാനുള്ളതാണ്..."
ഇടവേള
ഇടവേളക്ക് ശേഷം
നിരന്തരമായുള്ള ഡാനിയുടെ കളിയാക്കലുകളൊന്നും ഞങ്ങളുടെ ഒരു സെല്ലിൽ പോലും കയറിപ്പിടിക്കുന്ന വൈറസ് ആകുന്നില്ലെന്ന് കണ്ടപ്പോൾ ഡാനി ഒന്നൊതുങ്ങി വന്നു. തുടർന്നുള്ള അവന്റെ അപേക്ഷയും അഭ്യർത്ഥനയും മാനിച്ചു ഞാനും രാജേഷും കൂടി അടുത്ത ഒരു ആദരവിൽ ചടങ്ങിൽ അവനുമായി സന്ധിപ്പാകാം എന്ന് സമ്മതിച്ചു. അതിനുമുൻപ് ഞാൻ ഒരേകാങ്ക നാടകം കളിച്ചതും വിജയിച്ചു. ഡാനിക്കൊപ്പം വേദി പങ്കിടാൻ എന്നെക്കിട്ടില്ലെന്നു പറഞ്ഞു ആദ്യം ഞാൻ ഒഴിയാൻ ശ്രമിച്ചപ്പോൾ ഒരു ഫുൾ ബോട്ടിൽ ജാക്ക് ഡാനിയേയേലും ചിക്കൻ വറുത്തതും ഡാനിവക ഉരുപ്പടി മുന്നിൽ എത്തി. ആ രാത്രിയിൽ ഞാൻ എന്റെ തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞു. അനുനയിപ്പിക്കാൻ രാജേഷും ഉണ്ടായിരുന്നു. ആദ്യമായിട്ട് ഡാനിക്ക് കിട്ടുന്ന ഒരു ആദരവല്ലേ നമ്മളായിട്ട് വിലങ്ങു തടിയിടണ്ട എന്ന പേരിൽ മാത്രമാണ് ഞാൻ പിൻവാങ്ങുന്നതെന്നും അല്ലാതെ ജാക്കിനെയും കോഴിയേയും കണ്ടല്ല എന്നും ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ അതവർക്കറിയാവുന്നതല്ലേ എന്നവരും സമ്മതിച്ചു. ഒരു നിബന്ധന കൂടി എന്റെ വക ഉണ്ടായിരുന്നു. വേദിയിൽ പരസ്പരം പുകഴ്ത്തൽ മാത്രം. അതിനിടയിൽ ഡാനിയുടെ മോണോ ആക്റ്റൊ മിമിക്രിയൊ പാടില്ല. മനമില്ല മനസോടെ ഡാനി സമ്മതിച്ചു. ആദ്യമായി സംഘടിപ്പിച്ചെടുക്കുന്ന ആദരവല്ലേ. തച്ചംപുറത്തു തന്നെയുള്ള ജനനി ക്ലബ് ഈസ്റ്ററിനോടനുബന്ധിച്ചു നടത്തുന്ന അവരുടെ വാർഷികാഘോഷ പരിപാടിയിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവരെ ആദരിക്കാൻ തീർച്ചപ്പെടുത്തി. സിനിമ രംഗത്ത് നിന്ന് രാജേഷും പുസ്തകം വായിച്ചുനടന്നു കഥയെഴുതുന്നതിന്റെ പേരിൽ ഞാനും ഇതിനോടകം അയ്യായിരം ഗോളുകൾ തികച്ചതിന്റെ പേരിൽ ഡാനിയും... അധിക യോഗ്യതയായി ഡാനി നോട്ടിസ് ഇറക്കും വേളയിൽ മിമിക്രി കൂടി ചേർക്കാനുള്ള രഹസ്യ അജണ്ടയുണ്ടെന്ന് എനിക്ക് സംശയം തോന്നിയിരുന്നു.
പരിപാടിക്കുള്ള മൊത്തം സാമ്പത്തിക പാക്കേജ് ഡാനി വകയാണെന്ന് ഡാനിക്ക് മാത്രമേ അറിയുകയുളൂവെന്നാണ് ഡാനി കരുതിയത്. തച്ചാംപറമ്പിൽ നാളിതുവരെ നടന്നിട്ടുള്ള എല്ലാവിധ ആദരവ് പരിപാടികൾക്കും സംഘാടകനായിട്ടുള്ള രാഘവൻ മാഷെതന്നെ ജനനിക്കാർ മുന്നിൽ നിർത്തി. ആദരവ് തുടങ്ങിയ പൊതു പരിപാടികൾ നടത്തുന്നത് മൂപ്പരുടെ ദൗർബല്യവും അവകാശവുമാണ്. പെൻഷൻ പറ്റിയ ശേഷമുള്ള ജീവിതം തന്നെ ഉഴിഞ്ഞു വെച്ചിരിക്കുന്നത് ഇത്തരം സംഘാടകവൃത്തിക്ക് വേണ്ടിയാണ്. അതിനിടയിൽ ആരെങ്ങനെ എന്തു കാണിച്ചു ഇടങ്കോലിടാനും ശ്രമിച്ചാലും മൂപ്പരത് വളരെ തന്ത്രപൂർവം കൈകാര്യം ചെയ്യും. ഒരിക്കൽ തച്ചാംപറമ്പ് സ്കൂൾ വാർഷികത്തിൽ വെച്ചു നാട്ടിൽ തന്നെയുള്ള പ്രമുഖരെയും അല്ലാത്തവരെയും ആദരിക്കുന്ന വേദി. അക്കൂട്ടത്തിൽ നാടൻകലകളിൽ പ്രാവീണ്യം തെളിയിച്ച് നാട്ടിലും തൊട്ടപ്പുറത്തെ നാട്ടിലും തച്ചാംപറമ്പിലിന്റെ യശസ്സ് ഉയർത്തിയ കുമരനെ ആദരിക്കും നേരം ആമുഖപ്രസംഗത്തിൽ കുമാരൻ ഇതിനേക്കാളൊക്കെ മുകളിൽ പോകേണ്ട ഒരാളായിരുന്നു എന്നും ഗോഡ്ഫാദെർസ്സ് ഇല്ലാത്തതുകാരണം കുമാരൻ വേണ്ടത്ര രക്ഷപ്പെട്ടില്ല എന്നും പറഞ്ഞത് കുമാരനത്ര രസിച്ചില്ല.
മറുപടിപ്രസംഗത്തിൽ, ഫലകവും പൊന്നാടയും ഇരുന്നിരുന്ന കസേരയിൽ ചുരുട്ടിക്കൂട്ടിവെച്ചു കുമാരൻ മൈക്കിനരികിലേക്ക് ഒരു വരവ് വന്നു. പോരാത്തതിന് രണ്ടെണ്ണം വീശിയിട്ടുമുണ്ട്. താൻ ഇത്രയൊക്കെ രക്ഷപ്പെട്ടാൽ മതിയെന്നും തന്റെ കർമ്മരംഗത്തിൽ താൻ അതീവ സംതൃപ്തനാണെന്നും മാത്രമല്ല സാമ്പത്തികമായി നോക്കിയാലും പാട്ടത്തിന് കൃഷിഭൂമിയെടുത്തു കൃഷി ചെയ്യുന്ന തന്‍റെ ബാങ്കിൽ നാലുലക്ഷത്തിൽ കുറയാത്ത പണമുണ്ടെന്നും വരെ ഇടയ്ക്കിടെ പിറകിലേക്ക് മാഷെ തന്നെ നോക്കി പറഞ്ഞു. മറ്റാരെയും അല്ല താൻ ഉദ്ദേശിക്കുന്നത് എന്ന മട്ടിൽ. എന്നിട്ടും പോരാതെ അപ്പോൾ തന്നെ നിന്ന നിൽപ്പിൽ രാഘവൻ മാഷുടെ ആദരവ് ഭ്രമത്തെ ക്കുറിച്ച് ഒരു പാട്ടുണ്ടാക്കി പാടുകയും ചെയ്തു. മുഖത്തെ ചോരയും നീരും വറ്റി മാഷത് കേട്ടിരുന്നു. അവസാനം പോകാൻ നേരം ഇതൊന്നും പോരാതെ യാത്രാപടിയെന്ന കണക്കിൽ നാലുലക്ഷം ബാങ്ക് ബാലൻസുള്ള കുമാരൻ ഇരുന്നൂറ്റമ്പത് രൂപ ചോദിച്ചു. കൊടുത്തില്ലെങ്കിൽ അപ്പോഴും പരിപാടി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ അതിന്റെ അനവരതമായ ഒഴുക്കിനുവേണ്ടി ഇരുനൂറ്റമ്പത് കണ്ടില്ലെന്നു വെക്കുകയാണ് നല്ലതെന്ന് മാഷിന് തോന്നി. അപ്പോഴും ഉറക്കെ ആർക്കുവേണമെങ്കിലും അലറിവിളിക്കാനായി മൈക്കവിടെ സന്നദ്ധമായി നിൽപ്പുണ്ടായിരുന്നു. പരിപാടിയെല്ലാം തീർന്നപ്പോൾ ആദരവ് നേടാൻ വരുന്ന ഒരെണ്ണത്തിനും നന്ദിയില്ലെന്നും മടുത്തു താനിത് നിറുത്തുകയാണെന്നും സ്വകാര്യമായി പലരോടും പറഞ്ഞെങ്കിലും കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ വായനശാലവാർഷികത്തിന്റെ നടത്തിപ്പിനും മുന്നിൽ നിന്നത് രാഘവൻ മാഷുതന്നെയായിരുന്നു. സ്കൂളിൽ നിന്നും പഠിച്ചിറങ്ങി വർഷങ്ങൾക്കുശേഷം പഠിപ്പിൽ രക്ഷപ്പെട്ടില്ലെങ്കിലും ബിസിനസിലും മറ്റുമൊക്കെ പച്ചപിടിച്ച പൂർവ്വ വിദ്യാർത്ഥികൾ ഗ്രൂപ്പുണ്ടാക്കി ഗെറ്റുഗതർ നടത്തുമ്പോൾ ആരെയെങ്കിലുമൊക്കെ ആദരിക്കാൻ തുനിയുമ്പോഴും ഉപദേശത്തിനും മാർഗനിർദേശത്തിനുമായി ആദ്യം ചെല്ലുന്നത് മാഷുടെ വീട്ടിൽത്തന്നെ. പക്ഷെ എല്ലാം ചൈനക്കാർ തകർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ചൈനയിൽ നിന്ന് കൊച്ചുകേരളത്തിലേക്കും പിന്നെ ഞങ്ങളുടെ തച്ചാംപറമ്പിലും പടർന്നു പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊറോണ എല്ലാ വിധ ആളുകൂടുന്ന പൊതു പരിപാടികളും റദ്ദാക്കി. അതിൽ പാവം ഡാനിയുടെ കടിഞ്ഞൂൽ ആദരവും ഞെരിഞ്ഞമർന്നുപോയിരുന്നു.
ശുഭം
ഷോ കഴിഞ്ഞു പോകുന്നവർ :
തച്ചാംപറമ്പിൽ എവിടെ എന്തുപരിപാടിയുണ്ടെങ്കിലും സ്ഥിരം മുൻപിൽ തന്നെ കാണികൾക്കിടയിൽ വന്നിരിക്കുന്ന രണ്ടുപേരാണ് ജോസും പ്രാഞ്ചിയും. പരിപാടി തുടങ്ങുന്നതിനുമുമ്പ് ഒരു ബീഡി വലിച്ചു അങ്ങോട്ടുകയറും. തിരിച്ചിറങ്ങുമ്പോഴും ഒരു ബീഡിയുണ്ടാകും ചുണ്ടിൽ.
അവർ പറയുന്നത്: " കൊറേ കാലായി വേണ്ടവരേം വേണ്ടാത്തൊരേം ഈ സ്റ്റേജിൽ കേറ്റി ഇരുത്തീട്ട്ള്ള പരിപാടി..ഇതൊക്കെ കണ്ട് പ്രാന്തായിട്ടാ ന്നാ തോന്നണേ കർത്താവ് ഈ കോറോണേന്നേ തച്ചാംപറമ്പിലേക്ക് വിട്ടേക്കണത്.. കൊറച്ച് നാള് എല്ലാരും ഒന്ന് വീട്ടിലന്നെ അടങ്ങി ഒതുങ്ങി ഇരിക്കട്ടെ.. അപ്പൊ പഠിക്കും... എല്ലാത്തിനും ഉണ്ടല്ലോ ഒരതിരൊക്കെ..."
പക്ഷെ ...,
ഡാനി ഇപ്പോഴും കാത്തിരിക്കുകയാണ്. ഒരു കൊറോണരഹിത ലോകം. ശേഷം ആറായിരത്തിനപ്പുറം കടക്കുന്ന ഗോളാഘോഷത്തിന്റെ ആദരവ്...
രാജേഷാകട്ടെ, എളുപ്പത്തിലൊന്നും കൊറോണപോകില്ലെന്നും ലീവ് വിത്ത് കൊറോണ എന്നും ഉറപ്പിച്ച് ഓ ടി ടി പ്ലറ്റ്ഫൊമിൽ പടം ഇറക്കി പിന്നീട് ആദരിക്കും കാലത്ത് ആദരവ് നേടാൻ...
എന്റെ കാര്യം പറയേണ്ടല്ലോ...ഓൺലൈനിൽ തന്നെ വെപ്പും കുടിയും പൊറുതിയും...
ആദരവില്ലാതെ ആദരിക്കപ്പെടാതെ എന്തു ജീവിതം... പാവത്തുങ്ങൾ ആദരവ് സംഘടിപ്പിക്കുന്നവർ..രാഘവൻ മാഷൊക്കെ എങ്ങനെ കഴിയുന്നു എന്തോ...ആദരവും പൊതുപരിപാടികളും സംഘടിപ്പിക്കാൻ കഴിയാതെ വല്ല വിഷാദരോഗത്തിനും അടിമപ്പെട്ടുവോ ആവോ...വെബ്‌നാറിൽ ആദരവ് സംഘടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവും ആർജ്ജിച്ചെടുക്കുന്നുണ്ടായിരിക്കും എന്ന് പൊസറ്റീവായി കരുതാം... ആരറിയാൻ അവരുടെ വിഷമം.. പ്രത്യേകിച്ച് വയസ്സായവരുടെ..പെൻഷൻ പറ്റിയവരുടെ..സംഘാടകരുടെ...വലിയ വലിയ ആൾക്കൂട്ടം പരിപാടികൾ നടത്തി ലഹരികൊണ്ടു നടന്നവരുടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.