കരുണയില്ലാത്തൊരു കെട്ടകാലം
text_fieldsവല്ലാത്തൊരു കെട്ടകാലത്താണ് നമ്മൾ ജീവിച്ചുപോകുന്നതെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ച് ഒരു പിഞ്ചു ബാലിക കൂടി കൂട്ടബലാത്സംഗത്തിനും നിഷ്ഠുര കൊലപാതകത്തിനുമിരയായിരിക്കുന്നു. ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നുവെന്ന് സർക്കാർ വലിയ വായിൽ അവകാശവാദം മുഴക്കുന്നതിനിടയിലാണ് രാജ്യതലസ്ഥാന നഗരിയിലെ ഈ ദുരന്തവാർത്ത.
കുഞ്ഞുങ്ങളാണ് നമ്മുടെ നാട്ടിലെ ഏറ്റവും ദുർബലരായ സമൂഹം- പെൺകുട്ടികളുമതേ, ആൺകുട്ടികളുമതേ. കോവിഡ് കാലഘട്ടം അവരുടെ കഷ്ടതകളെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. പകൽനേരം അൽപമെങ്കിലും സുരക്ഷിതരായി കഴിഞ്ഞിരുന്ന സ്കൂളുകളും താഴിട്ട് പൂട്ടിക്കിടക്കുന്നതിനാൽ അവർ പാടങ്ങളിലും ഇടവഴികളിലുമൊക്കെ എത്തിപ്പെടുന്നു. ഡൽഹിയിൽ കൊല്ലപ്പെട്ട ദലിത് ബാലിക അവളുടെ കൂരക്കടുത്തുള്ള ശ്മശാനത്തിലെ കൂളറിൽനിന്ന് അൽപം തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു. പൂജാരിയും നാലു കൂട്ടാളികളുമാണ് അവളെ പൈശാചികമായി വേട്ടയാടിയത്.
ഈ കുഞ്ഞിെൻറ ബലാത്സംഗക്കൊല മറ്റൊരു കുഞ്ഞിെൻറ മുഖം മനസ്സിലെത്തിക്കുന്നു, ജമ്മുവിനടുത്തുള്ള കഠ്വയിൽ സമാനമായ രീതിയിൽ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയെ. കശ്മീരിെൻറ ചരിത്രത്തിൽ അതിനു മുെമ്പാരിക്കലും ഒരു കുഞ്ഞിനുനേരെ അത്തരമൊരു അതിക്രമം നടന്നിട്ടില്ല. ചെമ്മരിയാടിൻപറ്റത്തെയും കുതിരകളെയും മേയ്ക്കാൻ പോയതായിരുന്നു അവൾ. എന്തെല്ലാമോ പറഞ്ഞ് മയക്കി ഗ്രാമക്ഷേത്രത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തി കൊന്നുകളയുകയായിരുന്നു. ഉയിരറ്റ ആ കുഞ്ഞുടൽ ആളൊഴിഞ്ഞ കാടോരത്തുനിന്ന് കണ്ടുകിട്ടിയപ്പോഴേക്കും വർഗീയ രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു. സ്വന്തം ഗ്രാമത്തിൽ ഖബറടക്കാൻപോലും അനുവാദം ലഭിക്കാഞ്ഞതുമൂലം അവളുടെ ഉടവുപറ്റിയ മൃതദേഹവും പേറി, തകർന്ന ഹൃദയവുമായി മാതാപിതാക്കൾക്ക് എട്ടു കിലോമീറ്റർ അകലെയൊരിടത്ത് കൊണ്ടുപോയി കുഴിച്ചുമൂടേണ്ടി വന്നു. രാഷ്ട്രീയ മാഫിയയും ഇവിടത്തെ ഭരണകൂടവും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുവെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ബലാത്സംഗങ്ങളും അനുബന്ധ കൊലപാതകങ്ങളും നടമാടുന്നതിവിടെ. ഹാഥ്റസിൽ സംഭവിച്ചത് മറക്കാനായിട്ടില്ലല്ലോ. ബലാത്സംഗക്കൊലക്കിരയായ ആ ദലിത് പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച് തെളിവുകൾ ചാരമാക്കിമാറ്റാൻ ധിറുതി കാണിച്ചത് യു.പിയിലെ പൊലീസ് സേനാംഗങ്ങളായിരുന്നു. ഈ ക്രൂരത റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെയും കൂട്ടുകാരെയും കേസിൽ കുടുക്കി, മാസങ്ങളായി ജയിലിൽ കുരുക്കിയിട്ടിരിക്കുകയാണ്.
എല്ലാം നിശ്ചലമായിരിക്കുന്ന, അടച്ചുപൂട്ടപ്പെട്ട ലോക്ഡൗൺ കാലത്തും മുടക്കമേതുമില്ലാതെ നിർബാധം നടമാടുന്നത് ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളുമാണ്.
വിനോദ് പാണ്ഡെ @81; ജവഹർ സിർക്കാർ @പാർലമെൻറ്
വിഖ്യാത ചലച്ചിത്രകാരൻ വിനോദ് പാണ്ഡെക്ക് വരുന്നയാഴ്ച 81 വയസ്സാവും, കൃത്യമായിപ്പറഞ്ഞാൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ. പൂർത്തിയാകാതെ കിടന്നിരുന്ന പ്രോജക്ടുകൾ സാക്ഷാത്കരിച്ചും നിരവധി ടോക്ഷോകൾ ഹോസ്റ്റ് ചെയ്തും പോയവർഷം അദ്ദേഹം തന്നെ മികച്ച ഒരു പിറന്നാൾ സമ്മാനമൊരുക്കിയിരുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അദ്ദേഹത്തിെൻറ പുതിയ ചിത്രം അണ്ടർടേക്കർ ഞാൻ ഒരുവട്ടം കൂടി കണ്ടു. അജ്ഞാത മൃതദേഹങ്ങളുടെ പരിപാലകനായ ലഖ്പാടിെൻറ വാതിൽക്കൽ രാത്രി ഒരു കുട്ടിയെത്തുന്നു. അദ്ദേഹം സംസ്കരിച്ച ഒരു സ്ത്രീയുടെ മകനാണ്, വിശക്കുന്നു, അവന് രണ്ട് റൊട്ടിവേണം. മനുഷ്യബന്ധങ്ങളുടെ കഥ മനോഹരമായി പറഞ്ഞുവെക്കുന്ന സെല്ലുലോയിഡ് കവിതയാണത്. നിത്യേന മരണവൃത്താന്തങ്ങൾ കാതിലെത്തുന്ന കോവിഡ്കാലത്ത് അത്തരം മനുഷ്യർക്ക് കൂടുതൽ പ്രസക്തിയുണ്ട് എന്നു ഞാൻ കരുതുന്നു.
80 പിന്നിട്ടിട്ടും വിരമിച്ച് വീട്ടിലിരിക്കാൻ കൂട്ടാക്കാതെ ഓരോ നിമിഷവും ധിഷണാപരമായി സജീവമായി തുടരുന്ന വിനോദ് പാണ്ഡെ നമുക്ക് പകരുന്ന ഊർജവും പ്രതീക്ഷയും കുറച്ചൊന്നുമല്ല.
പ്രസാർഭാരതി മുൻ സി.ഇ.ഒ ജവഹർ സിർക്കാറിനെ തൃണമൂൽ കോൺഗ്രസ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതാണ് മറ്റൊരു സന്തോഷ വാർത്ത. നാലു പതിറ്റാണ്ട് ബ്യൂറോക്രാറ്റായി ജീവിച്ചിട്ടും ആ ക്രിയാത്മക പ്രതിഭക്ക് കേടുപാടുകൾ സംഭവിച്ചില്ല. വർഗീയ ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിെൻറ കോട്ടമുകളിൽ കൊടികെട്ടിയപ്പോഴും മതേതര കാഴ്ചപ്പാടിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ചയും വരുത്തിയില്ല.
എന്തിനെക്കുറിച്ചും എഴുതാനും സംസാരിക്കാനും തക്ക അറിവുള്ള അദ്ദേഹം കുറച്ചു വർഷങ്ങളായി രാജ്യത്തെ ഉത്സവങ്ങളെക്കുറിച്ച് രസകരമായി എഴുതാറുണ്ട്. മതപരമായ താൽപര്യങ്ങളല്ല,മറിച്ച് നമ്മുടെ രാജ്യത്തിെൻറ വൈവിധ്യമനോഹാരിതയെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുകയാണ് അദ്ദേഹം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അഞ്ചു വർഷം മുമ്പ് ഞാൻ ദാഗർസ് ആൻഡ് ധ്രുപദ് എന്ന പുസ്തകം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെക്കൊണ്ട് അവതാരിക എഴുതിക്കാൻ തീരുമാനിച്ചു. നമ്മുടെ പൈതൃകത്തെയും പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ചും അത്രയേറെ അറിവുണ്ട് അദ്ദേഹത്തിനെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം എഴുതിയ അവതാരിക ആ പുസ്തകത്തിന് വലിയ കരുത്തായി മാറി.
നമ്മുടെ കാലം ആഗ്രഹിക്കുന്ന നിർഭയത്വം നിറഞ്ഞ ശബ്ദമാണ് പാർലമെൻറിെൻറ ഉപരിസഭയിൽ മുഴങ്ങാനിരിക്കുന്നത്. സമകാലിക ഇന്ത്യയിൽ അദ്ദേഹത്തിന് സമാനരായി അധികപേർ ഇല്ലെന്നുതന്നെ പറയേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.