വീട്ടിലുണ്ടാക്കാം ബേക്കറിയിലെ അതേ കപ്പ് കേക്ക്
text_fieldsനമ്മുടെ മക്കൾക്കെല്ലാം വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് കപ്പ് കേക്ക്. കപ്പ് കേക്ക് നമ്മൾ പല ഫ്‌ളേവറുകളിൽ ഉണ്ടാക്കാറുണ്ട്. ബേക്കറി കടകളിൽ ഇപ്പോഴും ഉണ്ടാവാറുള്ള രീചികരമായുള്ള ഒരു കപ്പ് കേക്ക് ആണിത്. നമുക്ക് ഇഷ്ടപ്രകാരം വേണമെങ്കിൽ ഇതിൽ അണ്ടിപ്പരിപ്പോ ബദാമൊ എല്ലാം ചേർക്കാവുന്നതാണ്. വാനില ഫ്ലേവർ ഇഷ്ടമില്ലാത്തവർക്ക് അതിനു പകരം എസ്സെൻസ് മാറ്റിയും കൊടുക്കാം.
ആവശ്യമുള്ള ചേരുവകൾ
- വെണ്ണ (ഉപ്പില്ലാത്തത്) -1/2 കപ്പ് / 113 ഗ്രാം
- പഞ്ചസാര (ഗ്രാനേറ്റഡ് വൈറ്റ് ഷുഗർ) - 2/3 കപ്പ് / 130 ഗ്രാം
- മുട്ട - 3
- വാനില എസ്സെൻസ് - 1 ടീസ്പൂൺ
- 1 നാരങ്ങയുടെ തൊലി (പുറത്തെ മഞ്ഞ തൊലി മാത്രം)
- മൈദ - 1 1/2 കപ്പ് / 195 ഗ്രാം
- ബേക്കിങ് പൗഡർ - 1 1/2 ടീസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- റ്റൂറ്റി ഫ്രൂട്ടി -2 ടേബിൾ സ്പൂൺ
- പാൽ - 1/4 കപ്പ് / 60 മില്ലി (മുറിയിലെ താപനില)
ഉണ്ടാക്കുന്ന വിധം
മൈദാ + ബേക്കിങ് പൗഡർ + ഉപ്പ് എന്നിവ ഒരുമിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങയുടെ തൊലിയും റ്റൂട്ടി ഫ്രൂട്ടിയും ചേർത്ത് മാറ്റി വയ്ക്കുക.
ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ഒരു പാത്രത്തിൽ, വെണ്ണയും പഞ്ചസാരയും ഒരു ഇലക്ട്രിക് അല്ലെങ്കിൽ ഹാൻഡ് മിക്സർ ഉപയോഗിച്ച് ഇളം നിറമാകുന്നതുവരെ അടിക്കുക. ശേഷം മുട്ട ഓരോന്നായി ചേർത്ത് നന്നായി അടിക്കുക. വാനില എസ്സെൻസ് ചേർത്ത് നന്നായി ഇളക്കുക.
മൈദ മിശ്രിതവും പാലും ചേർത്ത് പതുക്കെ ഒരു തവി എടുത്ത് മടക്കിക്കളയുക. തയ്യാറാക്കിയ ബാറ്റർ ഉപയോഗിച്ച് മഫിൻ കപ്പിൽ 3/4 വരെ മാത്രം നിറയ്ക്കുക. 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 15-20 മിനിറ്റ് അല്ലെങ്കിൽ കേക്കിന്‍റെ മധ്യഭാഗത്ത് വച്ചിരിക്കുന്ന ടൂത്ത്പിക്ക് വൃത്തിയായി വരുന്നത് വരെ ബേക്ക് ചെയ്യുക. ബേക്കറിയിലെ കപ്പ് കേക്ക് റെഡി.
BEEGUM SHAHINA Celebrity Chef
Youtube: serve it like shani
Facebook: serveitlikeshani
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.