ഖത്തർ വഴി യു.എ.ഇയിലേക്ക് വരുന്നവർ അറിയാൻ...
text_fieldsഏതുവഴിയും യു.എ.ഇയിൽ എത്തണമെന്ന ആഗ്രഹത്തിലാണ് പ്രവാസികൾ. ഉസ്ബകിസ്താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു ആശ്രയം. ഇപ്പോൾ, ഖത്തർകൂടി തുറന്നതോടെ അതുവഴി യു.എ.ഇയിൽ എത്താനുള്ള ശ്രമത്തിലാണ് മലയാളികൾ അടക്കമുള്ളവർ. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം യു.എ.ഇയിൽ എത്താൻ നൂറുകണക്കിനാളുകൾ അവിടെ എത്തിയിട്ടുണ്ട്. 10 ദിവസം മുമ്പ് ഖത്തറിൽ എത്തിയ ദുബൈ മോഡേൺ ഫാമിലി ക്ലിനിക്കിലെയും മെഡ്കെയറിലെയും പീഡിയാട്രീഷൻ ഡോ. സബിത രാമചന്ദ്രൻ നായർ ഖത്തർ വഴിയുള്ള യാത്ര എഴുതുന്നു...
അസുഖബാധിതനായ അച്ഛനെ കാണാൻ ജൂലൈ മൂന്നിനാണ് നാട്ടിലെത്തിയത്. വിമാന സർവിസ് വൈകാതെ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അനിശ്ചിതമായി നീണ്ടതോടെ അർമേനിയ വഴി പോകാനായിരുന്നു ആദ്യ തീരുമാനം.
കാസർകോട്ടുള്ള സ്കൈ ട്രാവലേഴ്സ് വഴിയാണ് വിവരങ്ങൾ അന്വേഷിച്ചത്. ഈ സമയത്താണ് ഖത്തറിലേക്കുള്ള വഴിതുറന്നതായി അറിയുന്നത്. ട്രാവൽ ഏജൻസിയുടെ നിർദേശപ്രകാരം ജൂലൈ 21ന് ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഫൈസറിെൻറ രണ്ട് ഡോസ് വാക്സിനേഷനും നേരത്തെ പൂർത്തീകരിച്ചതിനാൽ കാര്യങ്ങൾ എളുപ്പമായി. ഖത്തറിലേക്ക് ഇ–വിസയാണ് എടുത്തത്. യാത്ര തനിച്ചായതിനാൽ സുരക്ഷ മുൻനിർത്തി ഫോർ സ്റ്റാർ ഹോട്ടലും ബുക്ക് ചെയ്തു. 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന പൂർത്തിയാക്കി 21ന് ഖത്തറിലേക്ക് തിരിച്ചു.
കൊച്ചി വിമാനത്താവളത്തിൽനിന്ന് ഖത്തറിെൻറ ഫ്രീ സിം കിട്ടും. അത് വാങ്ങുന്നത് നല്ലതാണ്. കാരണം, ഖത്തറിലെത്തിയാൽ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ നമ്പർ ആവശ്യമാണ്. ഇതിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഖത്തറിലെ വിമാനത്താവളത്തിലും സിം ലഭിക്കും. വിമാനത്താവളത്തിൽ എത്തി വൈഫൈ കണക്ട് ചെയ്ത ശേഷം ഞാൻ കുറേ ശ്രമിച്ചിട്ടും ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ഫോണിെൻറ പ്രശ്നമാണെന്നും ഫോൺ മാറേണ്ടിവരുമെന്നും അധികൃതർ അറിയിച്ചതോടെ പ്രതിസന്ധിയിലായി.
എന്നാൽ, കൂടെയുണ്ടായിരുന്ന മലയാളി കുടുംബം സഹായിച്ചു. അവരുടെ ഫോണിലെ ഹോട്ട്സ്പോട്ട് ഓൺ ചെയ്ത ശേഷം എെൻറ മൊബൈൽ കണക്ട് ചെയ്തതോടെ ആപ് വഴിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞു. ആപ് ഇല്ലാതെ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ല. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക് നേരിട്ട് അവരുടെ സർവിസുണ്ടായിരുന്നു.
ഖത്തറിൽ മികച്ച ഹോട്ടൽ സൗകര്യമാണ്. മൂന്ന് നേരവും ഭക്ഷണം കൃത്യമായി എത്തിക്കും. രണ്ട് ഡോസ് വാക്സിനെടുത്തതിനാൽ ക്വാറൻറീൻ ഇല്ല. ഇവിടെ ഇറങ്ങിയ ഉടൻ 300 റിയാൽ നൽകി പി.സി.ആർ ടെസ്റ്റ് നടത്തണം. പരിശോധന നടത്തുന്നിടത്ത് ഉൾപ്പെടെ നിരവധി മലയാളികൾ ഉണ്ട്. അക്കൗണ്ടിൽ 5000 റിയാലിന് സമാനമായ തുക വേണമെന്ന് പലരും പറഞ്ഞുകേൾക്കുന്നു. അതേക്കുറിച്ചൊന്നും വിമാനത്താവളത്തിൽ ആരും ചോദിച്ചില്ല.
ഞാൻ എത്തിയ ശേഷമാകാം ഈ നിബന്ധന നടപ്പാക്കിയത്. 1.31 ലക്ഷമാണ് പാക്കേജ് തുക. എന്നാൽ, ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് പാക്കേജിെൻറ നിരക്ക് വ്യത്യാസപ്പെടാം. സുരക്ഷിതമാണ് ഇവിടം. ആഗസ്റ്റ് അഞ്ചിന് ഷാർജയിലേക്കാണ് ടിക്കറ്റെടുത്തിരിക്കുന്നത്. അതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തണം. അതും പാക്കേജിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.