ഡൽഹി ഹിന്ദുത്വവാദികൾ എങ്ങനെ മാറ്റിതീർത്തു? കെ.സച്ചിദാനന്ദൻ തന്റെ ഡൽഹി ജീവിതം എഴുതുന്നു
text_fieldsകവി സച്ചിദാനന്ദൻ ഡൽഹിയിൽ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി.ഈ കാലത്തിനിടയിൽ ഡൽഹിയും അവിടത്തെ ജീവിതങ്ങളും മാറി. പല അധികാരമാറ്റങ്ങൾ,ഭരണകൂട മർദനങ്ങൾ, പുതിയ താരോദയങ്ങൾക്ക് ഒക്കെ ഡൽഹി സാക്ഷിയായി.ഡൽഹിയുടെ സാംസ്കാരിക രംഗവുമായി പലതരത്തിൽ ഇഴുകിച്ചേർന്ന സച്ചിദാനന്ദൻ ആത്മകഥയിലെ ഡൽഹി എന്ന അധ്യായം എഴുതുന്നു.
ആ ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഇരുപത്തിയേഴു വര്ഷം മുമ്പ് ഞങ്ങള് വായ്പ വാങ്ങി പണിതു താമസമാക്കിയിരുന്ന, കയ്പും മധുരവും നിറഞ്ഞ ഓർമകള് നിറഞ്ഞുനിന്ന ഇരിഞ്ഞാലക്കുടയിലെ പ്രിയപ്പെട്ട വീടു വിട്ട്, ഞങ്ങള് നട്ട തെങ്ങിന്തൈകള് കായ്ക്കുകയും മാവില് മാങ്ങ വിളയുകയും ചെറിച്ചെടിയില് പൂക്കള് വിരിയുകയും ചെയ്യും മുമ്പ്, മൂത്ത മകളെ അവള്ക്കിഷ്ടപ്പെട്ടയാള്ക്കു വിവാഹം ചെയ്തുകൊടുത്തയച്ച്, ഇളയവളെ കോളജ് ഹോസ്റ്റലിലാക്കി, അത്യാവശ്യമുള്ള വീട്ടുസാധനങ്ങളും പുസ്തകങ്ങളും ഒരു ട്രക്കില് മുേമ്പ അയച്ച് ഒരു സാധാരണ തീവണ്ടിയിലെ രണ്ടാം ക്ലാസ് കമ്പാർട്മെൻറില്, കാത്തുനില്ക്കുന്ന വിധി എന്തെന്നറിയാതെ ഞങ്ങള് ന്യൂഡല്ഹി റെയില്വേ സ്റ്റേഷനില് വന്നിറങ്ങിയ ദിവസം. ആ വീട് വിടുക എളുപ്പമായിരുന്നില്ല. യു.ആര്. അനന്തമൂര്ത്തിയും എം.എന്. വിജയനും നിത്യചൈതന്യയതിയും അയ്യപ്പപ്പണിക്കരും എം. ഗോവിന്ദനും എം.കെ. സാനുവും ആനന്ദും സുകുമാര് അഴീക്കോടും പി. ഗോവിന്ദപ്പിള്ളയും ചിന്ത രവിയും സന്ദര്ശിച്ചിട്ടുള്ള, ബി. രാജീവനും കെ.ജി. ശങ്കരപ്പിള്ളയും ടി.എന്. ജോയിയും ടി.കെ. രാമചന്ദ്രനും അജിതയും കവിയൂര് ബാലനും ടി.കെ. മുരളീധരനും സിവിക് ചന്ദ്രനും സി.ആര്. പരമേശ്വരനും ബാലചന്ദ്രന് ചുള്ളിക്കാടും സുബ്രഹ്മണ്യദാസും അശോക് കുമാറും ജോയ് മാത്യുവും പ്രേംചന്ദും രാമചന്ദ്രന് മൊകേരിയും മുതല് നൂറുകണക്കിന് യുവചിന്തകരും എഴുത്തുകാരും വിപ്ലവപ്രവര്ത്തകരും പല കുറി സന്ദര്ശിക്കുകയോ അന്തിയുറങ്ങുകയോ രാത്രി പകലാക്കി ചര്ച്ചകളില് ഏര്പ്പെടുകയോ ചെയ്തിരുന്ന, സി.ഐ.എയുടെ പണം വാങ്ങി പണിത വീടെന്നു ഒരു സി.പി.ഐ നേതാവ് പട്ടണത്തിലെ ആല്ത്തറക്കല് നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗത്തില് കളവായി ആരോപിച്ചിരുന്ന, 'പ്രസക്തി ലൈബ്രറി' എന്ന പേരില് ഞാന് നടത്തിയ പുസ്തകപ്രസാധനത്തിെൻറ ഓഫിസായിരുന്ന, 'ജ്വാല' മുതല് 'ഉത്തരം' വരെ ഞാന് പത്രാധിപരായി ഇറക്കിയിരുന്ന പ്രസിദ്ധീകരണങ്ങളുടെ ഉറവിടമായിരുന്ന, 'സത്യവാങ്മൂല'വും 'പനി'യും, 'വേനല് മഴ'യും 'നീതിയുടെ വൃക്ഷ'വും മുതല് 'കായിക്കരയിലെ മണ്ണും' 'ഒടുവില് ഞാന് ഒറ്റയാകുന്നു'വും 'ഇവനെക്കൂടി'യും 'രാമനാഥന് പാടുമ്പോളും' 'പശ്ചിമ കാണ്ഡ'വും 'ആദികവികളും' 'ഇനിയൊന്നു വിശ്രമിക്കട്ടെ'യും 'ശരീരം ഒരു നഗര'വും 'ഹിരോഷിമയുടെ ഓർമ'യും 'പറയുന്നു കബീറും' 'മീര പാടുന്നു'വും വരെയുള്ള എെൻറ പല സമാഹാരങ്ങളിലായുള്ള നൂറോളം കവിതകള്ക്കും അനേകം ലേഖനങ്ങള്ക്കും പിറവി നല്കിയ, ഞങ്ങളുടെ മാത്രം എന്നു പറയാന് പ്രയാസമായവിധം, അനേകം യുവകവികളുടെയും യുവകലാപകാരികളുടെയും അഭയമായിരുന്ന വീടായിരുന്നല്ലോ അത്.
അതിനുമുമ്പ് പലകുറി ഞാന് ഡല്ഹി സന്ദര്ശിക്കാതിരുന്നിട്ടില്ല. അശോക് വാജ്പേയിയുടെ നേതൃത്വത്തില് സജീവമായ ഒരു സാംസ്കാരിക കേന്ദ്രമായി മാറിയിരുന്ന ഭോപാലിലെ ഭാരത് ഭവന് നടത്തിയ ലോക കവിസമ്മേളനത്തിെൻറ ഭാഗമായി, ഐ.സി.സി.ആര് നടത്തിയ വാല്മീകി അന്തര്ദേശീയ കാവ്യോത്സവത്തില് പങ്കെടുക്കാന്, പഴയ യൂഗോസ്ലാവിയയിലെ സരായെവോ കവിതാദിനങ്ങളില് ഭാഗഭാക്കാകാനും, ഇന്നില്ലാത്ത സോവിയറ്റ് യൂനിയനിലെ ഇന്ത്യാ ഫെസ്റ്റിവലില് പങ്കെടുക്കാനും പോകുംവഴി, സാഹിത്യ അക്കാദമിയുടെ ഒരു കവിതാ സെമിനാറില് പ്രബന്ധം അവതരിപ്പിക്കാന്- അങ്ങനെ പല കുറി. അപ്പോള് ചിലപ്പോള് ആനന്ദിെൻറ ക്വാര്ട്ടേഴ്സിലും, ചിലപ്പോള് സക്കറിയയുടെ വീട്ടിലും ചിലപ്പോള് ഭോപാലില്വെച്ച് സുഹൃത്തുക്കളായിരുന്ന ഇന്ത്യന് അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ ഗോപാലകൃഷ്ണെൻറയും സുധയുടെയും ഔദ്യോഗിക വസതിയിലും ആണ് താമസിച്ചിരുന്നത്. കവി എന്ന നിലയില് ഡല്ഹിയിലെ സാഹിത്യലോകം എന്നെ അറിയുമായിരുന്നു. അശോക് വാജ്പേയി, കേദാര് നാഥ് സിങ്, കുംവര് നാരായണ്, മംഗളേഷ് ദബ്രാല് തുടങ്ങിയ ഹിന്ദി കവികള് മിത്രങ്ങളായിക്കഴിഞ്ഞിരുന്നു. എെൻറ കവിതകളുടെ ഒരു ഹിന്ദി പരിഭാഷാ സമാഹാരം 1982ല് തന്നെ 'രാജ്കമല് പ്രകാശന്' പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദി മാസികകളില് കവിതകളും അഭിമുഖവും വന്നുകഴിഞ്ഞിരുന്നു. ഒ.വി. വിജയന്, സക്കറിയ, വി.കെ. മാധവന് കുട്ടി, എം. മുകുന്ദന്, ആനന്ദ്, ഓംചേരി, സനല് ഇടമറുക് തുടങ്ങിയ മലയാളികളുമായും പരിചയമുണ്ടായിരുന്നു- ഞാന് എത്തുമ്പോഴേക്കും അവരില് ചിലര് ഡല്ഹി വിട്ടുകഴിഞ്ഞിരുന്നുവെങ്കിലും.
എന്നെയും ബിന്ദുവിനെയും റെയില്വേസ്റ്റേഷനില് വന്നു സ്വീകരിച്ചത് ആനന്ദ് ആയിരുന്നു. അദ്ദേഹം ഞങ്ങള്ക്ക് താമസിക്കാനുള്ള ഒരു കൊച്ചു വാടകവീടും ഏര്പ്പെടുത്തിയിരുന്നു. എം. മുകുന്ദന് മുമ്പ് താമസിച്ചിരുന്ന ദക്ഷിണ ഡല്ഹിയിലെ ലജ്പത് നഗറിലെ ഒരു അഭയാര്ഥിക്കോളനിയായ അമര് കോളനിയില്, ഒരു വരാന്തയും കിടപ്പുമുറിയും അടുക്കളയും കുളിമുറിയും മാത്രമുള്ള, തീവണ്ടിയുടെ കമ്പാര്ട്മെൻറ് പോലുള്ള ഒരു വീടായിരുന്നു അത്. 'സാഹിത്യ അക്കാദമി'യുടെ ഇംഗ്ലീഷ് ദ്വൈമാസികയായ 'ഇന്ത്യന് ലിറ്ററേച്ചറി'െൻറ പത്രാധിപര് ആയായിരുന്നു എെൻറ നിയമനം. അയ്യപ്പപ്പണിക്കരുടെ സ്നേഹപൂർവമായ നിര്ബന്ധം, അക്കാദമി സെക്രട്ടറി ഇന്ദ്രനാഥ് ചൗധരിയുടെ ക്ഷണം, കേരളത്തില് ജനകീയ സാംസ്കാരിക വേദിയുടെ തകര്ച്ചക്കുശേഷം ഞാന് അനുഭവിച്ചിരുന്ന വിഷാദവും ഏകാകിതയും, സ്വന്തം ചെലവില് അല്ലാതെ ഒരു പ്രസിദ്ധീകരണം നടത്താമല്ലോ എന്ന ആശ്വാസം, മാസികകള് നടത്തിയുണ്ടായ ആത്മവിശ്വാസം, പുതിയ ഒരിടത്ത് ജീവിതമാരംഭിക്കുന്നതിെൻറ സാഹസികത- ഇതെല്ലാം ചേര്ന്നാണ് അന്ന് എനിക്ക് കോളജില് ലഭിച്ചിരുന്ന ശമ്പളത്തെക്കാള് കുറവ് വരുമാനമുള്ള ഈ ജോലി സ്വീകരിക്കാന് എന്നെ പ്രേരിപ്പിച്ചത്. വീടിെൻറ കടം വീട്ടി, ചെറിയ തോതിലെങ്കിലും മകളുടെ വിവാഹം നടത്തി പാപ്പരായാണ് ഞങ്ങള് ഡല്ഹിയില് എത്തുന്നത്. ഡല്ഹിയിലെ വീടിെൻറ വാടക, നാട്ടിലെ ഇളയ മകളുടെ ഹോസ്റ്റല് ഫീസും കോളജ് ഫീസും, എന്നും അക്കാദമിയിലേക്കുള്ള യാത്രയുടെയും ഡല്ഹിയിലെ തണുപ്പും ചൂടും നേരിടാനുള്ള ഒരുക്കങ്ങളുടെയും പുതിയ ചെലവുകള്- ദയനീയമായിരുന്നു ആ ദിവസങ്ങളിലെ ഞങ്ങളുടെ ജീവിതം. ആനന്ദും രമണിയും മുകുന്ദനും ശ്രീജയും വി.കെ. മാധവന് കുട്ടിയും ഉണ്ടല്ലോ എന്നതായിരുന്നു ഒരാശ്വാസം. ഡല്ഹിയുമായി പരിചയപ്പെടാന് ഒട്ടേറെ സമയമെടുത്തു. രണ്ടാം ഭാഷയായി പഠിച്ചിരുന്ന ഹിന്ദി പൊടിതട്ടിയെടുത്തു. ബിന്ദുവും തെൻറ മുറിഹിന്ദിയില് അത്യാവശ്യകാര്യങ്ങള് സാധിച്ചു. വീട്ടുടമ, വിഭജനത്തിെൻറ അഭയാര്ഥിയായി എത്തിയ ലാലാജി, വാടക സമയത്ത് കൊടുക്കണം എന്ന നിര്ബന്ധമൊഴിച്ചാല്, നല്ല മനുഷ്യനായിരുന്നു. ആ കുടുംബമായിരുന്നു ഞങ്ങളുടെ ആദ്യസഹായികള് എന്നുപറയാം.
ബസിലാണ് ഞാന് അക്കാദമിയില് പോവുകയും വരുകയും ചെയ്തിരുന്നത്. സ്വന്തം വീടും കാറുമില്ലാത്തവര് ഡല്ഹിയില് മിക്കവാറും യാചകരെപ്പോലെയാണ്. ഡല്ഹിയിലെ 'ഹൈ സൊസൈറ്റി'യില് മേല്വിലാസം വളരെ പ്രധാനമായിരുന്നു. 'അമര് കോളനി' എന്ന വിലാസം മതി ഒരാളുടെ താഴ്ന്ന വർഗം തിരിച്ചറിയാന്. എന്നിട്ടും ചെറിയ ആനന്ദങ്ങളും വലിയ അമ്പരപ്പുകളുമായി, ഹേമന്തത്തില് തണുത്തുവിറച്ചും ഗ്രീഷ്മത്തില് പൊള്ളി വിയര്ത്തും ഞങ്ങള് അവിടെ നാലു വര്ഷം കഴിഞ്ഞുകൂടി. അവിടത്തെ ഒരു നല്ല ഓർമ വി.കെ. ശശിധരന് ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' ചൊല്ലുന്നതു കേള്ക്കാന് ആനന്ദ്, മുകുന്ദന്, മുതിര്ന്ന പത്രപ്രവര്ത്തകരായ വി.കെ. മാധവന്കുട്ടി, കെ.പി.കെ. കുട്ടി, എ.ഐ.ആറിലെ സുഷമ, ഹഡ്കോ ചെയര്മാന് ആയിരുന്ന സുരേഷും അദ്ദേഹത്തിെൻറ പത്നിയായ, ഇംഗ്ലീഷില് കവിതകള് എഴുതാന് ആരംഭിച്ചിരുന്ന നീരദയും, എന്.എസ്. മാധവന്, കാര്ട്ടൂണിസ്റ്റ് ഉണ്ണി, ചിത്രകാരന്മാര് എ. രാമചന്ദ്രന്, കെ. ദാമോദരന്, മധുസൂദനന് എന്നിവരെല്ലാം ഞങ്ങളുടെ കൊച്ചു അതിഥിമുറിയില് ഒത്തുകൂടിയതാണ്. അവരില് ചിലരെങ്കിലും അന്നാണ് പരസ്പരം പരിചയപ്പെടുന്നതുതന്നെ.
അതിനിടെ ആ പ്രദേശത്തുതന്നെ മൂന്നു തവണ ഞങ്ങള് വീടുകള് മാറി. ഒരു വര്ഷം കഴിഞ്ഞപ്പോള് ഇളയ മകള് സബിതകൂടി ഡല്ഹിക്ക് വന്നു, ലേഡി ശ്രീറാം കോളജില് ഇംഗ്ലീഷ് ബി.എ ഓണേഴ്സിനു ചേര്ന്നു. എന്.
എസ്. മാധവനും മുകുന്ദനും ആനന്ദുമായി വളരെ അടുത്തു (മാധവന് എെൻറ മഹാരാജാസ് വിദ്യാര്ഥികാലത്തെ സുഹൃത്തായിരുന്നെങ്കിലും). ഓഫിസില് പലര്ക്കും ഞാന് ഒരു അമ്പരപ്പായിരുന്നു. ഒരു ദിവസം എെൻറ അസിസ്റ്റൻറ് എഡിറ്റര് (അവര് ഒരു കശ്മീരി ബ്രാഹ്മണസ്ത്രീ ആയിരുന്നു) എന്നോട് ''താങ്കള് ബ്രാഹ്മണനാണോ'' എന്ന് നേരിട്ട് ചോദിച്ചു. കേരളത്തില്നിന്നു വന്ന ഞാന് അത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാന് ജാതി പറയുന്നതിനു പകരം ബോധപൂർവം തന്നെ, 'അല്ല, ശൂദ്രന്' എന്ന് മറുപടി പറഞ്ഞു. അത് അവരെ ഞെട്ടിച്ചു. അപ്പോഴാണ് ഞാന് സാഹിത്യ അക്കാദമിയിലെ സെക്രട്ടറിമാര്, ഡെപ്യൂട്ടി സെക്രട്ടറിമാര്, എഡിറ്റര്മാര് തുടങ്ങി അൽപം ഭേദപ്പെട്ട തലത്തില് ജോലി ചെയ്യുന്നവരെ ഓര്ത്തെടുത്തത്. അത്ഭുതം: എല്ലാവരും ബ്രാഹ്മണര്! സംവരണ വിഭാഗങ്ങളില് പെട്ടവരെല്ലാം അറ്റൻഡര്, പ്യൂണ് തുടങ്ങിയ ജോലികള് ചെയ്യുന്നു. അങ്ങനെ ഞാന് അക്കാദമിയിലെ ആദ്യത്തെ 'ശൂദ്ര പത്രാധിപര്' ആയി, പിന്നീട് ആദ്യത്തെ ദക്ഷിണേന്ത്യന് സെക്രട്ടറിയും. ഈ രണ്ടു രീതിയിലും എന്നെ ദ്രോഹിക്കാനുള്ള ധാരാളം ശ്രമങ്ങള് നടന്നു. എഡിറ്ററുടെ ശമ്പളം കുറവായതിനാല് എെൻറ കോളജിലെ ശമ്പളം സംരക്ഷിക്കാം എന്ന ഉറപ്പിലാണ് ഞാന് അക്കാദമിയില് ചേര്ന്നത്. പക്ഷേ, അതിനെതിരെ ഭരണച്ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറി (മത്സ്യം കഴിക്കുന്ന ബംഗാളി-കശ്മീരി ബ്രാഹ്മണര് ബ്രാഹ്മണര് അല്ലെന്നു വാദിച്ചിരുന്ന ഒരു യു.പി ബ്രാഹ്മണന്) ഇടപെട്ടു. ഒടുവില് ഞാന് രാജിക്കത്തെഴുതി കേരളത്തിലേക്ക് മടങ്ങാന് ഉറച്ചപ്പോഴാണ് സെക്രട്ടറി ഇടപെട്ട് അക്കാര്യം തീര്പ്പാക്കിയത്.
പക്ഷേ, എനിക്ക് സുഹൃത്തുക്കളും ഇല്ലാതിരുന്നില്ല. ഹിന്ദി എഡിറ്ററും കവിയുമായ ഗിരിധര് റാട്ഠി അവരില് ഒരാള് ആയിരുന്നു. എെൻറ കവിതകള് മുേമ്പ ഹിന്ദിയില് വായിച്ചിരുന്നതുകൊണ്ടാകാം അദ്ദേഹം അവയില് വലിയ താൽപര്യമെടുത്തു. എന്നും ജോലി കഴിഞ്ഞ് വൈകുന്നേരം ഞങ്ങള് ഒന്നിച്ചിരുന്നു ഒരു വലിയ പുസ്തകത്തിന് വേണ്ടത്ര കവിതകള് മലയാളത്തില്നിന്ന് ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തു. പിന്നീടു ഹിന്ദിയില് എെൻറ ആറു പുസ്തകങ്ങള്കൂടി ഇറങ്ങിയെങ്കിലും ഇന്നും എെൻറ ഏറ്റവും നല്ല ഹിന്ദി പരിഭാഷകള് ആ സമാഹാരത്തിലേതാണ് എന്ന് ഞാന് കരുതുന്നു. അദ്ദേഹത്തെക്കൂടാതെ മുമ്പ് ചെയ്യപ്പെട്ട ചില പരിഭാഷകളും – ഗഗന് ഗില്, രാജേന്ദ്ര ധോഡപ്കര് തുടങ്ങിയവര് ചെയ്തത്- അതില് അദ്ദേഹം ഉള്ക്കൊള്ളിച്ചു. 'എല്ലാം ഓർമിച്ചവന്' (വോ ജിസ്കോ സബ് യാദ് ഥാ) എന്ന, 'കിത്താബ് ഘര്' പ്രകാശിപ്പിച്ച ആ പുസ്തകം ഹിന്ദി സഹൃദയലോകം നന്നായി സ്വീകരിച്ചു. അന്ന് അക്കാദമി അധ്യക്ഷന് ആയിരുന്ന അസമീസ് നോവലിസ്റ്റ് ബീരേന്ദ്രകുമാര് ഭട്ടാചാര്യയും എന്നെ ഏറെ സ്നേഹിച്ചിരുന്നു. സാഹിത്യസംബന്ധിയായ സംശയങ്ങള് അദ്ദേഹം എന്നോടാണ് ചോദിക്കുക പതിവ്. ഒരിക്കല് അദ്ദേഹം ജ്ഞാനപീഠപുരസ്കാര സമിതിയില് ഉള്ളപ്പോള് അസമീസ് കവികളില് നീല്മണി ഫൂക്കന് ആണോ നവകാന്ത ബറുവയാണോ കൂടുതല് നല്ല കവി എന്ന് ചോദിച്ച് എന്നെ ധർമസങ്കടത്തിലാക്കുകയും ചെയ്തു- രണ്ടു പേരും എെൻറ സുഹൃത്തുക്കളും രണ്ടു രീതിയില് നല്ല കവികളും ആയിരുന്നു. എനിക്ക് ഭാഷ അറിയില്ലല്ലോ എന്നു പറഞ്ഞ് ഒഴിയാന് ശ്രമിച്ചപ്പോള് അദ്ദേഹം രണ്ടു പേരുടെയും മികച്ച കുറെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകള് തന്ന് എന്നോട് തിരഞ്ഞെടുക്കാന് പറഞ്ഞു. രണ്ടു പേരുടെയും സവിശേഷതകള് ചൂണ്ടിക്കാണിച്ച് ഞാന് രക്ഷപ്പെട്ടു എന്നു പറഞ്ഞാല് മതിയല്ലോ- ഒരാള് ടാഗോര് പാരമ്പര്യത്തിലുള്ള നല്ല കാൽപനിക കവിയും മറ്റെയാള് തെൻറ ഭാഷയിലെ ആധുനികതയുടെ അഗ്രദൂതനുമായിരുന്നു.
എല്ലാ വിഷമസന്ധികളിലും എന്നെ താങ്ങിനിര്ത്തിയത് ഇന്ത്യന് എഴുത്തുകാര് എനിക്ക് നല്കിയ സ്നേഹ-ബഹുമാനങ്ങളായിരുന്നു. അപൂർവ വ്യക്തിത്വമുള്ള ഒട്ടേറെ എഴുത്തുകാര് എെൻറ ഉത്തമസുഹൃത്തുക്കളായി. തെൻറ വിശുദ്ധമായ ചിരിയുമായി നിന്ന ഭീഷ്മസാഹ്നിയാണ് അവരില് മുമ്പന് എന്നു പറയാം. അനേകം കണ്ടുമുട്ടലുകളിലൂടെ അദ്ദേഹം ഉറ്റ സുഹൃത്തായി. ബാബരി മസ്ജിദ് ആര്.എസ്.എസുകാര് തകര്ത്തപ്പോള് ഞങ്ങള് ഉണ്ടാക്കിയ കൂട്ടായ്മയില് ഭാഗഭാക്കായി. ഞാന് ഡല്ഹിയില് ചെന്ന ശേഷം ആദ്യം പങ്കെടുത്ത പ്രധാന രാഷ്ട്രീയ സംഭവം ബാബരിമസ്ജിദ് തകര്ത്തതിെൻറ ഒന്നാം വാര്ഷികത്തില് ഞങ്ങള്, കേരളം ഉള്പ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളില്നിന്ന് വന്ന കവികളും കലാകാരന്മാരും, അയോധ്യയില് ഒരു രാത്രി ഉറക്കമൊഴിച്ചു പ്രതിഷേധിച്ചതാണ്. ഗിരിജാദേവിയെപ്പോലുള്ള വലിയ പാട്ടുകാര്, കൃഷന് ഖന്നയെയും ഗുലാം ഷേഖിനെയും ഭുപന് ഖാക്കറെയും പോലുള്ള ചിത്രകാരന്മാര്, ഇര്ഫാന് ഹബീബും കെ.എന്. പണിക്കരും ഉള്പ്പെട്ട ചരിത്രകാരന്മാര്, അശോക് വാജ്പേയി മുതല് കടമ്മനിട്ട വരെയുള്ള കവികള്, അയോധ്യാനിവാസികളായ സംഗീതജ്ഞര്...ഞങ്ങള് കവിത ചൊല്ലിയും പാടിയും വരച്ചും നാടകങ്ങള് അവതരിപ്പിച്ചും സർഗാത്മകമായി പ്രതിഷേധിച്ചു. ഡല്ഹിയില് അതിനു നേതൃത്വം നല്കിയത് 'സഫ്ദര് ഹഷ്മി ട്രസ്റ്റ്' ആയിരുന്നു. ഞാന് അതുമായി സഹകരിച്ചു പ്രവര്ത്തിച്ചിരുന്നു. ഇപ്പോഴും 'സഹ്മത്തി'െൻറയും അതില്നിന്ന് തെറ്റിപ്പിരിഞ്ഞ 'അന്ഹദി'െൻറയും പരിപാടികളില് ഞാന് പങ്കെടുക്കുന്നു. മുല്ക്ക് രാജ് ആനന്ദ്, കേദാര് നാഥ് സിങ്, കുന്വര് നാരായന്, മഹാശ്വേത ദേവി, നിര്മല് വർമ, കൃഷ്ണ ബല്ദേവ് വൈദ്, കൃഷ്ണാ സോബ്തി ഇങ്ങനെ മറക്കാനാകാത്ത നിരവധി വലിയ എഴുത്തുകാരുമായി അഗാധമായ സൗഹൃദം പങ്കിടാന് ഡല്ഹി എനിക്ക് സൗകര്യം നല്കി.
അക്കാദമിയുടെ അധ്യക്ഷനും സെക്രട്ടറിയും എെൻറ ജോലിയില് കൈകടത്തിയിരുന്നില്ല. തനിക്ക് ഇഷ്ടമില്ലാത്ത ഒരു എഴുത്തുകാരെൻറ വിവര്ത്തനം പ്രസിദ്ധീകരിച്ചപ്പോള് പ്രഫസര് ചൗധരി അൽപം നീരസം പ്രകടിപ്പിച്ചതോ, പതിവ് തെറ്റിച്ചു ഞാന് കേദാര് നാഥ് സിങ്ങുമായുള്ള അഭിമുഖത്തോടൊപ്പം അദ്ദേഹത്തിെൻറ ചിത്രം കൊടുത്തപ്പോള് ഇഷ്ടപ്പെടാതിരുന്നതോപോലുള്ള ചെറിയ സംഭവങ്ങള് ഒഴിച്ചാല്. 'ഇന്ത്യന് ലിറ്ററേചറി'ല് ആദ്യമായി ഞാന് അഭിമുഖ സംഭാഷണങ്ങള് പ്രസിദ്ധീകരിക്കാന് തുടങ്ങി (ആദ്യത്തേത് ഞാന് തന്നെ മുല്ക്ക് രാജ് ആനന്ദുമായി നടത്തിയ സംഭാഷണം ആയിരുന്നു), ദലിത് സാഹിത്യത്തിനും സ്ത്രീസാഹിത്യത്തിനുമായി പ്രത്യേക പതിപ്പുകള് ഇറക്കി, പ്രാദേശിക ഭാഷകളുടെയും ഇന്ത്യന് യുവകവിതയുടെയും വിശേഷാല് പ്രതികള് പ്രസിദ്ധീകരിച്ചു, ഗൗരവമുള്ള, പലപ്പോഴും പ്രതിപക്ഷ സ്വഭാവമുള്ള, പത്രാധിപക്കുറിപ്പുകള് എഴുതാന് ആരംഭിച്ചു, 'സെക്കൻഡ് ട്രഡീഷന്' എന്ന പേരില് ഇന്ത്യന് കവിതയിലെ പ്രതി-പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഭക്തി-സൂഫി-നാടോടി കവിതകളുടെ പംക്തി ആരംഭിച്ചു.
ഇതിനിടെ അക്കാദമിയുടെ അധ്യക്ഷനായി യു.ആര്. അനന്തമൂര്ത്തി വന്നത് എെൻറ കൈകള്ക്ക് ശക്തിപകര്ന്നു. അദ്ദേഹം എെൻറ നവീകരണശ്രമങ്ങള്ക്ക് പൂർണ പിന്തുണ നല്കി. 'ഇന്ത്യന് ലിറ്ററേചര്' ദ്വൈമാസികയെ ആദ്യമായി സമകാലിക ഇന്ത്യന് സാഹിത്യത്തിെൻറ കണ്ണാടിയായി മാറ്റാനായിരുന്നു എെൻറ ശ്രമം. ആധുനിക ചിത്രകാരന്മാരും എന്നോടു സഹകരിച്ചു, അവരുടെ ചിത്രങ്ങള് കവറില് ഉപയോഗിക്കാന് അനുവദിച്ചു, മധുസൂദനന് മാസിക തന്നെ പുതുതായി ഡിസൈന് ചെയ്യാന് സഹകരിച്ചു, ഉള്ളില് ഞാന് ചിത്രങ്ങള് പ്രസിദ്ധീകരിക്കാനും തുടങ്ങി. മാസികയുടെ വലുപ്പം റോയല് സൈസ് ആക്കി താളുകള് കൂട്ടുകയും ചെയ്തു.
1994ല് പ്രഫസര് ചൗധരി റിട്ടയര് ചെയ്തപ്പോള് ഞാന് സെക്രട്ടറി പദവിക്ക് അപേക്ഷിച്ചു. അത് തുറന്ന പോസ്റ്റ് ആയിരുന്നു. അശോക് വാജ്േപയി, എം.ടി. വാസുദേവന് നായര്, ചന്ദ്രശേഖര് കംബാര്, അനന്തമൂര്ത്തി, ജെ.വി. പവാര്, നിർമല് വർമ തുടങ്ങിയവര് ഉള്പ്പെട്ട ഒമ്പതു പ്രമുഖരായ എഴുത്തുകാരുടെ ഒരു സംഘം ആണ് ഇൻറര്വ്യൂ നടത്തിയത്. ഇരുപതിലേറെ വളരെ നല്ല അപേക്ഷകര് ഉണ്ടായിരുന്നു. പലരും സുഹൃത്തുക്കള്, ചില സഹപ്രവര്ത്തകര് ഉള്പ്പെടെ. ഞാന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 'ഇന്ത്യന് ലിറ്ററേചറി'ലെ എെൻറ അനുഭവവും ഞാന് അതില് വരുത്തിയ മാറ്റങ്ങളുമാണ് എന്നെ തുണച്ചത്. സാഹിത്യത്തില് എം.എ, പിഎച്ച്.ഡി തുടങ്ങി ആ ജോലിക്ക് അത്യാവശ്യമായ ബിരുദങ്ങളും എനിക്കുണ്ടായിരുന്നുവല്ലോ. അക്കാദമിയുടെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില് സര്ക്കാറിന് കാര്യമായ പങ്കില്ലാത്തവിധമാണ് അതിെൻറ ഭരണഘടന നെഹ്റു രൂപപ്പെടുത്തിയിരുന്നത്. പേരിനു സാംസ്കാരിക വകുപ്പിെൻറ ഒരു പ്രതിനിധിയോ നോമിനിയോ ഉണ്ടാകും എന്ന് മാത്രം.
ശമ്പളത്തില് ഗണ്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇഷ്ടമുള്ള ഒട്ടേറെ കാര്യങ്ങള് ചെയ്യാന് ആ തെരഞ്ഞെടുപ്പ് എനിക്ക് അവസരം നല്കി. മൂന്ന് അധ്യക്ഷന്മാരുടെ കൂടെ പത്ത് വര്ഷം ഞാന് അക്കാദമിയുടെ എക്സിക്യൂട്ടിവ് ഹെഡ് എന്ന നിലയില് പ്രവര്ത്തിച്ചു. അതിനിടെ സര്ക്കാര് മാറി അടല് ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്.ഡി.എ സര്ക്കാര് വന്നു. പക്ഷേ, രണ്ടു സര്ക്കാറുകളും എെൻറയോ അക്കാദമിയുടെയോ പ്രവര്ത്തനങ്ങളില് ഇടപെട്ടില്ല. ഒരിക്കല് കാര്ഗില് ദിവസം ആഘോഷിക്കാന് വകുപ്പില്നിന്ന് നിർദേശം വന്നപ്പോള് ''എഴുത്തുകാര് വിദ്വേഷവും യുദ്ധവും ആഘോഷിക്കില്ല'' എന്ന് പറഞ്ഞു ഞാന് ഒഴിഞ്ഞുനിന്നു, മറ്റു അക്കാദമികള് അത് ആഘോഷിച്ചു.
ഗുജറാത്തിലെ വംശഹത്യക്കുശേഷം ഞാന് മഹാശ്വേത ദേവിയുമൊത്ത് അഹ്മദാബാദിലെ അഭയാര്ഥി ക്യാമ്പുകള് സന്ദര്ശിച്ചതും ഗുജറാത്തി എഴുത്തുകാരുടെ യോഗം വിളിച്ചതും അതിനെക്കുറിച്ച് ലേഖനവും കവിതകളും എഴുതിയതും (സാക്ഷ്യങ്ങള്) ഇന്ത്യന് എക്സ്പ്രസിന് വംശഹത്യക്കെതിരെ അഭിമുഖം നൽകിയതും ആര്.എസ്.എസിനെ ചൊടിപ്പിച്ചു എന്നത് നേരാണ്. അവരുടെ ഹിന്ദി മുഖപത്രമായ 'പാഞ്ചജന്യ' എനിക്കെതിരെ ഒരു ലേഖന പരമ്പരതന്നെ പ്രസിദ്ധീകരിച്ചു. അതില് ഏറെയും നുണകളായിരുന്നു. അവര്ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ഞാന് ചെയ്തുകൊണ്ടിരുന്നത്: രണ്ടു അഖിലേന്ത്യാ ദലിത് സാഹിത്യ സമ്മേളനങ്ങള്, ആദിവാസി സാഹിത്യസംഗമങ്ങള്, സ്ത്രീസാഹിത്യ സമ്മേളനങ്ങള്, ആദിവാസി സാഹിത്യ പ്രസിദ്ധീകരണങ്ങളും അതിനായി ഗണേഷ് ഡേവിയുടെ നേതൃത്വത്തില് ബറോഡയില് ഒരു കേന്ദ്രത്തിെൻറ ആരംഭവും, ന്യൂനപക്ഷ സാഹിത്യത്തെപ്പറ്റി ഒരു ദേശീയ സെമിനാര്, പാര്ശ്വവത്കൃത സാഹിത്യങ്ങള്ക്കും യുവ സാഹിത്യത്തിനും പ്രത്യേക പ്ലാറ്റ്ഫോമുകള്, ധാരാളം പുതിയ പരിഭാഷാ പദ്ധതികള്, അക്കാദമിയില് ജോലി ചെയ്യുന്നവര്ക്കായി ഒരു ഹിന്ദി പ്രസിദ്ധീകരണം, ന്യൂസ് ബുള്ളറ്റിനുകള്, ഓരോ വര്ഷവും മുപ്പതോളം സെമിനാറുകള്, മുന്നൂറിലേറെ പരിപാടികള്, 'കവിസന്ധി' എന്ന കവിതാപരിപാടി, മറ്റു അക്കാദമികളുമായി ചേര്ന്ന് നൃത്തത്തിലും ചിത്രത്തിലും മറ്റുംകൂടി കവിതകള് അവതരിപ്പിക്കുന്ന 'ആവിഷ്കാര്' എന്ന പരിപാടി- അങ്ങനെ അന്നോളം അക്കാദമി ചെയ്തിട്ടില്ലാത്ത അനേകം കാര്യങ്ങള് എനിക്ക് ചെയ്യാന് കഴിഞ്ഞു. പ്രതിരോധത്തിെൻറ സൂക്ഷ്മപ്രകാശനങ്ങളായിരുന്നു പല പരിപാടികളും. പക്ഷേ, 'പാഞ്ചജന്യ'ത്തില് വന്ന ലേഖന പരമ്പരയോ,ആര്.എസ്.എസ് നടത്തിയ നിവേദനമോ അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന, ഒരു നല്ല വായനക്കാരനായിരുന്ന, ജഗ്മോഹന് ചെവിക്കൊണ്ടില്ല. എെൻറ ഇടപെടലുകളെക്കുറിച്ചുള്ള മന്ത്രിയുടെ അന്വേഷണത്തിന് സാംസ്കാരിക വകുപ്പില് ജോയിൻറ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാര് നല്കിയ മറുപടി ഞാന് എക്കാലത്തും ഒരു മനുഷ്യാവകാശപ്രവര്ത്തകന്കൂടി ആയിരുന്നെന്നും, അടിയന്തരാവസ്ഥയെയും ഞാന് എതിര്ത്തിരുന്നു എന്നുമാണ്; അതൊന്നും സെക്രട്ടറി എന്ന നിലക്കല്ല, സാമൂഹികബോധമുള്ള എഴുത്തുകാരന് എന്ന നിലക്കാണ് ഞാന് ചെയ്യുന്നതെന്നും. പിന്നീട് അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. അക്കാദമി ഭരണഘടന അനുസരിച്ച് എന്നെ മാറ്റാന് സര്ക്കാറിന് കഴിയില്ലെന്നും മന്ത്രി മനസ്സിലാക്കിയിരിക്കണം.
അനന്തമൂര്ത്തി അക്കാദമി അധ്യക്ഷനായിരുന്ന കാലത്താണ് ഞാന് സെക്രട്ടറി ആയത് എന്നത് എെൻറ ഭാഗ്യമായിരുന്നു. അദ്ദേഹം എെൻറ മനസ്സ് കണ്ടറിഞ്ഞു, ഞങ്ങള് പലപ്പോഴും ഒരുപോലെ ചിന്തിച്ചു. ഞാന് ആവിഷ്കരിച്ച പുതുപരിപാടികള്ക്കെല്ലാം ഉറച്ച പിന്തുണ നല്കി. പലരും അഭ്യര്ഥിച്ചിട്ടും രണ്ടാമതൊരു വട്ടം തെരഞ്ഞെടുപ്പിന് നില്ക്കാന് അദ്ദേഹം കൂട്ടാക്കിയില്ല. അക്കാദമി ചട്ടങ്ങള് അത് വിലക്കിയിരുന്നില്ല, എന്നാല്, അക്കാദമിയില് ആരും മുമ്പ് രണ്ടാംവട്ടം തെരഞ്ഞെടുപ്പിന് നിന്നിരുന്നില്ല. താന് ആ പതിവ് ലംഘിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന് അദ്ദേഹം കരുതി. പക്ഷേ, വ്യക്തിപരമായ ഞങ്ങളുടെ അടുപ്പം അദ്ദേഹം മരിക്കുവോളം നിലനിന്നു. പലകുറി ഞാന് അദ്ദേഹത്തെ ബംഗളൂരുവിലെ വീട്ടിലും മൈസൂരിലെ കൃഷിസ്ഥലത്തും പോയി സന്ദര്ശിച്ചു. സങ്കടകരമായ സാഹചര്യത്തിലായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ്, വൃക്കകളുടെ തകരാറ് മൂലം പതിവായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന സമയം. മോദി ഭരണത്തില് വന്നാല് താന് ഇന്ത്യ വിടും എന്ന പ്രസ്താവന രാജ്യദ്രോഹികളായ വലതുപക്ഷക്കാരെ പ്രകോപിപ്പിച്ചിരുന്നു. അവരില് ചിലര് അദ്ദേഹത്തെ അപമാനിക്കാനായി ആ അവസ്ഥയിലും ഇസ്ലാമാബാദിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തു. എം.എം. കൽബുര്ഗിയോടൊപ്പം അവരുടെ ഹിറ്റ്ലിസ്റ്റില് അനന്തമൂര്ത്തി ഉണ്ടായിരുന്നു എന്ന് തീര്ച്ച. എന്നാല്, അതിനവസരം നല്കാതെ അദ്ദേഹം ഇരുണ്ടുകൊണ്ടിരുന്ന ഇന്ത്യയില്നിന്ന് യാത്രയായി. മരിക്കുന്നതിനു ഒരു മാസം മുമ്പാണ് ഞാനും ഇ.വി. രാമകൃഷ്ണനും ഒന്നിച്ച് അദ്ദേഹത്തെ സന്ദര്ശിച്ചത്. വീടിനു പൊലീസ് കാവല് ഉണ്ടായിരുന്നു. അനുമതി വാങ്ങി ഞങ്ങള് അകത്തു ചെന്നു. തീരെ അവശനായ ആ അവസ്ഥയിലും അദ്ദേഹം ഒരു മണിക്കൂറിലേറെ ഞങ്ങളോട് സംസാരിച്ചു. അത് മുഴുവന് ഇന്ത്യയുടെ ഭാവിയെക്കുറിച്ചായിരുന്നു. ഗാന്ധിയുടെ ഹിന്ദ് സ്വരാജിനെക്കുറിച്ചുള്ള തെൻറ അവസാനത്തെ ലഘുപുസ്തകത്തിെൻറ രചനയിലായിരുന്നു അദ്ദേഹം അപ്പോള്; അധികവും സംസാരിച്ചത് ഗാന്ധിയെക്കുറിച്ചും ഇന്ത്യന് ജനാധിപത്യത്തിെൻറ ഭാവിയെക്കുറിച്ചുള്ള തെൻറ ആധികളെക്കുറിച്ചുമായിരുന്നു. ഒരുപക്ഷേ, ഇനി എനിക്ക് അദ്ദേഹത്തെ കാണാന് ആവില്ലെന്ന് അന്നേ തോന്നിയിരുന്നു; അത്രക്കും അവശനും ദുഃഖിതനുമായിരുന്നു അദ്ദേഹം. ഉള്ളില് കരച്ചിലുമായാണ് ഞാന് പുറത്തിറങ്ങിയത്. കന്നടസാഹിത്യത്തെയും സംസ്കാരത്തെയും അത്രയേറെ പോഷിപ്പിച്ച ഒരാള്ക്ക് സ്വന്തം നാട്ടുകാരില്നിന്ന് നേരിടേണ്ടിവന്ന ക്രൂരതയും കൃതഘ്നതയും അത്രമേല് ഹൃദയഭേദിയായിരുന്നു.
അനന്തമൂര്ത്തിയുമായുണ്ടായ അപൂർവ സാഹോദര്യം കൊണ്ടുകൂടിയാകാം അദ്ദേഹത്തെ തുടർന്നുവന്ന രണ്ട് അക്കാദമി അധ്യക്ഷന്മാരെയും എനിക്ക് അങ്ങനെ സ്നേഹിക്കാന് കഴിയാതിരുന്നത്. അവരില് ആദ്യത്തെയാള് എനിക്ക് ബഹുമാനവും പരിചയവുമുള്ള കവിയായിരുന്നു. എന്നാല്, പെരുമാറ്റത്തില് തനി ഉദ്യോഗസ്ഥമേധാവിയും. ഒഡിഷയില് ചീഫ് സെക്രട്ടറി ആയിരുന്ന ഒരു െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അക്കാദമിയില് അദ്ദേഹം പെരുമാറിയിരുന്നത് വളരെ വിചിത്രമായ രീതികളില് ആയിരുന്നു. ഞങ്ങളെ ഭിന്നിപ്പിക്കാന് ഒരു ഡെപ്യൂട്ടി സെക്രട്ടറി ധാരാളം അസത്യങ്ങള് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അത് അയാളുടെ സ്ഥിരം സ്വഭാവമായിരുന്നു എന്ന് മറ്റു സഹപ്രവര്ത്തകരില്നിന്ന് ഞാന് അറിഞ്ഞു. ആ വിടവില് തെൻറ കാര്യങ്ങള് നടത്തിയെടുക്കുകയായിരുന്നു ആ സ്വാർഥമതിയുടെ ലക്ഷ്യം. എെൻറ ശമ്പളം വെട്ടിക്കുറപ്പിക്കാന്വരെ അയാള് ശ്രമിച്ചു. അധ്യക്ഷന് ഇഷ്ടമില്ലാതിരുന്ന- തെരഞ്ഞെടുപ്പില് അദ്ദേഹത്തോട് മത്സരിച്ചു തോറ്റ, മറ്റൊരു എഴുത്തുകാരെൻറ ഉപദേശപ്രകാരമാണ് ഞാന് പ്രവര്ത്തിക്കുന്നത് എന്നായിരുന്നു ആ ഉദ്യോഗസ്ഥന് അദ്ദേഹത്തെ തെറ്റായി ധരിപ്പിച്ചത്. അതുകൊണ്ട് കഴിയുന്നതും എെൻറ പ്രവര്ത്തനം പരിമിതപ്പെടുത്താനായിരുന്നു അധ്യക്ഷെൻറ ശ്രമം. അക്കാദമിക്കുകളോട് അദ്ദേഹത്തിന് അസൂയകലര്ന്ന വിദ്വേഷവും ഉണ്ടായിരുന്നു. ഇതിനകം ഇന്ത്യന് എഴുത്തുകാരുടെ സ്നേഹാദരങ്ങള്ക്ക് ഞാന് പാത്രമായിരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. എല്ലാ സെമിനാറുകളിലും ഞാന് നടത്തിയിരുന്ന ആമുഖ പ്രസംഗങ്ങള്ക്ക് ലഭിച്ച വലിയ സ്വീകരണവും പ്രസംഗചാതുരി തീരെ ഇല്ലാതിരുന്ന അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയിരുന്നു. അദ്ദേഹം ഒരു വിഭക്തവ്യക്തിത്വമായിരുന്നു എന്നാണ് എെൻറ ദയാപൂര്വമായ നിഗമനം. പലപ്പോഴും ഞങ്ങളുടെ വീട്ടില് വരുമ്പോള് അദ്ദേഹം വേറെ ഒരാളായിരുന്നു. പരസ്പരം കവിതകള് വായിച്ചു കേള്ക്കും, തുറന്നു സംസാരിക്കും. എന്നാല് ഓഫിസില് ശിലാഹൃദയനായ ഒരു മേലുദ്യോഗസ്ഥനെപ്പോലെ ആയിരുന്നു അദ്ദേഹം.
അക്കാദമിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡൻറ് പദവി ഒരലങ്കാരം മാത്രമാണ്, ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പ് സെക്രട്ടറിയുടെ മാത്രം ചുമതലയിലാണ്. പക്ഷേ, അദ്ദേഹത്തിന് അധികാരങ്ങള് വേണമായിരുന്നു. പിന്നീട് ഒഡിഷയില് പോയപ്പോള് അദ്ദേഹത്തിെൻറ ക്രൂരതകളെക്കുറിച്ച് ഞാന് ധാരാളം കഥകള് കേട്ടു. എങ്കിലും കവി എന്ന നിലയില് അദ്ദേഹത്തെ ഞാന് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് മാത്രമാണ് ആ അധികാരപ്രയോഗങ്ങള് എനിക്ക് സഹിക്കാനായത്. കൂടുതല് പരിപാടികള് നടത്തി വാര്ഷികഗ്രാൻറ് കൂടുതല് വാങ്ങാനായിരുന്നു എെൻറ ശ്രമം. പക്ഷേ, വിചിത്രമെന്നു പറയട്ടെ, അദ്ദേഹം സര്ക്കാറി
െൻറ ആളെപ്പോലെയാണ് പെരുമാറിയത്. കിട്ടിയ ഗ്രാൻറില് എത്രമാത്രം സര്ക്കാറിന് തിരിച്ചുകൊടുക്കാനാവും എന്നാണ് അദ്ദേഹം നോക്കിയിരുന്നത്. എന്നോട് വളരെ അടുപ്പമുണ്ടായിരുന്ന സാംസ്കാരികവകുപ്പ് സെക്രട്ടറിക്കുപോലും അത് ഒരത്ഭുതമായിരുന്നു. പ്രസിഡൻറ് എതിര്ത്തിട്ടും അദ്ദേഹം എനിക്ക് പ്രഫസറുടെ ശമ്പളം അനുവദിച്ചു തരുകയും ചെയ്തു. അതും പ്രസിഡൻറിനെ കോപാകുലനാക്കി. പക്ഷേ, അപ്പോഴെല്ലാം എഴുത്തുകാരും അക്കാദമി എക്സിക്യൂട്ടിവ് അംഗങ്ങളും എനിക്ക് നല്കിയ പിന്തുണയാണ് എന്നെ രാജിവെക്കാതെ പിടിച്ചുനിര്ത്തിയത്. പുതിയ പരിപാടികളെല്ലാം ചെലവ് ചുരുക്കിയാണെങ്കിലും ഞാന് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഞങ്ങളെ ഭിന്നിപ്പിക്കാന് ശ്രമിച്ചുകൊണ്ടിരുന്ന, അക്കാദമിയില് എല്ലാ സഹപ്രവര്ത്തകരും വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന, ആ ഉദ്യോഗസ്ഥന് ഇപ്പോള് ഇല്ല. അമിത മദ്യപാനത്തിനും പ്രമേഹത്തിനും ഇരയായി ആ മനുഷ്യന് അമ്പതു വയസ്സാകുമ്പോഴേ മരണത്തിനു കീഴടങ്ങി. ഇനിയെങ്കിലും അദ്ദേഹം സ്വസ്ഥനാകട്ടെ.
തുടര്ന്നുവന്ന അക്കാദമി പ്രസിഡൻറ് അക്കാദമി നന്നായി നടക്കണം എന്ന് താൽപര്യമുള്ള ആളായിരുന്നു. അതുകൊണ്ട് എനിക്ക് വലിയ എതിര്പ്പ് നേരിടേണ്ടിവന്നില്ല. ദൈനംദിന കാര്യങ്ങളിലുള്ള ഇടപെടല് അദ്ദേഹവും തുടര്ന്നു എന്ന് മാത്രം. ഓരോ ജോലിക്കും കരാറുകാരെ നിശ്ചയിക്കുന്നതും സ്വന്തക്കാരെ നിയമിക്കുന്നതും അദ്ദേഹത്തിന് പ്രിയമായിരുന്നു. അതേകുറിച്ച് അത്ര നല്ലതല്ലാത്ത കഥകളുമുണ്ട്. അവയിലേക്കു ഞാന് കടക്കുന്നില്ല. ഏതായാലും ഇതിനകം കാര്യക്ഷമതയുള്ള സെക്രട്ടറി എന്ന നിലയിലും എഴുത്തുകാരന് എന്ന നിലയിലും അംഗീകാരം നേടിക്കഴിഞ്ഞിരുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ ദ്രോഹിക്കുക അനായാസമായിരുന്നില്ല. ഞാന് സെക്രട്ടറി ആയുള്ള അവസാനത്തെ ജനറല് കൗണ്സില് യോഗത്തില് ഞാന് പിരിയുകയാണ് എന്ന് അംഗങ്ങളോട് പറയാതിരിക്കാന് ശ്രദ്ധിച്ചു എന്നുമാത്രം. അവര് ഞാന് ഒരിക്കലും സൂചിപ്പിക്കാതെതന്നെ എനിക്ക് രണ്ടു വര്ഷം നീട്ടി നല്കണം എന്ന അഭിപ്രായക്കാരായിരുന്നു. മുന് സെക്രട്ടറിക്ക് ആ ആനുകൂല്യം ലഭിക്കുകയും ചെയ്തിരുന്നു. എെൻറ സാമ്പത്തിക സത്യസന്ധതയെ അദ്ദേഹം ഭയപ്പെട്ടിരുന്നു, അതിനു കാരണങ്ങളും ഉണ്ടായിരുന്നു. ഏതായാലും ഞാന് അക്കാര്യം കൗണ്സില് യോഗത്തില് പറഞ്ഞില്ല. പതിവുള്ള വിടപറച്ചില് പ്രസംഗംപോലും നടത്താന് എനിക്ക് അവസരം നൽകപ്പെട്ടില്ല, പിന്നീട് എനിക്ക് നല്ല ഒരു യാത്രയയപ്പ് നൽകപ്പെട്ടുവെങ്കിലും.
എന്നാല്, അക്കാദമിക്കാലം എനിക്ക് നല്കിയ കാര്യങ്ങള് ആലോചിക്കുമ്പോള് ഒരു പരാതിക്കും അവകാശമില്ല. ഇന്ത്യയില് എമ്പാടുമുള്ള എഴുത്തുകാരുമായുള്ള സൗഹൃദം, ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രകള്- അവയില് മിക്കവയും ആതിഥേയരുടെ ചെലവില് ആയിരുന്നു. കവി എന്ന നിലയിലുള്ള ക്ഷണങ്ങളായിരുന്നു ഏറെയും- അനേകം വിദേശസാഹിത്യകാരന്മാരുമായുള്ള പരിചയം, എമ്പാടും നിന്ന് ലഭിച്ച സ്നേഹം, എെൻറ കവിതക്ക് ലഭിച്ച പുതിയ ദിശാബോധങ്ങള്, ഇന്ത്യന് സാഹിത്യത്തെക്കുറിച്ച് പഠിക്കാന് ലഭിച്ച അവസരങ്ങളും അതിെൻറ ഉൽപന്നങ്ങളായ നാലു ഇംഗ്ലീഷ് സമാഹാരങ്ങളില് സ്വരൂപിക്കപ്പെട്ട പ്രബന്ധങ്ങളും, ഒരു പ്രതി -പാരമ്പര്യം എന്ന നിലയില് ഭക്തി- സൂഫി കവികളെക്കുറിച്ച് നടത്തിയ പഠനങ്ങളും അവയുടെ ഉപോൽപന്നങ്ങളായ കവിതകളും, കേരളത്തെയു മലയാളഭാഷയെയും കുറിച്ചെഴുതിയ, പുറത്തു ജീവിച്ചിരുന്നില്ലെങ്കില് എഴുതാന് ഇടയില്ലാത്ത കവിതകള്, ഇന്ത്യന് കവികളുടെ പരിഭാഷകള്, ഹിന്ദിയിലും ഉര്ദുവിലും നേടിയ ചെറുതെങ്കിലുമായ പ്രാവീണ്യം, ഇന്ത്യന് ഭാഷകള് തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള നവബോധം, ഇന്ത്യന് സംസ്കാരത്തിെൻറയും തത്ത്വചിന്തയുടെയും സാഹിത്യത്തിെൻറയും ഗോത്രഭാഷകള് ഉള്പ്പെടെയുള്ള ഭാഷകളുടെയും അനന്തവൈവിധ്യത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യം, താരതമ്യ സാഹിത്യത്തിലേക്കുള്ള ഉള്ക്കാഴ്ചകള്, അതുകൊണ്ടുതന്നെ ഒരു ദേശം -ഒരു മതം- ഒരു ഭാഷ തുടങ്ങിയ ഏകശിലാരൂപവും അധികാരോന്മുഖവുമായ സങ്കൽപത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്പ്പ്, ഇന്ത്യന് കല-സാഹിത്യങ്ങളിലെ പ്രതിരോധ സമ്പ്രദായങ്ങളുടെ കണ്ടെത്തല്, കേരളത്തെ ദൂരെനിന്നു സ്നേഹിക്കുന്നതോടൊപ്പം കൂടുതല് വസ്തുനിഷ്ഠമായും വിമര്ശനാത്മകമായും കാണാന് നേടിയ പ്രാപ്തി, പലതരം ജീവിതശൈലികളുമായുള്ള പരിചയം നല്കിയ വീക്ഷണവിശാലത, സംഗീതം, നാടകം, ചിത്ര-ശിൽപകലകള്, ചലച്ചിത്രം ഇങ്ങനെ എനിക്ക് താൽപര്യമുള്ള ഇതരകലകളുമായുള്ള നിരന്തരസമ്പര്ക്കത്തിനുള്ള അവസരം; ഇതെല്ലാം ഡല്ഹി എനിക്ക് നല്കി.
2006ല് അക്കാദമിയില്നിന്ന് വിരമിച്ച ശേഷവും ഞാന് പത്തു വര്ഷം വിവിധ ജോലികള് ചെയ്തുകൊണ്ടിരുന്നു. കേന്ദ്ര ഗവൺമെൻറ് ഉന്നതവിദ്യാഭ്യാസവകുപ്പിെൻറ ഉപദേഷ്ടാവ് എന്ന നിലയില് ഗോത്രഭാഷകള്ക്ക് പ്രോത്സാഹനം നല്കാന് കഴിഞ്ഞത്, സാര്ക്ക് സംഘടനയില് പ്രവര്ത്തിക്കുമ്പോള് അനേകം പ്രധാന അന്തര്ദേശീയ സെമിനാറുകളും ഒരു വലിയ സാര്ക്ക് കലോത്സവവും സംഘടിപ്പിക്കുകയും, 'ബിയോണ്ട് ബോര്ഡേഴ്സ്' എന്ന ത്രൈമാസികത്തിെൻറയും സാര്ക്ക് രാജ്യങ്ങളിലെ കവിതകളുടെയും കഥകളുടെയും പല സമാഹാരങ്ങളുടെയും സമ്പാദനം നടത്തുകയും ചെയ്തത്, 'കഥ' എന്ന പ്രസാധന സ്ഥാപനത്തില് ഇന്ത്യന് സാഹിത്യ ലൈബ്രറി എന്ന പുസ്തകപരമ്പരക്ക് തുടക്കംകുറിച്ചത്, ഒരിക്കല്കൂടി ഒരു വര്ഷം സാഹിത്യ അക്കാദമിയുടെ അഭ്യർഥന മാനിച്ച് 'ഇന്ത്യന് ലിറ്ററേചര്' ദ്വൈമാസികത്തിെൻറ ഗെസ്റ്റ് എഡിറ്റര് ആയി പ്രവര്ത്തിച്ചത്- ഇവയെല്ലാം ഓര്ക്കാന്കൊള്ളാവുന്ന കാര്യങ്ങളാണ്. എഴുപതു വയസ്സായപ്പോള് ഇനി ഓഫിസ് േജാലികള് ചെയ്യുകയില്ലെന്നു തീരുമാനിച്ചു.
ഇതിനിടെ എെൻറ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും സാഹിത്യ ജീവിതത്തിലും ഒട്ടേറെ കാര്യങ്ങള് സംഭവിക്കുന്നുണ്ടായിരുന്നു. ഇളയ മകള് സബിതയുടെ വിവാഹം, ഒരു ദശാബ്ദം പലകുറി വാടക വീടുകളില് താമസിച്ച ശേഷം കേരളത്തിലെ വീട് വിറ്റ് കിഴക്കന് ഡല്ഹിയില് ഒരു ചെറിയ ഫ്ലാറ്റ് വാങ്ങി പല കാരണങ്ങളാല് ഈ നഗരത്തില്തന്നെ ജീവിതം തുടരാന് തീരുമാനിച്ചത്, അക്കാദമിയില്വെച്ച് നടത്തിയതിനെക്കാള് കൂടുതല് വിദേശയാത്രകള് - ഇറ്റലി, ഫ്രാന്സ്, ജര്മനി, റഷ്യ, സ്ലൊവീനിയ, മാസിഡോണിയ, ക്യൂബ, വെനിസ്വേല, പെറു, കൊളംബിയ, ദക്ഷിണാഫ്രിക്ക, സ്പെയിന്, ചൈന, ഹോേങ്കാങ്, ശ്രീലങ്ക, ഇംഗ്ലണ്ട്, നെതര്ലൻറ്സ്, അറബ് നാടുകള്- അങ്ങനെ മുമ്പ് പോയതും പോകാത്തതുമായ നാടുകളില്, എല്ലാം സാഹിത്യവുമായി ബന്ധപ്പെട്ട്- പലപ്പോഴും ബിന്ദുവിനോടൊപ്പം നടത്തിയത്. ഇരുപത്തിയാറു ഭാഷകളില് നാൽപതോളം കവിതാസമാഹാരങ്ങള് വിവര്ത്തനം ചെയ്യപ്പെട്ട് പുറത്തുവന്നത്, ഒരിക്കലും മറക്കാനാവാത്ത അനേകം ആത്മമിത്രങ്ങള് ഭൂമിയിലെ നിവാസം അവസാനിപ്പിച്ചു പിരിഞ്ഞുപോയത്, ഇങ്ങനെ...
ഒപ്പം പ്രതിരോധപ്രവര്ത്തനങ്ങളില് കൂടുതല് സജീവമാകാന് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള് എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഞാന് പല പ്രതിരോധ സംഘങ്ങളുടെയും ഭാഗമായി. കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും ഇന്ത്യന് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് അനേകം പ്രഭാഷണങ്ങള് നടത്തുകയും പ്രബന്ധങ്ങള് അവതരിപ്പിക്കുകയും അഭിമുഖങ്ങള് നല്കുകയും ചെയ്തു. എന്നാല്, ഇന്നും തുടരുന്ന ഏറ്റവും പ്രധാനമായ പ്രവര്ത്തനം 2014ൽ ചരിത്രകാരി റോമിലാ ഥാപ്പര്, അഡ്വക്കേറ്റ് ഇന്ദിരാ ജയ്സിങ്, നാടകപ്രവര്ത്തക അനുരാധാ കപൂര്, അംബേദ്കര് സര്വകലാശാലാ വൈസ് ചാന്സലര് ശ്യാം മേനോന് എന്നിവര് അംഗങ്ങളായും ഞാനും നോവലിസ്റ്റ് ഗീതാ ഹരിഹരനും ട്രസ്റ്റികളായും, അശോക് വാജ്പേയി, ഗണേഷ് ഡേവി, ആനന്ദ്, ഗോപാല് ഗുരു തുടങ്ങി നിരവധി പേരുടെ പിന്തുണയോടെ 'ഇന്ത്യന് റൈറ്റേഴ്സ് ഫോറം' എന്ന ട്രസ്റ്റ് രൂപവത്കരിച്ചു. അതിനു കീഴില് 'ഇന്ത്യന് കള്ച്ചറല് ഫോറം' എന്ന വെബ്സൈറ്റ്, 'ഗുഫ്ട്ടുഗു' എന്നാ ഓണ്ലൈന് ത്രൈമാസികം എന്നിവ ആരംഭിച്ചതാണ്. ദിനംതോറും പുതുക്കുന്ന വെബ്സൈറ്റ് ഇതിനകം രാജ്യത്തെ ഹിന്ദുത്വ സമഗ്രാധിപത്യത്തിനെതിരായ പ്രതിരോധത്തിെൻറ ഏറ്റവും സമഗ്രവും വളരുന്നതുമായ 'ആര്ക്കൈവ്' ആയി കഴിഞ്ഞിട്ടുണ്ട്. ത്രൈമാസികമാകട്ടെ പ്രതിഷേധസാഹിത്യത്തിനും കലക്കും പ്രാധാന്യം നല്കുന്നു. ഇന്ത്യയിലെ പ്രമുഖരും ഉയര്ന്നുവരുന്നതുമായ നിരവധി എഴുത്തുകാരും കലാകാരന്മാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. അനേകം ചര്ച്ചകളും സമ്മേളനങ്ങളും അറുപതിലേറെ സംഘടനകളെ ഒന്നിപ്പിച്ചുകൊണ്ട് ഞങ്ങള് ഇതിനകം നടത്തി. ധിഷണയുടെ നൈരാശ്യത്തിെൻറ ഇക്കാലത്തും ഇച്ഛയുടെ ശുഭാപ്തിവിശ്വാസം ഉയര്ത്തിപ്പിടിക്കാനുള്ള ഒരെളിയ ശ്രമമാണ് ഞങ്ങള് നടത്തുന്നത്. ഒരുതരം വിഭാഗീയതയുമില്ലാതെ ശരിയായ ജനാധിപത്യത്തിലും ഇന്ത്യന് ഭരണ ഘടനയിലും അടിസ്ഥാന സ്വാതന്ത്ര്യങ്ങളിലും നാനാത്വം നിറഞ്ഞ ഇന്ത്യ എന്ന ആശയത്തിലും വിശ്വസിക്കുന്നവരുടെ വലിയ ഒരു കൂട്ടായ്മ ഈ പ്രവര്ത്തനങ്ങളുടെ ഫലമായി രൂപംകൊള്ളുന്നുണ്ട്. ഇരുട്ടിെൻറ വിജയം താൽക്കാലികമാണെന്നും വെളിച്ചത്തിെൻറ തിരോധാനത്തിനെതിരെ കലാപം ചെയ്യുക വഴി മാത്രമേ നാം ജീവിച്ചിരിക്കുന്നു എന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താന് നമുക്കാവൂ എന്നും ഞങ്ങള് കരുതുന്നു.
ഡല്ഹിയിലെ എെൻറ ഇരുപത്തിയാറു വര്ഷങ്ങളുടെ കഥ ഇവിടെ പറഞ്ഞുതീര്ത്തു എന്ന് ഞാന് കരുതുന്നില്ല. ഇക്കാലത്ത് ഞാന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ ലേഖനങ്ങള്, കവിതകള്, നാടകങ്ങള്, കഥകള്, പ്രസിദ്ധീകരിച്ച പുസ്തകങ്ങള്, യാത്രാ വിവരണങ്ങള്, ഞാന് നടത്തിയ വിവര്ത്തനങ്ങള്, പ്രഭാഷണങ്ങള്, ഞാന് പങ്കാളിയായ സംഘടനകള്, പ്രസിദ്ധീകരണങ്ങള്, പലപ്പോഴായി നടത്തിയ നൂറുകണക്കിന് ഇടപെടലുകള് ഇവയെല്ലാം ചേരുമ്പോള് മാത്രമേ ഈ കഥ പൂര്ത്തിയാകുകയുള്ളൂ. അപ്പോഴും ഇത് അൽപകാലംകൂടി തുടരും എന്ന് ഞാന് പ്രതീക്ഷിക്കാതെ പ്രതീക്ഷിക്കുന്ന, ദുരന്തങ്ങളും ആഹ്ലാദങ്ങളും സംഘര്ഷങ്ങളും പ്രതിരോധങ്ങളും കലര്ന്ന, ഒരു കഥയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.
ചിത്രങ്ങൾ പി.അഭിജിത്ത്, ജോൺസൺ വി ചിറയത്ത് ( മാധ്യമം വാർഷികപ്പതിപ്പിൽ 2019 ൽ പ്രസിദ്ധീകരിച്ച കെ.സച്ചിദാനന്ദന്റെ ആത്മകഥയിൽ നിന്ന് ഒരു ഏട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.