യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബി.ജെ.പിക്ക് ഉജ്ജ്വല ജയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലാണ് ബി.ജെ.പി തുടർഭരണം നേടിയത്. ആന്തരിക ഭിന്നതകളാൽ ദുർബലമായ കോൺഗ്രസിനെ തൂത്തെറിഞ്ഞ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ മിന്നുന്ന വിജയം കൊയ്തു.
2024 പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് വരുമ്പോൾ ചുവരെഴുത്ത് വ്യക്തം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്നാണ് യോഗിയുടെ തേരോട്ടം. കഴിഞ്ഞ തവണത്തെ 325 സീറ്റിലേക്ക് എൻ.ഡി.എ എത്തിയില്ലെങ്കിലും തുടർഭരണത്തിന്റെ പ്രഭയിൽ അതെല്ലാം വിസ്മരിക്കപ്പെടുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കിണഞ്ഞുശ്രമിച്ച കോൺഗ്രസിന് പിന്നെയും നിരാശ തന്നെ. മായാവതിയുടെ ബി.എസ്.പിയും പച്ചതൊട്ടില്ല.
ഡൽഹി ഭരണമാതൃകയുടെ വാഗ്ദാനവുമായി എത്തിയ ആം ആദ്മി പാർട്ടിയെ വാരിപ്പുണരുകയായിരുന്നു പഞ്ചാബ്. കഴിഞ്ഞ തവണത്തെ 20 സീറ്റിൽ നിന്ന് 92 സീറ്റിലേക്കുള്ള വിസ്മയാവഹമായ കുതിച്ചുകയറ്റത്തിന് തമ്മിലടിച്ച് തകർന്ന കോൺഗ്രസും മികച്ച സംഭാവന ചെയ്തു. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി മത്സരിച്ച രണ്ടിടത്തും തോറ്റപ്പോൾ പാർട്ടിയിലെ പ്രധാന എതിരാളി നവജ്യോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റിൽ നിലംതൊട്ടില്ല. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രം കോൺഗ്രസ് വിട്ട അമരീന്ദർ സിങ്ങും തറപറ്റി. ഉത്തരാഖണ്ഡിൽ കഴിഞ്ഞ തവണത്തെ 57 ൽ നിന്ന് 40 സീറ്റിലേക്ക് കുറഞ്ഞെങ്കിലും ഭരണം തുടരാനായത് ബി.ജെ.പിക്ക് നേട്ടമായി. പക്ഷേ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ടത് വിജയത്തിന്റെ ശോഭ കെടുത്തി. മണിപ്പൂരിൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2017 ലെ 21 സീറ്റിൽ നിന്ന് 32 ലേക്ക് നിലമെച്ചപ്പെടുത്തി കേവല ഭൂരിപക്ഷം നേടി. 28 സീറ്റുണ്ടായിരുന്ന കോൺഗ്രസ് നാലു സീറ്റിലേക്ക് ഒതുങ്ങി. 40 സീറ്റുകളുള്ള ഗോവയിൽ 20 ഉം നേടി ബി.ജെ.പി ഏതാണ്ട് ഭരണം ഉറപ്പിച്ചു.
Live Updates
- 10 March 2022 7:01 AM GMT
പഞ്ചാബ് മുൻ മുഖ്യമന്ത്രി പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പരാജയപ്പെട്ടു
പഞ്ചാബ് മുൻ മുഖ്യമന്ത്രി പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പാട്യാല സീറ്റിൽ പരാജയപ്പെട്ടു. വോട്ടിങ് നിലയിൽ നാലാം സ്ഥാനത്താണ് അമരീന്ദർ സിങ്. ആം ആദ്മി പാർട്ടി സ്ഥാനാർഥി അജിത് പാൽ സിങ് കോഹ് ലിയാണ് വിജയിച്ചത്. ശിരോമണി അകാലിദളിലെ ഹർപാൽ ജുനേജ രണ്ടാം സ്ഥാനത്തും കോൺഗ്രസിന്റെ വിഷ്ണു ശർമ നാലാംസ്ഥാനത്തും എത്തി.
- 10 March 2022 6:52 AM GMT
അഞ്ച് സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുനില
യു.പി (202/403): ബി.ജെ.പി-270, എസ്.പി-121, ബി.എസ്.പി-5, കോൺഗ്രസ് -3, മറ്റുള്ളവർ -3
പഞ്ചാബ് (69/117): എ.എ.പി-90, കോൺഗ്രസ്-18, ബി.ജെ.പി-2, എസ്.എ.ഡി-6, മറ്റുള്ളവർ-1
ഉത്തരാഖണ്ഡ് (36/70): ബി.ജെ.പി-44, കോൺഗ്രസ്-22, മറ്റുള്ളവർ-5, എ.എ.പി-0
ഗോവ (21/40): ബി.ജെ.പി-18, കോൺഗ്രസ്-11, ടി.എം.സി സഖ്യം-4, എ.എ.പി-2, മറ്റുള്ളവർ-5
മണിപ്പൂർ: ബി.ജെ.പി-29, കോൺഗ്രസ്-10, എൻ.പി.പി-10, ജെ.ഡി.യു-3, മറ്റുള്ളവർ -8
- 10 March 2022 6:36 AM GMT
ഉത്തരാഖണ്ഡിൽ കേവലഭൂരിപക്ഷം കടന്ന് ബി.ജെ.പി; മുഖ്യമന്ത്രി ധാമി പിന്നിൽ, ഹരീഷ് റാവത്തിനും തിരിച്ചടി
ഡെറാഡൂൺ: കോൺഗ്രസ് കടുത്ത മത്സരം കാഴ്ചവെക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ച ഉത്തരാഖണ്ഡിൽ ബി.ജെ.പി മുന്നേറ്റം. 42 സീറ്റുകളിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പിന്നിലാണ്. 24 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പിന്നിലാണ്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻ ചന്ദ്ര കാപ്രി 954 വോട്ടുകൾക്ക് മുന്നിലാണ്. ബി.എസ്.പി രണ്ട് സീറ്റിൽ മുന്നിലാണ്. മറ്റുള്ളവരും രണ്ട് സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
- 10 March 2022 6:35 AM GMT
ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ
ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ. ഗോവയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരേയും പുറത്ത് നിന്നുള്ളവരേയും ഗോവയിലെ ജനങ്ങൾ തിരസ്കരിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയാണ് അവർ തെരഞ്ഞെടുത്തത്. ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരുമോയെന്ന ചോദ്യത്തിന് അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു റാണയുടെ മറുപടി.
ഗോവയിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. 19 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഇപ്പോൾ 10 സീറ്റിലാണ് മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് സഖ്യം നാല് സീറ്റുകളിലും മറ്റുള്ളവർ ഏഴ് സീറ്റിലുമാണ് മുന്നേറുന്നത്.
- 10 March 2022 5:56 AM GMT
പഞ്ചാബിൽ ഭഗ്വന്ത് മാൻ മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയ
പഞ്ചാബിൽ ഭഗ്വന്ത് മാൻ മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയ. ഗോവയിലും ഉത്തരാഖണ്ഡിലും യുപിയിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും പഞ്ചാബിലായിരുന്നു ശ്രദ്ധ. ക്രമേണ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളും ആപ്പിനെ വിശ്വസിക്കാൻ തുടങ്ങുമെന്നും സിസോദിയ വ്യക്തമാക്കി.
- 10 March 2022 5:40 AM GMT
ഗോവയിലെ ജനങ്ങൾ മാറ്റങ്ങൾക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചൊന്തങ്കർ
ഗോവയിലെ ജനങ്ങൾ മാറ്റങ്ങൾക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചൊന്താങ്കർ. തെരഞ്ഞെടുപ്പ് ഫലം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.