ബംഗാളിൽ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക് തോൽവി; തമിഴകത്ത് സ്റ്റാലിൻ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് മൂന്നാമൂഴം. തമിഴ്നാട്ടിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം എ.െഎ.എ.ഡി.എം.കെയെ തറപറ്റിച്ച് ആധികാരിക വിജയം നേടി. അസമിൽ ബി.ജെ.പിയും പുതുച്ചേരിയിൽ എൻ.ആർ.സി-ബി.ജെ.പി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചു. 292ൽ 215 സീറ്റ് നേടിയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മൂന്നാമതും ഭരണത്തിലേറിയത്. ബംഗാളിൽ തകർപ്പൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയെ നേരിട്ട മമത അനിശ്ചിതത്വം നീണ്ട വോട്ടെണ്ണലിനൊടുവിൽ തോറ്റു. 1622 വോട്ടുകൾക്കാണ് അധികാരി മമതയെ തോൽപിച്ചത്.
തമിഴ്നാട്ടിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാവും. ഇവിടെ 234 അംഗ സഭയിൽ 149 മണ്ഡലങ്ങളിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം ബഹുദൂരം മുന്നിലാണ്. തമിഴ്നാട്ടിൽ പത്തു വർഷത്തിനുശേഷമാണ് ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്തുന്നത്. ഡി.എം.കെയെ തെരഞ്ഞെടുത്ത ജനങ്ങളെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ അഭിനന്ദിച്ചു.
അസമിൽ 126 അംഗ സഭയിൽ 76 സീറ്റുകളിൽ എൻ.ഡി.എ സഖ്യമാണ് മുന്നിൽ. 64നു മുകളിൽ സീറ്റ് നേടുന്ന കക്ഷി ഇവിടെ ഭരണത്തിലേറും. സർബാനന്ദ് സോനോവാൾ വീണ്ടും മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. അസമിൽ രണ്ടാം തവണയും അധികാരത്തിലെത്തിയ എൻ.ഡി.എയെ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പുതുച്ചേരിയിൽ ബി.ജെ.പി എൻ.ആർ കോൺഗ്രസിനെ കൂട്ടുപിടിച്ചാണ് കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ ഭരണത്തിൽ നിന്നകറ്റിയത്. പുതുച്ചേരിയിൽ ആകെയുള്ള 30 സീറ്റിൽ 16ൽ എൻ.ആർ കോൺഗ്രസാണ് മുന്നിട്ടുനിൽക്കുന്നത്. രണ്ടു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
എല്ലാ പോരാട്ടങ്ങൾക്കും ത്യാഗം ആവശ്യമാണ് -മമത
നന്ദിഗ്രാമിനെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും എല്ലാ പോരാട്ടങ്ങൾക്കും ത്യാഗം ആവശ്യമാെണന്നും മമത പ്രതികരിച്ചു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചത്. സംസ്ഥാനത്തെ ജനങ്ങൾ ബംഗാളിനെ രക്ഷിച്ചു. അതിൽ അഭിമാനം കൊള്ളുന്നതായും മമത പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ മമതയെ അഭിനന്ദിച്ചു.
നന്ദിഗ്രാമിലെ 'തട്ടിപ്പി'നെതിരെ കോടതിയെ സമീപിക്കും –മമത
കൊൽക്കത്ത: നന്ദിഗ്രാമിലെ 'തട്ടിപ്പി'നെതിരെ കോടതിയെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എതിർ സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ 1200 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മമത ജയിച്ചുവെന്നായിരുന്നു വൈകീട്ട് നാലരയോടെയുള്ള വിവരങ്ങൾ. പിന്നീട് 1622 വോട്ടിന് സുവേന്ദു അധികാരി ജയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനു പിറകെ, നന്ദിഗ്രാമിലെ വോട്ടണ്ണൽ പൂർത്തിയായിട്ടില്ലെന്നും ഊഹങ്ങൾ പടർത്തരുതെന്നും തൃണമൂൽ ട്വീറ്റ് ചെയ്തു. ഇതിനെല്ലാം ശേഷമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത അറിയിച്ചത്.
ബംഗാൾ ഇന്ത്യയെ രക്ഷിച്ചുവെന്നാണ് പാർട്ടിയുടെ തകർപ്പൻ വിജയത്തിനുശേഷം മമത പറഞ്ഞത്. ഇതു ബംഗാളിെൻറയും ജനാധിപത്യത്തിേൻറയും വിജയമാണ്. തുടർന്നും ജനങ്ങളുമായി ചേർന്നു പ്രവർത്തിക്കും. കോവിഡ് പശ്ചാത്തലത്തിൽ വലിയ സത്യപ്രതിജ്ഞ ചടങ്ങുണ്ടാവില്ലെന്ന് അവർ പറഞ്ഞു.
കോവിഡ് ഭീഷണി ഒഴിവായശേഷം കൊൽക്കത്തയിൽ വൻ വിജയാഘോഷ റാലി സംഘടിപ്പിക്കും. കോവിഡിനെ നേരിടുന്നതിനാണ് ഇപ്പോൾ മുഖ്യ പരിഗണന. എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം താൻ കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത പറഞ്ഞു.
തമിഴ്നാട്ടിൽ ഡി.എം.കെ ഭരണത്തിലേക്ക്
ചെന്നൈ: പത്തുവർഷത്തെ ഇടവേളക്കുശേഷം തമിഴ്നാട്ടിൽ ഡി.എം.കെ കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിനെ എം.എൽ.എമാരുടെ യോഗം തിങ്കളാഴ്ച നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും. ഈ മാസം അഞ്ചിന് ലളിതമായ ചടങ്ങിൽ സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത് ആറാം തവണയാണ് ഡി.എം.കെ സംസ്ഥാന ഭരണത്തിലേറുന്നത്.
എക്സിറ്റ്പോൾ ഫലങ്ങൾ ശരിവെക്കുന്ന നിലയിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് ആവശ്യം. ഡി.എം.കെ സഖ്യം മൊത്തം 158 സീറ്റുകൾ കരസ്ഥമാക്കി. 125 സീറ്റുകളാണ് ഡി.എം.കെ ഒറ്റക്ക് നേടിയത്. മൂന്ന് സീറ്റിൽ മൽസരിച്ച മുസ്ലിംലീഗ് എല്ലായിടത്തും പരാജയപ്പെട്ടു. മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ് എം.എച്ച്.ജവഹറുല്ല പാപനാശത്ത് വിജയം കണ്ടു.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ നേതൃത്വം നൽകിയ സഖ്യം 76 സീറ്റുകൾ കരസ്ഥമാക്കി. അണ്ണാ ഡി.എം.കെ തനിച്ച് 66 സീറ്റിൽ വിജയിച്ചു. സഖ്യകക്ഷികളായ പാട്ടാളി മക്കൾ കക്ഷി അഞ്ചും ബി.ജെ.പി നാലും പുരച്ചി ഭാരതം കക്ഷി ഒന്നും സീറ്റുകൾ നേടി. അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി വിജയിച്ചു. രണ്ട് ദശാബ്ദങ്ങൾക്കുശേഷം ബി.ജെ.പി നിയമസഭയിൽ പ്രാതിനിധ്യം നേടി. അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റിൽ മൽസരിച്ച ബി.ജെ.പി നാലിടങ്ങളിൽ വിജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുണർത്തി.
Live Updates
- 2 May 2021 5:19 PM IST
ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ മനോജ് തിവാരിക്ക് ജയം. ഹൗറ നോർത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.
- 2 May 2021 5:15 PM IST
സിങ്കൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ബേചാരം മന്നക്ക് വിജയം. ബി.ജെ.പിയുടെ രബീന്ദ്രനാഥ് ഭട്ടാചാര്യയായിരുന്നു പ്രധാന എതിരാളി. 25,933 വോട്ടിനാണ് വിജയം.
- 2 May 2021 4:35 PM IST
തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം പിടിച്ചെടുത്തതോടെ പ്രവർത്തകരുടെ വിജയാഘോഷം. 141 സീറ്റുകളിലാണ് ഡി.എം.കെ ലീഡ്.
- 2 May 2021 4:33 PM IST
ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ആശംസയർപ്പിച്ച് പ്രതിരോധമന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്. മമത ബാനർജിയുടെ വിജയത്തിനും പാർട്ടിയുടെ വിജയത്തിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
- 2 May 2021 4:29 PM IST
നന്ദിഗ്രാമിൽ മമത
നന്ദിഗ്രാം പിടിച്ചെടുത്ത് മുഖ്യമന്ത്രി മമത ബാനർജി. 1200 വോട്ടുകൾക്കാണ് മമതയുടെ വിജയം. തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയായിരുന്നു എതിർ സ്ഥാനാർഥി. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഇവിടം.
- 2 May 2021 4:25 PM IST
തമിഴ്നാട്ടിൽ തൗസന്റ് ലൈറ്റ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദറിന് തോൽവി. 3375 വോട്ടുകൾക്കാണ് പരാജയം.
- 2 May 2021 4:04 PM IST
നന്ദിഗ്രാമിൽ മമത ബാനർജി ലീഡ് നില ഉയർത്തി. 4099 േവാട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
- 2 May 2021 3:56 PM IST
ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ അഭിനന്ദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തമിഴ്നാട്ടിൽ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
- 2 May 2021 3:53 PM IST
തമിഴ്നാട്ടിൽ വിജയാഘോഷം ഒഴിവാക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ. 119 മണ്ഡലങ്ങളിലാണ് ഡി.എം.കെ മുന്നേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.