കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് രണ്ടായി പിളർന്നു; പൈലറ്റടക്കം 18 മരണം
text_fieldsകരിപ്പൂർ: മൂന്നാറിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കേ ഇടിത്തീയായി മറ്റൊരു ദുരന്തം കൂടി. കോരിച്ചൊരിയുന്ന മഴക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. യാത്രക്കാരിൽ 10 കുട്ടികളും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമുണ്ട്.
പൈലറ്റ് ദീപക് ബസന്ത് സാെഠ, സഹ പൈലറ്റ് അഖിലേഷ്, കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35), ബാലുശ്ശേരി കോക്കല്ലൂർ ചേരിക്കാപറമ്പിൽ രാജീവൻ (61), പാലക്കാട് മുഹമ്മദ് റിയാസ് (23), തിരൂർ സഹീർ സഈദ് (38), ഹൈമ (നാല്), കോട്ടൂർ നരയംകുളം കുന്നോത്ത് ജാനകി (55), നാദാപുരം മനാൽ അഹമ്മദ് (25), എടപ്പാൾ ലൈലാബി (51),കോഴിക്കോട് നല്ലളം ശാന്ത, വെള്ളിമാട്കുന്ന് നിജാസിെൻറ ഭാര്യ കക്കാട് മഞ്ചറ സാഹിറബാനു (30), ഇവരുടെ ഒരു വയസ്സുള്ള മകൻ അസം മുഹമ്മദ്, മലപ്പുറം വളാഞ്ചേരി സ്വദേശി സുധീർ വാര്യത്ത് (45) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ 110 പേർ ചികിൽസയിലാണ്.
ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. റൺവേ 10ൽ ലാൻഡ് ചെയ്ത വിമാനം തെന്നിമാറി തറയിട്ടാൽ ഭാഗത്ത് 35 അടി താഴ്ചയിലേക്ക് പതിച്ച് പിളരുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വിമാനത്തിന് തീപിടിക്കാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പൈലറ്റിന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ ടച്ച് ഡൗൺ പോയൻറ് മാറിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റൺവേ പിന്നിട്ട വിമാനം, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) 240 മീറ്ററും കടന്നാണ് വൻ താഴ്ചയിലേക്ക് നിലംപതിച്ചത്.
മുപ്പത് വർഷത്തോളം പ്രവർത്തി പരിചയമുള്ളയാളായിരുന്നു പൈലറ്റ് എന്ന് എയർ ഇന്ത്യ അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ദീപക് വസന്ത് സാദെ അപകടസ്ഥലത്ത് തന്നെ മരിച്ചു. കടുത്ത മഴ കാരണമാണ് അപകടം എന്നാണ് കരുതുന്നത്. വന്ദേഭാരത് മിഷനിലുള്ള സർവീസാണ് അപകടത്തിൽപെട്ടത്.
രണ്ട് പേരുടെ മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആണ്. ആറു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ്. ക്രസൻറ് ആശുപത്രിയിൽ ആണ് ഒരു മൃതദേഹം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ മരിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ, കോഴിക്കോട് മിംസ്, കോഴിക്കോട് മെയ്ത്ര, കൊണ്ടോട്ടി ക്രസൻറ് ആശുപത്രി, റിലീഫ് ആശുപത്രി, മലപ്പുറം എം.ബി.എച്ച്, കോട്ടക്കൽ അൽമാസ് തുടങ്ങിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Live Updates
- 8 Aug 2020 1:08 AM IST
19 പേർ മരിച്ചതായി ഒൗദ്യോഗിക സ്ഥിരീകരണം
വിമാനാപകടത്തിൽ 19 പേർ മരിച്ചതായി കലക്ടർ കെ. ഗോപാലകൃഷ്ണൻ ഔദ്യോഗികമായി അറിയിച്ചു. മന്ത്രി എ.സി. മൊയ്തീനൊപ്പമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. വിമാനത്തിലുണ്ടായിരുന്ന 190 യാത്രക്കാരിൽ 110 പേരെ കോഴിക്കോടുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 11 പേർ മരിച്ചു. 80 പേരെ മലപ്പുറത്തെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ ആറു പേർ മരിച്ചതായാണ് കലക്ടർ സ്ഥിരീകരിച്ചത്.
അതേസമയം, ഇരുപത് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്.
- 7 Aug 2020 11:35 PM IST
വിമാനത്തിലുണ്ടായിരുന്നത് പത്തുകുട്ടികൾ
വിമാനത്തിൽ പത്തു കുട്ടികളുണ്ടായിരുന്നത്. നാലുകുട്ടികൾ നിസാരപരിക്കേറ്റു. പുളിക്കൽ ബി.എം. ആശുപത്രിയിലും കൊണ്ടോട്ടി ആശുപത്രിയിലും ചികിത്സയിലുണ്ട്. ഒന്നരവയസായ ഒരു കുട്ടി മരിച്ചിരുന്നു.
- 7 Aug 2020 11:31 PM IST
ഇഖ്റ ആശുപത്രിയിൽ ചികിത്സയിലുള്ളവർ
ഇഖ്റ ആശുപത്രിയിൽ ചികിത്സയിലുള്ളവർ
അനൂപ് വില്യാപള്ളി, ഹെന്ന പൊന്നാനി(14 വയസ്), മുനീറ പരപ്പനങ്ങാടി, ശ്രീജിത് പൊന്നാനി, ബഷീർ വളാഞ്ചേരി (50 വയസ്)
- 7 Aug 2020 11:28 PM IST
കോഴിക്കോട് കൺട്രോൾ റൂം നമ്പറുകൾ
കോഴിക്കോട് കൺട്രോൾ റൂം നമ്പറുകൾ
0495 2376900, 0495 2376901, 0495 2376902
- 7 Aug 2020 11:23 PM IST
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍
സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് (23) പാലക്കാട്, 45 വയസുള്ള സ്ത്രീ, 55 വയസുള്ള സ്ത്രീ, ഒന്നര വയസുള്ള കുട്ടി
മിംസ് ആശുപത്രിയില്‍ മരിച്ചവര്‍- ദീപക്, അഖിലേഷ്, ഒരാൾ കൂടി ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍ -ഷറഫൂദ്ദീന്‍, രാജീവന്
- 7 Aug 2020 11:08 PM IST
ആശുപത്രി നമ്പറുകൾ
കോഴിക്കോട് മെഡിക്കൽ കോളജ് 8547616121
ബേബി മെമോറിയൽ ആശുപത്രി 9388955466, 8547754909
ആസ്റ്റർ മിംസ് ആശുപത്രി 9447636145, 9846338846
മേയ്ത്ര ആശുപത്രി 9446344326, 9496042881
ബീച്ച് ആശുപത്രി 9846092287, 8547616019
- 7 Aug 2020 11:04 PM IST
കണ്ടയിൻമെൻ്റ് സോണുകളിലുള്ളവർ രക്തം ദാനം ചെയ്യരുത്
കണ്ടയിൻമെൻ്റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ലെന്ന് കലക്ടർ അറിയിച്ചു.
- 7 Aug 2020 11:01 PM IST
ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് ബന്ധുക്കളെ കണ്ടെത്താനായില്ല
അപകടത്തിൽ ഒറ്റപ്പെട്ടു പോയ രണ്ട് കുട്ടികൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.