Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടൗ​ട്ടെ കേരളം വിട്ടു; മണിക്കൂറിൽ 160 കി.മീ വരെ വേഗത​, 20 വരെ മഴ തുടരും; കനത്ത ജാഗ്രത
cancel
Homechevron_rightNewschevron_rightKeralachevron_rightടൗ​ട്ടെ കേരളം വിട്ടു;...

ടൗ​ട്ടെ കേരളം വിട്ടു; മണിക്കൂറിൽ 160 കി.മീ വരെ വേഗത​, 20 വരെ മഴ തുടരും; കനത്ത ജാഗ്രത

text_fields
bookmark_border

ന്യുഡൽഹി/തിരുവനന്തപുരം: കേരളത്തിലും ഗോവയിലും കനത്ത നാശം വിതച്ച്​ നീങ്ങിയ ടൗ​ട്ടെ ചുഴലിക്കാറ്റ്​ ഗുജറാത്തിൽ അതിവേഗത്തിൽ ആഞ്ഞടിക്കാൻ സാധ്യതയെന്ന്​ ദേശീയ ദുരന്ത നിവാരണ സമിതി. മേയ് 18ന് രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്‍റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഐ.എം.ഡി) സമിതിയെ അറിയിച്ചു.

മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റായിട്ടായിരിക്കും ഇത് എത്തുക. ഇതിനോടനുബന്ധിച്ച് ഗുജറാത്തിലെ തീരദേശ ജില്ലകളില്‍ കനത്ത മഴും കൊടുങ്കാറ്റും ഉണ്ടായേക്കും. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി സംസ്​ഥാനത്ത്​ അതിശക്തമായ മഴ തുടരും. അതീവ ജാഗ്രത തുടരണമെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തിയ തയാറെടുപ്പുകള്‍ ഇന്ന്​ ചേർന്ന ദുരന്ത നിവാരണ സമിതി യോഗം അവലോകനം ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബേ അധ്യക്ഷത വഹിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ്, ദാദ്രാ -നാഗര്‍ഹവേലി, ദാമന്‍ -ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്​ഥരും ആഭ്യന്തര, ഊര്‍ജ്ജ, ഷിപ്പിംഗ്, ടെലികോം, വ്യോമയാന, ഫിഷറീസ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, എന്‍.ഡി.എം.എ മെമ്പര്‍ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാര്‍ സമിതിയെ അറിയിച്ചു. 79 എന്‍.ഡി.ആര്‍.എഫ് ടീമുകളെ ഇവിടങ്ങളിൽ നിയോഗിച്ചു. 22 ടീമുകളെ സന്നദ്ധരാക്കി നിര്‍ത്തിയിട്ടുണ്ട്. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമൊപ്പം കര-നാവിക-തീരസംരക്ഷണ സേനകളുടെ രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ സ്‌റ്റോക്കുകള്‍ ഒരുക്കുകയും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ അവശ്യ സേവനങ്ങള്‍ പരിപാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിയതായും യോഗത്തെ അറിയിച്ചു.

അതേസമയം, സംസ്​ഥാനത്ത്​ ഞായറാഴ്​ചയും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മേയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്​, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം മൂലം അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ നാലു​പേരാണ്​ മരിച്ചത്​. നിരവധി വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്​തു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article

Live Updates

  • 16 May 2021 6:28 PM IST

    ഇടി മിന്നലിന്​ സാധ്യത; മുൻകരുതൽ വേണം

    മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

    ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

    ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടർന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ട്​.

    ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

    ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

    ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. വയറു​പയോഗിച്ച്​ ബന്ധിപ്പിച്ച ഫോണുകൾ ഉപയോഗിക്കുന്നത്​ അപകടകരമാണ്​.

    കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

    ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

    ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

    മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

    ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ വൈദ്യുതി സഞ്ചരിച്ചേക്കാം.

    ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

    ഇടിമിന്നലിന്​ സാധ്യതയുള്ളപ്പോൾ പട്ടം പറത്തുന്നത് ഒഴിവാക്കുക.

    ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

    വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

    അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താ​െണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

    ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

    മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

  • 16 May 2021 5:50 PM IST

    മേയ്​ 20 വരെ കേരളത്തിൽ മഴ തുടരും; വ്യത്യസ്​ത ജില്ലകളിൽ വ്യത്യസ്​ത ദിവസങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്​

    മേയ്​ 20 വരെ കേരളത്തിൽ മഴ തുടരുമെന്ന്​ കേന്ദ്ര കാലാവസ്​ഥാ വകുപ്പ്​. വ്യത്യസ്​ത ജില്ലകളിൽ വ്യത്യസ്​ത ദിവസങ്ങളിലാണ്​ കനത്ത മഴക്ക്​ സാധ്യതയുള്ളത്​. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിൽ ഇന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക്​ സാധ്യതയുണ്ട്​. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

    ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ ജില്ലകളിൽ 64.5 എം.എം മുതൽ 115 എം.എം വരെയുള്ള മഴക്ക് സാധ്യതയുണ്ട്​.

    കേന്ദ്ര കാലാവസ്​ഥാ വകുപ്പ്​ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ച തിയതികളും ജില്ലകളും:

    2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

    2021 മെയ് 17 : കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്​

    2021 മെയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർകോട്​.

    2021 മെയ് 19 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

    2021 മെയ് 20 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

    കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 

  • 16 May 2021 5:30 PM IST

    എട്ട്​ ജില്ലകളിൽ കനത്ത മഴക്ക്​ സാധ്യത

    ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്‍റെ സ്വാധീനം മൂലം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലിനിൽക്കുന്നുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ വീണ്ടും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണം.

    എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ  ജില്ലകളിൽ ഇന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക്​ സാധ്യതയുണ്ട്​. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

  • 16 May 2021 4:47 PM IST

    മഴക്കെടുതി: വയനാട്ടിൽ കാര്‍ഷിക മേഖലയില്‍ 13.08 കോടി രൂപയുടെ നഷ്ടം

    കൽപറ്റ: വയനാട് ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കാർഷിക മേഖലയിൽ 13.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. പ്രകൃതി ക്ഷോഭത്തില്‍ മെയ് 10 മുതല്‍ 15 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടമാണ് കൃഷിവകുപ്പ് തിട്ടപ്പെടുത്തിയത്. 6749 കര്‍ഷകര്‍ക്കാണ് സാരമായ നഷ്ടങ്ങള്‍ സംഭവിച്ചത്.

    2,34,500 കുലച്ച വാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലം പൊത്തി. 3090 വാഴകര്‍ഷകരെയാണ് ബാധിച്ചത്. 14000 കാപ്പിചെടികളും നശിച്ചു. 5180 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികളും 7362 കവുങ്ങുകളും ,1155 തെങ്ങുകള്‍ക്കും നാശം സംഭവിച്ചു. ഇഞ്ചി (123 ഹെക്ടര്‍), മരച്ചീനി (120 ഹെക്ടര്‍), പച്ചക്കറികള്‍ (16 ഹെക്ര്‍) മഞ്ഞള്‍ (0.8 ഹെക്ടര്‍), ഏലം (4.2 ഹെക്ടര്‍), തേയില (5.6 ഹെക്ടര്‍) എന്നിങ്ങനെയാണ് നാശനഷ്ടങ്ങള്‍. കൃഷിഭവന്‍ അടിസ്ഥാനത്തില്‍ കുടൂതല്‍ കണക്കുകള്‍ ശേഖരിച്ചുവരികയാണ്.

  • 16 May 2021 2:01 PM IST

    മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു

    മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തും.

    നാഗമ്പടം ഭാഗത്ത് കഴിഞ്ഞ രണ്ട് മണിക്കൂർ കൊണ്ട് 3 സെൻ്റി.മീറ്റർ ജലനിരപ്പ് ഉയർന്നു.

    കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, വെട്ടിക്കാട്, അംബേദ്ക്കർ കോളനി, പാലാത്ര, പരിപ്പ്, ഒളശ്ശ തുടങ്ങിയ മേഖലകളിൽ കെടുതികൾ രൂക്ഷം.

  • 16 May 2021 11:52 AM IST

    ബേപ്പൂരിൽ നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി

    കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലിൽ കുടുങ്ങിയിട്ടുമുണ്ട്. തിരച്ചിലിന് കോസ്റ്റ് ഗാർഡിന്‍റെ സഹായം തേടി. 

  • 16 May 2021 11:42 AM IST

    കോട്ടയം ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ

    കോട്ടയം ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 46 കുടുംബങ്ങളിലെ 151 പേരാണ് ക്യാമ്പുകളിലുള്ളത്. 

  • 16 May 2021 11:40 AM IST

    കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു

    കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു

    ജില്ലയിൽ ഒരു ദുരിതാശ്വാസക്യാമ്പും ആരംഭിച്ചിട്ടില്ല.

    മഞ്ചേശ്വരം താലൂക്കിൽ രണ്ട് വീടുകൾ

    പൂർണ്ണമായും നാല് വീടുകൾ

    ഭാഗികമായും തകർന്നു.

    ഷിരിയ വില്ലേജിലെ ഷിറിയകടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.

    കാസറഗോഡ് ഗ്രാമത്തിലെ കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.

    വെള്ളരികുണ്ട് താലൂക്കിൽ ഒരു വീട് ഭാഗീകമായി തകർന്നു.

    കെ.വി. കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ ചേരുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു

    ഹോസ്ദുർഗ് താലൂക്കിൽ ഒരു വീട് പൂർണ്ണമായും അഞ്ച് വീട് ഭാഗികമായും തകർന്നു.

    കനത്ത മഴയും കടൽക്ഷോഭവും കാരണം 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ വലിയപറമ്പ ഗ്രാമത്തിലെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.

    ബാരെ ഗ്രാമത്തിൽ 2 പേർക്ക് പരിക്കേറ്റു

  • 16 May 2021 11:31 AM IST

    ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി

    മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm), കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 16 മെയ് 2021 ന് രാവിലെ 05.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 15.0° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 130 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 450 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 700 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 840 കിമീ തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

    അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

    കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

    ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

    ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

    *അവലംബം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -15 *

  • 16 May 2021 11:27 AM IST

    തിരുവനന്തപുരം വെട്ടുകാട് പള്ളിയുടെ ചുറ്റുമതിൽ തകർന്നു

    കടലാക്രമണത്തിൽ തിരുവനന്തപുരം വെട്ടുകാട് പള്ളിയുടെ പരിസരത്തെ ചുറ്റുമതിൽ തകർന്നു. പ്രദേശത്ത്​ നിരവധി വീടുകൾ അപകടാവസ്​ഥയിലാണ്​.


Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy Raintauktae cyclone
News Summary - Heavy Rain In kerala tauktae cyclone Updats
Next Story