ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് അഞ്ച് മരണം; ഇടുക്കിയിൽ ഏഴ് പേർ മണ്ണിനടിയിൽ; കൂട്ടിക്കലിൽ തെരച്ചിൽ തുടരുന്നു
text_fieldsകനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. അഞ്ച് പേർ മരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഇടങ്ങളിൽ ഉരുൾ പൊട്ടി.കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കുടുംബത്തിലെ ആറുപേർ ഒലിച്ചുപോയി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഇടുക്കി കൊക്കയാർ പഞ്ചായത്തിൽ മൂന്നിടത്ത് ഉരുള്‍പൊട്ടി കുട്ടികളടക്കം ഏഴ് പേരെ കാണാതായി.
കോട്ടയം കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി. ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. പ്ലാപ്പള്ളി ഉരുൾ ദുരന്തത്തിൽ വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (65), മകൻ മാർട്ടിെൻറ ഭാര്യ സിനി(35), മകൾ സോന (11) എന്നിവരാണ് മരിച്ചത്. പ്ലാപ്പള്ളിയിൽ നാല്, കാവാലിയിൽ മൂന്ന്, കൊക്കയാറിൽ ഒന്ന്, നാരകംപുഴ മാെകാച്ചിയിൽ ആറ് എന്നിങ്ങനെ 14 പേരെ കാണാതായി. തൊടുപുഴ കാഞ്ഞാർ-മണപ്പാടി റോഡിൽ തോട്ടിൽ കാർ ഒഴുക്കിൽപെട്ട് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. മണിമലയാർ കരകവിഞ്ഞൊഴുകി കല്ലേപാലത്തിെൻറ കരയിലെ രണ്ട് വീടും പുത്തൻചന്തയിലെ നാലുകടയും ഒലിച്ചുപോയി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി.
യാത്രികരെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നിർത്തിയിട്ട സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിനിറങ്ങി. മലയോര മേഖലകളിൽ യാത്രവിലക്ക് ഏർപ്പെടുത്തി. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദമാണ് പ്രളയസമാന അന്തരീക്ഷത്തിലെത്തിച്ചത്.
തെക്കൻ, മധ്യകേരളത്തിലെ പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങൾ ഉണ്ടായതോടെ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകൾ നിറഞ്ഞതോടെ മുൻകരുതലിെൻറ ഭാഗമായി മൂഴിയാർ, ശിരുവാണി, മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ടു. കല്ലാർകുട്ടി, കുണ്ടള, ഷോളയാർ, കക്കി ഡാമുകൾ റെഡ് അലർട്ടിലാണ്. തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിെൻറ ചുമരിടിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കുള്ളിൽ ന്യൂനമർദം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാലദ്വീപ്, കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. തൃശൂർ പുത്തൂരിന് സമീപം മരോട്ടിച്ചാലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലിൽ പൊള്ളലേറ്റു.
19 പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം ഒക്ടോബർ 20വരെ നീട്ടി. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കട്ടപ്പന ചപ്പാത്ത് പാലം മുങ്ങി. ദേശീയപാത 183ൽ പുല്ലുപാറയിലും തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ തുമ്പിച്ചിയിലും ഉരുൾപൊട്ടി.
Live Updates
- 16 Oct 2021 9:06 PM IST
താമരശ്ശേരി ചുരത്തിൽ വൈകീട്ട് ഏഴു മണിയോടെയാണ് ഒൻപതാം വളവിനു താഴെ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഒറ്റ വരിയായാണ് വാഹനം കടത്തി വിട്ടിരുന്നത്. ഇതിനടുത്ത് തന്നെ തകരപ്പാടിയിൽ എട്ടു മണിയോടെ റോഡിനു കുറുകെ മരം വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കൽപ്പറ്റ അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. അടിവാരം പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ഗതാഗതം നിയന്ത്രിച്ചു.
- 16 Oct 2021 9:05 PM IST
കണ്ണൂരിലും കനത്ത മഴ
കണ്ണൂരിലെ മലയോര മേഖലയിലടക്കം ശനിയാഴ്ച ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ കനത്തമഴയാണ്. തീരദേശങ്ങളിൽ ചിലയിടങ്ങളിൽ രാത്രി മഴ ശക്തിപ്രാപിച്ചു. മലയോരത്ത് ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കാൻ നിർദേശമുണ്ട്.
കണ്ണവം വനത്തിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾപൊട്ടി പുഴയിൽ വെള്ളപ്പൊക്കമനുഭവപ്പെട്ടു. ചെമ്പുക്കാവിനു സമീപം പുഴ റോഡിലൂടെ ഗതിമാറി ഒഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും തടസപ്പെട്ടു. ഞായറാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- 16 Oct 2021 9:05 PM IST
വടക്കൻ കേരളത്തിലും മഴ കനക്കുന്നു
വൈത്തിരി/കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ കനക്കുന്നു. മഴ മാറിനിന്ന പകലിന് ശേഷം വൈകീട്ടോടെയാണ് പെയ്ത്ത് തുടങ്ങിയത്. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി മേഖലകളിലും ഇടിമിന്നലോടെയുള്ള കനത്ത മഴയാണ്. താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞു.
- 16 Oct 2021 7:46 PM IST
പീരുമേട്ടിൽ ആറിടത്ത് മണ്ണിടിച്ചിൽ
ദേശീയപാത 183ൽ പുല്ലുപാറക്കും പെരുവന്താനത്തിനുമിടക്ക് മണ്ണിടിച്ചിൽ ഉണ്ടായത് ആറ് സ്ഥലത്ത്. ശനിയാഴ്ച രാവിലെ 9.30 മുതലാണ് മണ്ണിടിഞ്ഞത്. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ വാഹനങ്ങൾ കൂട്ടത്തോടെ കുട്ടിക്കാനം ടൗണിൽ തമ്പടിച്ചു. ബസുകളും ഇവിടെ സർവിസ് അവസാനിപ്പിച്ചതോടെ യാത്രക്കാരും കുടുങ്ങി.
വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന കുമളി ഭാഗത്തേക്കുള്ള യാത്രക്കാരെ വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ കൊണ്ടുപോകാനും ധാരണയായി. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടത്തിവിട്ടിട്ടില്ല.
- 16 Oct 2021 6:54 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ തോതിൽ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടി.
തീവ്ര മഴയെ തുടർന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.
- 16 Oct 2021 5:05 PM IST
ഉരുൾപൊട്ടലിൽ മൂന്ന് മരണം
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാർ. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്.
- 16 Oct 2021 4:36 PM IST
തൃശൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തൃശൂർ: ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ അഞ്ച് കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ.പി സ്കൂളിൽ രണ്ട് കുടുംബങ്ങളിലെ നാല് പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്.
- 16 Oct 2021 4:29 PM IST
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ചിടത്ത് റെഡ് അലർട്ട്
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടിടത്ത് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴ തുടരുകയാണ്.
റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലർട്ട്
കണ്ണൂർ, കാസർകോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.