ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് അഞ്ച് മരണം; ഇടുക്കിയിൽ ഏഴ് പേർ മണ്ണിനടിയിൽ; കൂട്ടിക്കലിൽ തെരച്ചിൽ തുടരുന്നു
text_fieldsകനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. അഞ്ച് പേർ മരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഇടങ്ങളിൽ ഉരുൾ പൊട്ടി.കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കുടുംബത്തിലെ ആറുപേർ ഒലിച്ചുപോയി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഇടുക്കി കൊക്കയാർ പഞ്ചായത്തിൽ മൂന്നിടത്ത് ഉരുള്‍പൊട്ടി കുട്ടികളടക്കം ഏഴ് പേരെ കാണാതായി.
കോട്ടയം കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി. ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. പ്ലാപ്പള്ളി ഉരുൾ ദുരന്തത്തിൽ വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (65), മകൻ മാർട്ടിെൻറ ഭാര്യ സിനി(35), മകൾ സോന (11) എന്നിവരാണ് മരിച്ചത്. പ്ലാപ്പള്ളിയിൽ നാല്, കാവാലിയിൽ മൂന്ന്, കൊക്കയാറിൽ ഒന്ന്, നാരകംപുഴ മാെകാച്ചിയിൽ ആറ് എന്നിങ്ങനെ 14 പേരെ കാണാതായി. തൊടുപുഴ കാഞ്ഞാർ-മണപ്പാടി റോഡിൽ തോട്ടിൽ കാർ ഒഴുക്കിൽപെട്ട് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. മണിമലയാർ കരകവിഞ്ഞൊഴുകി കല്ലേപാലത്തിെൻറ കരയിലെ രണ്ട് വീടും പുത്തൻചന്തയിലെ നാലുകടയും ഒലിച്ചുപോയി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി.
യാത്രികരെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നിർത്തിയിട്ട സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിനിറങ്ങി. മലയോര മേഖലകളിൽ യാത്രവിലക്ക് ഏർപ്പെടുത്തി. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദമാണ് പ്രളയസമാന അന്തരീക്ഷത്തിലെത്തിച്ചത്.
തെക്കൻ, മധ്യകേരളത്തിലെ പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങൾ ഉണ്ടായതോടെ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകൾ നിറഞ്ഞതോടെ മുൻകരുതലിെൻറ ഭാഗമായി മൂഴിയാർ, ശിരുവാണി, മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ടു. കല്ലാർകുട്ടി, കുണ്ടള, ഷോളയാർ, കക്കി ഡാമുകൾ റെഡ് അലർട്ടിലാണ്. തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിെൻറ ചുമരിടിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കുള്ളിൽ ന്യൂനമർദം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാലദ്വീപ്, കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. തൃശൂർ പുത്തൂരിന് സമീപം മരോട്ടിച്ചാലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലിൽ പൊള്ളലേറ്റു.
19 പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം ഒക്ടോബർ 20വരെ നീട്ടി. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കട്ടപ്പന ചപ്പാത്ത് പാലം മുങ്ങി. ദേശീയപാത 183ൽ പുല്ലുപാറയിലും തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ തുമ്പിച്ചിയിലും ഉരുൾപൊട്ടി.
Live Updates
- 16 Oct 2021 3:09 PM IST
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം തുറക്കും
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും.പീച്ചി ഡാമിന്റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും
- 16 Oct 2021 2:54 PM IST
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് പെൺകുട്ടി മരിച്ചു
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.
- 16 Oct 2021 2:52 PM IST
ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചുപോയി
- 16 Oct 2021 2:36 PM IST
മലമ്പുഴ ഡാം തുറന്നു.
മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. 5 സെന്റിമീറ്റർ ആണ് ഉയർത്തിയത്. 115 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.