വൈദ്യശാസ്‌ത്രത്തിന് മുന്നിൽ കാൻസർ അടിയറവ് പറയുന്നു. കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ
text_fieldsഅടുത്തകാലം വരെ മനുഷ്യരാശിക്ക് മുന്നിൽ അതിശക്തമായ വെല്ലുവിളി ഉയർത്തുകയും മാറാരോഗം എന്ന ഗണത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്ന കാൻസർ അഥവാ അർബുദം വൈദ്യശാസ്‌ത്ര മുന്നേറ്റത്തിനു മുന്നിൽ അടിയറവ് പറഞ്ഞുതുടങ്ങിയതിന്‍റെ സൂചനകളാണ് ഇപ്പോൾ ഉയർന്നുകാണുന്നത്.
ഏതാനും വർഷമായി കാൻസർ ചികിത്സാ രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കാൻസർ ചികിത്സാ രീതികളെ മാറ്റിമറിക്കുന്ന ഫലങ്ങളാണ് വിവിധ ഗവേഷണകേന്ദ്രങ്ങളിൽനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
വിപ്ലവമാകുന്ന നിർമിതബുദ്ധി
ചികിത്സാരംഗത്തെ ഗവേഷണങ്ങൾക്ക് സമാന്തരമായിത്തന്നെ രോഗികൾക്ക് കൂടുതൽ ഫലങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും നൽകാൻ ലക്ഷ്യമിട്ടുള്ള മറ്റു ഗവേഷണങ്ങൾ അവസാനഘട്ടത്തിലുമാണ്. നിർമിതബുദ്ധിയുടെ (Artificial Intelligence) വരവോടെ ഈ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമാണ് നടക്കുന്നത്.
മറ്റേതൊരു രോഗത്തെയും പോലെ തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കുക എന്നത് കാൻസറിന്‍റെ കാര്യത്തിലും പ്രധാനമാണ്.
നിലവിലുള്ള സംവിധാനങ്ങളുടെ സഹായത്തോടെ നേരത്തേയുള്ള പരിശോധനയിലൂടെ ശരീരത്തിലെ ആറ് അവയവങ്ങളിലെ കാൻസർ സെല്ലുകളെ കണ്ടെത്താൻ മാത്രമേ കഴിയൂ. ബാക്കി വരുന്ന വലിയൊരു ശതമാനം കാൻസറുകളും ശരീരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയപ്പെടുന്നത്.
അപ്പോഴേക്കും പലരിലും രോഗം നിയന്ത്രണാതീതമാവുകയോ ചികിത്സിച്ച് പൂർണമായി സുഖപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലെത്തുകയോ ചെയ്യും. ഈ സാഹചര്യത്തിലാണ് നിർമിതബുദ്ധിയുടെ പ്രസക്തി ഏറിവരുന്നത്.
പാരമ്പര്യം പോലുള്ള കാൻസർ സാധ്യതയുള്ള വ്യക്തികൾക്ക് വളരെ നേരത്തേതന്നെ ശരീരം മുഴുവൻ സ്കാൻ ചെയ്ത് രോഗസാധ്യത കണ്ടെത്താനുള്ള ഗവേഷണങ്ങൾ അടുത്തുതന്നെ യാഥാർഥ‍്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ര (Ezra) എന്ന സ്റ്റാർട്ടപ്പാണ് ഇതിനുള്ള എ.ഐ അധിഷ്ഠിത സ്കാനിങ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനത്തോളം കാൻസറുകളും ഭേദമാക്കാൻ കഴിയുമെന്നിരിക്കെ ഈ കണ്ടെത്തൽ ഒരു നാഴികക്കല്ലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കാൻ കഴിയുന്നതോടെ ആഗോളതലത്തിൽ കാൻസർ മരണനിരക്ക് ഗണ്യമായി കുറക്കാനാകും.
ഒറ്റത്തവണ സ്കാനിങ്
എ.ഐ സഹായത്തോടെ ഒറ്റത്തവണ മാത്രം നടത്തുന്ന സ്കാനിങ്ങിൽനിന്ന്, നിലവിലെ എം.ആർ.ഐ സ്കാനറിൽനിന്ന് ലഭിക്കുന്നതിനേക്കാൾ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കും. കൂടാതെ, പരിശോധന സമയവും ചെലവും പകുതിയായി കുറയുകയും ശരീരം മുഴുവൻ പരിശോധനക്ക് വിധേയമാക്കാനുമാകും. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അതും നേരത്തേ കണ്ടെത്താൻ കഴിയും.
അമേരിക്കയിലെ കേംബ്രിജിൽ പ്രവർത്തിക്കുന്ന മസാചുസറ്റ്സ് ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ടെക്നോളജിയിലെ (Massachusetts Institute of Technology -MIT) ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസ് ലബോറട്ടറിയാണ് കാൻസർ നേരത്തേ കണ്ടെത്താനുള്ള മറ്റൊരു സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. എം.ഐ.ടിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് പ്രഫസറും സ്തനാർബുദത്തെ അതിജീവിച്ച വ്യക്തിയുമായ റജീന ബാർസിലേയുടെ നേതൃത്വത്തിൽ അടുത്തിടെ നടന്ന ഗവേഷണങ്ങളുടെ ഫലമായി ഒരു സ്ത്രീക്ക് സ്തനാര്‍ബുദ സാധ്യത നാലുവര്‍ഷം മുമ്പേ കണ്ടെത്താനായിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന മസാചുസറ്റ്സ് ജനറൽ ആശുപത്രിയിലെ 90,000ത്തോളം മാമോഗ്രാം (സ്തന സ്കാനിങ്) വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത് സാധ്യമാക്കിയത്.
കൂടുതൽ ഫലപ്രദമായ പുതിയതരം ചികിത്സകളിലും പരിശോധനാ സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ലോകമെമ്പാടുമുള്ള കാൻസർ ഗവേഷണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ‘നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്’, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാൻസർ റിസർച് യു.കെ’ പോലുള്ള വൻകിട സ്ഥാപനങ്ങളാണ് നിലവിൽ ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നത്.
പിന്നിലല്ല, ഇന്ത്യയും കേരളവും
ഇന്ത്യയും പ്രത്യേകിച്ച് കേരളവും ഇൗ രംഗത്ത് പിറകിലല്ല. തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്‍റർ അടുത്തിടെ വികസിപ്പിച്ച ‘ഓട്ടോമേറ്റഡ് സെർവി സ്‌കാൻ’ ഇതിനൊരു ഉദാഹരണമാണ്. നിർമിതബുദ്ധി ഉപയോഗിച്ച് ഗർഭാശയഗള കാൻസർ (Cervical cancer) പ്രാരംഭ ദശയിൽത്തന്നെ നിർണയിക്കുന്ന ‘ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനാ’ണിത്.
കൂടാതെ ആർ.സി.സിയിലെയും തലശ്ശേരി മലബാർ കാൻസർ സെന്‍ററിലെയും ഡിജിറ്റൽ പാത്തോളജിയെ മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയർത്തുകയും രണ്ടിടത്തും റോബോട്ടിക് സർജറി സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന ചികിത്സകൾ
വൈദ്യശാസ്ത്രരംഗത്തെ പുരോഗതിക്കനുസരിച്ച് വളരെ വേഗത്തിലുള്ള മാറ്റങ്ങളാണ് കാൻസർ ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്. എല്ലാതരം ചികിത്സകളും ലക്ഷ്യമിടുന്നത് കാൻസർ കോശങ്ങളെ നീക്കം ചെയ്യാനോ നശിപ്പിക്കാനോ ഉള്ള പ്രവർത്തനങ്ങളാണ്.
കാൻസർ മുഴകൾ (Tumors) നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ, കാൻസർ കോശങ്ങളെ ലക്ഷ്യമിടാനും നശിപ്പിക്കാനുമുള്ള റേഡിയേഷൻ തെറപ്പി, കാൻസർ കോശങ്ങളുടെ വളർച്ച നശിപ്പിക്കാനോ തടയാനോ ഉള്ള മരുന്നുകൾ ഉപയോഗിക്കുന്ന കീമോതെറപ്പി എന്നിവയാണ് സാധാരണ ചികിത്സകളിൽ ഉൾപ്പെടുന്നത്. ഇവ കൂടാതെ കൃത്യത വർധിപ്പിക്കാനും പാർശ്വഫലങ്ങൾ കുറക്കാനുമായി ഇമ്യൂണോതെറപ്പി, ടാർഗെറ്റഡ് തെറപ്പി തുടങ്ങിയ ആധുനിക രീതികളും ഉപയോഗിച്ചുവരുന്നു.
ഒരു വ്യക്തിയിൽ രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ഏതുതരം ചികിത്സയാണ് വേണ്ടതെന്ന് കാൻസറിന്‍റെ സ്വഭാവം, രോഗത്തിന്‍റെ ഘട്ടം (Stage), ശരീരത്തിലെ സ്ഥാനം എന്നിവക്ക് പുറമെ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യവും പരിഗണിച്ച് വിദഗ്ധ ഡോക്ടർമാരാണ് തീരുമാനിക്കുക. പലപ്പോഴും കൂടുതൽ ഫലം ലഭിക്കാൻ ഒന്നിലധികം ചികിത്സകൾ സംയോജിപ്പിച്ചും നടത്താറുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.