Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightഉയർന്ന പ്രീമിയം...

ഉയർന്ന പ്രീമിയം പേടിച്ച് ഇൻഷുറൻസ് എടുക്കാതിരിക്കരുത്. അറിയാം, ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

text_fields
bookmark_border
ഉയർന്ന പ്രീമിയം പേടിച്ച് ഇൻഷുറൻസ് എടുക്കാതിരിക്കരുത്. അറിയാം, ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
cancel

ദൈനംദിന ജീവിതത്തിലെ വരവും ചെലവും എണ്ണിത്തിട്ടപ്പെടുത്തി ജീവിക്കുന്ന ഏതൊരു സാധാരണക്കാരന്‍റെയും ആശങ്കയാണ് ആശുപത്രി ചെലവുകൾ. അപ്രതീക്ഷിതമായി അപകടമോ രോഗമോ സംഭവിച്ചാൽ ജീവിതമാകെ തകിടംമറിയും.

ചികിത്സാ ചെലവുകൾ ഇത്രയേറെ ഉയർന്ന ഈ നാളുകളിൽ അതുകൊണ്ടുതന്നെ ഏറ്റവും ആവശ്യമാണ് ആരോഗ്യ ഇൻഷുറൻസ്. അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് പിടിവള്ളിയായി കൂടെക്കൂട്ടേണ്ട ഒന്നായി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ മാറിയിട്ടുണ്ട്.

എന്നാൽ, ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്ന് എന്നും വിചാരിക്കും, എങ്കിലും പ്രീമിയമായി വലിയൊരു തുക അടക്കേണ്ടിവരുമല്ലോ എന്ന ചിന്തയിൽ പദ്ധതി മാറ്റിവെക്കും. നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണിത്. പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്.

പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന കാര്യമായ ചികിത്സാ ചെലവുകൾ സാധാരണ കുടുംബത്തിന്‍റെ നിലനിൽപുതന്നെ അവതാളത്തിലാക്കും. അത് മനസ്സിലാക്കുമ്പോഴാണ് ഇൻഷുറൻസ് ഒഴിവാക്കാൻ പറ്റാതെ വരുക.

മെഡിക്ലെയിം പോളിസിയിലേക്ക് മാസംതോറും അല്ലെങ്കിൽ ത്രിമാസമായി തുക അടക്കാനുള്ള ഓപ്ഷൻ ഇപ്പോഴുണ്ട്. വർഷത്തിൽ ഒരിക്കൽ ഭാരിച്ച തുക ഒരുമിച്ചു അടക്കേണ്ടിവരുന്നതിന്‍റെ ബാധ്യതയിൽനിന്ന് ഇതിലൂടെ ഒഴിവാകാം. കോവിഡ് കാലത്താണ് ഇന്ത്യൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഇത്തരം ചട്ട ഭേദഗതി വരുത്തിയത്.

ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും പ്രാപ്യവും താങ്ങാവുന്നതും ആക്കുകയാണ് ഇതിലൂടെ. വാർഷിക ഇൻഷുറൻസ് പ്രീമിയം അടക്കുന്നതുപോലുള്ള നികുതി ഇളവുകൾ ഇ.എം.ഐ ഇൻഷുറൻസ് അടവുകൾക്കും ലഭിക്കും.


പ്രീമിയം കണക്കാക്കുന്നത് ഇങ്ങനെ

ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നത് വ്യത്യസ്‌ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇൻഷുർ ചെയ്യുന്ന തുക, ഇൻഷുറൻസ് പ്ലാൻ, പോളിസി കവറേജ്, കുടുംബാംഗങ്ങളുടെ എണ്ണം, അവരുടെ വയസ്സ്, താമസിക്കുന്ന മേഖല എന്നിവയാണ് അതിനായി പരിഗണിക്കുക. ഇ.എം.ഐ ആയി ഇൻഷുറൻസ് എടുക്കുമ്പോൾ മാസം അടക്കേണ്ടിവരുന്ന ഏകദേശ തുക ഇപ്രകാരമാണ്. ഓരോ ഇൻഷുറൻസ് കമ്പനികളെ ആശ്രയിച്ച് തുകയിൽ മാറ്റം വരാം.

ഇൻഷുർ തുക, ഇൻഷുർ ചെയ്ത അംഗങ്ങൾ, ഇ.എം.ഐ എന്നീ ക്രമത്തിൽ:

● മൂന്ന് ലക്ഷം -ഒരാൾ -445 രൂപ

● അഞ്ചു ലക്ഷം -ഒരാളും പങ്കാളിയും - 852 രൂപ

● ഏഴര ലക്ഷം -ഒരാളും പങ്കാളിയും ഒരു കുട്ടിയും -1170 രൂപ

● പത്തു ലക്ഷം -ഒരാളും പങ്കാളിയും രണ്ടു കുട്ടികളും -1462 രൂപ

മാസം തോറും പ്രീമിയം അടച്ചുകൊണ്ടിരിക്കുന്നതിനിടെ ആറുമാസത്തിനിടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടി വന്നാലും ഇൻഷുറൻസിന് അർഹതയുണ്ട്. ചിലപ്പോൾ ഇൻഷുറൻസ് കമ്പനി ആ വർഷത്തിൽ ബാക്കിയുള്ള പ്രീമിയം അടവ് തുക ക്ലെയിം തുകയിൽനിന്ന് പിടിക്കാൻ സാധ്യതയുണ്ട്. നിലവിൽ വാർഷികമായി പ്രീമിയം അടക്കുന്നവർക്ക് പോളിസി പുതുക്കുമ്പോൾ അടവ് ഇ.എം.ഐ ആയി മാറ്റാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ ചില കമ്പനികൾ പ്രീമിയം തുക അൽപം ഉയർത്താറുണ്ട്.


അറിയണം, ഇൻഷുറൻസ് സംവിധാനം

ആരോഗ്യ ഇൻഷുറൻസ് എടുക്കുക എന്നത് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കമ്പനിയും ഉപഭോക്താവും മാത്രം ഉൾപ്പെടുന്ന കരാർ അല്ല. ഇതിനിടയിൽ പലതരത്തിൽ ഇടപെടുന്ന മറ്റു പങ്കാളികളുണ്ട്. ഇൻഷുറൻസ് ക്ലെയിം കൈകാര്യം ചെയ്യുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ, മെഡിക്കൽ സേവനം നൽകുന്ന ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്‍ററുകൾ എന്നിവക്കെല്ലാം ഇടയിൽ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക സേവന ദാതാവ് എന്നിവയെല്ലാം ഇൻഷുറൻസ് പ്രക്രിയയിൽ ഉൾപ്പെടുന്നു. ഇവയുടെയെല്ലാം കാര്യക്ഷമത പരിശോധിച്ചുവേണം ഏതു കമ്പനിയുടെ ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് തീരുമാനിക്കാൻ.

നമ്മൾ താമസിക്കുന്ന സ്ഥലത്തുനിന്ന് എത്തിപ്പെടാവുന്ന ചുറ്റളവിൽ പ്രവർത്തിക്കുന്ന മികച്ച ആശുപത്രികൾ ഇൻഷുറൻസ് കമ്പനിയുമായി സഹകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി നോക്കേണ്ടത്. ഓരോ വർഷവും ഇൻഷുറൻസ് കമ്പനികൾ തങ്ങൾക്ക് ടൈഅപ് ഉള്ള ആശുപത്രികളുടെ ലിസ്റ്റ് പുതുക്കാറുണ്ട്.

പോളിസികൾ പലതരം

വ്യത്യസ്ത സ്വഭാവത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. വ്യക്തിഗത പോളിസി, ഗ്രൂപ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ, ഫാമിലി ഫ്ലോട്ടർ മെഡിക്ലെയിം പദ്ധതികൾ, ഗ്രൂപ് ഫ്ലോട്ടർ പദ്ധതികൾ, ക്രിട്ടിക്കൽ ഇൽനെസ് ടോപ് അപ് പോളിസികൾ എന്നിങ്ങനെയുള്ള വ്യത്യസ്ത പോളിസികൾ മനസ്സിലാക്കണം.

ഒരു കമ്പനിയുടെ പോളിസി എടുക്കുംമുമ്പ് എത്രമാത്രം ക്ലെയിം ഒരു വർഷം എടുക്കാമെന്ന് ഏജന്‍റിനോട് ചോദിച്ചറിയണം. ഐ.ആർ.ഡി.എ.ഐയുടെ നിലവിലെ കണക്ക് അനുസരിച്ച് ഇൻഷുറൻസ് ക്ലെയിം ചെയ്യപ്പെടേണ്ടിവരുന്ന ഇൻസിഡൻസ് അനുപാതം 4.2 ശതമാനമാണ്. ഒരു കുടുംബത്തിൽനിന്ന് ഓരോ എട്ടു മുതൽ 12 വർഷം കൂടുമ്പോൾ ഒരു ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യപ്പെടുന്നുണ്ട്.

ഒരൊറ്റ പോളിസിക്കുകീഴിൽ മുഴുവൻ കുടുംബത്തിനും ഇൻഷുറൻസ് കവറേജ് വാഗ്ദാനം നൽകുന്നതാണ് ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ. കുടുംബത്തിലെ ഓരോരുത്തർക്കും വ്യക്തിഗത പോളിസി എടുക്കുന്നതിനേക്കാൾ ചെലവ് കുറയും ഇതിലൂടെ. എന്നാൽ, ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ എടുക്കുമ്പോൾ കുടുംബാംഗങ്ങളുടെ പ്രായവും ആരോഗ്യ നിലയും പരിഗണിക്കുക. ഈ പ്ലാനുകൾ കൂടുതൽ ഗുണകരമാവുക പ്രായം കുറഞ്ഞവർ കൂടുതലുള്ള കുടുംബങ്ങൾക്കാണ്.

പുതുക്കാൻ കഴിയുന്നത് ഉചിതം

മികച്ച കമ്പനിയുടെ പോളിസി എടുക്കുകയും ആജീവനാന്തം അത് പുതുക്കുകയും ചെയ്താൽ ഗുണകരമാണ്. ആശുപത്രി ചെലവുകൾ സംഭവിക്കാത്ത വർഷങ്ങൾ ഉണ്ടെങ്കിൽ നോൺ ക്ലെയിം ബോണസ് വഴി അധിക തുകയുടെ കവറേജ് ലഭിക്കും. അല്ലെങ്കിൽ മുൻവർഷം അടച്ച പ്രീമിയം മാത്രം നൽകി പുതുക്കാൻ അനുവദിക്കും. പ്രായനിയന്ത്രണങ്ങളോ അധിക പ്രീമിയം ലോഡിങ്ങോ ഇല്ലാതെ പോളിസി പുതുക്കാൻ അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഇൻഷുറൻസ് കമ്പനിയുടെ ഉയർന്ന ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിലെ വിശ്വാസ്യതയും കാര്യക്ഷമതയും സൂചിപ്പിക്കുന്ന സൂചികയാണ്. വേഗത്തിലും തടസ്സരഹിതവുമായി ക്ലെയിം സെറ്റിൽമെന്‍റുകളുടെ മികച്ച ട്രാക്ക് റെക്കോഡുള്ള കമ്പനികൾതന്നെ തിരഞ്ഞെടുക്കുക. ഇത് ക്ലെയിം പ്രക്രിയയിൽ ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യത കുറക്കും.

300 രൂപക്ക് പോസ്റ്റൽ ഇൻഷുറൻസ്

ഇന്ത്യൻ പോസ്റ്റൽ പേയ്മെന്‍റ്സ് ബാങ്ക് വഴി നേടാവുന്ന കുറഞ്ഞ പ്രീമിയം മാത്രമുള്ള രണ്ട് ഗ്രൂപ് ആക്സിഡന്‍റ് ഗാർഡ് ഇൻഷുറൻസ് പോളിസികളുണ്ട്. ഇത് ഹെൽത്ത് ഇൻഷുറൻസ് പോളിസി അല്ല. അപകട മരണം, സ്ഥിരമായ സമ്പൂർണ അംഗപരിമിതി, സ്ഥിരമായ ഭാഗിക അംഗപരിമിതി, ആകസ്മിക അവയവച്ഛേദവും പക്ഷാഘാതവും എന്നീ അവസ്ഥകൾ നേരിടേണ്ടിവന്നാൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് അല്ലെങ്കിൽ ആശ്രിതർക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന പോളിസിയാണിത്.

പദ്ധതിയുടെ ബേസിക് ഓപ്ഷന് വാർഷിക പ്രീമിയം 299 രൂപയാണ്. അപകട ചികിത്സാ ചെലവ്, കുട്ടികളുടെ പഠനത്തിന് തുക എന്നിവ ലഭിക്കാൻ അവസരമുള്ള പ്രീമിയം ഓപ്ഷന് വാർഷികമായി അടക്കേണ്ട തുക 399 രൂപയാണ്. 18 മുതൽ 65 വരെ പ്രായപരിധിയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കണം. കൂടാതെ ആരോഗ്യ ഇൻഷുറൻസ് പോളിസികളും ഇന്ത്യൻ പോസ്റ്റൽ പേയ്മെന്‍റ്സ് ബാങ്ക് വഴി നൽകുന്നുണ്ട്.

എ.ടി.എം കാർഡിലുണ്ട് അപകട ഇൻഷുറൻസ്

നമ്മൾ ഉപയോഗിക്കുന്ന എ.ടി.എം കാർഡ് വഴി ഒരു സൗജന്യ ലൈഫ് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നുണ്ടെന്ന കാര്യം പലപ്പോഴും എല്ലാവരും അറിഞ്ഞിട്ടുണ്ടാവില്ല. ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ മിക്ക ബാങ്കുകളും അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇൻഷുറൻസ് കവറേജ് നൽകുന്നുണ്ട്.

ഒരു നിശ്ചിത കാലയളവിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിട്ടുണ്ടാകണം എന്നതാണ് പ്രധാനമായും ബാങ്കുകൾ നിഷ്കർഷിക്കുന്ന നിബന്ധന. ഇതൊരു ഗ്രൂപ് ലൈഫ് ഇൻഷുറൻസ് പോളിസിയാണ്.

വ്യക്തിഗത അപകടം, വിമാനയാത്രക്കിടെ അപകടം, ഡെബിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയ അവസ്ഥകളിലാണ് ഇൻഷുറൻസ് ആശ്വാസമാവുക. കാർഡ് ഉടമസ്ഥന് പ്രത്യേക പോളിസി നമ്പർ ഉണ്ടാകില്ല. ഡെബിറ്റ് കാർഡുകളുടെ വാർഷിക കൈകാര്യത്തിനായി ബാങ്കുകൾ ഈടാക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന കവറേജും വ്യത്യാസപ്പെടും.

അപകട മരണാനന്തര നഷ്ടപരിഹാരമായി നാലു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. അപകട മരണം സംഭവിച്ചാൽ 60 ദിവസത്തിനകം അതത് ബാങ്കിൽ ഓൺലൈൻ വഴിയോ അല്ലാതെയോ നിശ്ചിത അപേക്ഷ ഇൻഷുറൻസിനായി അനന്തരാവകാശികൾ സമർപ്പിക്കണം.

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന

എന്ത് കാരണംകൊണ്ടും ഒരാൾ മരണപ്പെട്ടാൽ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY). സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള 18 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്കാണ് ഇതിൽ ചേരാൻ യോഗ്യത. ഓരോ വർഷവും 436 രൂപ പ്രീമിയം അടക്കണം. ഓരോ വർഷവും മേയ് 31നുമുമ്പ് പ്രീമിയം അടക്കണം. ഓരോരുത്തർക്കും അക്കൗണ്ടുള്ള ബാങ്കുകൾ വഴി ഇൻഷുറൻസ് പദ്ധതിയിൽ ചേരാം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Insurance
News Summary - All matters related to health insurance policies
Next Story