ആളുകൾ പരിഹസിക്കുമ്പോൾ നിങ്ങൾ തകർന്നുപോകാറുണ്ടോ...
text_fieldsസ്വന്തം ശരീരത്തിന് എത്രത്തോളം രൂപഭംഗിയുണ്ട്, മറ്റുള്ളവർക്ക് അതേപ്പറ്റി എന്തഭിപ്രായമാണുള്ളത് എന്നതിലൊക്കെ മിക്കവരും ശ്രദ്ധാലുക്കളാണ്. താന്‍ ശരിക്കും ആരാണ്, എന്താണ് എന്നതെല്ലാം മാലോകരെ അറിയിക്കാനുള്ള മുഖ്യ ഉപകരണമെന്ന നിലക്കാണ് സ്വശരീരത്തെ മിക്കവരും നോക്കിക്കാണുന്നതും. അതുകൊണ്ടുതന്നെ, ശരീരത്തിലെ ചെറുതോ സാങ്കൽപികം പോലുമോ ആയ ന്യൂനതകളും അവയെപ്പറ്റിയുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമൊക്കെയും പലർക്കും വിഷമഹേതുവാകാറുണ്ട്.
ശരീരം പരിഹസിക്കപ്പെടുമ്പോള്‍
ഒരാളുടെ ശാരീരിക സവിശേഷതകളെ വിമർശിക്കുകയോകളിയാക്കുകയോ ചെയ്യുന്നതിനെ 'ബോഡി ഷെയ്മിങ്' എന്നാണ് വിളിക്കുന്നത്. ഇത് വണ്ണം, നിറം, രൂപം, ഹെയര്‍ സ്റ്റൈല്‍, വസ്ത്രധാരണ രീതി മുതലായവയെക്കുറിച്ചാകാം. ബോഡി ഷെയ്മിങ് രണ്ടു തരത്തിലുണ്ട്:
1. സ്വന്തം ശരീരത്തെ വിമർശനബുദ്ധിയോടെയോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയോ സ്വയം വിലകുറച്ചു കാണുക.
ഉദാ: "അയാളുടെ അടുത്തുനിൽക്കുമ്പോൾ ഞാന്‍ ശരിക്കുമൊരു കുള്ളനാ!", "എെൻറ മൂക്കിെൻറ ഓട്ടകള്ക്കിത് എന്തൊരു സൈസാണ്?!".
2. മറ്റൊരാളോട് അവരെക്കുറിച്ച് ഇത്തരം കമൻറുകള്‍ പറയുക .
ഉദാ: "മീശ ഇങ്ങനെ വളർന്നാല്‍ നിന്നെ ഒരു വിമൻസ് കോളജിലും എടുക്കില്ല മോളേ..."
ഷെയ്മിങ്ങിനു പിന്നിൽ
സൗന്ദര്യത്തെക്കുറിച്ച് സമൂഹവും പരസ്യങ്ങളും മാധ്യമങ്ങളുമൊക്കെ കുറെ അയഥാർഥ സങ്കൽപങ്ങളും വികല ധാരണകളും സൃഷ്ടിച്ചിട്ടുണ്ട്. തടി കൂട്ടാനും കുറക്കാനും മുടി വളരാനും കറുപ്പിക്കാനും മുഖമോ പല്ലോ വെളുപ്പിക്കാനുമൊക്കെയുള്ള ഉൽപന്നങ്ങളുടെ പരസ്യങ്ങളും തടിച്ചവരെയോ മെലിഞ്ഞവരെയോ ഉയരക്കുറവുള്ളവരെയോ ഹാസ്യകഥാപാത്രങ്ങളാക്കുന്ന പതിവുമെല്ലാം ഇവിടെ പ്രതിക്കൂട്ടിലാണ്. ഇവയെല്ലാം കുത്തിച്ചെലുത്തുന്ന 'സൗന്ദര്യ സങ്കൽപങ്ങള്' സ്വയമറിയാതെ എല്ലാവരും സ്വാംശീകരിച്ചു പോകുന്നത് ബോഡി ഷെയ്മിങ്ങിന് പ്രചാരവും സ്വീകാര്യതയും കിട്ടാന്‍ കാരണമായിട്ടുണ്ട്.
അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം ബോഡി ഷെയ്മിങ് നടത്താറ് ദൗർഭാഗ്യവശാല്‍, അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രണയഭാജനങ്ങളും സഹപ്രവർത്തകരുമൊക്കെയാണ്. "ഈ തടിയൊന്നു കുറച്ചാല്‍ നിന്നെക്കാണാന്‍ നല്ല ഭംഗിയുണ്ടാകും" എന്നൊക്കെയുള്ള, സ്നേഹബുദ്ധ്യാ എന്നു പ്രത്യക്ഷത്തിൽ തോന്നുന്ന ഉപദേശങ്ങള്‍ പക്ഷേ, ബോഡി ഷെയ്മിങ് തന്നെയാണ്. ഇതൊക്കെ നന്മ മോഹിച്ചുള്ള സ്നേഹോപദേശങ്ങള്‍ മാത്രമാണ്, അല്ലെങ്കില്‍, സീരിയസായി എടുക്കരുതാത്ത വെറും തമാശകളാണ് എന്നൊക്കെയുള്ള ധാരണകളും ഇതൊക്കെ തെറ്റും വിവേചനപരവും ഹാനികരവുമാണ് എന്നതൊന്നും പലരും പരിഗണിക്കാറില്ല എന്നതുമൊക്കെ ഈ പ്രവണതക്ക് വളമാകുന്നുമുണ്ട്.
എല്ലാവരും എപ്പോഴും തന്നെ ഉറ്റുനോക്കുന്നുണ്ട്, ഓരോ തവണയും പുറത്തിറങ്ങുമ്പോള്‍ താന്‍ പരസ്യമോഡലുകളെപ്പോലിരിക്കണം എന്നൊക്കെയുള്ള മനോഭാവങ്ങളുള്ളവര് സദാ തന്നെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങുകയും അപ്പോള്‍ ശരീരത്തിെൻറ പല 'ന്യൂനതകളും' അവരുടെ ദൃഷ്ടിയിൽപെടുകയും ചെയ്യാം. അതുളവാക്കുന്ന നിരാശയും അസംതൃപ്തിയും ശരീരത്തെ പ്രതിയുള്ള ആവലാതി പിന്നെയും പെരുപ്പിക്കാം.
പരിണതഫലങ്ങള്‍
ചെയ്യുന്നത് താൻ തന്നെയാണെങ്കിലും മറ്റുള്ളവരാണെങ്കിലും ബോഡി ഷെയ്മിങ് ഉത്കണ്ഠ, സങ്കടം, കോപം, പേടി, ചമ്മല്, ലജ്ജ എന്നിവയുളവാക്കാം. സ്വയംമതിപ്പും ആത്മവിശ്വാസവും ദുർബലമാക്കാം. വ്യായാമത്തില്‍ വേണ്ടതിലേറെ ഏർപ്പെടാനോ തടി കൂടാനുള്ള അപകടകാരികളായ മരുന്നുകളെടുക്കാനോ പ്രേരകമാകാം. സ്വശരീരത്തോടുള്ള അമർഷം അതിനെ നേരാംവണ്ണം പരിപാലിക്കുന്നതിന് വിഘാതമാവുകയും അങ്ങനെ പല അസുഖങ്ങള്‍ക്കും കളമൊരുങ്ങുകയും ചെയ്യാം. ആളുകളെ വിലയിരുത്തേണ്ടത് അവരുടെ ശരീരംവെച്ചു മാത്രമാണെന്ന ധാരണ ബോഡി ഷെയ്മിങ്ങിനെ നേരിടുന്നവരില്‍ ജനിക്കാം. അവര്‍ മറ്റുള്ളവരെ ബോഡി ഷെയ്മിങ് നടത്താനുള്ള സാധ്യതയും കൂടും.
പ്രേമിക്കപ്പെടാനോ നല്ലൊരാളെ വിവാഹം കഴിക്കാനോ തനിക്ക് അർഹതയില്ലെന്ന വിലയിരുത്തലില്‍ അവര്‍ അവിടെയൊക്കെ തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്താം. പ്രസ്തുത ചിന്താഗതികള്‍, പങ്കാളിയെ ഉള്ളുതുറന്ന് സ്നേഹിക്കുന്നതിനും ലൈംഗികബന്ധം ആസ്വദിക്കുന്നതിനുംകൂടി തടസ്സമാകാം. പങ്കാളി അവഗണനയോ പീഡനങ്ങളോ കാണിക്കുന്നെങ്കില്‍, തനിക്ക് ഏറെ ന്യൂനതകളുണ്ടല്ലോ എന്ന മുൻവിധിയാല്‍, അതൊക്കെ തികച്ചും ന്യായവും താന്‍ അർഹിക്കുന്നതുമാണ് എന്നവര്‍ അനുമാനിക്കാം.
ചില മാനസിക പ്രശ്നങ്ങൾക്കുള്ള സാധ്യതയും അവരിൽ അമിതമാകുന്നുണ്ട്. സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പേടിയും വിമുഖതയുമുണ്ടാകുന്ന സോഷ്യല്‍ ഫോബിയ, അകാരണമായ നിരാശ, സദാ അനുഭവപ്പെടുന്ന ഡിപ്രഷന്, ആഹാരം കഴിക്കൽ വല്ലാതെ കുറക്കുകയോ പൂർണമായും നിർത്തുകയോ ചെയ്യുന്ന അനോറെക്സ്യ നെർവോസ, എടുക്കുന്ന ആഹാരം ഉടനടി മനഃപൂർവം ഛർദിച്ചുകളയുന്ന ബുളീമിയ എന്നിവ ഇതിൽപെടുന്നു.
വണ്ണക്കൂടുതലുള്ളവരെ പലരും ബോഡി ഷെയ്മിങ് നടത്താറ്, തടി കുറക്കാന്‍ അതവർക്കൊരു പ്രചോദനമാകും എന്ന സദുദ്ദേശ്യത്തിലാണ്. എന്നാല്‍, ബോഡി ഷെയ്മിങ് മനോവൈഷമ്യങ്ങള്മൂലം അവരുടെ വണ്ണം പിന്നെയും കൂടുകയാണ് പതിവ്.
എങ്ങനെ നേരിടാം
●ന്യൂനതയേതുമില്ലാത്ത ശരീരം ഒരാൾക്കുമില്ല എന്നോർക്കുക. എത്രയോ മേക്കപ്പും കോസ്മെറ്റിക് സർജറികള്‍ പോലും കഴിഞ്ഞുവരുന്നവരാണ് അഭിനേതാക്കളും മോഡലുകളുമടക്കമെന്നോർക്കുക.
●മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്ന ശീലം അവസാനിപ്പിക്കുക.
●സ്വന്തമായുള്ള, ശാരീരികമോ അല്ലാത്തതോ ആയ ഗുണങ്ങളെക്കുറിച്ച് ഇടക്കിടെ സ്വയം ഓർമിപ്പിക്കുക ('എനിക്ക് നല്ല ആരോഗ്യമുണ്ട്', 'ആവശ്യത്തിന് മേനീബലം എനിക്കുണ്ട്').
●ദിവസവും ജീവിപ്പിച്ചുനിർത്തുന്നതിനും പല രീതികളിലും തന്നെ സംരക്ഷിക്കുന്നതിനും ശരീരത്തോട് നന്ദി പറയുന്നത് ശീലമാക്കുക.
●ഒറ്റക്കിരുന്ന്, ആവശ്യമെങ്കില്‍ കണ്ണാടിയില്‍ സ്വന്തം ശരീരം നോക്കിക്കണ്ട്, സ്വശരീരത്തെക്കുറിച്ച് മനസ്സിൽ സൂക്ഷിക്കുന്ന വിമർശന ചിന്തകൾ പറയുക. അപ്പോള്‍ തൊട്ടുപിറകെ മനസ്സിലും ശരീരത്തിലും അസ്വസ്ഥതകള്‍ ഉളവാകുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇത്, ഇത്തരം ചിന്താഗതികള്‍ എത്രത്തോളം വൈഷമ്യജനകമാണെന്ന ബോധ്യം തരും.
ഷെയ്മിങ് ചിന്തകളെ പുറന്തള്ളാന്‍ മൂന്നു സ്റ്റെപ്പുകൾ
1. ശരീരത്തെ താഴ്ത്തിക്കെട്ടുന്ന എന്തൊക്കെതരം ചിന്തകള്‍ വരാറുണ്ടെന്നതു കുറിച്ചുവെക്കുക ('എനിക്ക് മുടി വല്ലാതെ കയറിയിട്ടുണ്ട്, കഷണ്ടിക്കാരനാണെന്ന് എല്ലാവരും കരുതും').
2. അവയിലെ പൊള്ളത്തരം വ്യക്തമാക്കുന്ന, കൂടുതല്‍ വാസ്തവികവും പോസിറ്റിവുമായ മറുവാദങ്ങള്‍ കണ്ടുപിടിക്കുക. ഉദാ: ''എത്രത്തോളം മുടിയുണ്ട് എന്നതുവെച്ചല്ല ഒരാളുടെ വ്യക്തിത്വം അളക്കുന്നത്. ലേശം മുടി കയറിയത് എനിക്ക് പാരമ്പര്യത്തിെൻറ ഭാഗമായി സംഭവിക്കുന്നതാണ്, അല്ലാതെ എെൻറ പിഴവുകള്മൂലമോ രോഗത്തിെൻറ ഭാഗമായോ അല്ല. സമൂഹത്തില്‍ എത്രയോ പേര് തീരെ മുടി ഇല്ലാഞ്ഞിട്ടും സന്തോഷത്തോടും അഭിമാനത്തോടെയും ജീവിക്കുന്നുണ്ട്." ഇത്തരം മറുവാദങ്ങള്‍ സ്വന്തംനിലക്ക് രൂപപ്പെടുത്താനാവുന്നില്ലെങ്കില് ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്.
3. മോശം ചിന്തകള്‍ തലപൊക്കുമ്പോഴൊക്കെ ഇങ്ങനെ നല്ലചിന്തകള് പകരം ഉയർത്തുക.
പെരുമാറ്റം ആരോഗ്യകരമാക്കാം
●ശാരീരിക ന്യൂനതകളെക്കുറിച്ചുള്ള വേവലാതിയാൽ ജീവിതരീതികളില്‍ എന്തെങ്കിലും പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുണ്ടോ? നല്ല ഹൈ ഹീലുള്ള ചെരിപ്പ് മാത്രം ധരിക്കുക, എപ്പോഴും പിൻനിരയില്തന്നെ ഇരിക്കുക എന്നൊക്കെപ്പോലെ? എങ്കില്‍ അവ ക്രമേണ പിൻവലിക്കുക. ഉദാഹരണത്തിന്, ഓരോരോ നിരയായി മുന്നിലോട്ട് കയറി ഇരിക്കാന്‍ തുടങ്ങാം.
●ആളുകളുടെ രൂപത്തിനും ശരീരത്തിനും വലിയ പ്രാധാന്യം കൽപിക്കാത്തവരും അവയെക്കുറിച്ച് മോശം കമൻറുകള്‍ പറയാത്തവരും സ്വശരീരത്തിലെ ന്യൂനതകളെ വിമർശനബുദ്ധ്യാ കാണാത്ത പ്രകൃതമുള്ളവരുമൊക്കെയായി കൂടുതല്‍ സമയം ചെലവിടുക.
●രൂപത്തിനും ഭംഗിക്കും കൽപിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം ആരോഗ്യത്തിന് കൊടുക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും വ്യായാമം ചെയ്യാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
●ബോഡി ഷെയ്മിങ് നടത്തുന്നവരോട്, അത്തരം കമൻറുകള്‍ തനിക്ക് ഇഷ്ടമല്ല എന്നും അത്തരം കാഴ്ചപ്പാടുകള്‍ അവർക്കുതന്നെ വിനയാകാം എന്നും ഓർമിപ്പിക്കുക. അതേസമയം, വിശദീകരണങ്ങള്‍ക്കോ സംവാദത്തിനോ തുനിയരുത്. അവരുടെ നിർദേശങ്ങൾക്കനുസരിച്ച് ഒരുമാറ്റവും ജീവിതരീതിയില്‍ വരുത്താതിരിക്കുക. അവരെ സംതൃപ്തരാക്കാനാവില്ല. അവര്‍ തുറന്നുകാണിക്കുന്നത് നിങ്ങളുടെ ശരീരത്തിലെയല്ല, അവരുടെതന്നെ മനഃസ്ഥിതിയിലെ പോരായ്മകളാണ്.
●സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങ് കമൻറുകളോ പോസ്റ്റുകളോ നിരന്തരം ഇടുന്നവരെ അൺഫോളോ ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുക. നേരിൽ പരിചയമുള്ളവരോട് അതിനുമുമ്പ് കാര്യം ചർച്ച ചെയ്യുകയുമാകാം.
ഇതൊക്കെക്കൊണ്ടും മനോവൈഷമ്യങ്ങള്‍ പരിഹൃതമാകുന്നില്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളോട് തുറന്ന് ചർച്ചചെയ്യുക. മനശ്ശാസ്ത്ര ചികിത്സകള്‍ തേടുന്നതും പരിഗണിക്കുക. വിദഗ്ധ സഹായത്തോടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്കാണ് ബോഡി ഷെയ്മിങ് നേരിടുന്നതെങ്കില്‍ (അമിതവണ്ണം, വായ്നാറ്റം, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവ) അതത് സ്പെഷലിസ്റ്റുകളെ സമീപിക്കുക. എന്നാല്‍, ബോഡി ഷെയ്മിങ്ങുകാരുടെ വായടപ്പിക്കുകയല്ല, മറിച്ച് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം എന്നു മറക്കാതിരിക്കുക.
സമൂഹം ശ്രദ്ധിക്കാന്‍
●കൊച്ചുവർത്തമാനങ്ങള്‍ അറിയാതെപോലും തടിയെയോ മുടികൊഴിച്ചിലിനെയോ കുറിച്ചൊന്നും ആവാതിരിക്കാൻ ശ്രദ്ധിക്കുക.
●സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ ആരെങ്കിലും ബോഡി ഷെയ്മിങ് നേരിടുന്നതായും അതില്‍ വിഷമിക്കുന്നതായും കണ്ടാല്‍ അവരെ സപ്പോർട്ട് ചെയ്യുക.
●നിറം, ഉയരം, വണ്ണം, സൗന്ദര്യം തുടങ്ങിയവക്ക് അതീതമായി സ്നേഹവും ബഹുമാനവും ലഭിക്കാന്‍ എല്ലാവ്യക്തികൾക്കും അവകാശമുണ്ട് എന്നോർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.