‘മാനസികസംഘർഷം ഒരു വ്യക്തിയെ അർബുദ രോഗത്തിലേക്ക് നയിക്കുമോ? വെജിറ്റേറിയൻ ഭക്ഷണം അർബുദം തടയുമോ?’
text_fieldsകാൻസർ അഥവാ അർബുദം ഇന്നൊരു മാറാരോഗമല്ല. അതേസമയം, ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സാധാരണക്കാരിൽ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസം നേടിയവരിലും വളരെ കുറവാണ്.എന്തുകൊണ്ടാണ് അർബുദം വരുന്നത്, അർബുദം പകരുമോ, മുഴുവനായി ചികിത്സിച്ചു മാറ്റാനാവുമോ, ഭക്ഷണശീലം അർബുദത്തിന് കാരണമാവുമോ? -തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ ഇന്നുവരെ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ അർബുദ ചികിത്സ, രോഗപ്രതിരോധം എന്നിവയിൽ ബോധവത്കരണം കുറേക്കൂടി ഫലപ്രദമായി നടത്തേണ്ടി വരുന്നു.
വില്ലൻ ദുശ്ശീലങ്ങൾതന്നെ
50 ശതമാനം അർബുദത്തിനും കാരണം മനുഷ്യരുടെ ദുശ്ശീലങ്ങൾതന്നെയാണ്. പുകവലി, മുറുക്ക്, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, മദ്യപാനം, മറ്റു ലഹരി ഉപയോഗങ്ങൾ തുടങ്ങിയവ തന്നെയാണ് പ്രധാന കാരണങ്ങൾ. അതേസമയം, ബാക്കി 50 ശതമാനം വരുന്ന കാരണങ്ങളെക്കുറിച്ച് സാമാന്യജനത്തിന് അവബോധം വളരെ കുറവാണ്.
തനിക്ക് മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നുമില്ല; അതുകൊണ്ട് അർബുദബാധയിൽനിന്ന് സുരക്ഷിതരാണ് എന്ന് കരുതുന്നവരാണ് സമൂഹത്തിലെ ഭൂരിപക്ഷം പേരും. എന്നാൽ, ഈ ചിന്ത വെറും അന്ധവിശ്വാസം മാത്രമാണ്. പ്രധാനമായും നിരുപദ്രവമെന്ന് നാം കരുതുന്ന ജീവിതശൈലികൾവരെ അർബുദത്തിന് കാരണമാവുന്നുണ്ട്.
ഭക്ഷണശീലങ്ങൾ തിരിച്ചടി
പണ്ടുകാലം മുതൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും പച്ചക്കറികളോടൊപ്പം മത്സ്യവും മാംസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യ-മാംസങ്ങൾ കഴിക്കുന്നത് അർബുദത്തിന് കാരണമാവുമെന്നോ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് അർബുദം വരില്ലെന്നോ ഉറപ്പിച്ചുപറയാൻ കഴിയില്ല.
കീടനാശിനികൾ അമിതമായി അടങ്ങിയ പച്ചക്കറികളുടെ നിരന്തര ഉപയോഗം അർബുദത്തിന് കാരണമായേക്കാം എന്ന കാര്യം ചേർത്തുപറയേണ്ടതാണ്. എന്നാൽ, ആധുനിക ജീവിതശൈലി മുന്നോട്ടുവെക്കുന്ന പാചകരീതികളും രാസവസ്തുക്കൾ യഥേഷ്ടം അടങ്ങിയ പുതിയതരം വിഭവങ്ങളും ആരോഗ്യത്തിന് ഭീഷണിതന്നെയാണ്.
ചുട്ടെടുക്കുന്ന ഭക്ഷണം കുറക്കണം
ഇന്ന് ധാരാളമായി ആവശ്യക്കാരുള്ള ചുട്ടെടുക്കുന്ന മാംസഭക്ഷണങ്ങൾ അർബുദത്തിന് കാരണമാവും എന്ന് നേരത്തെതന്നെ പഠനങ്ങളുണ്ട്. ഇലക്ട്രിക് ഉപകരണങ്ങളിലൂടെയും തീക്കനൽ ഉപയോഗിച്ചും ചുട്ടെടുക്കുന്ന മാംസഭക്ഷണങ്ങളിൽ അർബുദത്തിന് കാരണമാവുന്ന ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
എന്നാൽ, ഒരിക്കലോ വല്ലപ്പോഴുമോ ഇത്തരം ഭക്ഷണം കഴിച്ചാൽ രോഗം പിടിപെടുമെന്ന ഭീതിവേണ്ട. മറിച്ച് മൂന്നുനേരം കഴിക്കുന്ന ഭക്ഷണത്തിൽ അളവിൽ കൂടുതൽ ഇത്തരം ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ പതിവായി ദീർഘകാലം കഴിക്കുകയോ ശീലമാക്കുകയോ ചെയ്താലും അർബുദം വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ബാർബിക്യൂ, ഷവർമ പോലുള്ള പാചകരീതികളിൽ ഇത്തരം അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്.
ടിൻ ഫുഡ് സൂക്ഷിക്കണം
ടിന്നുകളിൽ ലഭിക്കുന്ന സംസ്കരിച്ച മാംസത്തിന്റെ അമിതോപയോഗവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് ഒരു ടിൻ ഇത്തരം മാംസം 100 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് പറയുന്നു. അതേസമയം, മത്സ്യം വേവിച്ച് കഴിക്കുന്നതോ മുട്ട കഴിക്കുന്നതോ പൊതുവിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, ഉണങ്ങിയ മത്സ്യത്തിന്റെ ഉപയോഗം അത്ര സുരക്ഷിതമാണെന്ന് പറയാനാവില്ല.
റെഡ് മീറ്റ് കുറക്കുക
ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടുന്ന ബീഫ്, മട്ടൻ തുടങ്ങിയ ചുവന്ന മാംസത്തിന്റെ (Red Meat) ഉപയോഗം കഴിയുന്നത്ര കുറക്കുന്നതാണ് നല്ലത്.
നിറങ്ങൾ അത്ര നന്നല്ല
ഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കളും നിറങ്ങളുമാണ് മറ്റൊന്ന്. മിക്ക വിഭവങ്ങളും ബേക്കറി പലഹാരങ്ങളും നമുക്ക് ലഭിക്കുന്നത് ആകർഷകമായ നിറങ്ങൾ ചേർത്ത ശേഷമാണ്. ഇത്തരം കൃത്രിമ നിറങ്ങൾ അർബുദത്തിന് കാരണമാവും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വ്യായാമം ഏറ്റവും പ്രധാനം
രുചി മാത്രം ലക്ഷ്യമിട്ട് തയാറാക്കുന്ന ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ, പൊരിച്ചതും വറുത്തതുമായ മാംസവിഭവങ്ങൾ തുടങ്ങിയ കൊഴുപ്പേറിയ ഭക്ഷണവസ്തുക്കൾ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നതിന് പുറമെ ഒട്ടും വ്യായാമമില്ലാത്ത ജീവിതശൈലിയും കൊണ്ട് കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ഇത്തരം പൊണ്ണത്തടി, നേരിട്ടല്ലെങ്കിലും അർബുദത്തിന് കാരണമാവുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ.
ശരീരത്തിൽ ഇത്തരം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ അവിടെ ഹോർമോണുകൾ ശേഖരിക്കപ്പെടുക്കുകയും അത് ചിലതരം അർബുദത്തിന് (Hormone dependent cancers) കാരണമാവുകയും ചെയ്യുന്നു. ഇത്തരം അമിത കൊഴുപ്പ് ഹോർമോൺ വ്യതിയാനങ്ങൾക്ക് ഇടയാക്കുകയും തുടർന്ന് സ്തനം, ഗർഭാശയം എന്നിവിടങ്ങളിലെ അർബുദത്തിന് സാധ്യത കൂട്ടുകയും ചെയ്യുന്നു.
വെജ് വേണോ നോൺ ആകണോ
പുതിയ ജീവിത സാഹചര്യത്തിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു വിഷയമാണ് വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ ഉപയോഗവും അർബുദം വരാനുള്ള സാധ്യതയെക്കുറിച്ചുള്ള സംശയങ്ങളും.
പൊതുവിൽ മാംസഭക്ഷണം കഴിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും സസ്യാഹാരികൾ താരതമ്യേന സുരക്ഷിതരാണെന്നുമുള്ള ഒരു ചിന്താഗതി സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ട്. ഈ ചിന്താഗതിയിൽ അൽപം ശരിയും അതിലധികം തെറ്റിദ്ധാരണകളുമാണ്. നിലവിലുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാത്രം അർബുദത്തെ തടയാനാവില്ല എന്നതാണ്.
അതേസമയം, മാംസാഹാരം കഴിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് അർബുദം വരാൻ സാധ്യതയുണ്ടെന്നും പറയാനാവില്ല. എന്നാൽ, അർബുദബാധക്ക് നിരവധി ഘടകങ്ങൾ കാരണമാവുന്നുണ്ടെങ്കിലും മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് പത്തിലൊന്ന് സസ്യാഹാരികളിൽ മാത്രമാണ് രോഗം കണ്ടുവരുന്നത്.
നാരുകൾ കൂട്ടാം കൊഴുപ്പ് കുറക്കാം
ശാസ്ത്രീയമായി പറഞ്ഞാൽ നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുകയും കൊഴുപ്പേറിയ ഭക്ഷണം പരമാവധി ഒഴിവാക്കുകയുമാണ് അർബുദം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ. അതുകൊണ്ടുകൂടിയാണ് ആഹാരത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും കൊഴുപ്പേറിയ, വറുത്തതും പൊരിച്ചതുമായ മാംസവും ബേക്കറി പലഹാരങ്ങളും പരമാവധി ഒഴിവാക്കാനും പറയുന്നത്.
അനങ്ങാപ്പാറനയം വേണ്ട
മുൻകാലങ്ങളെപ്പോലെ കായികാധ്വാനമുള്ള ജോലികൾ ഇന്ന് കുറയുകയാണ്. യന്ത്രവത്കരണവും കമ്പ്യൂട്ടറൈസേഷനും ചേർന്ന് ഒട്ടും വ്യായാമം നൽകാത്ത ജോലിയിലാണ് ഭൂരിപക്ഷം പേരും. വാഹനങ്ങൾ സാർവത്രികമായതോടെ നടത്തംപോലും നമ്മുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായി.
ഇത്തരം ജീവിതശൈലി വ്യക്തികളെ പൊണ്ണത്തടിയിലേക്ക് നയിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ അശാസ്ത്രീയ രീതികളും വ്യായാമക്കുറവും ഒരുമിച്ച് ചേരുമ്പോൾ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് പുറമെ അർബുദത്തിനും കാരണമാവുന്നു.
പാരമ്പര്യം എന്ന ഘടകം
അർബുദം വരാനുള്ള പല കാര്യങ്ങളിൽ ഒന്നുമാത്രമാണ് പാരമ്പര്യം. അതാകട്ടെ അഞ്ച് ശതമാനം മാത്രമാണ്. അതേസമയം, കുടുംബം തലമുറകളായി പിന്തുടർന്നുവരുന്ന ജീവിതശൈലിമൂലം ഒന്നിലധികം തലമുറകളിൽപ്പെട്ടവർക്ക് ഒരേതരത്തിലുള്ള അർബുദം പിടിപെടാം. ഇത്തരം അവസ്ഥകളിൽ രോഗം പാരമ്പര്യരോഗമായി തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണത്തിന് പുകവലിക്കാരനായ പിതാവിനും പുകവലിക്കാരനായ മകനും ശ്വാസകോശ അർബുദം വരാവുന്നതാണ്. മദ്യപാനത്തിന്റെ കാര്യത്തിലും ഇതു സംഭവിക്കാം.
പരിശോധനകളിലൂടെ നേരത്തെ കണ്ടെത്താം
വ്യാപകമായി കണ്ടുവരുന്ന ചില അർബുദങ്ങൾ പതിവായ ആരോഗ്യ പരിശോധനകളിലൂടെ ഇന്ന് നേരത്തേ കണ്ടെത്താം. നിലവിൽ സ്തനം, ഗർഭാശയമുഖം, വൻകുടൽ, ശ്വാസകോശം എന്നിവിടങ്ങളിലെ അർബുദമാണ് പ്രാരംഭദശയിൽതന്നെ കണ്ടെത്താൻ കഴിയുന്നത്.
മാമോഗ്രാം (mammogram) എന്ന പരിശോധനയിലൂടെ സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾപോലും കണ്ടെത്താവുന്നതാണ്. മിക്ക ആശുപത്രികളിലും ഇന്ന് ലഭ്യമാകുന്ന ലളിതമായ ഒരുതരം എക്സ്-റേ പരിശോധനയാണിത്. 50 വയസ്സുകഴിഞ്ഞ സ്ത്രീകൾക്ക് വർഷംതോറും ഈ പരിശോധന നടത്താൻ ഇപ്പോൾ നിർദേശിക്കുന്നുണ്ട്.
ഗർഭാശയമുഖ അർബുദത്തിന്റെ കാര്യത്തിൽ പാപ് സ്മിയർ (Pap smear) ഫലപ്രദമാണ്. ഗർഭാശയമുഖത്തുള്ള കോശങ്ങളുടെ പരിശോധനയിലൂടെ രോഗസാന്നിധ്യം തിരിച്ചറിയാം. മലത്തിലുള്ള രക്തപരിശോധനയിലൂടെയും കൊളനോസ്കോപ്പി (colonoscopy) വഴിയും വൻകുടലിലെ അർബുദം കണ്ടെത്താം. കാമറ ഘടിപ്പിച്ച കുഴൽപോലുള്ള ഉപകരണം വൻകുടലിലേക്ക് പ്രവേശിപ്പിച്ചാണ് കൊളനോ സ്കോപ്പി നടത്തുന്നത്. മലശോധന, ദഹനം എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നവർക്കാണ് ഈ പരിശോധന നിർദേശിക്കാറുള്ളത്.
ദീർഘകാലം നിരന്തരം പുകവലിക്കുന്നവരിൽ അർബുദം വരാനുള്ള സാധ്യത പരിഗണിച്ച് സി.ടി സ്കാൻ പരിശോധനയിലൂടെ ശ്വാസകോശ അർബുദത്തിന്റെ സാന്നിധ്യം കണ്ടെത്താം. പുറമെ പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് കാൻസർ പി.എസ്.എ എന്ന പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (Prostate-Specific Antigen) ടെസ്റ്റിലൂടെ കണ്ടെത്താവുന്നതാണ്.
ജീവിതശൈലിയും കാരണമായേക്കാം
ദുശ്ശീലങ്ങൾക്ക് പുറമെ ചില ശീലങ്ങളും നമ്മെ രോഗത്തിന്‍റെ വഴിയിലേക്ക് നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഭക്ഷണരീതികളും വ്യായാമമില്ലായ്മയും മാനസിക സംഘർഷങ്ങളും വ്യക്തികൾ ജീവിക്കുന്ന പരിസ്ഥിതിയുടെയും അന്തരീക്ഷത്തിന്റെയും പ്രത്യേകതകളുമാണ്. അർബുദജനകവസ്തുക്കളുമായി (Carcinogens) നിരന്തര സമ്പർക്കം പുലർത്തുന്ന ജോലിയിൽ ഏർപ്പെടുന്നവർക്കും അർബുദം വരാനുള്ള സാധ്യതയുണ്ട്.
മാനസിക സംഘർഷങ്ങൾ നിറഞ്ഞ ജീവിതം
നമ്മളിപ്പോൾ ജീവിക്കുന്ന സാഹചര്യം പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ നിറഞ്ഞതാണ്. ടെൻഷൻ അഥവാ മാനസിക സംഘർഷങ്ങൾ ഇല്ലാത്തവരായി ആരുമില്ല. മാനസികസംഘർഷങ്ങൾ ഒരു വ്യക്തിയെ അർബുദ രോഗത്തിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പ്രയാസമാണെങ്കിലും ചില രോഗികളിലെങ്കിലും രോഗം പിടിപെടുന്നതിന് മുന്നോടിയായി കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്.
അകാലത്തിൽ ഉറ്റവർ മരിച്ചുപോയവർ, സാമ്പത്തിക തകർച്ച നേരിട്ടവർ തുടങ്ങി കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിച്ചവരിൽ പലർക്കും പിന്നീട് രോഗം വന്ന് ചികിത്സകരുടെ മുന്നിലെത്താറുണ്ട്.
സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള മനഃശാസ്ത്ര മാർഗങ്ങൾ അവലംബിച്ചും വ്യായാമം, പ്രാർഥന, യോഗ തുടങ്ങിയ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന വഴികൾ തിരഞ്ഞെടുത്തും മാനസിക സംഘർഷങ്ങളെയും അതുവഴിയുള്ള ആരോഗ്യ പ്രശ്നങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാം.
അവഗണിക്കരുത് ഈ ലക്ഷണങ്ങളെ
നേരത്തെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ നൽകുന്നതിലൂടെ ഇന്ന് വലിയൊരു ശതമാനം അർബുദ രോഗങ്ങളും പൂർണമായി സുഖപ്പെടുത്താം. എന്നാൽ, എങ്ങനെയാണ് രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുക എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകാൻ കഴിയില്ല.
ശരീരത്തിന്റെ ഏത് അവയവത്തെയും പിടിപെടാവുന്ന ഒരു രോഗമാണ് അർബുദം. അതുകൊണ്ടുതന്നെ രോഗം ബാധിക്കുന്ന അവയവങ്ങൾക്ക് അനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യസ്തമാകും. സ്തനാർബുദത്തിന് സ്തനങ്ങളിലെ മുഴയോ അസാധാരണ നിറംമാറ്റമോ പാടുകളോ വേദനയോ മുലക്കണ്ണുകളിലൂടെ രക്തം അടക്കമുള്ള സ്രവങ്ങൾ വരുന്നതോ ആയിരിക്കും രോഗലക്ഷണം.
പുകവലിക്കുന്ന ഒരു വ്യക്തിക്ക് വിട്ടുമാറാത്ത ചുമയോ ശ്വസനപ്രശ്നങ്ങളോ ആയിരിക്കും ലക്ഷണം. അന്നനാളത്തിന് അർബുദം വന്നാൽ ഭക്ഷണം ഇറക്കാൻ പ്രയാസവും കുടലിൽ അർബുദമുള്ളയാൾക്ക് കറുത്തനിറത്തിലുള്ള മലമോ മലത്തിൽ രക്തമോ ആയിരിക്കും രോഗലക്ഷണം.
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രോഗലക്ഷണങ്ങളെയും അവഗണിക്കാതെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അത് അർബുദമല്ല എന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യേണ്ടത്. അതേസമയം, ഒരു ചെറിയ സമയത്തിൽ ശരീരഭാരം ക്രമാതീതമായി കുറയുക, പ്രത്യേകിച്ച് കാരണങ്ങളില്ലാതെ കടുത്ത ക്ഷീണം, വിട്ടുമാറാത്ത പനി, വിശപ്പില്ലായ്മ, മൂക്കില്‍നിന്നോ വായില്‍നിന്നോ ഉള്ള രക്തസ്രാവം, കാരണമില്ലാത്ത വിളര്‍ച്ച, തുടർച്ചയായ അണുബാധ, പെട്ടെന്നുണ്ടാകുന്ന അപസ്മാരം, തലവേദന, പ്രായത്തിന് യോജിക്കാത്ത കാഴ്ചപ്രശ്നങ്ങൾ, ശബ്ദത്തില്‍ വരുന്ന മാറ്റങ്ങൾ, ആഹാരം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്, വായ്ക്കുള്ളിൽ വെളുത്തപാട പോലുള്ള ആവരണം, വേദനരഹിതമായ തടിപ്പുകൾ തുടങ്ങിയവ വിവിധ അർബുദങ്ങളുടെ ലക്ഷണങ്ങളാവാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് വിദഗ്ധ പരിശോധനകളിലൂടെ സ്ഥിരീകരിക്കണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.