Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightരക്തം ദാനം ചെയ്യാം,...

രക്തം ദാനം ചെയ്യാം, ഹൃദയാഘാത സാധ്യത കുറക്കാം...

text_fields
bookmark_border
blood donation
cancel

അത്യാഹിത വിഭാഗത്തിന്‍റെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യ ഘടകമാണ് രക്തം. രക്തദാനത്തിലൂടെ മറ്റൊരു ജീവിതത്തിന്‍റെ തുടിപ്പുകളാണ് നാം നിലനിർത്തുന്നത്. ഒരാളിൽനിന്നെടുക്കുന്ന ഓരോ തുള്ളി രക്തവും ഒന്നോ അതിലധികമോ ആളുകൾക്ക് ജീവൻ സമ്മാനിക്കുകയാണ്.

ആ നന്മക്കു പകരംവെക്കാൻ മറ്റൊന്നുമില്ല. മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നല്‍കുന്ന രക്തം നാളെ നമുക്കും വേണ്ടിവന്നേക്കാം എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.നിങ്ങളുടെ രക്തദാനം പല മുഖങ്ങളിലും പുഞ്ചിരിക്ക് കാരണമാകും. നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്‍റെ വിലയുണ്ട്.

നമുക്ക് മറ്റുള്ളവരെയും രക്തം ദാനംചെയ്യാൻ പ്രേരിപ്പിക്കാം. രക്തം ദാനം ചെയ്താൽ നമുക്ക് വിപത്തല്ല ഗുണങ്ങളാണ് ഉണ്ടാകുന്നത്. ഒഴുകുന്ന ജീവൻ എന്നാണ് ആരോഗ്യ വിദഗ്ധർ രക്തത്തെ വിശേഷിപ്പിക്കുന്നത്. വളരെ സുരക്ഷിതവും ലളിതവുമാണ് രക്തദാനം. എന്നാല്‍, ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളും പലപ്പോഴും ജനങ്ങളില്‍ ഭയം നിറക്കുകയും രക്തദാനത്തിന് മുന്നോട്ടു വരാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നു.


ആരാണ് സന്നദ്ധ രക്തദാതാവ്?

ശരിയായ ദാതാവിൽനിന്ന്, ശരിയായ സമയത്ത്, ശരിയായ സ്വീകർത്താവിന്, ശരിയായ രക്തം എന്നതാണ് സുരക്ഷിതമായ രക്തദാനമെന്ന ബൃഹദ് പ്രക്രിയകൊണ്ട് അർഥമാക്കുന്നത്. ലാഭേച്ഛ കൂടാതെ പൂര്‍ണ ഇഷ്ടത്തോടെ സ്വമേധയാ നേരിട്ടോ അല്ലാതെയോ രക്തദാനം നടത്തുന്ന ആളാണ് സന്നദ്ധ രക്തദാതാവ്. വിവിധ തരത്തിലുള്ള രക്തദാതാക്കള്‍ ഉണ്ടെങ്കിലും സന്നദ്ധ രക്തദാതാക്കളെയാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്.

രക്തവും രക്ത ഉൽ‌പന്നങ്ങളും ആവശ്യമുള്ളവർ

● അപകടാനന്തര രോഗികൾ

● അർബുദ രോഗികൾ

● ബ്ലഡ് ഡിസോർഡർ രോഗികൾ

● ശസ്ത്രക്രിയ രോഗികൾ

● പ്രീ ടേം കുഞ്ഞുങ്ങൾ

● പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആവശ്യങ്ങള്‍

● പൊള്ളല്‍


രക്തദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

● മാനസികമായി തയാറെടുക്കുക.

● ആരോഗ്യമുള്ള 18 വയസ്സായ ഏതൊരു വ്യക്തിക്കും രക്തദാനം നടത്താം.

● 65 വയസ്സുവരെ രക്തം ദാനം യ്യാം. ആദ്യത്തെ രക്തദാനം നടത്താനുള്ള ഉയര്‍ന്ന പ്രായപരിധി 60 വയസ്സാണ്.

● രക്തം ദാനം ചെയ്യുന്ന ആള്‍ പൂര്‍ണ ആരോഗ്യവാന്‍/ ആരോഗ്യവതി ആയിരിക്കണം.

● രക്തദാനത്തിനുമുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്.

● ചുരുങ്ങിയത് 45-50 കിലോ ഭാരം ഉണ്ടായിരിക്കണം.

● ശരീര താപനില നോർമലായിരിക്കണം.

● ഹീമോഗ്ലോബിന്‍റെ അളവ് നിശ്ചിത ശതമാനത്തിൽ (പുരുഷന്മാർക്ക് 12 ഗ്രാം, സ്ത്രീകൾക്ക് 13 ഗ്രാം) കുറയരുത്.

● രക്തം ദാനം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക.

● രക്തദാനത്തിനുമുമ്പ് നല്ല ഭക്ഷണം (കൊഴുപ്പ് കുറഞ്ഞ ആഹാരം) കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

● ആരോഗ്യമുള്ള പുരുഷന് മൂന്നു മാസത്തിലൊരിക്കലും സ്ത്രീക്ക് നാലു മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം.

● അബോര്‍ഷന്‍ കഴിഞ്ഞ് ആറു മാസത്തിനുശേഷം രക്തദാനം നടത്താം.

● ചുമ, പനി, മുറിവ് തുടങ്ങി ഒരു അണുബാധയും പാടില്ല.

● ശസ്ത്രക്രിയകള്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞും രക്തദാനം നടത്താം.

● പച്ചകുത്തുകയോ രക്തം സ്വീകരിക്കുകയോ പേവിഷബാധക്ക് കുത്തിവെപ്പെടുക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം കഴിഞ്ഞ് രക്തം ദാനം ചെയ്യാം.

● ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ സ്‌പെഷല്‍ ദിനങ്ങളില്‍ രക്തദാനത്തിൽ പങ്കാളിയാവാം. ഇതുവഴി മറ്റുള്ളവർക്ക് മാതൃകയാവാം.

● രക്തസമ്മർദം സാധാരണ നിലയിലാണെങ്കിലേ രക്തം നൽകാവൂ.

● ആരോഗ്യ പ്രവർത്തകർ നൽകുന്ന കൃത്യമായ നിർദേശങ്ങൾ പാലിച്ചും അവർ നൽകുന്ന ഫോമുകൾ കൃത്യമായി പരിശോധിച്ച് പൂരിപ്പിച്ചും നമ്മുടെയും രക്തം സ്വീകരിക്കുന്നവരുടെയും ആരോഗ്യം സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്തണം.


രക്തം ദാനം ചെയ്യാൻ പാടില്ലാത്തവർ

● അസാധാരണ രക്തസ്രാവമുള്ളവർ

● ഹൃദയം, വൃക്ക, കരൾ രോഗികൾ

● തൈറോയ്ഡ് ഡിസോർഡർ ഉള്ളവർ

● അപസ്മാരമുള്ളവർ

● മാനസിക വെല്ലുവിളി നേരിടുന്നവർ

● ക്ഷയം, കുഷ്ഠം, ആസ്ത്മ, അർബുദം, പ്രമേഹ രോഗികൾ

● അനിയന്ത്രിത രക്തസമ്മർദമുള്ളവർ

● മതിയായ ഭാരമില്ലാത്തവർ

● സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും ഗര്‍ഭിണിയായിരിക്കുമ്പോഴും മുലയൂട്ടുമ്പോഴും രക്തദാനം പാടില്ല.

● ശസ്ത്രക്രിയ ഉടൻ കഴിഞ്ഞവർ, ടൈഫോയ്ഡ് ബാധിതർ, നായുടെ കടിയേറ്റവർ, വിശദീകരിക്കാൻ കഴിയാത്ത ഭാരനഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ എന്നിവരെ ഒരു വർഷത്തേക്ക് രക്തദാനത്തിന് പരിഗണിക്കരുത്.

● ശരീരം തുളയ്ക്കൽ, ഡെന്‍റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവരെ ആറു മാസത്തേക്കും പരിഗണിക്കേണ്ടതില്ല.

ഇവരിൽനിന്ന് രക്തം സ്വീകരിക്കില്ല

● ലഹരിമരുന്ന് ഉപയോഗിക്കുന്നവർ

● ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ

● സ്വവർഗാനുരാഗികൾ

രക്തദാനത്തിനുശേഷം

● രക്തം ദാനം ചെയ്യുമ്പോൾ പലപ്പോഴും വിട്ടുപോകുന്ന പ്രധാന കാര്യമാണ് അതിനുശേഷമുള്ള ആ ഒരു ദിവസത്തെ നമ്മുടെ ദിനചര്യ. അതിജാഗ്രത പുലർത്തി വേണം ഓരോരുത്തരും രക്തദാനത്തിൽ പങ്കാളിയാകാൻ.

● രക്തദാനത്തിനുശേഷം ആശുപത്രിയിൽ 15 മിനിറ്റ് വിശ്രമിക്കുകയും എന്തെങ്കിലും പാനീയം കുടിക്കുകയും വേണം.

● അടുത്ത 24 മണിക്കൂർ ധാരാളം വെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക.

● അടുത്ത നാലു മണിക്കൂറിൽ ധാരാളം വെള്ളം കുടിക്കണം.

● 12 മണിക്കൂറിനുള്ളിൽ മദ്യപിക്കരുത്.

● രണ്ടു മണിക്കൂറിനുള്ളിൽ പുകവലിക്കരുത്.

● നാലു മണിക്കൂറിനുള്ളിൽ വാഹനം ഓടിക്കരുത്.

● 24 മണിക്കൂർ നേരത്തേക്ക് ആയാസമുള്ള ജോലിയും വ്യായാമവും ഒഴിവാക്കണം.

● തലകറക്കമോ ക്ഷീണമോ തോന്നിയാൽ കാൽ ഉയർത്തിവെച്ച് കിടക്കണം. എന്നിട്ടും മാറ്റമില്ലെങ്കിൽ ഡോക്ടറെ കാണണം.

● ചില ദാതാക്കൾക്ക് അപൂർവമായി തലകറക്കം, ശ്വാസംമുട്ടൽ, ഛർദി തുടങ്ങിയവ കാണാറുണ്ട്. ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ രക്തബാങ്കിൽനിന്ന് ചികിത്സ ലഭിക്കും.


രക്തദാനത്തിന്‍റെ ഗുണങ്ങള്‍

● രക്തപരിശോധനയിലൂടെ മാരകരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു.

● രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍രോഗ സാധ്യത കുറയുന്നു.

● പുതിയ രക്തകോശങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ട് ശരീരവും മനസ്സും ഊർജസ്വലമാവുന്നു.

● രക്തദാനം വഴി ഒരേസമയം നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. (ദാനം ചെയ്യുന്ന രക്തം മുഴുവനായോ (Whole blood) പ്രാഥമികമായി പാക്ക്ഡ് സെല്‍ (Packed Cell), ഫ്രഷ് ഫ്രം പ്ലാസ്മ പ്ലേറ്റ്‌ലെറ്റ്‌സ് (Fresh from plasma platelets) എന്നിങ്ങനെ വേര്‍തിരിച്ചോ ആണ് സൂക്ഷിച്ചുവെക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു യൂനിറ്റ് രക്തത്തില്‍നിന്ന് രക്തഘടകങ്ങള്‍ നല്‍കുക വഴി രക്തദാനത്തിലൂടെ ഒരേ സമയം നാല് ജീവന്‍ വരെ രക്ഷിക്കാന്‍ കഴിയും)


പതിവ് രക്തദാനത്തിന്‍റെ (വർഷത്തിൽ 2-4 തവണ) ഗുണങ്ങൾ

● കൊളസ്ട്രോൾ, ലിപിഡ് അളവ് കുറക്കുന്നു.

● ഹൃദയാഘാത സാധ്യത കുറയുന്നു.

● സ്ട്രോക്ക് വരാനുള്ള സാധ്യത കുറയുന്നു.

● ചില അർബുദങ്ങളിൽനിന്നുള്ള സംരക്ഷണം.

● ഭാരം കുറക്കാൻ സഹായിക്കുന്നു.


രക്തദാനം ശരീരത്തിന് ദോഷമോ?

ശരീരത്തിനാവശ്യമായ ഓക്സിജനെയും പോഷകങ്ങളെയും വഹിച്ചുകൊണ്ടുപോകുക, ശരീരത്തിലെ മാലിന്യങ്ങളെ നീക്കംചെയ്യുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നിവയെല്ലാം രക്തത്തിന്‍റെ പ്രധാന ധർമങ്ങളാണ്. ഒരു വ്യക്തിയുടെ ശരീരത്തിൽ അഞ്ച് മുതൽ ആറു ലിറ്റർ വരെ രക്തമുണ്ട്. ഒരു തവണ രക്തം ദാനംചെയ്യുമ്പോൾ ശരീരത്തിന് നഷ്ടപ്പെടുന്ന 350 മില്ലി ലിറ്റർ രക്തം 48 മണിക്കൂറിനുള്ളിൽതന്നെ ശരീരം ഉൽപാദിപ്പിക്കുന്നു.

രക്തദാനം ശരീരത്തിൽ പുതിയ കോശനിർമിതിക്ക് സഹായകമാകുന്നു. അവ ശരീരത്തിന് നവോന്മേഷം നൽകുമെന്നും പഠനങ്ങൾ പറയുന്നു. അതിനാൽതന്നെ രക്തദാനം ഒരിക്കലും ദോഷകരമായി ബാധിക്കുന്നില്ല. ദാനം ചെയ്യുന്നവർക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് രക്തം എടുക്കുന്നത്. രക്തദാനത്തിന്‍റെ പ്രാഥമിക പരിശോധനയിലൂടെയും കൗണ്‍സലിങ്ങിലൂടെയും ഒരു മിനി ഹെല്‍ത്ത് ചെക്കപ്പാണ് ലഭിക്കുന്നത്. ദാനം നല്‍കിയ രക്തം എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ്, മലേറിയ എന്നീ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നുമുണ്ട്. ഇതിലൂടെ തങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും രോഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് മനസ്സിലാക്കാനും സാധിക്കും.

രക്തഗ്രൂപ്പുകൾ

1901ൽ കാൾ ലാൻഡ്സ്റ്റെയിനറാണ് എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്. ചുവന്ന രക്താണുക്കളുടെ ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകൾ പോസിറ്റിവ്, നെഗറ്റിവ് എന്നിങ്ങ നെ തരംതിരിക്കുന്നത്. ഇതിലൊന്നുംപെടാത്തതാണ് ബോംബെ രക്തഗ്രൂപ് എന്നറിയപ്പെടുന്ന എച്ച്.എച്ച് ഗ്രൂപ്. പതിനായിരത്തിൽ ഒരാൾക്കാണ് ബോംബെ രക്തഗ്രൂപ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthtipsDonate Bloodhealthnews
News Summary - Donate Blood. Save Lives
Next Story