കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്ത്താന് ആയുർവേദ വഴികളും വ്യായാമ മുറകളും ഇതാ...
text_fieldsഒരു കുഞ്ഞിെൻറ കണ്ണുകളിൽ കേവലം ഏഴു ലോകാത്ഭുതങ്ങൾ മാത്രം ആവില്ല ഉള്ളത്, മറിച്ച് ഓരോ നിമിഷവും ഓരോ വസ്തുക്കളും അവന് അത്ഭുതങ്ങൾ പകരുന്നതാവും. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ ഈ കാലത്ത് മുതിർന്നവരെപ്പോലെതന്നെ കുട്ടികളും വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വിനോദത്തിനുമായി നാം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയെ കൂടുതൽ ആശ്രയിക്കേണ്ടതായിവരുന്നു. ദിവസത്തിൽ ഏകദേശം പത്തോ അതിലേറെയോ മണിക്കൂറുകളാണ് കുഞ്ഞുങ്ങളും മുതിർന്നവരും ഇത്തരം ഉപകരണങ്ങളെ പഠനാവശ്യങ്ങൾക്കും ജീവേനാപാധികൾക്കുമായി ആശ്രയിക്കേണ്ടിവരുന്നത്. എന്നാൽ, വിവിധ പഠനങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അധികരിച്ച ഉപയോഗം കാഴ്ചശക്തിയെ വളരെ മോശമായി ബാധിക്കുന്നതായി സൂചിപ്പിക്കുന്നു.
ഡിജിറ്റൽ ഉപകരണങ്ങൾ ഉയർന്ന അളവിൽ നീലവെളിച്ചം (ബ്ലൂ ലൈറ്റ്) പുറപ്പെടുവിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ 'ഡിജിറ്റൽ ഐ സ്ട്രെയിൻ' പോലുള്ള കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കു നയിച്ചേക്കാം. തുടർച്ചയായ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കേവലം കാഴ്ചയെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. മറിച്ച് മാനസികവും ശാരീരികവുമായ അനേകം രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു, വിശേഷിച്ചും കുട്ടികളിൽ. അവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഇടവരുത്താം.
സാധാരണയായി ഒരു ദിവസം മൂന്നു മണിക്കൂറിൽ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്ന ആളുകൾക്ക് കണ്ണുമായി ബന്ധപ്പെട്ട ഇനി പറയുന്ന പ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള ഉയർന്ന സാധ്യതയുണ്ട്:
കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
നീണ്ട കാലയളവിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ ചുരുക്കി വിളിക്കുന്ന പേരാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. ഇത്തരം ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്ന ആളുകളിൽ, വിശേഷിച്ചും അരണ്ട വെളിച്ചത്തിലും മറ്റും ഉപയോഗിക്കുമ്പോൾ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളരെ കുറവാണ്. കണ്ണുകളും സ്ക്രീനും തമ്മിൽ വേണ്ടത്ര അകലം ഇല്ലാതെ ഇരിക്കുക, കമ്പ്യൂട്ടർ സ്ക്രീനിലെ അധികരിച്ച വെളിച്ചം, കണ്ണ് ചിമ്മുന്നതിലെ കുറവ് മുതലായവ ഈ രോഗത്തിെൻറ തീവ്രത വർധിപ്പിക്കുന്നു.
മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി
സിനിമ കാണുന്നതിനും ഗെയിം കളിക്കുന്നതിനും മറ്റും ഡിജിറ്റൽ സ്ക്രീനുകളിൽ വളരെയധികം സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപ്പിയ അല്ലെങ്കിൽ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ ഉണ്ടായേക്കാം. നേത്രരോഗങ്ങളിൽ ഏറ്റവും കൂടുതലായും സാധാരണമായും കാണപ്പെടുന്ന ഒന്നാണ് ഇത്. കണ്ണിലേക്കു വരുന്ന പ്രകാശം റെറ്റിനയിൽ ശരിയായി കേന്ദ്രീകരിക്കാത്തതുകൊണ്ടാണ് ഹ്രസ്വദൃഷ്ടി ഉണ്ടാകുന്നത്. അങ്ങനെയുള്ള ആളുകൾക്ക് അകലെയുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട്, തലവേദന, കണ്ണിനു വേദന മുതലായവ ഉണ്ടാകും. സാധാരണ കോൺകേവ് ലെൻസുകൾ ഉപയോഗിച്ച് ഇത്തരം ലക്ഷണങ്ങളെ മറികടക്കാനാവും.
ഡ്രൈ ഐ ഡിസീസ്
നമ്മുടെ ശ്രദ്ധ ഏതെങ്കിലും ഒരേ വസ്തുവിൽതന്നെ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ഇമവെട്ടുന്ന തോത് കുറഞ്ഞിരിക്കും. ദീർഘനേരം മൊബൈലിലോ മറ്റോ സിനിമ കാണുകയോ കളിക്കുകയോ ചെയ്യുമ്പോൾ നേത്രപടലത്തെ സംരക്ഷിക്കുന്ന കണ്ണുനീർപാളി വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നു. അതുമൂലം കണ്ണുകളിൽ വരൾച്ച, ചൊറിച്ചിൽ മുതലായവ ഉണ്ടാവുകയും അതുവഴി ഡ്രൈ െഎ ഡിസീസ് എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.
ഇവക്കൊക്കെ പുറമെ കുട്ടികൾ ഡിജിറ്റൽ സ്ക്രീനുകളിൽ എന്തെങ്കിലും കളിക്കുകയോ കാണുകയോ ചെയ്യുമ്പോൾ സമയബോധം ഏറക്കുറെ പൂർണമായും നഷ്ടപ്പെടുന്നു. ഇത് അവരുടെ ബൗദ്ധികവും വിദ്യാഭ്യാസപരവുമായ വളർച്ചയെയും മോശമായി ബാധിക്കുന്നു. കൂടാതെ ഉറക്കം നഷ്ടമാവുക, അമിത വണ്ണത്തിനുള്ള സാധ്യത വർധിക്കുക, കഴുത്തുവേദന, നടുവേദന തുടങ്ങിയ ഒരു കൂട്ടം രോഗങ്ങൾക്കും കാരണമാവുന്നു.
നേത്രരോഗങ്ങളെക്കുറിച്ചും വിശിഷ്യാ അതിെൻറ കാരണങ്ങളെക്കുറിച്ചും അഗാധമായ അറിവുകളാണ് ആയുർവേദം പങ്കുവെക്കുന്നത്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് ആയുർവേദശാസ്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്. ത്രിദോഷങ്ങളുടെ അവികൃതമായ അവസ്ഥ ആരോഗ്യവും വികൃതമായ അവസ്ഥ രോഗവുമാണ്.
പഠനത്തിനും പ്രായോഗിക പരിജ്ഞാനത്തിനുമായി ആയുർവേദത്തെ എട്ട് അംഗങ്ങൾ അഥവാ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കഴുത്തിനു മുകളിലുള്ള അതായത് ശിരസ്സ്, ചെവി, കണ്ണ്, വായ, മൂക്ക് മുതലായ അവയവങ്ങളെ ആശ്രയിച്ച് ഉണ്ടാകുന്ന രോഗങ്ങളെയും അവയുടെ ചികിത്സയും പ്രതിപാദിക്കുന്ന വിഭാഗത്തെയാണ് ശാലാക്യ ചികിത്സ എന്നു പറയുന്നത്. ആയുർവേദത്തിൽ രോഗചികിത്സയേക്കാൾ രോഗപ്രതിരോധത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ആയതിനാൽതന്നെ, ഒരു നേത്രരോഗം ചികിത്സിക്കുന്നതിെൻറ ആദ്യ പടി രോഗകാരണങ്ങളായ ഘടകങ്ങൾ ഉപേക്ഷിക്കുകയാണ്.
ഇവക്കു പുറമെ ഔഷധസേവ, പഞ്ചകർമചികിത്സ, നേത്ര ക്രിയാകൽപങ്ങൾ, രസായന ചികിത്സ തുടങ്ങി രോഗിയുടെയും രോഗത്തിെൻറയും അവസ്ഥക്കനുസരിച്ച് അനേകം ചികിത്സാമാർഗങ്ങളുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
നിങ്ങളുടെ മേൽനോട്ടത്തിൽ കുട്ടികൾക്കായി ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. അതിനനുസരിച്ച് കുട്ടിയുടെ പാഠ്യ, പാഠ്യേതര സമയങ്ങൾ ക്രമീകരിക്കുക. പഠിക്കാനുള്ള സമയവും ഇടവേളകളും ഉപയോഗിച്ച് ദിവസം മുഴുവൻ സ്ക്രീൻ സമയം തുല്യമായി വിഭജിക്കുക. ബോറടി മാറ്റാൻ ഗാഡ്ജറ്റ് ഉപയോഗിക്കുന്നതിനെ പൂർണമായും നിരുത്സാഹപ്പെടുത്തുക. കുട്ടികളുടെ കൂടെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കുട്ടികളുടെ ഔട്ട്ഡോർ കളികളെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ഉൽപാദനക്ഷമമായ ഗാർഡനിങ് മുതലായ ഹോബികൾ പ്രോത്സാഹിപ്പിക്കുക. അവരോടൊപ്പം സമയം ചെലവഴിക്കുക, ഓഫ്ലൈനിൽ കുട്ടികൾ അവരുടെ സമയം ആസ്വദിക്കുന്നുവെന്ന് മാതാപിതാക്കളും ഉറപ്പാക്കുക. അങ്ങനെ ആയാൽതന്നെ അവർ സമയം ചെലവഴിക്കാൻ ടെലിവിഷൻ/മൊബൈൽ/ടാബ്ലെറ്റ് എന്നിവയെ അവലംബിക്കുകയില്ല. തന്മൂലം ഉളവാകുന്ന നേത്രരോഗങ്ങളെ തടയാനുമാവും.
കണ്ണിന്റെ ആയാസം കുറക്കാനുള്ള മറ്റു മാർഗങ്ങളും ചികിത്സയും
•കമ്പ്യൂട്ടർ സ്ക്രീനിൽനിന്ന് ഒരു കൈ അകലത്തിൽ അഥവാ 25 ഇഞ്ച് അകലത്തിൽ ഇരിക്കുക
•സ്ക്രീനിലേക്ക് ശരിയായ വെളിച്ചം കിട്ടുന്ന രീതിയിൽ മുറിയിലെ പ്രകാശസംവിധാനം ക്രമീകരിക്കുക
•കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഇടക്കിടെ ലഘുവായ നേത്രവ്യായാമം ചെയ്യുക
•ഉള്ളംകൈ ഉരസി ചൂടാക്കി ഇടക്കിടെ കണ്ണിനു മുകളിൽ വെക്കുക
•ധാരാളം വെള്ളം കുടിക്കുക
•ബോധപൂർവം കണ്ണ് ചിമ്മുക
•കണ്ണിനെ ഈർപ്പമുള്ളതാക്കാൻ ഉതകുന്ന ഐ ഡ്രോപ്സുകൾ ഉപയോഗിക്കുക
•ത്രിഫലകഷായംകൊണ്ട് കണ്ണ് കഴുകുക
•കണ്ണിനു മതിയായ വിശ്രമം കൊടുക്കുക
•മുരിങ്ങയില അരച്ച് കണ്ണിനു പുറമെ െവച്ചുകെട്ടുക
•നേത്രപരിശോധന ഇടക്കു നടത്തുക
•ജങ്ക് ഫുഡ് ഉപേക്ഷിച്ച്, പകരം വിറ്റമിൻ എ ധാരാളമുള്ള ഫലങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക
•ത്രിഫല തേനോ നെയ്യോ ചേർത്ത് പതിവായി സേവിക്കുക
കണ്ണിനു സഹായകരമായ വ്യായാമങ്ങൾ
താഴെ കൊടുത്തിരിക്കുന്ന വ്യായാമമുറകളിൽ ഏതെങ്കിലും 2-3 വ്യായാമങ്ങൾ തിരഞ്ഞെടുക്കുക, തിരഞ്ഞെടുത്ത ഓരോ വ്യായാമവും 1- 3 മിനിറ്റ് ചെയ്യണം. കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ ഓരോ മണിക്കൂറിലും കണ്ണിെൻറ വ്യായാമങ്ങൾക്കായി 2-3 മിനിറ്റ് ഇടവേള എടുക്കാൻ ശ്രമിക്കുക.
വ്യായാമം 1
ബ്രീത്തിങ് എക്സർസൈസ്
നിങ്ങൾ എങ്ങനെ ശ്വസിക്കുന്നു എന്നത് നിങ്ങളുടെ ആരോഗ്യത്തിെൻറയും കാഴ്ച മെച്ചപ്പെടുത്തലിെൻറയും അവിഭാജ്യ ഘടകമാണ്. ആഴത്തിലുള്ളതും താളാത്മകവുമായ ശ്വസനം നമ്മുടെ ആന്തരികസ്വത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്നു. നമ്മിൽ മിക്കവരും വളരെ ആഴമില്ലാതെയും അബോധപൂർവവുമായാണ് ശ്വസിക്കുന്നത്. എന്നാൽ, ബോധപൂർവം ആഴത്തിലുള്ള ശ്വസനം മാനസികവും ശാരീരികവുമായ ഉന്മേഷം പ്രദാനം ചെയ്യുന്നതാണ്.
1. ശാന്തമായ ഒരു മുറിയിൽ തറയിലോ സുഖപ്രദമായ കസേരയിലോ ഇരിക്കുക.
2. കണ്ണുകൾ പതുക്കെ അടയ്ക്കുക.
3. ശ്വസനത്തിെൻറ താളം ശ്രദ്ധിക്കുക.
4. മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക. നിങ്ങളുടെ തോളുകൾ താഴേക്കും അയഞ്ഞും തുടരാൻ ശ്രമിക്കുക. ശ്വാസകോശങ്ങൾ നിറയുന്നത് സ്വയം അനുഭവിക്കുക.
5. ശ്വാസകോശത്തിെൻറ അടിയിൽനിന്ന് വായു പുറത്തേക്ക് തള്ളിക്കൊണ്ട് വായിലൂടെ സാവധാനം, സമമായി പുറംതള്ളുക. വയറും നെഞ്ചും പരന്നതായി അനുഭവിക്കുക.
6. ഒരു സ്വാഭാവിക താളം കണ്ടെത്താൻ ശ്രമിക്കുക. അമിതവും ശക്തവുമായി ശ്വസിക്കരുത്.
7. എല്ലാ ശ്രദ്ധയും ശ്വസനത്തിൽ കേന്ദ്രീകരിക്കുക.
8. കൺപോളകൾ അടഞ്ഞുതന്നെയിരിക്കണം.
9. ഇത്തരത്തിൽ മൂന്നു മിനിറ്റ് ശ്വസിക്കുന്നത് തുടരുക.
10. കണ്ണുകൾ തുറക്കുമ്പോൾ, പ്രത്യേകിച്ച് ഒന്നും ഫോക്കസ് ചെയ്യാതെ തുറക്കാൻ അനുവദിക്കുക, അങ്ങനെ അവക്ക് ഏറ്റവും സ്വാഭാവികവും ശാന്തവുമായ രീതിയിൽ വെളിച്ചം സ്വീകരിച്ചുതുടങ്ങാൻ കഴിയും.
വ്യായാമം 2
പാമിങ്
കണ്ണടയോ കോൺടാക്ട് ലെൻസുകളോ ഇല്ലാതെയാണ് ഈ വ്യായാമം ചെയ്യേണ്ടത്. മനസ്സിനെ ശാന്തമാക്കാനും കണ്ണുകൾക്കു ചുറ്റുമുള്ള പേശികളെ ശക്തമാക്കാനും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായകരമാവുന്നു.
1. സൗകര്യപ്രദമായ കസേരയിൽ മേശക്കരികിലായി ഇരിക്കുക.
2. മുന്നോട്ടുചാഞ്ഞ്, കൈമുട്ടുകൾ മേശപ്പുറത്തു വെക്കുക, കണ്ണുകൾ മൃദുവായി അടക്കുക.
3. ഇനി ഇടതുകൈയുടെ കൈപ്പത്തി ഇടതുകണ്ണിലും വിരലുകൾ നെറ്റിയിലും കൈപ്പത്തിയുടെ പൊള്ളയായ ഭാഗം കണ്ണിനു മുകളിലും വരത്തക്ക രീതിയിൽ കണ്ണുകളെ സ്പർശിക്കാതെ വെക്കുക. കണ്ണുചിമ്മാനുള്ള സ്ഥലം ഇടക്കു വിടുക.
4. വലതുകൈയും വലതുകണ്ണുംകൊണ്ട് ഇതുതന്നെ ചെയ്യുക.
5. അങ്ങനെ നിങ്ങളുടെ മുഖവും തലയുടെ ഭാരവും നിങ്ങളുടെ കൈപ്പത്തികളിൽ മാത്രമാക്കി ശ്വസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക
ഇത് മൂന്നു മിനിറ്റു മാത്രമേ ചെയ്യാൻ ശിപാർശ ചെയ്യുന്നുള്ളൂവെങ്കിലും, നിങ്ങളുടെ കണ്ണുകൾ ശാന്തമാക്കാനും ദൈനംദിന ജീവിതത്തിലെ പിരിമുറുക്കങ്ങളിൽനിന്ന് ശാന്തമാകാനുമുള്ള ഒരു മാർഗമായി നിങ്ങൾ ഇഷ്ടപ്പെടുന്നിടത്തോളം ഹ്രസ്വമായോ ദീർഘമായോ പാമിങ് ചെയ്യാൻ കഴിയും.
വ്യായാമം 3
അടുത്തും അകലെയും ഫോക്കസ്
ദൂരക്കാഴ്ചയിൽനിന്ന് അടുത്തുള്ള വിഷ്വൽ ഫോക്കസിലേക്കു മാറുമ്പോൾ കണ്ണുകളുടെ വഴക്കം മെച്ചപ്പെടുത്തുന്നതിന് ഈ വ്യായാമം ഉപകാരപ്പെടുന്നു.
1. നിങ്ങളുടെ തള്ളവിരൽ നിങ്ങളുടെ കണ്ണിൽനിന്ന് ആറ് ഇഞ്ച് അകലെ മൂക്കിനു മുന്നിൽ നേരിട്ട് പിടിക്കുക.
2. തള്ളവിരലിലേക്ക് സൂക്ഷിച്ചുനോക്കുക, ദീർഘശ്വാസം എടുക്കുക. എന്നിട്ട് കുറഞ്ഞത് പത്തടി അകലെയുള്ള ഒരു വസ്തുവിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ദീർഘശ്വാസം എടുക്കുകയും ചെയ്യുക.
3. ഓരോ ശ്വാസത്തിലും ഈ ഫോക്കസ് മാറ്റി മാറ്റി കുറഞ്ഞത് മൂന്ന് മിനിെറ്റങ്കിലും ആവർത്തിക്കുക.
വ്യായാമം 4
സൂമിങ്
കണ്ണിലെ പേശികളുടെ വഴക്കം മെച്ചപ്പെടുത്തുന്നതിന് രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ വ്യായാമം.
1. മിഡ് ലൈനിൽ അഥവാ നിങ്ങളുടെ മൂക്കിനു നേരെ നിങ്ങളിൽനിന്ന് കൈയുടെ അകലത്തിൽ തള്ളവിരൽ െവക്കുക.
2. ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ നിങ്ങളുടെ തള്ളവിരൽ സാവധാനം നിങ്ങളുടെ നേരെ ചലിപ്പിക്കുകയും അതിൽ കണ്ണുകൾ കേന്ദ്രീകരിക്കുകയും ചെയ്യുക.
3. മുഖത്തുനിന്ന് 15 സെൻറിമീറ്റർ അടുത്ത് തള്ളവിരൽ എത്തുമ്പോൾ ശ്വാസം പുറത്തേക്കു വിടുകയും തള്ളവിരലുകൾ പൂർവ സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യുക.
ഇപ്രകാരം 2-3 മിനിറ്റ് ആവർത്തിക്കുക.
വ്യായാമം 5
സണ്ണിങ്
കണ്ണടയോ കോൺടാക്ട് ലെൻസുകളോ ഇല്ലാതെയാണ് ഈ വ്യായാമം ചെയ്യുന്നത്. ശരീരത്തിന് പ്രതിദിനം കുറഞ്ഞത് 10 മിനിറ്റ് സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുന്നത് വിറ്റമിൻ ഡിയുടെ ഉൽപാദനത്തിന് സഹായകരമാണ്.
1 രാവിലെ സൂര്യൻ ഉദിച്ച് ഏഴു മണിക്കുള്ളിലോ വൈകീട്ട് അഞ്ചിനുശേഷം അസ്തമിക്കുന്നതുവരെയോ ഇത് പരിശീലിക്കാവുന്നതാണ്.
2. സൂര്യൻ നിങ്ങളുടെ മേൽ പ്രകാശിക്കുന്ന ഒരു സ്ഥലത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
3. കണ്ണുകൾ പതുക്കെ അടക്കുക.
4. തല സാവധാനം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, ചലിപ്പിക്കുമ്പോൾ ഇരുണ്ട സ്ഥലത്തുനിന്നും തുടങ്ങി സൂര്യന് അഭിമുഖമായി വന്നു വീണ്ടും ഇരുണ്ട സ്ഥലത്തേക്ക് ചലിപ്പിക്കുക. അടഞ്ഞ കൺപോളകളിൽ വീഴുന്ന പ്രകാശത്തിെൻറ ചലനം അനുഭവിക്കുക.
ഇത്തരത്തിൽ ചുരുങ്ങിയത് അഞ്ചു മിനിെറ്റങ്കിലും ചെയ്യുക.
ജീവകങ്ങൾ കഴിക്കാം
കാരറ്റ്, ചീര, ബദാം, പുളിയുള്ള പഴങ്ങൾ തുടങ്ങിയവയൊക്കെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.