Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Food Poisoning: Symptoms, Causes, and Treatment - Healthline
cancel

കായംകുളത്ത് സ്‌കൂളിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ, കൊല്ലത്ത് അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ... വാർത്തകൾ ഒരുപാടുണ്ട്. ഈയിടെ കാസർകോട്ട് ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തോടെയാണ് കുറച്ചധികം നാളുകൾക്കുശേഷം ഭക്ഷ്യവിഷബാധയെ കുറിച്ച് കേരളം വീണ്ടും സംസാരിച്ചു തുടങ്ങിയത്. നിരവധി സംഭവങ്ങൾ കൺമുന്നിലുണ്ടായിട്ടും ഭക്ഷ്യവിഷബാധക്ക് പലരും വേണ്ടത്ര ഗൗരവം കൊടുക്കാറില്ല.

എന്തുകൊണ്ടാണ് ഭക്ഷ്യവിഷബാധ ഗൗരവമായി കാണണമെന്നു പറയുന്നത്? ചെറിയൊരു അശ്രദ്ധകൊണ്ട് മരണത്തിലേക്കുവരെ നയിക്കാവുന്നതാണിതെന്ന് പലരും മറന്നുപോകുന്നു. അല്ലെങ്കിൽ നിസ്സാരവത്കരിക്കുന്നു.വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ പാകം ചെയ്തതോ കേടുവന്നതോ പഴകിയതോ ആയ ഭക്ഷണം, വെള്ളം എന്നിവ കഴിക്കുമ്പോൾ ശരീരത്തിലേക്ക് രോഗാണുക്കൾ കയറുകയും അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥക്ക് പൊതുവെ പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.

കല്യാണം, സ്‌കൂളുകൾ, ഹോട്ടലുകൾ തുടങ്ങിയ കൂടുതൽ ഭക്ഷണം ഒന്നിച്ച് പാചകം ചെയ്യുന്ന ഇടങ്ങളിൽ വൃത്തിഹീനമോ പഴകിയതോ ആയ ഭക്ഷണം വിതരണം ചെയ്യുകയും അത് കഴിക്കുകയും ചെയ്യുമ്പോഴാണ് കൂട്ടമായി ആളുകൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുന്നത്. പുറത്തുനിന്ന് കഴിച്ചാൽ മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽനിന്നും ഭക്ഷ്യവിഷബാധയേൽക്കാം.


രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക്...

ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങി പലതരം രോഗാണുക്കൾ നമുക്കു ചുറ്റുമുണ്ട്. ഭക്ഷ്യവിഷബാധയേൽപിക്കുന്ന രോഗാണുക്കളും ഒരുപാടുണ്ട്. ഇവ പലരീതിയിലാണ് ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്നത്.

ഭക്ഷണത്തിൽ പ്രധാനമായും നാലുരീതിയിലാണ് രോഗാണുക്കൾ കയറിക്കൂടുന്നത്. ഒന്ന് ഭക്ഷ്യവസ്തുവിന്റെ പ്രോസസിങ് സമയത്ത്. ഉദാഹരണത്തിന് പാൽ കറന്നെടുക്കുമ്പോൾ വൈറസുകൾ പാലിലേക്ക് എത്താൻ സാധ്യതയുണ്ട്. മറ്റൊന്ന് ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്ന സമയത്ത്. അതല്ലെങ്കിൽ വിളമ്പുമ്പോഴാകാം. അതുമല്ലെങ്കിൽ വിളമ്പിക്കഴിഞ്ഞ് കുറെ നേരം തുറന്നുവെക്കുമ്പോഴാകാം.

ഏതു രീതിയിലാണ് രോഗാണു ഭക്ഷണത്തിലേക്ക് കടക്കുക എന്ന് പ്രവചിക്കാൻ സാധിക്കില്ല. ചിലപ്പോൾ പാചകം ചെയ്യുമ്പോൾ ബാക്ടീരിയകൾ നശിച്ചുപോകാറുണ്ട്. പക്ഷേ, അത് പുറത്തുവിടുന്ന വിഷവസ്തുക്കൾ അതിൽ തന്നെ അവശേഷിക്കും. അതുവഴിയും ഭക്ഷ്യവിഷബാധയുണ്ടാകും. വേറെ ചില ബാക്ടീരിയകളാവട്ടെ, എത്ര ചൂടാക്കിയാലും ചത്തുപോകില്ല. ഇങ്ങനെയും അവ ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലേക്ക് കടന്നുവരാം.

ഇ.കോളി, ഷിഗെല്ല, സാൽമൊണെല്ല മുതലായ ബാക്ടീരിയകൾ, ഫംഗസുകൾ, നോവോ വൈറസ്, സ്‌റ്റഫിലോകോക്കസ് തുടങ്ങിയവയെല്ലാമാണ് പ്രധാന രോഗകാരികൾ. സ്‌റ്റഫിലോകോക്കസ് പോലുള്ള ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് ഒന്നുമുതൽ ആറുമണിക്കൂറിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകും.

എത്ര ചൂടാക്കിയാലും ഇവയുടെ വിഷവസ്തുക്കൾ നശിക്കില്ല എന്നതാണ് പ്രത്യേകത. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെജിറ്റബ്ൾ സാലഡിൽ നിന്നെല്ലാമാണ് ഈ രോഗാണു പെട്ടെന്ന് ശരീരത്തിൽ എത്തുന്നത്.


പേടിക്കണം ഷിഗെല്ലയെ

'ഷിഗെല്ല' സ്ഥിരീകരിച്ചുവെന്ന് ഇടക്കിടക്ക് വാർത്തകളിൽ കേൾക്കാറുണ്ടല്ലോ. വളരെ അപകടകാരിയായ രോഗാണുവാണിത്. രോഗാണുവിൻെറ ചെറിയ ഡോസ് മതി വലിയ അപകടം വരുത്തിവെക്കാൻ. ഈ രോഗാണു ശരീരത്തിനുള്ളിലെത്തി അന്നുമുതൽ ലക്ഷണങ്ങൾ കാണിക്കാം. ഒന്നു മുതൽ നാലുദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്.

വെള്ളം പോലെ വയറ്റിൽനിന്ന് പോകുക, പനി, ഛർദി എന്നിവയാകും ആദ്യ ലക്ഷണങ്ങൾ. ചികിത്സ എടുത്തില്ലെങ്കിൽ മലത്തിലൂടെ രക്തം വരാൻ തുടങ്ങും. പിന്നീട് മലദ്വാരം പുറത്തേക്കുവരുന്ന മലാശയ പ്രൊലാപ്സ് എന്ന അവസ്ഥ ഉണ്ടാക്കും. കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരാറ്.

വലിയവരിൽ ശരീരത്തിലെ ജലാംശം കുറയുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യും. തലച്ചോറിൽ നീർക്കെട്ട് വരാനും ഇടയാക്കും. ഇത് രോഗത്തെ ഗുരുതരമാക്കും. കുടലിൽ എത്തിയശേഷമാണ് ഷിഗെല്ല വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുക.


ഛർദിച്ച് ഒരു വഴിക്കായി...

ഒന്നും പറയേണ്ട... ഇന്നലെ മുതൽ ഒരേ ഛർദിയാ, വയറിനും വേദനയുണ്ട്... പലരും ഇങ്ങനെ പറഞ്ഞുകേൾക്കാറില്ലേ. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണമാകാം. ഛർദിക്കു പുറമെ ഓക്കാനം, വയറിളക്കം, മലത്തിലൂടെ രക്തം പോകൽ, ശക്തമായ വയറുവേദന, ക്ഷീണം, പനി ഇവയൊക്കെയാണ് സാധാരണ ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ. ഭക്ഷ്യവിഷബാധ ഏറ്റവും വേഗം ബാധിക്കുന്നത് ആമാശയത്തെയും കുടലിനെയും ആണ്.

അതുകൊണ്ടാണ് ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ വേഗം പ്രകടമാകുന്നത്. എന്നാൽ, എല്ലാവർക്കും ഈ ലക്ഷണങ്ങൾ മുഴുവൻ ഉണ്ടാകണം എന്നില്ല. ചിലർക്ക് ഛർദിയും വയറുവേദനയും മാത്രമായിരിക്കും. ചിലർക്ക് വയറുവേദനയും വയറിളക്കവുമായിരിക്കും. വേറെ ചിലർക്ക് വയറുവേദനയും ശക്തമായ പനിയുമായിരിക്കും. ഇത് ശരീരത്തിലുള്ള രോഗാണുവിന് അനുസരിച്ചിരിക്കും.

ഏതു ഭക്ഷണവും പണിതരാം

ഏതു ഭക്ഷണത്തിൽനിന്നും വിഷബാധയേൽക്കാം. എന്നാൽ കൂടുതൽ സാധ്യത ഇറച്ചി, പ്രത്യേകിച്ച് ചിക്കൻ, മീൻ, കടൽമത്സ്യങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിൽനിന്നാണ്. കാസർകോട്ട് ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഷവർമയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ സാൽമൊണെല്ല, ഷിഗെല്ല എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇതിന് പ്രധാനകാരണം ഷവർമയുണ്ടാക്കുന്ന ചിക്കൻ ശരിയായി വേവുന്നില്ല എന്നതാണ്. എല്ലാ ഭാഗത്തും ശരിയായ രീതിയിൽ ചൂട് കിട്ടാത്തതിനാൽ ബാക്ടീരിയകൾ നശിക്കില്ല. ഇതിനുപുറമെ വേവിക്കാത്ത മുട്ട ചേർന്ന മയോണൈസിൽനിന്ന് ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.


പാക്കറ്റ് ഫുഡുകൾ

പാക്ക് ചെയ്തുവരുന്ന ഭക്ഷണങ്ങളിൽനിന്നും ഭക്ഷ്യവിഷബാധയേൽക്കാം. ശരിയായ രീതിയിൽ പാക്ക് ചെയ്യാത്തതോ വേണ്ടരീതിയിൽ പാകം ചെയ്യാത്തതോ പാക്കറ്റ് ഇടക്ക് തുറന്നുപോകുകയോ ചെയ്യുമ്പോൾ ഒക്കെ രോഗാണുക്കൾ വളരാനും അതുവഴി ശരീരത്തിലേക്ക് എത്താനും സാധ്യതയുണ്ട്.

കടൽ മത്സ്യങ്ങൾ

കടൽ മത്സ്യങ്ങൾ, പ്രത്യേകിച്ച് ഓയിസ്റ്ററുകൾ, കക്ക തുടങ്ങിയ തോടുള്ള മത്സ്യങ്ങളിൽനിന്ന് ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യത കൂടുതലുണ്ട്. ഇതിന് പ്രധാന കാരണക്കാർ മനുഷ്യൻ തന്നെയാണ്. കടലിലേക്ക് മാലിന്യങ്ങൾ തള്ളിവിടുമ്പോൾ നാം ഓർക്കാറില്ല അത് തിരിച്ച് പണിതരുമെന്ന്.

ഷെൽഫിഷുകളിൽ മിക്കതും കടലിലെ മാലിന്യങ്ങൾ കഴിച്ചാകും ചത്തുപോകുന്നത്. അതറിയാതെയാണ് നാം അവയെ കഴിക്കുന്നത്. ആ മത്സ്യത്തിന്റെ ഉള്ളിലുണ്ടാകുന്ന രോഗാണുക്കളെല്ലാം നമ്മുടെ ശരീരത്തിലേക്ക് അങ്ങനെ എത്തുകയും ചെയ്യുന്നു.


വിഷം നിറഞ്ഞ പച്ചക്കറികൾ

പച്ചക്കറികളിലെ കീടനാശിനികളടക്കമുള്ള വിഷാംശവും ഭക്ഷ്യവിഷബാധയുണ്ടാക്കും. അശ്രദ്ധമായി കഴുകിയുണ്ടാക്കുന്ന പച്ചക്കറികളിൽനിന്നാണ് പ്രധാനമായും ഭക്ഷ്യവിഷബാധയേൽക്കുക. പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിലോ ഉപ്പ്-വിനാഗിരി, പുളിവെള്ളം എന്നിവയിലോ കുറച്ചുനേരം ഇട്ടുവെച്ച് കഴുകിയെടുക്കുന്നതാണ് ഉത്തമം.

എല്ലാ പാലും പാലല്ല...

പാലിലും പാലുൽപന്നങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന രോഗാണുക്കൾ ഏറ്റവും എളുപ്പത്തിൽ പടരും. പാൽ കറക്കുന്ന സമയത്ത് ബാക്ടീരിയ കലരാൻ സാധ്യതയുണ്ട്. കറവക്കാരന്റെ കൈയിൽനിന്ന് നേരിട്ട് വാങ്ങുമ്പോൾ നന്നായി കാച്ചിയെടുക്കണം എന്നുപറയുന്നത് ഇതുകൊണ്ടാണ്. പ്രത്യേകിച്ചും ആട്ടിൻപാൽ.

എന്നാൽ, പാക്കറ്റ് പാലിൽ സംസ്കരണത്തിന്‍റെ ഓരോ ഘട്ടവും കൃത്യമായ രീതിയിൽ നടന്നില്ലെങ്കിൽ ബാക്ടീരിയകൾ പെരുകും. മൂന്നുദിവസത്തിൽ കൂടുതൽ പാക്കറ്റ് പാലുകൾ കേടുവരാതെ നിലനിൽക്കണമെങ്കിൽ അത്രത്തോളം സൂക്ഷ്മതയോടെ വേണം ഓരോ ഘട്ടവും കടന്നുപോകാൻ.

വിപണിയിൽ ഇന്ന് ഒട്ടേറെ പാക്കറ്റ് പാലുകൾ ലഭ്യമാണ്. പേരുപോലും ഇല്ലാത്ത പാക്കറ്റ് പാലുകൾ! ഇത്തരം പാലായിരിക്കും ചില ചായക്കടകളിൽ ഉപയോഗിക്കുന്നത്. ഇങ്ങനെ ചായയിൽനിന്ന് വരെ ഭക്ഷ്യവിഷബാധയേൽക്കാം. ബ്രുസല്ല, കാംപിലേബാക്ടർ എന്നിവയാണ് പാലിൽനിന്നും പാൽ ഉൽപന്നങ്ങളിൽനിന്നും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന രോഗാണുക്കൾ.


ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസിൽനിന്നും ഭക്ഷ്യവിഷബാധ ഏൽക്കാറുണ്ട്. ബാസിലസ് സെറിയസ് എന്ന രോഗാണുവാണ് ഇതിന് കാരണം. ഇത് ഉള്ളിലേക്ക് എത്തിയാൽ അഞ്ചോ ആറോ മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

കുഞ്ഞിന് തേൻ നൽകുമ്പോൾ

ചെറിയ കുട്ടികൾക്ക് ജനിച്ചയുടനെ തേൻ വായിൽ വെച്ചുകൊടുക്കുന്ന ചടങ്ങ് പലയിടത്തുമുണ്ടാകും. എന്നാൽ, ഇതുമൂലം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാകും. ഇൻഫൻറ് ബോട്ടുലിസം എന്നാണിതിനെ പറയുന്നത്.

ഭക്ഷ്യവിഷബാധയേറ്റാൽ...
ഭക്ഷ്യവിഷബാധയേറ്റാൽ ശരീരത്തിലെ ജലാംശം, ലവണങ്ങൾ എന്നിവ കൂടുതലായി നഷ്ടപ്പെടും. ഛർദിയും വയറിളക്കവും ശരീരത്തെ ക്ഷീണിപ്പിക്കും. ഈ സമയത്ത് നന്നായി വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇതിന് പുറമെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീർ, കൂവപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം ഇതൊക്കെ ഇടവിട്ട് കുടിക്കാം.
● ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഒ.ആർ.എസ് ലായനി കുടിക്കാം.
● നന്നായി റെസ്റ്റ് എടുക്കുക.
● ലളിതമായ ഭക്ഷണം മാത്രം കഴിക്കുക. കൂടുതൽ വെള്ളമുള്ള കഞ്ഞി കുടിക്കാം. ഇറച്ചി, മീൻ പോലുള്ളവ കഴിക്കാതിരിക്കുക. കൂടാതെ, അച്ചാർ പോലെ അസിഡിക്കായ ഭക്ഷണങ്ങളും ഒഴിവാക്കുക.
ചെറിയരീതിയിലുള്ള ഭക്ഷ്യവിഷബാധയാണെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ തന്നെ ഒരുവിധം ഭേദപ്പെടും.

പനി, വയറിളക്കം, ഛർദി കൂടുക, ശ്വാസം മുട്ടൽ, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് മൂത്രം ഒഴിക്കാൻ പറ്റാതാകുക ഇവയൊക്കെ വന്നാൽ ഉടൻ ഡോക്ടറുടെ ചികിത്സ തേടണം.
ഡോക്ടറെ കാണിക്കാൻ ചെല്ലുമ്പോൾ തലേദിവസം മുതൽ കഴിച്ച മുഴുവൻ ഭക്ഷണങ്ങളും കൃത്യമായി പറഞ്ഞുകൊടുക്കുക.

ഏതു സമയത്താണ് കഴിച്ചത്, ഏതെങ്കിലും ഭക്ഷണത്തിന് അലർജിയുണ്ടോ തുടങ്ങിയവ പറഞ്ഞുകൊടുക്കുക. വീട്ടിൽനിന്ന് എന്തെല്ലാം ചികിത്സകൾ ചെയ്തെന്നും ഡോക്ടറെ അറിയിക്കുക. ഈ ഭക്ഷണ ഹിസ്റ്ററി കിട്ടിയാൽ തന്നെ ഡോക്ടർക്ക് ഏതു ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് അറിയാൻ സാധിക്കും. അങ്ങനെ കൃത്യമായ ചികിത്സ നിശ്ചയിക്കാൻ കഴിയും.

ഭക്ഷ്യവിഷബാധയേറ്റാൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ചെറിയ കുട്ടികളെയാണ്. പ്രത്യേകിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ. ഇവർ പ്രതിരോധശേഷി ആർജിച്ചുവരുന്നേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളിൽ ഭക്ഷ്യവിഷബാധ വലിയ അപകടമുണ്ടാക്കാം. മറ്റൊരു വിഭാഗം പ്രായമായവരാണ്. ഇവർക്ക് പ്രതിരോധശേഷി ഉണ്ടായിവരാൻ പ്രയാസമായിരിക്കും. ഹോർമോൺ മാറ്റങ്ങൾ നടക്കുന്നതിനാൽ ഗർഭിണികളും ശ്രദ്ധിക്കണം.



വേണം ശ്രദ്ധ കൂടുതൽ

● പച്ചക്കറികൾ നന്നായി കഴുകുക. പ്രത്യേകിച്ചും പുറംതൊലി ചെത്തിക്കളയാത്ത പച്ചക്കറികൾ. കാരറ്റ്,പയർ, ഇലവർഗങ്ങൾ തുടങ്ങിയവ നന്നായി കഴുകിയെടുക്കണം.

● പാക്കറ്റ് ഫുഡുകൾ വാങ്ങുമ്പോൾ എക്‌സ്‌പെയറി ഡേറ്റ് നോക്കി മാത്രമേ വാങ്ങാവൂ. ഡേറ്റ് കഴിഞ്ഞവ വാങ്ങാതിരിക്കുക.

● പാക്കറ്റ് ഫുഡും പാചകം ചെയ്യാത്ത ഭക്ഷണവും ഒരുമിച്ച് വെക്കാതിരിക്കുക. ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്.

● ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ എപ്പോഴും അടച്ചുവെക്കുക.

● ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം പൂർണമായും തണുപ്പ് വിട്ടശേഷം മാത്രം ചൂടാക്കുക.

● ഭക്ഷണം കഴിക്കാൻ വൃത്തിയുള്ള ഹോട്ടലുകളെ ആശ്രയിക്കുക.

● എവിടെ പോകുമ്പോഴും ഒരുകുപ്പി വെള്ളം കൈയിൽ കരുതാം. പുറത്തുനിന്ന് വാങ്ങുന്ന വെള്ളം പരമാവധി ഒഴിവാക്കാം.

● വീട്ടിൽ പാചകം ചെയ്യുമ്പോൾ ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ചെന്ന് ഉറപ്പുവരുത്തുക.

● ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖങ്ങൾ വെട്ടുക, അസുഖമുള്ളപ്പോൾ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക.

● ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴും കൈകൾ സോപ്പിട്ട് കഴുകുക. പ്രത്യേകിച്ച് കുട്ടികളുടെ. അവർ മണ്ണിലും മറ്റും കളിച്ചുവന്നിട്ടുണ്ടെങ്കിൽ കൈ നന്നായി കഴുകുന്നതിനോടൊപ്പം നഖങ്ങളും വൃത്തിയാണോ എന്ന് ഉറപ്പുവരുത്തുക.

● ബാത്റൂമിൽ പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.

● അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ അതത് സമയത്ത് കളയുക. ഓരോ മാലിന്യവും പ്രത്യേകം വേർതിരിച്ച് വെക്കുക. മാലിന്യം ഇടുന്ന പാത്രങ്ങളും നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക.

● ഇറച്ചി, മീൻ തുടങ്ങിയവ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ കഴുകുക.

● പുറത്തുനിന്ന് ഐസിട്ട വെള്ളം, ജ്യൂസ് എന്നിവ കുടിക്കുന്നത് ഒഴിവാക്കാം.

● വലിയ പരിപാടികളിൽ പ്രത്യേകിച്ച് കല്യാണം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കഴിവതും സാലഡ് പോലുള്ളവ ഒഴിവാക്കാം. ഇവ നന്നായി കഴുകിയിട്ടുണ്ടോ എന്ന് നമുക്കറിയില്ല. വെൽക്കം ഡ്രിങ്കുകൾ, ഐസ്ക്രീമുകൾ എന്നിവയോടും തൽക്കാലം നോ പറയാം.

●തയാറാക്കിയത്: പി. ലിസി

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. റുബീന റാസിക്

ജനറൽ പ്രാക്ടിഷണർ, മെഡിപ്ലസ് ക്ലിനിക്

പറവണ്ണ, മലപ്പുറം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food PoisoningCausesSymptomsand TreatmentHealthline
News Summary - Food Poisoning: Symptoms, Causes, and Treatment - Healthline
Next Story