Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
family playing football
cancel

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് നിർത്താതെ കരഞ്ഞാൽ നമുക്ക് ആധിയാണ്. കുഞ്ഞിന് എന്തെങ്കിലും രോഗമാണോ എന്ന ആശങ്കയാകും. കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓട്ടമായി. വീട്ടിലുള്ളവർ തീ തിന്നുകയാകും ഈ സമയമത്രയും... ഒരു വീടിന്‍റെ സമാധാനാന്തരീക്ഷം മൊത്തം നഷ്ടപ്പെടുത്താൻ കുഞ്ഞുങ്ങൾക്കോ മറ്റോ ഉണ്ടാകുന്ന ചെറിയ അസുഖം മതി. വീട്ടിലെ മുതിർന്നവർക്ക് രോഗമുണ്ടായാലും ഇതുതന്നെ അവസ്ഥ.

സന്തുഷ്ട കുടുംബം ആരോഗ്യമുള്ള കുടുംബംകൂടിയാണ്. മാറിയ ജീവിതസാഹചര്യത്തിൽ വിവിധ തരത്തിലുള്ള രോഗങ്ങളാണ് ശരീരത്തെ കീഴ്പ്പെടുത്താൻ തക്കംപാർത്തിരിക്കുന്നത്. രോഗം വന്നശേഷമുള്ള ചികിത്സയേക്കാൾ പതിന്മടങ്ങ് ഫലം നൽകുന്നതാണ് രോഗങ്ങൾക്ക് പിടികൊടുക്കാതെയുള്ള പ്രതിരോധം. വീട്ടിൽനിന്നു തന്നെയാണ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം ആരംഭിക്കേണ്ടത്.


ചില നല്ല ശീലങ്ങൾ

ആരോഗ്യത്തോടെയിരിക്കുക എന്നത് ചെറിയ കാര്യമല്ല. അതൊരു ജീവിതശൈലിയുടെ ഭാഗമാണ്. എന്നും സന്തോഷത്തോടെയിരിക്കാൻ ഇത് സഹായിക്കും. ജീവിതശൈലി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ ജീവിതം പിന്തുടരുകയെന്നത് അത്ര ചെറിയ കാര്യമല്ല, അതൊരു വലിയ ടാസ്ക് തന്നെയാണ്.

ശാരീരികമായി ഫിറ്റാണ് എന്നതിനർഥം നിങ്ങൾ ആരോഗ്യവാനാണ് എന്നല്ല. നല്ല ആരോഗ്യം എന്നതിനർഥം ഒരേസമയം മാനസികമായും ശാരീരികമായും ഉന്മേഷത്തോടെയിരിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ പോലും മുന്നോട്ടുള്ള ജീവിതയാത്രയെ സ്വാധീനിക്കും.

● വ്യായാമം ശീലമാക്കണം: പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറക്കാനും സഹായിക്കും.

● ഭക്ഷണം ശ്രദ്ധിക്കണം: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ശീലം എപ്പോഴും പിന്തുടരണം. ഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ നല്ലരീതിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം കാർബോഹൈഡ്രേറ്റ്, കലോറി എന്നിവ കുറവായിരിക്കാനും ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം കഴിക്കുന്നത് നിർബന്ധമാക്കണം.

● ധാരാളം വെള്ളം കുടിക്കണം: സോഫ്റ്റ് ഡ്രിങ്കുകൾ പരമാവധി ഒഴിവാക്കി വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

● ഉറങ്ങിയേ തീരൂ: ശരീരത്തെയും മനസ്സിനെയും ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കുന്ന ശരീരത്തിന്‍റെ പ്രധാന പ്രവർത്തനം ഉറക്കമാണ്. ഉറക്കക്കുറവ് നിങ്ങളുടെ ജീവിതശൈലിയെ നേരിട്ട് ബാധിക്കും. ഉറക്കമില്ലായ്മ തലച്ചോറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്യും. ഉറക്കം കിട്ടുന്നില്ലെങ്കിൽ നിർബന്ധമായും ഡോക്ടറുടെ സഹായം തേടണം.

● ഓൾവേയ്സ് കൂൾ: സ്ട്രെസ് ഒഴിവാക്കിയാൽതന്നെ നമ്മുടെ പകുതിയിലധികം പ്രശ്നങ്ങളും തീരും. ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് സമ്മർദം ഒരു പ്രധാന കാരണമാണ്. മാനസികസമ്മർദം കുറക്കാൻ വ്യായാമങ്ങളും വിശ്രമവും യോഗയുമെല്ലാം സഹായിക്കും.

● ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ല: നമ്മുടെ ചെറിയ ശുചിത്വശീലങ്ങൾപോലും ആരോഗ്യത്തെ സ്വാധീനിക്കും. പല്ലുതേക്കലും പതിവായുള്ള കുളിയുമെല്ലാം വലിയ കാര്യംതന്നെയാണ്. നല്ല ആരോഗ്യം നിലനിർത്താൻ മാത്രമല്ല, സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

● പുകവലിയും മദ്യപാനവും ഒഴിവാക്കാം: പുകവലിയും മദ്യപാനവും ജീവിതത്തിൽനിന്ന് മാറ്റിനിർത്തുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.

● കഴിയുന്നത്ര ചിരിക്കാം: പോസിറ്റിവ് വൈബ് ഉള്ള ആളുകളെ കാണുമ്പോൾതന്നെ നമുക്ക് ആശ്വാസമാകും. ഒരു ചിരി എപ്പോഴും മുഖത്ത് സൂക്ഷിക്കാൻ കഴിയുമെങ്കിൽ അത് ആരോഗ്യകരമായ ജീവിതം നിലനിർത്താൻ ഏറെ സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.

● മാനസികാരോഗ്യം പ്രധാനം: സ്ട്രസ് ലെവലുകൾ നിയന്ത്രിക്കുക എന്നതുതന്നെയാണ് മാനസികാരോഗ്യം പരിപാലിക്കാനുള്ള പ്രധാന മാർഗം. മനസ്സും ശരീരവും ഒരുപോലെ ഫിറ്റായിരിക്കണം. പലപ്പോഴും പലതും മനസ്സിലാക്കി പ്രതിവിധി തേടാൻ വൈകുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. അതിനാൽ പ്രഫഷനൽ രീതിയിൽതന്നെ മാനസിക-ശാരീരിക അവസ്ഥകളെ കൈകാര്യംചെയ്യാൻ ശ്രമിക്കണം.

● ജലദോഷം വന്നാൽ അൽപം ശ്രദ്ധ: അസ്വസ്ഥതകൾ കൂടുതലാണെങ്കിൽ ഡോക്ടറെ സമീപിക്കാം. മരുന്നുകൾ കഴിക്കുന്നതോടൊപ്പം വീട്ടിൽതന്നെ ചില പൊടിക്കൈകൾ ചെയ്താൽ വളരെ പെട്ടെന്ന് ജലദോഷം, കഫക്കെട്ട് എന്നിവയിൽനിന്ന് രക്ഷ നേടാം. ജലദോഷം വന്നാൽ ആവശ്യത്തിന് വിശ്രമിക്കുക, ഉറങ്ങുമ്പോൾ തലയണക്കു മുകളിൽ തലവെച്ചുറങ്ങുന്നതാണ് നല്ലത്. അടഞ്ഞ മൂക്കിലൂടെ ശ്വസിക്കാൻ തല ഉയർന്നുനിൽക്കുന്നത് സഹായിക്കും. ഇടക്കിടെ ആവിപിടിക്കുന്നത് ഗുണംചെയ്യും.

തൊണ്ടവേദന കുറക്കാൻ ദിവസം രണ്ടുനേരം ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുന്നത് നല്ലതാണ്. വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് ജലദോഷം പടരാതിരിക്കാനും ശ്രദ്ധ വേണം.


പ്രായമായവർക്ക് നൽകാം ഏറ്റവും മികച്ച പരിചരണം

മുതിർന്ന ആളുകളിൽ പ്രായം കൂടുന്തോറും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നത് സാധാരണമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ ശ്രദ്ധ നൽകിവേണം ഈ ഘട്ടത്തിൽ മുന്നോട്ടുപോകാൻ. ഇതിന് പിന്തുണ നൽകേണ്ടതും അവരെ ചേർത്തുനിർത്തേണ്ടതും വീട്ടിലെ മറ്റുള്ളവരുടെ ഉത്തരവാദിത്തമാണ്.

ഭക്ഷണവും മരുന്നും ഉറപ്പാക്കുക മാത്രമല്ല വയോജന സംരക്ഷണം. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

● പോഷണം ഉറപ്പാക്കാം: കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനേക്കാൾ അതിലടങ്ങിയിരിക്കുന്ന പോഷകഗുണമാണ് പരിഗണിക്കേണ്ടത്. പ്രായം, ആരോഗ്യസ്ഥിതി, രോഗവിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി വേണം ഏതെല്ലാം ഭക്ഷണം ഉൾപ്പെടുത്തണമെന്നും എത്ര അളവിൽ അത് കഴിക്കണമെന്നും നിശ്ചയിക്കേണ്ടത്. വൈറ്റമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഉറപ്പുവരുത്താം.

പച്ചക്കറികൾ, പഴങ്ങൾ, നട്സ്, പ്രോട്ടീൻ എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ നിയന്ത്രണമില്ലെങ്കിൽ പ്രമേഹം, രക്തസമ്മർദം പോലുള്ള പ്രശ്നങ്ങൾ അനിയന്ത്രിതമാകുകയും മറ്റു പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും.

● ആരോഗ്യകരമായ ഭക്ഷണശീലം

ശാരീരികപ്രക്രിയകൾ സജീവമല്ലാതെയാകുന്ന വാർധക്യകാലത്ത് ഭക്ഷണരീതി ആരോഗ്യകരമാകണം. കൂടുതൽ കൊഴുപ്പടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. 60-65 പ്രായത്തിലുള്ള ആളുകളിൽ വളരെ വേഗത്തിൽ കൊളസ്ട്രോൾ വർധിക്കാനും കൊറോണറി ഹാർട്ട് ഡിസീസ് രൂപപ്പെടാനും ഇത് വഴിയൊരുക്കും. ഇതിനുപകരം ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങൾ നൽകാം.

● പേശികൾ ദൃഢമാക്കാം

പ്രായം കൂടുന്തോറും എല്ലുകളുടെയും പേശികളുടെയും ബലം കുറയുമെന്നതിനാൽ ശാരീരികാവസ്ഥക്ക് അനുയോജ്യമായ രീതിയിലുള്ള യോഗപോലുള്ള വ്യായാമങ്ങൾ ശീലിക്കണം. 15 മുതൽ 20 മിനിറ്റ് വരെയുള്ള നടത്തം ആരോഗ്യത്തിന് വളരെയധികം ഗുണംചെയ്യും.

● പല്ലുകളുടെ ആരോഗ്യം പ്രധാനം

പ്രായം കൂടുന്നതോടെ പല്ലുകൾ മിക്കതും കൊഴിഞ്ഞുപോവുകയോ അല്ലെങ്കിൽ ചവക്കാൻ സാധിക്കാത്തവിധം വേദന അനുഭവപ്പെടുകയോ ചെയ്യും. അതിനാൽ പോഷണം കൂടിയ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ചവക്കാൻ സാധിക്കുന്ന തരത്തിൽ മൃദുവാക്കി നൽകണം. പല്ലുകൾ മിക്കതും കൊഴിഞ്ഞുപോയവർക്ക് കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം, പല്ലുകൾ ഇല്ലാത്തതിനാൽ ഭക്ഷണം കഴിക്കുന്ന അളവ് കുറഞ്ഞുപോകാറുണ്ട്.

● നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും

പ്രായമായവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടു പ്രശ്നങ്ങളാണ് നിർജലീകരണവും മലബന്ധവും. ഇവ സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.

● മാനസികാരോഗ്യം: ശരീരത്തിന്‍റെ ആരോഗ്യംപോലെതന്നെ പ്രധാനമാണ് മനസ്സിന്‍റെ ആരോഗ്യവും. ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങൾപോലെയാണിവ. അതുകൊണ്ടുതന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചില ആക്ടിവിറ്റികൾ ചെയ്യിപ്പിക്കാൻ ശ്രമിക്കണം. അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഗെയിമുകൾ, അവരുടെ ചില ഹോബികൾ തുടങ്ങിയവ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് ഗുണംചെയ്യും.

● ആരോഗ്യകരമായ ദിനചര്യ: ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം നിശ്ചയിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനും നിശ്ചിത സമയം കണക്കാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. നേരത്തേ ഉറങ്ങാൻ കിടക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.

● ലഘുവായ ശാരീരികാധ്വാനം

പ്രായമായ ആളുകളുടെ പേശികൾ സ്റ്റിഫായി പോകാതിരിക്കാനും കൂടുതൽ ആക്ടിവ് ആകാനും ചില ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണ്. ഇത് ശരീരത്തിന്‍റെ മെറ്റബോളിസം ക്രമീകരിക്കാനും അമിതവണ്ണംപോലുള്ള പ്രശ്നങ്ങൾ കുറക്കാനും ഉപകരിക്കും.


വീട്ടിലൊരു ഹെൽത്ത് ലാബ്‌

ജീവിതശൈലിയിലെ മാറ്റം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് വഴിവെക്കുന്നത്. പ്രായഭേദമില്ലാതെ എല്ലാവരിലും ജീവിതശൈലീ രോഗങ്ങൾ കണ്ടുവരുന്നത്‌ ഇതിന് തെളിവാണ്. കുടുംബത്തിന്‍റെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാ വീടുകളിലും ചില പ്രധാന മെഡിക്കൽ ഉപകരണങ്ങൾ കരുതുന്നത് ഗുണകരമാണ്.

ഇവ വീട്ടിലുണ്ടെങ്കിൽ പലതരം പരിശോധനകൾ നടത്താൻ പുറത്തുപോകേണ്ടതില്ല. മാത്രമല്ല, തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുമെന്നതിനാൽ രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാനും ചികിത്സ ഉറപ്പാക്കാനും സാധിക്കും. അവ പരിചയപ്പെടാം.

● ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററുകൾ

ടൈപ് 2 പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ലക്ഷണങ്ങളുള്ള രോഗികൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടതുണ്ട്. ഈ ഉപകരണം ഉപയോഗിച്ച് ഏതൊരാൾക്കും ഇത് വീട്ടിൽതന്നെ എളുപ്പത്തിൽ ചെയ്യാനാകും.

● പൾസ് ഓക്സി മീറ്ററുകൾ:

രക്തത്തിലെ ഓക്സിജന്‍റെ സാന്ദ്രത അളക്കാൻ വേണ്ടിയുള്ളതാണ് പൾസ് ഓക്സി മീറ്ററുകൾ. രോഗബാധിതനായ വ്യക്തിയുടെ രക്തത്തിലെ ഓക്സിജൻ അളവിൽ കുറവുണ്ടോ എന്ന് ഉടനടി തിരിച്ചറിയാൻ ഇത് സഹായിക്കും. ഇതുവഴി വൈദ്യസഹായം വേഗത്തിൽ ഉറപ്പാക്കാനാവും.

● ബ്ലഡ്‌ പ്രഷർ മോണിറ്ററുകൾ:

ഉയർന്ന ബി.പി നില രക്താതിമർദത്തിലേക്കും കുറഞ്ഞ ബി.പി നില ഹൈപ്പോടെൻഷനിലേക്കും നയിക്കുന്നു. ഈ രണ്ട് ആരോഗ്യപ്രശ്നങ്ങളിൽ ഏതെങ്കിലും അലട്ടുന്നവർക്ക് ഈയൊരു ഉപകരണം വളരെ ഉപയോഗപ്രദമാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മർദനില 110/70 മുതൽ 120/80 വരെയായിരിക്കണം.

● വെയ്റ്റ് മോണിറ്ററിങ് മെഷീൻ

ശരീരഭാരത്തിൽ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ അല്ലെങ്കിൽ ക്രമരഹിതമായ ലിപിഡ് മെറ്റബോളിസം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളനുസരിച്ച് ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) 18.5 മുതൽ 24.9 ഇടയിലായിരിക്കണം എന്നാണ് പറയപ്പെടുന്നത്. 30 വയസ്സിനുമേൽ പ്രായമുള്ള ഒരാൾക്ക് 25നും 29.9നും ഇടയിൽ ബി.എം.ഐ ഉണ്ടെങ്കിൽ അത് അമിതവണ്ണമായി കണക്കാക്കുന്നു. 18.5ന് താഴെയാണെങ്കിൽ അവർക്ക് ആരോഗ്യകരമായ ശരീരഭാരം ഇല്ല എന്നുവേണം കരുതാൻ.

● പെഡോമീറ്റർ:

ഓരോ കാൽച്ചുവടുകളെയും എണ്ണി ത്തിട്ടപ്പെടുത്താൻ സഹായിക്കുന്ന ഉപകരണമാണ് പെഡോമീറ്റർ. അതിരാവിലെ നടക്കാൻ പോകുമ്പോഴും മറ്റും ഇത് നിങ്ങൾക്ക് ഉപയോഗിക്കാം. വ്യായാമത്തിന് ആനുപാതികമായി ശരീരത്തിൽനിന്ന് എത്രത്തോളം കലോറി നഷ്ടമായി എന്ന് കണക്കാക്കാനും ഈ ഉപകരണം സഹായിക്കും.

● തെർമോമീറ്റർ:

എല്ലാ വീടുകളിലും ഉണ്ടാകേണ്ട അടിസ്ഥാന മെഡിക്കൽ ഉപകരണമാണ് തെർമോമീറ്റർ. പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും. ഒരാളുടെ ശരീര താപനില സാധാരണ നിലയേക്കാൾ കൂടുതലോ കുറവോ എന്ന് തെർമോമീറ്ററിന് സൂചിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഉചിതമായ ഉപയോഗം ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു. മനുഷ്യശരീരത്തിന്‍റെ സാധാരണ താപനില 36 മുതൽ 37.50 ഡിഗ്രി സെൽഷ‍്യസ് വരെ ആയിരിക്കണം.


മറക്കരുത് ഫാമിലി ഹെൽത്ത് ചെക്കപ്പ്

മേൽപറഞ്ഞ ഉപകരണങ്ങൾ കൈവശമുണ്ടെങ്കിൽ തുടർച്ചയായി ശരീരത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ വിലയിരുത്താനാകും. വീടുകളിൽ സ്വയം ചെയ്യുന്ന ഇത്തരം പരിശോധനകൾ അതത് സമയം കുറിച്ചുവെച്ച് ഡോക്ടറെ സമീപിക്കുമ്പോൾ അറിയിക്കാൻ മറക്കരുത്.

എങ്കിലും അസുഖങ്ങൾ ഒന്നുംതന്നെ പ്രകടമല്ലാത്ത അവസ്ഥയിലും വർഷത്തിൽ ഒരു തവണയെങ്കിലും വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും ഹെൽത്ത് ചെക്കപ്പ് നടത്താൻ സമയം കണ്ടെത്തണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ വർഷത്തിൽ രണ്ടോ മൂന്നോ തവണ ഫുൾബോഡി ഹെൽത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.

ഓരോരുത്തർക്കും അനുയോജ്യമായ പരിശോധന കാലയളവ് ഡോക്ടറുടെ നിർദേശത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. രോഗനിർണയം മാത്രമല്ല, ഓരോ കാലയളവിലും ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനും ഇത്തരം പരിശോധനകൾ സഹായിക്കും.

കടപ്പാട്:

ഡോ. ദീപ, Family medicine physician.
ഡോ. അനീഷ്, physician and diabetologist





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthfitness
News Summary - Health for mind and body
Next Story