Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightഹൃദയാഘാതം ഇപ്പോൾ...

ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടുന്നു... അറിയാം, കാരണങ്ങളും പരിഹാരവും

text_fields
bookmark_border
ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടുന്നു... അറിയാം, കാരണങ്ങളും പരിഹാരവും
cancel

കേരളം ഇന്ന്​ നേരിടുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ​വളരെ പ്രധാനപ്പെട്ട ഒന്നാണ്​ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാതം. പത്രങ്ങളിൽ ദിവസേന വരുന്ന വാർത്തകളിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണ്​ മരിക്കുന്നത്​​ സാധാരണയായിരിക്കുന്നു.

മുൻകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടാൻ തുടങ്ങിയിട്ടുണ്ട്​. കോവിഡ് ബാധിച്ചവരിലും ഹൃദയസംബന്ധ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്​.


യൗവനകാലത്തുതന്നെ ഹൃദ്രോഗിയാകുന്നവർ

അശ്രദ്ധമായ ജീവിതശൈലിയുടെ ഭാഗമായി തുടരുന്ന തെറ്റായ ഭക്ഷണക്രമം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരിവസ്തുക്കളുടെ അമിത ഉപയോഗം, നിരന്തര മാനസിക സമ്മർദം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ്​ ഒരു വ്യക്തിയെ യൗവനകാലത്തുതന്നെ ഹൃദ്രോഗിയാക്കുന്നത്.

കേരളത്തിലെ യുവാക്കൾക്കിടയിൽ കാണുന്ന ഉയർന്ന തോതിലുള്ള പ്രമേഹം, രക്താതിമർദം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഈ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.

ഏതാനും വർഷം മുമ്പുവരെ ഹൃദയസംബന്ധ അസുഖങ്ങൾ അപൂർവമായി മാത്രമേ ചെറുപ്പക്കാരെ ബാധിക്കാറുള്ളൂ എന്ന തെറ്റായ ധാരണ നിലവിലുണ്ടായിരുന്നു. എന്നാൽ, ഇന്ന് മുപ്പതുകളിലും നാൽപതുകളിലും ജീവിക്കുന്നവരിൽ വ്യാപകമായി ഹൃദയാഘാതമടക്കമുള്ള രോഗങ്ങൾ കണ്ടുവരുന്നു.

എണ്ണത്തിൽ കുറവാണെങ്കിലും 30 വയസ്സിന്​ താഴെയുള്ളവരിലും ഇതിന്‍റെ ഭീഷണിയുണ്ട്. അതിലേക്ക് വിരൽചൂണ്ടുന്ന ചില കാരണങ്ങൾ അറിയാം.


ജീവിതശൈലി വ്യതിയാനങ്ങൾ

ജീവിതശൈലിയിലെ വ്യതിയാനങ്ങൾ കാരണം സൃഷ്ടിക്കപ്പെടുന്ന പരിധിയിൽക്കവിഞ്ഞ രക്തസമ്മർദം, അമിത ശരീരഭാരം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ ഭൂരിപക്ഷം പേരെയും ചെറുപ്രായത്തിൽതന്നെ ഹൃദ്രോഗികളാക്കി മാറ്റുന്നു.

പാരമ്പര്യ ഘടകങ്ങൾ

ഹൃദയാഘാതത്തിന്​ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്​ പാരമ്പര്യമായി ലഭിക്കുന്ന ഘടകങ്ങളാണ്. രക്തബന്ധത്തിൽ ഹൃദ്രോഗികളുണ്ടെങ്കിൽ ഒരു വ്യക്തി രോഗബാധിതനാവാൻ സാധ്യത കൂടുതലാണ്​.

കൂടിവരുന്ന മാനസിക സമ്മർദം

കൂടിവരുന്ന മാനസിക സമ്മർദമാണ്​ ഹൃദയത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മറ്റൊരു ഘടകം. മത്സരം കൂടിവരുന്ന സാമൂഹിക പശ്ചാത്തലത്തിൽ യുവാക്കളിൽ മാനസിക പിരിമുറുക്കം വളരെ ഉയർന്ന തോതിലാണ്​ അനുഭവപ്പെടുന്നത്​​.

പഠനം, ജോലി, സാമ്പത്തിക ഭദ്രത, ഇന്‍റർനെറ്റ്​-സോഷ്യൽ മീഡിയ ഉപയോഗം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇത്തരം ടെൻഷന്​ പിറകിലുണ്ട്. ഇതിനെല്ലാം പുറമെയാണ്​ ഉറക്കക്കുറവ്, വ്യായാമക്കുറവ് തുടങ്ങി ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ​.

ഹൃദയാഘാതം സംഭവിക്കുന്നത്

ഹൃദയത്തിന്‍റെ പേശികളിലേക്ക്​ രക്തം കൊണ്ടുപോകുന്ന കുഴലുകളിൽ കൊഴുപ്പടിഞ്ഞുകൂടി അവയിലൂടെയുള്ള രക്തപ്രവാഹം കുറയുകയോ പൂർണമായി നിലക്കുകയോ ചെയ്യുന്നതാണ്​ പല​പ്പോഴും ഒരാളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.

തുടക്കത്തിൽ വളരെ ചെറിയ തോതിൽ ആരംഭിക്കുന്ന ഈ കൊഴുപ്പ്​ അടിഞ്ഞുകൂടൽ ക്രമേണ കൂടുതലാവുകയും രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ഒരു ദിവസം രക്തം കട്ടപിടിക്കുകയും ചെയ്യുമ്പോഴാണ് അത്​ ഹൃദയപേശികളെ ദുർബലമാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്​. ​

ഇതിന്​ കാരണമാകുന്ന ചില കാരണങ്ങളിലേക്ക്...

കൊളസ്ട്രോൾ: കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണിത്​. കൊളസ്ട്രോളിന്‍റെ അളവ്​ അമിതമായാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ അളവ്​ കൂടുതലായാൽ അവ രക്തധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞുകൂടുകയും രക്തസഞ്ചാരം തടസ്സപ്പെടുത്തുകയും ചെയ്യും.

ഈ അവസ്ഥ​ ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം, അമിതവണ്ണം, ഉദ്ധാരണശേഷിക്കുറവ് എന്നീ രോഗങ്ങൾക്ക്​ കാരണമാവും.

പ്രമേഹം: രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോത്​ ഉയർന്നുനിൽക്കുന്ന പ്രമേഹരോഗവും ഹൃദയാഘാതത്തിന്​ കാരണമാവുന്നുണ്ട്​. രക്തക്കുഴലുകളിലെ ഉയർന്ന ഗ്ലൂക്കോസിന്‍റെ സാന്നിധ്യം കാലക്രമേണ രക്തക്കുഴലുകളുടെ പാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

രക്തസമ്മർദം: പരിധി വിട്ടുയരുന്ന രക്തസമ്മർദവും ഹൃദയാഘാതത്തിന്​ പ്രധാന കാരണമാണ്​. ഹൃദയത്തിന്‍റെ ഭാഗങ്ങളെ അത്​ കാലക്രമേണ ദുർബലപ്പെടുത്തുന്നതോടെയാണ്​ ഹൃദ്രോഗ സാധ്യത വർധിക്കുന്നത്​.

പൊണ്ണത്തടി: പുതിയ തലമുറയിൽ കണ്ടുവരുന്ന അമിത വണ്ണവും കുടവയറും ഹൃദയാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഘടകമാണ്. പൊണ്ണത്തടി ഹൃദയത്തിന്‍റെ ജോലിഭാരം തുടർച്ചയായി കൂട്ടുകയും ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

പൊണ്ണത്തടിയുള്ള ആളുകൾക്ക് പ്രമേഹം, ഉയർന്ന തോതിലുള്ള കൊളസ്ട്രോൾ, രക്താതിമർദം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത്തരം ആളുകളിൽ ഉറക്ക​ത്തകരാറുകളും കണ്ടുവരുന്നു. ഇവയെല്ലാം ഹൃദ്രോഗങ്ങൾക്ക് കാരണമാകും.

വ്യായാമമില്ലായ്മ: പതിവായ വ്യായാമം ഹൃദയാരോഗ്യത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. മിതമായ തോതിൽ നിത്യവുമുള്ള വ്യായാമം വഴി അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രിക്കാൻ കഴിയും.

മാനസിക സമ്മർദം: മാനസിക സമ്മർദവും വലിയൊരളവിൽ ഹൃദയാഘാതത്തിലേക്ക് തള്ളിവിടുന്ന ഘടകമാണ്​. വിട്ടുമാറാത്ത മാനസിക പിരിമുറുക്കങ്ങൾ ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ‘സ്ട്രെസ് ഹോർമോണു’കളുടെ തോത്​ ഉയരാൻ കാരണമാകുന്നു. ഇതാകട്ടെ, ഉയർന്ന രക്തസമ്മർദം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾക്കും കാരണമാവും.

കാലക്രമേണ ഈ അവസ്ഥ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുകയും വ്യക്തിയെ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, മാനസിക സമ്മർദം പലപ്പോഴും പുകവലി, ലഹരിയുപയോഗം, അമിതഭക്ഷണം തുടങ്ങിയ അനാരോഗ്യകരമായ അവസ്ഥകളിലേക്ക്​ നയിക്കുന്നു. ഇതും ഹൃദയസംബന്ധ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.

വേണം ജീവിതശൈലിയിൽ മാറ്റം

ഇതുകൊണ്ടെല്ലാംതന്നെ ചെറുപ്പക്കാരായ വ്യക്തികളിൽ കണ്ടുവരുന്ന ഹൃദയാഘാതം കുറക്കാൻ ജീവിതശൈലിയിൽ വ്യക്തമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ശരീരഭാരം ആരോഗ്യകരമായി നിർത്താൻ ശ്രദ്ധിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകയും മനസ്സിന്‍റെ സമ്മർദം കുറക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും വേണം.

പുകവലിയും മദ്യപാനവുമടക്കമുള്ള ലഹരിവസ്തുക്കൾ പൂർണമായി ഒഴിവാക്കണം. കൂടാതെ, കൃത്യമായ ഇടവേളകളിൽ ഹൃദയ പരിശോധന നടത്തി, ആവശ്യമെങ്കിൽ ചികിത്സ തേടുകയും വേണം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsWorld Heart DayHealth News
News Summary - Heart attack in young people
Next Story