Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightമസിൽ പെരുപ്പിക്കുന്ന...

മസിൽ പെരുപ്പിക്കുന്ന വെറും വ്യായാമം മാത്രമല്ല ബോഡി ബില്‍ഡിങ്, നിരവധി തൊഴിൽ അവസരങ്ങളിലേക്കുള്ള വഴികൂടിയാണ്...

text_fields
bookmark_border
How to Start Bodybuilding for Total Beginners
cancel

ബോഡി ബിൽഡിങ്​ ഇന്ന്​ കേവലം മസിൽ ഉരുട്ടിയെടുക്കുക എന്ന പാഷൻ മാത്രമല്ല, നിരവധി തൊഴിൽ അവസരങ്ങളിലേക്ക്​ വഴി തുറക്കുന്ന കായികയിനം കൂടിയാണ്​. ജിംനേഷ്യങ്ങളും ഫിറ്റ്‌നസ് സെന്ററുകളും സജീവമായതോടെ ഫിറ്റ്​നസ്​ എന്നതിന്‍റെ ഒരുപടികൂടി കടന്ന് സിക്സ്പാക്കും ബോഡി ബിൽഡിങ്ങും സ്വപ്നം കാണുന്നവരുടെ എണ്ണവും കൂടി. ബോഡി ബില്‍ഡിങ്ങുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

ഫിറ്റ്‌നസും ബോഡി ബില്‍ഡിങ്ങും

ശരീരസൗന്ദര്യവും ബലവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ പേശികളെ പരിപോഷിപ്പിക്കുന്ന പ്രക്രിയയാണ് ബോഡി ബില്‍ഡിങ്. സാധാരണ ജിംവര്‍ക്കൗട്ടില്‍നിന്ന് ബോഡി ബിൽഡിങ് വ്യത്യസ്തമല്ല. ശരീരത്തിന്റെ പരിണാമപ്രവര്‍ത്തനമാണിത്. ഭാരം ഉപയോഗിച്ചുള്ള പല വ്യായാമങ്ങളും ഉൾക്കൊള്ളുന്നു​. ശാരീരിക പ്രശ്‌നമുള്ളവർക്ക്​ പോലും കൃത്യമായ മാര്‍ഗത്തില്‍ സമീപിച്ചാല്‍ ബോഡി ബിൽഡിങ് പരിശീലിക്കാം. എന്നാൽ, അസുഖബാധിതര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ വര്‍ക്കൗട്ട് ചെയ്യാൻ പാടുള്ളൂ.


ഫിറ്റ്‌നസ് ഓരോ വ്യക്തിക്കും വ്യത്യസ്ത നിലയിലാണ്. അതിവേഗക്കാരനായ അത്‌ലറ്റിനും ഐ.ടി പ്രഫഷനലിനും വ്യത്യസ്ത ആക്ടിവിറ്റിയാണ്​ ഫിറ്റ്​നസിനായി നൽകുക. ഇതനുസരിച്ച് ട്രെയിനിങ്ങും ഭക്ഷണക്രമവുമെല്ലാം വ്യത്യസ്തമായിരിക്കും. എല്ലാ ആക്ടിവിറ്റിയും എക്‌സസൈസ് ആവണമെന്നുമില്ല.

ശാസ്ത്രീയമായി നിര്‍വഹിക്കപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ഫലം ലഭിക്കുക. സ്‌കില്‍ഡ് ജോലിയില്‍ ഏര്‍പ്പെടുന്ന സാധാരണക്കാര്‍ ചെയ്യുന്നത് അധ്വാനമാണ്. എന്നാല്‍, ഇത് കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണമല്ലാത്തതിനാല്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ഹൃദയത്തിന്റെ കാര്യശേഷിയും ജോയിന്റുകളുടെയും മസിലുകളുടെയും കരുത്തും വര്‍ധിപ്പിക്കുന്ന വിധത്തിലുമാണ് വര്‍ക്കൗട്ട് ചെയ്യേണ്ടത്.

വെയ്റ്റ് ലിഫ്​റ്റിങ് അല്ല ബോഡി ബില്‍ഡിങ്​

ബോഡി ബിൽഡിങ് പരിശീലിക്കുന്നവരിൽ ചെറിയൊരു ശതമാനം മാത്രമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വെയ്റ്റ് ലിഫ്​റ്റിങ്ങാണ് ബോഡി ബില്‍ഡിങ് എന്നൊരു തെറ്റായ ധാരണയുമുണ്ട്. മത്സരാധിഷ്ഠിത ബോഡി ബിൽഡിങിൽ ബോഡി ബിൽഡർമാർ വേദിയിൽ തന്‍റെ ശരീര സൗന്ദര്യം ​​പ്രകടിപ്പിക്കുന്നു. വ്യത്യസ്ത പോസുകളാണ്​ അതിൽ ഉൾക്കൊള്ളുക.

ഫ്രണ്ട് ലാറ്റ് സ്‌പ്രെഡ്, റിയർ ലാറ്റ് സ്‌പ്രെഡ്, ഫ്രണ്ട് ഡബിൾ ബൈസെപ്‌സ്, ബാക്ക് ഡബിൾ ബൈസെപ്‌സ്, സൈഡ് ബ്രെസ്റ്റ്, സൈഡ് ട്രൈസെപ്‌സ്, മോസ്റ്റ്​ മസ്‌കുലാർ (പുരുഷന്മാർ), അബ്​ഡോമിനൽസ്​, തൈസ്​ എന്നിങ്ങനെ. ഓരോ മത്സരാർഥിയും അവരവരുടെ പോസ് ഡൗണും അവതരിപ്പിക്കും. ഇതെല്ലാം വിലയിരുത്തിയാണ്​ വിധികർത്താക്കൾ മാർക്കിടുക.


ബോഡി ബിൽഡർമാർ സാധാരണയായി കണ്ണാടിക്ക് മുന്നിലോ പരിശീലകന്‍റെ മാർഗ നിർദ്ദേശം അനുസരിച്ചോ എങ്ങനെ പോസ്​ ചെയ്യണമെന്നതിൽ ഏറെ നേരം പരിശീലനം നേടുന്നു. സ്ട്രോങ്മാൻ അല്ലെങ്കിൽ പവർ ലിഫ്റ്റിങ്​ മത്സരങ്ങളിൽ കരുത്തും ടെക്നിക്കുമാണ്​ വിലയിരുത്തുന്നത്​. അതിൽ നിന്ന് വ്യത്യസ്തമാണ്​ ബോഡി ബിൽഡിങ്​ ഇവന്‍റുകൾ. ശരീരത്തിന്‍റെ കണ്ടീഷൻ, വലുപ്പം, അവയവാനുപാതം എന്നിവക്കാണ്​ ബോഡി ബിൽഡിങിൽ പ്രാധാന്യം നൽകുന്നത്​.

ബോഡി ബിൽഡിങ് ആരംഭിക്കും മുമ്പ്

ബോഡി ബിൽഡിങ് പരിശീലിക്കാൻ ആഗ്രഹിക്കുന്നവരുടെ ശരീരഘടന കൃത്യമായി മനസ്സിലാക്കിയശേഷമാണ് അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകിത്തുടങ്ങുക. വിദഗ്ധ ട്രെയിനർമാരുടെ കൃത്യമായ മേൽനോട്ടം പ്രധാനമാണ്. അന്തര്‍ദേശീയതലത്തില്‍ ചെയ്തുവരുന്ന രീതിയനുസരിച്ച് ഇതിന് അഞ്ചു ഘട്ടങ്ങളാണ് അവലംബിക്കുന്നത്.

1. ആദ്യം ഓരോ വ്യക്തിയുടെയും ആവശ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ചോദ്യാവലി തയാറാക്കും.

2. പിന്നീട് ശരീരത്തിലെ അവയവങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കും.

3. യന്ത്രസഹായത്തോടെ ശരീരത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കുന്നു.

4. ഒടുവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.

5. ഏതുരീതിയിലുള്ള ട്രെയിനിങ്ങാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കും. ശാസ്ത്രീയ രീതിയിലുള്ള പരിശോധനയും ട്രെയിനിങ്ങും ആശ്രയിക്കുന്നതാണ് ഏറ്റവും ഉത്തമം.


ടീനേജിൽ തുടങ്ങണം

ടീനേജാണ് ബോഡി ബില്‍ഡിങ് തുടങ്ങാന്‍ മികച്ച കാലഘട്ടം. ഈസമയത്താണ് ശരീരം കരുത്തായി വരുന്നത്. ബോഡി ബിൽഡിങ്​ ഗൗരവമായി കാണുന്നവർ പോഷകാഹാരവും പരിശീലനവും സൈനികമായ കൃത്യതയോടെ അനുവർത്തിക്കണം. വെയ്​റ്റ്​ ട്രെയ്​നിങ്​ വർഷങ്ങൾ നീളുന്ന പരിശ്രമമാണ്. ഭാരമുയർത്തുന്ന വ്യായാമങ്ങളിലൂടെ നിരന്തരം പരിശീലനം നടത്തി മസിൽ മാസ്​ കൂട്ടണം.

കേവലം ജിമ്മിൽ വിയർപ്പ്​ ഒഴുക്കിയത്​​ കൊണ്ട്​ മാത്രം അത്​ നേടണമെന്നില്ല. ഒരു ഡയറ്റീഷ്യനെയും ട്രെയിനറെയും സമീപിച്ച്​ ശരീരപ്രകൃതിയും പ്രായവും ശരീര പരിണാമവും മനസ്സിലാക്കി വേണം മുന്നോട്ടുപോകാൻ. ഒരു മത്സരത്തി​ന്​ മുമ്പ്​ 12 ആഴ്‌ച കഠിനമായ പരിശീലനം നേടണം.

മസിൽ വളർത്തൽ (ബൾക്കിങ്​), കൊഴുപ്പ് കുറക്കൽ (കട്ടിങ്​) എന്നീ അടിസ്ഥാന തത്വങ്ങൾക്കായി ജീവിതം തന്നെ മാറ്റിവെക്കണം. കഠിനമായ പ്രക്രിയയാണ്​ ഇതെങ്കിലും നമുക്ക്​ ചുറ്റും ഇതേരീതിയിൽ പരിശീലനം നടത്തുന്നവരും അതുവഴി നേട്ടങ്ങൾ കൊയ്യുന്നവരും നിരവധിയുണ്ട്​.

ആഴ്ചയിൽ ശരാശരി നിശ്​ചിത മണിക്കൂർ ബോഡി ബിൽഡിങ്​ പരിശീലനം നേടണം. ഓരോരുത്തർക്കും അനുയോജ്യമായിട്ടാണ്​ പരിശീലന സെഷനുകൾ തിരിക്കേണ്ടത്​. അപ്പർ ബോഡി, ലോവർ ബോഡി എന്നിങ്ങനെ തരംതിരിച്ച്​ പരിശീലനം നേടുന്നവരുണ്ട്​. അല്ലെങ്കിൽ പുഷ് ആൻഡ് പുൾ വർക്കൗട്ടുകളെ പ്രത്യേകമായി തിരിച്ചും ട്രെയിനിങ്​ നടത്തുന്നു.


വേണം ശരീരത്തിന് ആവശ്യമായ ഭക്ഷണം

ഓരോ വ്യക്തിക്കും വ്യത്യസ്ത ആക്ടിവിറ്റി ക്രമമായതിനാല്‍ ഭക്ഷണരീതിയിലും മാറ്റമുണ്ടാകും. ഫിസിക്കല്‍ എക്‌സസൈസ് കണക്കുകൂടി പരിഗണിച്ചാണ് ഒരാള്‍ക്ക് എത്രമാത്രം ഊർജം ആവശ്യമാണെന്ന് കണ്ടെത്തുക. പ്രോട്ടീന്‍ കൂടുതലുള്ളതും വിറ്റമിനുകള്‍, നാരുകള്‍, ലവണങ്ങള്‍ എന്നിവയടങ്ങിയതും അന്നജം കുറഞ്ഞതുമായ പോഷകാഹാരമാണ് ബോഡി ബില്‍ഡര്‍മാര്‍ തിരഞ്ഞെടുക്കാറുള്ളത്.

തുടക്കത്തിൽ ശ്രദ്ധിക്കേണ്ടത്​

● ബോഡി ബില്‍ഡിങ് പരിശീലനം തുടങ്ങുംമുമ്പ് ഡോക്ടറുമായി കൺസൽട്ട് ചെയ്ത് ആരോഗ്യം ഫിറ്റാണോ അല്ലയോ എന്നു മനസ്സിലാക്കുക.

● മികച്ച സൗകര്യങ്ങളും ഉപകരണങ്ങളുമുള്ള ജിംനേഷ്യം/ഫിറ്റ്നസ് സെന്‍റർ തിരഞ്ഞെടുക്കുക.

● ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശീലമാക്കുക

● യന്ത്രങ്ങളും കേബിളുകളും ഉപയോഗിക്കുന്നതിനെക്കാൾ ഡംബല്‍, ബാര്‍ബെല്‍ തുടങ്ങിയവകൊണ്ടുള്ള വ്യായാമങ്ങള്‍ പരിശീലിക്കുക. ഇവ പേശികള്‍ക്ക് കരുത്ത് നൽകും.

● ആവശ്യമെങ്കിൽ പ്രചോദനം നൽകുന്ന ഒരു ബോഡി ബില്‍ഡറെ മാതൃകയാക്കാം. ഇത് ലക്ഷ്യബോധത്തോടെ വ്യായാമങ്ങള്‍ ചെയ്യുന്നതിന് പ്രേരണയാകും.


‘പണി’തരുന്ന യൂട്യൂബ്

യൂട്യൂബില്‍ ഒരു സെലിബ്രിറ്റിയുടെ വര്‍ക്കൗട്ട് കാണുമ്പോള്‍ അതുപോലെയാകണമെന്ന് ആഗ്രഹിച്ച് ഫോളോ ചെയ്യുന്നവരുമുണ്ട്. എന്നാല്‍, വർക്കൗട്ടിലൂടെ ആ താരം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം ഫോളോചെയ്യുന്നവരിൽ പലരും മനസ്സിലാക്കുന്നില്ല. കൃത്യമായ ലക്ഷ്യബോധമില്ലാതെ, നമ്മുടെ ശരീരത്തിന്‍റെ പോസിറ്റിവും നെഗറ്റിവും ഉൾക്കൊള്ളാതെ ഇത്തരം രീതികൾ അവലംബിക്കുന്നത് പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക.

വീട്ടിലിരുന്ന് സ്വന്തമായി വ്യായാമം ചെയ്ത്​ പരിക്കേൽക്കുന്നവരുമുണ്ട്. ട്രെയിനര്‍മാരുടെ നിര്‍ദേശമില്ലാതെ യൂട്യൂബിലൂടെയും മറ്റും വ്യായാമരീതികൾ ആശ്രയിക്കുന്നതാണ് പലര്‍ക്കും പ്രശ്‌നമായത്. യൂട്യൂബ് വിഡിയോക്കു പിന്നാലെ പോകുന്നത് ഗുണത്തെക്കാളേറെ ആരോഗ്യത്തിന് പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthmadhyamam kudumbambodymalayalambodybuildingfamilyfitnessdietworkoutexercisehappy liferuncelebritiesgymlifeswimmingcyclingdiet foodfitness issuefitness culturefitness myths
News Summary - How to Start Bodybuilding for Total Beginners
Next Story