മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
text_fieldsലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. ആഗോള ചികിത്സാചെലവിന്‍റെ 12 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കുമാണ്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരൽചൂണ്ടുന്നത്.
മരുന്ന് കഴിച്ചതുകൊണ്ട് മാത്രം പ്രമേഹത്തെ വരുതിയിലാക്കാമെന്ന് കരുതരുത്. ആരോഗ്യകരമായ ജീവിതശൈലി ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ പ്രധാനം. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
എന്താണ് പ്രമേഹം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം. പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെവരുകയോ ചെയ്യുന്ന അവസ്ഥയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍.
രക്തത്തിലെ പഞ്ചസാര ഒരു പരിധിയിൽ കൂടുമ്പോൾ, കൃത്യമായി പറഞ്ഞാൽ 180 മില്ലി ഗ്രാമിനു മുകളിലായാൽ മൂത്രത്തിൽ പഞ്ചസാര കണ്ടുതുടങ്ങും. ആ ഘട്ടത്തിലുള്ള പ്രമേഹരോഗിയുടെ മൂത്രം വീണ സ്ഥലത്ത് ഉറുമ്പുവരാൻ സാധ്യതയുണ്ട്. ചിലപ്പോൾ പ്രമേഹം ഉണ്ടെന്ന് ആദ്യമായി അറിയുന്നത് ഇതിലൂടെ ആയെന്നും വരാം.
രോഗലക്ഷണങ്ങൾ കൊണ്ടു രോഗത്തെപ്പറ്റി സംശയിക്കാം. എന്നാൽ, രക്തപരിശോധന കൊണ്ടുമാത്രമേ പ്രമേഹം സ്ഥിരീകരിക്കാൻ സാധിക്കൂ.
പ്രമേഹം പലതരം
പല തരത്തിലുള്ള പ്രമേഹമുണ്ട്. പ്രധാനമായും മൂന്ന് തരമാണ്.
● ടൈപ്പ് 1 പ്രമേഹം: പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ പൂർണമായി പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് ബാധിക്കുന്നത്. ഒന്ന് മുതൽ 20 വയസ്സിനുള്ളിലാണു ഇത് സാധാരണ ആരംഭിക്കുന്നത്.
ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിത വണ്ണവും കാണില്ല. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെപ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം.
ഇങ്ങനെ ഇൻസുലിൻ ചികിത്സ കൊണ്ടു സാധാരണ വളർച്ചയും ആരോഗ്യവും നിലനിർത്താനും സാധാരണ ജീവിതം നയിക്കാനും കഴിയും. മരുന്നുകൊണ്ടുമാത്രം പ്രമേഹം നിയന്ത്രണത്തിലാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻകൂടി ഉൾപ്പെടുത്തുന്നത്.
● ടൈപ്പ് 2 പ്രമേഹം: ഇന്‍സുലിന്‍ ഉൽപാദനത്തിന്‍റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുമൂലമുള്ള പ്രമേഹമാണിത്. ഇതൊരു ജീവിതശൈലി രോഗമാണ്. ആഹാരക്രമത്തിലെ പ്രശ്‌നം, വ്യായാമക്കുറവ്, അമിതഭാരം എന്നിങ്ങനെ പല കാരണങ്ങൾ ഒന്നിച്ചുവരുമ്പോഴാണ് പ്രമേഹമുണ്ടാകുന്നത്.
● ഗർഭകാല പ്രമേഹം (Gestational diabetes): ഗര്‍ഭകാലത്ത് മാത്രമാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് ഭേദമാകാറുമുണ്ട്.
പ്രമേഹത്തിന് കാരണം
ഒരാൾ മധുരം കൂടുതൽ കഴിച്ചതുകൊണ്ടുമാത്രം പ്രമേഹം ഉണ്ടാകില്ല. അയാൾക്കു പ്രമേഹം വരാനുള്ള മറ്റു കാരണങ്ങൾ കൂടി വേണം. അനാരോഗ്യ ഭക്ഷണരീതി, വ്യായാമക്കുറവ്, ഉയര്‍ന്ന മാനസിക സമ്മര്‍ദം, പുകവലി, മദ്യപാനം, അധിക രക്തസമ്മര്‍ദം തുടങ്ങി പല ഘടകങ്ങള്‍ക്കൊപ്പം പ്രമേഹസാധ്യത കൂടിയ ജനിതകഘടനകൂടി ചേരുമ്പോഴാണ് രോഗമുണ്ടാകുന്നത്. ഇക്കാര്യങ്ങൾ യഥാസമയം നിയന്ത്രിച്ചും പ്രമേഹം വന്നാല്‍തന്നെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചും സാധാരണ ജീവിതം സാധ്യമാക്കാം.
മാതാപിതാക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാൻ സാധ്യത കൂടുതലാണ് എന്നത് ശരിതന്നെ. എന്നാൽ, ഈ സാധ്യത മുന്നിൽകണ്ട് ജീവിതശൈലി ക്രമീകരിച്ചാൽ പ്രമേഹത്തെ തടയാവുന്നതേയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്.
ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
● പെട്ടെന്നുള്ള ഭാരക്കുറവ്: ശരീരത്തിന് ഇൻസുലിൻ ശരിയായി ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കോശങ്ങൾക്ക് ഊർജത്തിന് ഉപയോഗിക്കാനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അതിനാൽ ശരീരം ഊർജത്തിനായി കൊഴുപ്പ് എരിച്ചു കളയാൻ തുടങ്ങുന്നു. ഇത് ശരീരഭാരം പെട്ടെന്ന് കുറയാൻ കാരണമാകുന്നു.
● ക്ഷീണം, ബലഹീനത: രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിരന്തര ക്ഷീണത്തിനും ബലഹീനതക്കും കാരണമാകും. അമിത ക്ഷീണം ദൈനംദിന ജീവിതത്തെ ബാധിച്ചേക്കാം. ക്ഷീണം ആരോഗ്യത്തെയും മാനസികാവസ്ഥയെയും മോശമായി ബാധിച്ചേക്കാം.
● മുഖത്തും കഴുത്തിലുമുള്ള കറുപ്പ്: ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്‍റെ സൂചനയാണിത്. കക്ഷത്തിലും ഈ പാടുകൾ ചിലപ്പോൾ കാണാനാകും. ഇത്തരം പാടുകൾ അവഗണിക്കാതിരിക്കുക.
● കാഴ്ച മങ്ങൽ: രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പതിവ് നേത്ര പരിശോധനകൾ നേരത്തേ രോഗം കണ്ടെത്താൻ സഹായിക്കും.
● മുറിവ് ഉണങ്ങുന്നതിലെ കാലതാമസം: പ്രമേഹം മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ചെറു മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം. ഇത് അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുന്നു. രക്തയോട്ടം കുറയുന്നതും നാഡികളുടെ തകരാറുമൂലവുമാണ് ഇത് സംഭവിക്കുന്നത്. ഇവ രണ്ടും പ്രമേഹത്തിൽ സാധാരണമാണ്.
● കൈകാൽ മരവിപ്പ്: പ്രമേഹത്തിന്‍റെ സങ്കീർണതയായ ഡയബറ്റിക് ന്യൂറോപ്പതി കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കാം. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുക മാത്രമല്ല, പരിക്കുകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
സാധാരണയായി അനുഭവപ്പെടുന്ന മറ്റു ലക്ഷണങ്ങൾ:
● ഇടക്കിടെ മൂത്രമൊഴിക്കുക
● അമിത ദാഹം
● അമിത വിശപ്പ്
● ഭാരനഷ്ടം
● ക്ഷീണം
● താൽപര്യത്തിന്‍റെയും ഏകാഗ്രതയുടെയും അഭാവം
● കൈകളിലോ കാലുകളിലോ ഇഴയുന്ന തോന്നല്‍
● പതിവ് അണുബാധ
● ഛർദിയും വയറുവേദനയും (പലപ്പോഴും പനിയുമായി ബന്ധപ്പെട്ടതായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്)
മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കാണുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ചികിത്സ
പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രമേഹത്തെക്കുറിച്ചുള്ള അൽപധാരണകളും അബദ്ധധാരണകളും ഒഴിവാക്കി വിദഗ്ധ ചികിത്സതേടി രോഗത്തെ നിയന്ത്രിക്കാം.
ചികിത്സ ഫലിക്കാൻ ആദ്യം രക്‌തത്തിലെ പഞ്ചസാര നിയന്ത്രിക്കണം. പ്രമേഹമുള്ളവർക്ക് തുടക്കത്തിൽ മരുന്നിന്‍റെ ആവശ്യമില്ല. ഭക്ഷണനിയന്ത്രണത്തിലും വ്യായാമത്തിലും ചികിത്സ ഒതുക്കാം. ഇത് പ്രമേഹം ആരംഭദശയിൽതന്നെ കണ്ടുപിടിച്ചാലുള്ള കാര്യമാണ്. യഥാസമയം രക്തപരിശോധന നടത്തി രോഗം കണ്ടുപിടിക്കാത്തവർ ഷുഗർനില വളരെ ഉയർന്നശേഷമായിരിക്കും ചികിത്സ തേടുക. അപ്പോൾ ചികിത്സയുടെ ആദ്യഘട്ടം മുതൽതന്നെ മരുന്നുകൾ വേണ്ടിവരും.
ഹൃദയം, വൃക്ക, കണ്ണ് അടക്കമുള്ള ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ക്രമേണ ബാധിക്കുന്ന അസുഖമാണ് പ്രമേഹം. മരുന്നുകളിലൂടെ ഈ സങ്കീർണതകൾ വരാതെ പരമാവധി നീട്ടിക്കൊണ്ടുപോകാൻ പറ്റും.
രോഗം കണ്ടെത്താം
ഒരു വ്യക്തിക്കു പ്രമേഹം ഉണ്ടോ എന്നറിയാനും പ്രമേഹരോഗിയുടെ ചികിത്സ ശരിയായവിധം നടക്കുന്നോ എന്നറിയാനും രക്തത്തിലെ ഷുഗർ അളവ് അറിയേണ്ടതുണ്ട്. രക്തത്തിലെ ഫാസ്റ്റിങ് ഷുഗർ (വെറും വയറ്റിൽ) 126നു മുകളിൽ ആയിരിക്കുകയും അല്ലെങ്കിൽ ആഹാരശേഷമോ 75 ഗ്രാം ഗ്ലൂക്കോസ് കുടിച്ച് രണ്ടു മണിക്കൂറിനുശേഷമോ ഉള്ള ഷുഗർ 200നു മുകളിൽ ആയിരിക്കുകയും ചെയ്താൽ പ്രമേഹം പിടിപെട്ടു എന്നു നിശ്ചയിക്കാം.
കുറേക്കൂടി കൃത്യതയുള്ള അളവ് Hb Alcയുടേതാണ്. മൂന്നുമാസത്തെ ഷുഗർനിലയുടെ ശരാശരിയാണ് ഇതിലൂടെ അറിയാൻ കഴിയുക. Hb Alc അളവ് 6.5നു മുകളിലാണെങ്കിൽ പ്രമേഹമായി കണക്കാക്കും.
പ്രമേഹപൂർവാവസ്ഥ
രക്തത്തിലെ പഞ്ചസാര സാധാരണയിൽ കൂടുതലാകുകയും എന്നാൽ, പ്രമേഹരോഗാവസ്ഥയുടെ അളവിൽ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹപൂർവാവസ്ഥ (Prediabetes). ഫാസ്റ്റിങ് ഷുഗർ 100 മി. ഗ്രാം മുതൽ 125 മി. ഗ്രാം വരെയും 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഷുഗർ 141 മി. ഗ്രാം മുതൽ 199 മി. ഗ്രാം വരെയും ഉള്ള അവസ്ഥയെ പ്രീഡയബെറ്റിസ് എന്നു പറയും.
ഇതു രണ്ടു വിധത്തിലുണ്ട്. ഫാസ്റ്റിങ് ഷുഗർ 100 മി. ഗ്രാം മുതൽ 125 മി. ഗ്രാം വരെയുള്ള കാലഘട്ടത്തെ ഇംപയേർഡ് ഫാസ്റ്റിങ് ഗ്ലൂകോസ് (Impaired Fasting Glucose -IFG) എന്നു പറയും. അതുപോലെ ഗ്ലൂക്കോസ് 75 മി. ഗ്രാം കഴിച്ചു രണ്ടു മണിക്കൂറിനുശേഷം 141 മി. ഗ്രാം മുതൽ 199 മി. ഗ്രാംവരെയുള്ള അവസ്ഥയെ ഇംപയേർഡ് ഗ്ലൂക്കോസ് ടോളറൻസ് (Impaired Glucose Tolerance -IGT) എന്നു പറയും. ചുരുക്കിപ്പറഞ്ഞാൽ പ്രീഡയബെറ്റിസ് എന്ന ഘട്ടം IFGയോ IGTയോ രണ്ടും കൂടിയുള്ള അവസ്ഥയോ ആയിരിക്കാം.
പ്രമേഹം നിയന്ത്രിക്കാൻ ചില വഴികൾ
● ശരീരഭാരം കുറക്കുക: ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തുന്നതിലൂടെ ശരീരഭാരം കുറച്ച് പ്രമേഹ സാധ്യത 60 ശതമാനം കുറക്കാൻ കഴിയും. ആരോഗ്യ കാര്യത്തിൽ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
● ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ആരോഗ്യകരമായ ഭക്ഷണക്രമം ശരീരത്തിലെ പ്രമേഹത്തിന്‍റെ അളവിനെ സ്വാധീനിക്കും. പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഫൈബര്‍ അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വിവിധ പച്ചക്കറികളും തവിടോടുകൂടിയ ധാന്യങ്ങളും ശരീരത്തിന് ആവശ്യമായ വിറ്റമിനുകളും ധാതുക്കളും ഫൈബറും ലഭ്യമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
● വ്യായാമം: ആഴ്ചയില്‍ ആറു ദിവസം 30 മുതല്‍ 45 മിനിറ്റ് വരെ പതിവായി ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക. ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കോശങ്ങള്‍ കൂടുതല്‍ നന്നായി ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും വ്യായാമം സഹായിക്കും.
● വെള്ളം കുടിക്കുക: ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് മാത്രമല്ല, ശരീരത്തിന്‍റെ മുഴുവനായുള്ള ആരോഗ്യത്തിനും നല്ലതാണ്.
● നന്നായി ഉറങ്ങുക: ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളില്‍ ക്രമരഹിത ഉറക്കം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
● മാനസിക സമ്മർദം കുറക്കുക: ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി വിട്ടുമാറാത്ത സമ്മർദം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ലഘു വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ ശീലമാക്കാം. ഇതിലൂടെ ഒരുപരിധിവരെ മാനസിക സമ്മർദം കുറയുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യും.
● ഒഴിവാക്കാം പുകവലിയും മദ്യപാനവും: പുകവലിക്കാരില്‍ രോഗസാധ്യത 45 ശതമാനം കൂടുതലാണ്. അമിത മദ്യപാനം പ്രമേഹസാധ്യത മൂന്ന് ഇരട്ടിയിലധികം കൂട്ടുന്നു.
● മരുന്ന് കൃത്യസമയത്ത് കഴിക്കുക എന്നതും പ്രമേഹ നിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇവ അവഗണിക്കരുത്
● വീടിനകത്തും പുറത്തും ചെരിപ്പ് ഉപയോഗിക്കാം.
● കാലിലെ കുഞ്ഞുമുറിവുകളെപ്പോലും അവഗണിക്കാതിരിക്കുക.
● കാഴ്‌ചക്കുറവുണ്ടെങ്കിൽ കണ്ണടവെച്ച് വെളിച്ചത്തിൽ മാത്രം കാൽനഖം വെട്ടുക. ഞരമ്പും രക്തക്കുഴലുകളും തകരാറിലായാൽ വേദനയറിഞ്ഞെന്ന് വരില്ല. മുറിവുണ്ടായാൽ പഴുക്കാനും അത് മാറാതെ അവയവംതന്നെ നഷ്‌ടപ്പെടാനും സാധ്യതയേറെയാണ്.
● ഉപ്പൂറ്റിയിലെ വിണ്ടുകീറലുകലുകളും കുഞ്ഞു മുറിവുകളുമൊക്കെ ഡോക്‌ടറുടെ മുന്നിലെത്തിക്കുക. വൃത്തിയായിരിക്കുക.
● കണ്ണ്, വൃക്ക തുടങ്ങിയവയെ ബാധിക്കുന്നുണ്ടോ എന്നും നേരത്തിന് പരിശോധിച്ച് കണ്ടെത്തണം. പ്രമേഹസംബന്ധിയായ ഉദ്ധാരണശേഷിക്കുറവിനും കൃത്യമായ ചികിത്സയുണ്ട്.
മരുന്നുകളല്ല, പ്രമേഹം തന്നെയാണ് വൃക്കകളെ നശിപ്പിക്കുന്നത്
പലർക്കുമുള്ള തെറ്റിദ്ധാരണയാണ് പ്രമേഹത്തിനുള്ള മരുന്നുകൾ വൃക്കയെ നശിപ്പിക്കുമെന്നുള്ളത്. എന്നാൽ പ്രമേഹമരുന്നുകളല്ല, പ്രമേഹം തന്നെയാണ് വൃക്കകളെ നശിപ്പിക്കുന്നത്. മരുന്നുകൾ ആ നാശത്തെ തടയുകയോ നീട്ടിക്കൊണ്ടുപോവുകയോ ആണ് ചെയ്യുന്നത്.
ഷുഗർ നില വർധിച്ചുനിൽക്കുമ്പോൾ വൃക്കക്കുള്ളിലെ രക്തക്കുഴലുകൾ നശിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ക്രമേണ വൃക്കനാശത്തിന് ഇടവരുത്തും. വൃക്കനാശമുണ്ടാക്കാനിടയുള്ള വേദനസംഹാരികളും മരുന്നുകളും മറ്റും ഒഴിവാക്കുകയാണ് വൃക്കകളുടെ ആരോഗ്യസുരക്ഷക്കുള്ള പ്രധാന മാർഗം.
കുട്ടികളും പ്രമേഹവും
ചെറിയ കുട്ടികളിൽ സാധാരണ കണ്ടുവന്നിരുന്നത് ടൈപ്പ് 1 പ്രമേഹമാണ്. ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണമാവാം, ടൈപ്പ് 2 പ്രമേഹവും ഇപ്പോൾ ധാരാളമായി കുട്ടികളിൽ വന്നുതുടങ്ങിയിട്ടുണ്ട്. വണ്ണക്കൂടുതലുള്ള കുട്ടികളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
ഇതിനു പുറമെ 'MODY' (Maturity Onset Diabetes of the Young) എന്ന പ്രശ്‌നവും കുട്ടികളിൽ കണ്ടുവരുന്നു. ഇതിന് പലപ്പോഴും കാരണമാകുന്നത് ജനിതക പ്രശ്‌നങ്ങളാണ്. മരുന്നുചികിത്സയാണ് പ്രതിവിധി. വർഷങ്ങൾക്കുശേഷം ഇൻസുലിൻ നൽകേണ്ടതായും വന്നേക്കാം.
ആരോഗ്യകരമായ ശീലങ്ങള്‍ രോഗം വന്നശേഷം തുടങ്ങാന്‍ കാത്തിരിക്കരുത്. ബാല്യം മുതല്‍ അത് കുട്ടികളെ ശീലിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.