Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദിയുള്ളവരായിരിക്കുക; മാനസികാരോഗ്യം നിലനിർത്തുന്നതിൽ ‘നന്ദി’യുടെ റോളറിയാം
cancel

ഒരു വ്യക്തിക്ക്​ തന്‍റെ ഇഷ്ടവും സന്തോഷവും കടപ്പാടുമെല്ലാം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയാണ് ‘നന്ദി’ അഥവാ ‘കൃതജ്ഞത’ എന്ന വികാരം. അത്​ ഈശ്വരനോടോ മറ്റൊരു വ്യക്തിയോടോ സ്ഥാപനത്തോടോ സംഘടനയോടോ ഒരുപക്ഷേ, ലോകത്തിലെ മറ്റെന്തിനോടും ആകാം.

നന്ദി പ്രകാശിപ്പിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്​തിയും സ്വീകരിക്കുന്ന വ്യക്​തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു എന്നതാണ്​ ഈ വികാരത്തി​​ന്‍റെ ഏറ്റവും വലിയ സവിശേഷത.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരിൽപോലും നന്ദി എന്ന വികാരം പ്രകടിപ്പിക്കാൻ പരിശീലിപ്പിക്കുകയാണെങ്കിൽ കാലക്രമേണ അവരിൽ അത്​ സന്തോഷം വർധിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുകയും ചെയ്യുന്നുവെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്​.


അഭിനന്ദന സമാന വികാരം

കൃതജ്ഞത ഒരു അവസ്ഥയും സ്വഭാവവുമാണെന്നും സന്തോഷപ്രദമായ സംഭവവികാസത്തിനോ നേട്ടത്തിനോ ഉള്ള പ്രതികരണമാണെന്നും അതിന്​ കാരണക്കാരായവരോട്​ പ്രകടിപ്പിക്കുന്ന സന്തോഷവും ഇഷ്ടവും കലർന്ന ഒരു വികാരമാണെന്നും അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ നൽകുന്ന നിർവചനത്തിലുണ്ട്​.

ഹാർവഡ്​ യൂനിവേഴ്​സിറ്റിയിലെ മനഃശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽ കൃതജ്ഞത പ്രകടിപ്പിക്കുന്ന സമ്പ്രദായങ്ങളും അവ പ്രകടിപ്പിക്കുന്നവരി​ലെ സന്തോഷവും തമ്മിൽ ശക്തമായ പരസ്പര ബന്ധമു​ണ്ടെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. നന്ദിയുള്ളവരായിരിക്കുമ്പോൾ ​അതൊരു വ്യക്തിയുടെ സ്വകാര്യവും സാമൂഹികവുമായ ജീവിതത്തിൽ വിവിധ നേട്ടങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

മറ്റുള്ളവരോടു നന്ദിയുണ്ടായിരിക്കുന്നതുവഴി മനസ്സിന്‌ ഉണർവ്‌ കിട്ടുകയും അതുവഴി മികച്ച അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിലൂടെ ആരോഗ്യം മെച്ചപ്പെടുകയും പ്രതിസന്ധികൾ മറികടക്കാനുള്ള കഴിവ്‌ വർധിക്കാനും ശക്തമായ സുഹൃദ്‌ബന്ധങ്ങൾ ഉടലെടുക്കാനും സഹായിക്കും.

വ്യക്തികൾ തമ്മിലുള്ള ബന്ധം മികച്ചതലങ്ങളിലേക്ക്​ നയിക്കും

അമേരിക്കൻ മനഃശാസ്ത്രജ്ഞരായ സാറ അൽഗോയും ബാൾഡ്വിൻ വേ യും (Sara Algoe and Baldwin Way) നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്തിയത്​ നന്ദി പ്രകടിപ്പിക്കുകവഴി വ്യക്തികൾ തമ്മിലുള്ള ബന്ധം മികച്ച തലങ്ങളിലേക്ക്​ നയിക്കും എന്നതാണ്.

മസ്തിഷ്കത്തിലെ ‘ബോണ്ടിങ് ഹോർമോൺ’ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന ഓക്‌സിടോസിൻ (oxytocin) എന്ന രാസവസ്തുവിന്‍റെ ഉൽപാദനം വർധിക്കുകയും ഇത് ബന്ധങ്ങളിൽ ശാന്തതയും സുരക്ഷിതത്വവും വളർത്തുകയും ചെയ്യുന്നു എന്നതാണ്​.

പ്രശസ്ത ധ്യാനപരിശീലന സൈറ്റായ സിവയുടെ (Ziva) സ്ഥാപക എമിലി ഫ്ലെച്ചർ (Emily Fletcher) നന്ദിയെ വിശേഷിപ്പിക്കുന്നത്​ ‘സ്വാഭാവിക ആൻറിഡിപ്രസന്‍റ്’ എന്നാണ്. വ്യക്തികൾ നന്ദി പ്രകടിപ്പിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന രണ്ട് നിർണായക ന്യൂറോ ട്രാൻസ്മിറ്ററുകളായ ഡോപാമൈൻ, സെറോടോണിൻ (Dopamine and Serotonin) എന്നിവ മസ്തിഷ്കത്തിൽ കൂടുതൽ ഉൽ​പാദിപ്പിക്കപ്പെടുകയും അത്​ വ്യക്തിയെ മികച്ച മാനസികാരോഗ്യത്തിലേക്കും സന്തോഷവും സമാധാനവുമുള്ള അവസ്ഥയിലേക്കും നയിക്കുകയും ചെയ്യും.

എല്ലാ ദിവസവും ബോധപൂർവം നന്ദി പ്രകടിപ്പിക്കുന്നതിലൂടെ, നാഡീവ്യൂഹങ്ങൾ സ്വയം ശക്തിപ്പെടുകയും ആത്യന്തികമായി വ്യക്തിയുടെ ഉള്ളിൽത്തന്നെ ശാശ്വത നന്ദിയും പോസിറ്റിവ് ചിന്തകളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് എമിലി ഫ്ലെച്ചർ പറയുന്നുണ്ട്. ചുരുക്കത്തിൽ ഏറ്റവും മികച്ച വികാരവും മാനവിക സ്വഭാവങ്ങളിലൊന്നുമാണ്​ നന്ദി അഥവാ കൃതജ്ഞത.


ചെറു കാര്യങ്ങൾക്കുപോലും നന്ദി പ്രകടിപ്പിക്കാം

നമുക്ക്​ ലഭിക്കുന്ന നേട്ടങ്ങളോടും സൗഭാഗ്യങ്ങളോടും നന്ദിയുള്ള മനഃസ്ഥിതി വള​ർത്തിയെടുക്കാനായാൽ അത്​ നമ്മുടെ വ്യക്തിജീവിതത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കുകയും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

നന്ദിയുള്ളവരായിരിക്കുക എന്നത് മനോഹര വികാരമാണ്​. ചെറിയ കാര്യങ്ങൾക്കുപോലും നന്ദിപ്രകടിപ്പിക്കാനുള്ള സൗമനസ്യം നിങ്ങളെ സന്തോഷിപ്പിക്കുകയും മനസ്സിൽ സമാധാനം നിലനിർത്തുകയും ചെയ്യുന്നു.

നന്ദിയുള്ളവരായിരിക്കുമ്പോൾ കോപം, വെറുപ്പ്​, അസൂയ, അത്യാഗ്രഹം തുടങ്ങിയ വികാരങ്ങൾ സ്വാഭാവികമായിത്തന്നെ കുറയുന്നു. ഇത് ഈ നിഷേധാത്മക വികാരങ്ങളെ ഇല്ലാതാക്കുകയും ആന്തരികമായ ഒരുതരം സന്തോഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കൂടാതെ, ആരോടെങ്കിലും/എന്തിനോടെങ്കിലും നന്ദി തോന്നുകയും അത്​ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അത്​ സ്വയം മതിപ്പ്​ (self respect) വർധിക്കാൻ ഇടയാക്കുകയും ചെയ്യും. നിഷേധാത്മക ചിന്തകളെ ഒഴിവാക്കാനും മനസ്സിൽ സന്തോഷവും സ്നേഹവും പോലുള്ള നല്ല വികാരങ്ങൾ സൃഷ്ടിക്കാനും ഇത്​ സഹായിക്കും.

നന്ദി എന്ന വികാരം പ്രകടിപ്പിക്കാത്തവരെ സമൂഹം മോശം വ്യക്തികളായാണ്​ പരിഗണിച്ചുവരുന്നത്​. ‘നന്ദി കെട്ടവൻ’, ‘നന്ദി കെട്ടവൾ’ തുടങ്ങിയ പ്രയോഗങ്ങൾ ഒരു വ്യക്തിയെ ആക്ഷേപിക്കാനും ആ വ്യക്തിയുടെ മോശം സ്വഭാവത്തെ സൂചിപ്പിക്കാനുമാണ്​ ഉപയോഗിക്കുന്നത്​.

ഒരാള്‍ ഒരുപകാരം ചെയ്താല്‍ ആ ഉപകാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുകയും വാക്കുകൾകൊണ്ട്​ പറയുകയും പ്രവൃത്തികൾകൊണ്ട്​ പ്രകടിപ്പിക്കുകയും വേണമെന്നും എക്കാലത്തും ഉപകാരസ്മരണയുള്ളവർ ആയിരിക്കണമെന്നും മതങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental healthHealthtipsgratitudehealthnews
News Summary - Know the role of gratitude in maintaining mental health
Next Story