ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ
text_fieldsഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ.
ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ.
വളർന്നുവരുന്ന കാൻസർ ഭീതിയോടൊപ്പംതന്നെ വളരുന്നതാണ് മലയാളികളുടെ കാൻസറിനെപ്പറ്റിയുള്ള മണ്ടത്തങ്ങളും. ഇതാ അത്തരം ചില മണ്ടത്തങ്ങൾ:
പൂർണമായ ചികിത്സയില്ല
കാൻസറിന് പ്രധാനമായും നാലു സ്റ്റേജുകളുണ്ട്. ഇതിൽ ഒന്നാമത്തെ സ്റ്റേജിൽ 90 ശതമാനം ആൾക്കാരിലും ചികിത്സകൊണ്ട് പൂർണമായി ഭേദമാകാറുണ്ട്. മറ്റു സ്റ്റേജുകളിലും ചികിത്സയുണ്ട്.
പൊതുവെ ഒന്നാം സ്റ്റേജിലുള്ളവരും പൂർണമായി ഭേദമായവരും സമൂഹത്തിന് മുന്നിൽ തുറന്നുപറയാത്തതും കാൻസർകൊണ്ട് ബുദ്ധിമുട്ടുന്നവരെയും മരണപ്പെടുന്നവരെയും പുറംലോകമറിയുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു ധാരണ ബലപ്പെടുന്നത്.
മാംസാഹാരം കാൻസർ ഉണ്ടാക്കും
മാംസാഹാരം കഴിക്കുന്നവർക്ക് മാത്രമല്ല വെജിറ്റേറിയൻസിനും കാൻസർ അതേ നിരക്കിൽതന്നെ ഉണ്ടാകാറുണ്ട്. കാൻസർ രോഗികളും അല്ലാത്തവരും മാംസാഹാരം, (മീൻ, മുട്ട, ചിക്കൻ, മട്ടൻ, ബീഫ്) തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
പഴകിയതോ അമിതമായി പ്രോസസ് ചെയ്തതോ ആയ മാംസവും അമിതമായ അളവിലുള്ള റെഡ് മീറ്റ് ഉപയോഗവും സൂക്ഷിക്കേണ്ടതാണ്. എങ്കിലും കാൻസർ ഭീതിയിൽ മാംസാഹാരം ഉപേക്ഷിക്കേണ്ടതില്ല.
ഒറ്റമൂലി ചികിത്സ
കാൻസർ പല ആൾക്കാരിലും പല അവയവങ്ങളിൽ പല തരത്തിൽ പല സ്റ്റേജുകളിൽ ആയിരിക്കും. അതിനാൽ തന്നെ ഓരോ കാൻസറിനും വേറിട്ട രീതിയിലായിരിക്കും ചികിത്സ. അപ്പോൾ എല്ലാത്തരം കാൻസറിനും ഒരേ ഒരു ചികിത്സ, ഒരു ഒറ്റമൂലി എങ്ങനെ ഫലപ്രദമാവും?
അമേരിക്കയിലെ എം.ഡി. ആൻഡേഴ്സൺ കാൻസർ ഇൻസ്റ്റിറ്റ‍്യൂട്ടിലെ ശാസ്ത്രജ്ഞർ 2013ൽ ഇന്ത്യയിലും കേരളത്തിലും വന്ന് ഒറ്റമൂലി ചികിത്സകളിൽ നടത്തിയ നിരീക്ഷണങ്ങളിലും ഈ ഒറ്റമൂലികൾ ഒന്നുംതന്നെ ഫലപ്രദമല്ല എന്നാണ് കണ്ടെത്തിയത്.
കേരളത്തിൽ മാത്രം അമിത കാൻസർ
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാൻസർ നിരക്ക് കൂടുതലാണെന്നത് സത്യമാണ്. വികസിത രാജ്യങ്ങൾക്ക് സമാനമായ സാമ്പത്തിക അഭിവൃദ്ധി ഉള്ളതുകൊണ്ടുതന്നെ അതിന് സമാനമായ ജീവിതശൈലികളും ജീവിതശൈലീ രോഗങ്ങളും ഇതിന് ഒരു കാരണമാണ്.
എങ്കിലും കേരളത്തിലെ ആരോഗ്യമേഖലയിലെയും കാൻസർ നിർണയരംഗത്തെയും പുരോഗതിയും കാൻസറിനെപ്പറ്റിയുള്ള അവബോധമുള്ള സമൂഹവും കാൻസർ പെട്ടെന്ന് കണ്ടുപിടിക്കുന്നതിലേക്കെത്തുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ശരാശരി ആയുർദൈർഘ്യമാണ് കേരളത്തിന്. പ്രായം കൂടുന്നതനുസരിച്ച് കാൻസർ വരാനുള്ള സാധ്യതയും കൂടുതലായിരിക്കുമല്ലോ.
ഒരിക്കൽ ചികിത്സിച്ചാലും വീണ്ടും വരും
ഭൂരിഭാഗം ആൾക്കാരിലും നേരത്തേ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിച്ച് പൂർണമായി ഭേദമാക്കിയാൽ കാൻസർ വീണ്ടും വരാനുള്ള സാധ്യത കുറവാണ്. ഏതു അവയവത്തിന്റെ, ഏതുതരം, ഏത് സ്റ്റേജ്, ഏത് ട്രീറ്റ്മെന്റാണ് ചെയ്തത് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു കാൻസർ വീണ്ടും വരാനുള്ള സാധ്യത.
നൂതന അടുക്കളരീതി കാൻസർ ഉണ്ടാക്കും
ഇല്ല. നൂതന അടുക്കളരീതികൾ കാൻസർ ഉണ്ടാക്കുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ശബ്ദതരംഗങ്ങൾക്ക് സമാനമായ electromagnetic waves ഉപയോഗിക്കുന്ന മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമാണ്.
അമിതമായി കരിഞ്ഞുപോവുന്നതു വരെ ഭക്ഷണം പാകം ചെയ്യാതെയിരുന്നാൽ ഏതൊരു അടുക്കളരീതിയും സുരക്ഷിതമാണ്.
അസുഖത്തേക്കാൾ ബുദ്ധിമുട്ടാണ് ചികിത്സ
റേഡിയേഷൻ ട്രീറ്റ്മെന്റും കീമോതെറപ്പിയുമൊക്കെ ശരീരത്തിൽ ചില ബുദ്ധിമുട്ടുകളും പാർശ്വഫലങ്ങളും ഉണ്ടാക്കുമെങ്കിലും അതിനേക്കാൾ പ്രധാനമാണ് കാൻസർ ചികിത്സിക്കുക എന്നത്. ബുദ്ധിമുട്ടുകളും പാർശ്വഫലങ്ങളും വളരെ കുറഞ്ഞ അതിനൂതന ചികിത്സാരീതികൾ വന്നുകൊണ്ടിരിക്കുന്നു.
ഓരോതരം രോഗത്തിനും ഓരോതരം രോഗിക്കും പ്രത്യേക ചികിത്സാക്രമങ്ങൾ ഇപ്പോൾ ലഭ്യമാണ്. ആയുർദൈർഘ്യത്തിന് വേണ്ടി മാത്രമല്ല ജീവിത നിലവാരം മെച്ചപ്പെടുത്താനും കാൻസർ ചികിത്സ അത്യാവശ്യമാണ്.
പ്രത്യേകതരം ഭക്ഷണം (സൂപ്പർ ഫുഡ്) കാൻസർ തടയും
ചില പഴങ്ങളും ഭക്ഷണരീതികളും കാൻസർ തടയുമെന്ന ധാരണയിൽ പലരും പ്രത്യേകമായി കഴിക്കാറുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണം പ്രത്യേകമായി കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും എന്നുപറയുക സാധ്യമല്ല.
കൂടുതൽ ആന്‍റി ഓക്സൈഡ് അടങ്ങിയ പോഷകസമ്പന്ന ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, ജീവിതശൈലി മെച്ചപ്പെടുത്തുക, പുകവലി, ആൾക്കഹോൾ തുടങ്ങിയ ദുശ്ശീലങ്ങളിൽനിന്ന് അകന്നുനിൽക്കുക, വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയ നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുക എന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള എളുപ്പവഴി.
മൊബൈൽ ടവറും ഫോണും കാൻസർ ഉണ്ടാക്കും
പലരും ഇപ്പോഴും വിശ്വസിക്കുന്ന സംഗതിയാണ്. എന്നാൽ, മൊബൈൽ ഫോണിൽനിന്നും ടവറുകളിൽനിന്നുമുള്ള റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്നതിന് ഇതുവരെ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.