അസ്ഥിക്ക് പിടിക്കുന്ന 'ഓസ്റ്റിയോപോറോസിസ്'; പ്രതിരോധവും പരിഹാരവും
text_fieldsഅസ്ഥികളുടെ ബലവും സാന്ദ്രതയും കുറയുകയും എല്ലുകൾ വേഗം പൊട്ടിപ്പോവുകയും ചെയ്യുന്ന ഓസ്റ്റിയോപോറോസിസ് രോഗം ഇന്ന് പ്രായമായവരിലും സ്ത്രീകളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്...
ലോകം മുഴുവൻ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം എന്ന അസുഖം. എല്ലുകളുടെ തേയ്മാനം, ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുമായി ദിനംപ്രതി ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം കൂടി വരുകയാണ്. വ്യാപകമായി കാണപ്പെടുന്ന ഈ അസ്ഥിരോഗം പ്രായമേറുേമ്പാഴാണ് കൂടിവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അസ്ഥിക്ഷയം കൂടുതലായി കാണപ്പെടുന്നത്. ആർത്തവ വിരാമത്തെത്തുടർന്ന് സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം.
മറ്റുപല രോഗങ്ങളിൽനിന്നും വ്യത്യസ്തമായി ഒാസ്റ്റിയോപോറോസിസ് പ്രകടമായ രോഗലക്ഷണങ്ങൾ അധികം കാണിക്കാത്തതിനാൽ നിശ്ശബ്ദരോഗം (Silent disease) എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എല്ലുകളുടെ ബലം കുറയുന്നതുമൂലം അസ്ഥികൾക്ക് പെട്ടെന്ന് ഒടിവ് സംഭവിക്കാനും അതുവഴി ചലനശേഷി നഷ്ടപ്പെടാനും കാരണമാകുന്നു. ഇത് വലിയ ചികിത്സച്ചെലവും ജീവിതനിലവാരത്തിൽതന്നെ പ്രകടമായ വ്യത്യാസവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ച് മനസ്സിലാക്കലും രോഗനിർണയവും തുടർന്നുള്ള ചികിത്സയും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
എന്താണ് ഓസ്റ്റിയോപോറോസിസ്?
എല്ലുകളുടെ സാന്ദ്രതയും ബലവും കുറയുന്ന ഒരു സാധാരണരോഗമാണ് ഒാസ്റ്റിയോപോറോസിസ്. സാന്ദ്രത കുറയുമ്പോൾ എല്ലുകളിൽ സുഷിരങ്ങളുണ്ടാകുകയും ബലം കുറയുമ്പോൾ ഒടിവുകൾ സംഭവിക്കാൻ സാധ്യത കൂടുകയും ചെയ്യുന്നു. 30- 35 വയസ്സുവരെ അസ്ഥികളിൽ ഉണ്ടാകുന്ന വളർച്ച അവക്കു സംഭവിക്കുന്ന തേയ്മാനത്തെക്കാൾ അധികമായിരിക്കും. ഈ കാലഘട്ടത്തിലാണ് ബോൺ ഡെൻസിറ്റി അഥവാ അസ്ഥികളുടെ സാന്ദ്രത മൂർധന്യത്തിലെത്തുന്നത്. സാധാരണയായി 35-40 വയസ്സിനുശേഷം സാന്ദ്രത പതുക്കപ്പതുക്കെ കുറയാൻ ഇടയാകുന്നു.
സൂചനകളും ലക്ഷണങ്ങളും
എല്ലിെൻറ സാന്ദ്രത കുറഞ്ഞുവരുന്ന ആദ്യകാലങ്ങളിൽ വേദനയോ മറ്റു ലക്ഷണങ്ങളോ സാധാരണയായി പ്രകടമാകാറില്ല. പലപ്പോഴും എല്ലുകൾക്ക് ഒടിവ് സംഭവിക്കുമ്പോഴാണ് അതേപ്പറ്റി അറിയുക. മുതുക്, കഴുത്ത്, വാരിയെല്ലുകൾ എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, നട്ടെല്ല്, മണിബന്ധം (കൈത്തണ്ടയിലെ അസ്ഥികൾ), അരക്കെട്ട് എന്നിവക്ക് ഉണ്ടാകുന്ന ഒടിവുകൾ, ഭാരംകുറയൽ, ശരീരം മുന്നോട്ട് വളയുക, പല്ലു കൊഴിയുക എന്നിവയൊക്കെയാണ് ഒാസ്റ്റിയോപോറോസിസ് രോഗത്തിെൻറ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.
കാരണങ്ങളും അപകടസാധ്യത ഘടകങ്ങളും
1. നമുക്ക് മാറ്റംവരുത്താൻ പറ്റാത്ത ഘടകങ്ങൾ
●പ്രായം കൂടുന്തോറും എല്ലുകളുടെ സാന്ദ്രതയും ബലവും കുറഞ്ഞുവരും
●പുരുഷന്മാർക്ക് ഉയർന്ന സാന്ദ്രത കാണപ്പെടാറുണ്ട്. അതിനാൽ ഒാസ്റ്റിയോപോറോസിസ് കൊണ്ടുള്ള അപകടസാധ്യത കൂടുതൽ സ്ത്രീകൾക്കാണ്
●ഏഷ്യക്കാരിലാണ് ഒാസ്റ്റിയോപോറോസിസ് കൂടുതലായി കണ്ടുവരുന്നത്
●പാരമ്പര്യമായി കണ്ടുവരുന്നുണ്ട്
●വളരെ മെലിഞ്ഞ ശരീരഘടനയുള്ള ആളുകളിൽ സാന്ദ്രത കുറവായി കാണാറുണ്ട്
2. മാറ്റംവരുത്താൻ കഴിയുന്ന ഘടകങ്ങൾ
●സ്ത്രീകളിൽ ഈസ്ട്രജൻ, പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ കുറവ്
●ജീവിതകാലം മുഴുവൻ കാത്സ്യവും വിറ്റമിൻ ഡി 3ഉം കുറഞ്ഞ ആഹാരരീതി, Anorexia പോലുള്ള രോഗങ്ങൾ
●കോർട്ടിക്കോ സ്റ്റിറോയ്ഡ്, മൂത്രം പോകാനുള്ള മരുന്നുകൾ, കീമോതെറപ്പി മരുന്നുകൾ എന്നിവയുടെ ദീർഘകാല ഉപയോഗം
●ശരീരമനക്കാത്ത ജീവിതരീതി പ്രധാന കാരണമായി കാണാറുണ്ട്
●പുകവലി, മദ്യപാനം എന്നിവ എല്ലിന് കട്ടി കുറക്കുന്ന പ്രധാന കാരണങ്ങളാണ്
●തൈറോയ്ഡ് രോഗങ്ങൾ, കരളിനെയും ആമാശയത്തെയും ബാധിക്കുന്ന രോഗങ്ങൾ, നിരന്തരമായ ശോധനക്കുറവ്, ദീർഘകാലം ചലനമറ്റ അവസ്ഥ, വയറിന് ചെയ്യുന്ന ശസ്ത്രക്രിയകൾ എന്നിവയെല്ലാം ഒാസ്റ്റിയോപോറോസിസിന് കാരണമാകാറുണ്ട്.
രോഗനിർണയം
സാധാരണ എക്സ് റേ, ഫോട്ടോൺ അബ്സോർപ്ഷ്യോമെട്രി, ഡിജിറ്റൽ എക്സ്റേ റേഡിയോഗ്രാമെട്രി (ഡി.എക്സ്.ആർ), സിംഗ്ൾ എനർജി എക്സ് റേ അബ്സോർപ്ഷ്യോമെട്രി, ഡ്യുവൽ എനർജി എക്സ് റേ അബ്സോർപ്ഷ്യോമെട്രി (ഡി.ഇ .എക്സ്.എ), ക്വാണ്ടിറ്റേറ്റിവ് കമ്പ്യൂട്ടഡ് ടോമോഗ്രഫി, അൾട്രാസോണോഗ്രഫി, എം.ആർ.ഐ മുതലായ പരിശോധന മാർഗങ്ങൾ ഉപയോഗിച്ച് രോഗനിർണയം നടത്താവുന്നതാണ്. ഡി.ഇ.എക്സ്.എ ആണ് പ്രധാനമായി ഉപയോഗിച്ചുവരുന്ന പരിശോധനരീതി.
സി.ബി.സി, ഇ.എസ്.ആർ, കാത്സ്യം, ഫോസ്ഫറസ്, ആൽക്കലൈൻ ഫോസ്ഫറ്റേസ്, സീറം പ്രോട്ടീൻ, ആർ.എഫ്.ടി, എൽ.എഫ്.ടി, പെരിഫെറൽ സ്മിയർ, ഇലക്ട്രോ ഫേറെസിസ്, വിറ്റമിൻ ഡി 3 ടെസ്റ്റ്, പാരാതൈറോയ്ഡ് ഹോർമോൺ (പി.ടി.എച്ച്) ടെസ്റ്റ് തുടങ്ങിയ രക്തപരിശോധനകളും ബെൻസ്-ജോൺസ് പ്രോട്ടീൻ (യൂറിൻ), 24 അവർ യൂറിൻ, ഹൈ
ഡ്രോക്സി പ്രോലിൻ, ടീലോപെപ്റ്റൈഡ്സ് മുതലായ മൂത്രപരിശോധനകളും ബോൺമാരോ പരിശോധനകളും അവശ്യമായി വന്നേക്കാം.
ചികിത്സ
എല്ലിനുണ്ടാകുന്ന ധാതുനഷ്ടം കുറക്കുക, എല്ലുകളുടെ ഘടന പരമാവധി നിലനിർത്തുക, ചെറിയ പരിക്കുകൾ കൊണ്ടുണ്ടാകുന്ന ഒടിവുകൾ ഒഴിവാക്കുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഈസ്ട്രജൻസ്/എച്ച്.ആർ.ടി, കാലെക്ടോണിൻ നേസൽ സ്പ്രേ, ബിസ്ഫോസ്ഫോണേറ്റ്, റാലോക്സിഫിൻ, ടെറിപറാറ്റൈഡ് കാൽസ്യം, വിറ്റമിൻ ഡി3, സ്ട്രോൺഷ്യം റാനിലേറ്റ്, ഡിനോസുമാബ്, പി.ടി.എച്ച് 1-84 സ്പ്രേ, കാതിസ്പൈൻ കെ ഇൻഹിബിറ്റേഴ്സ്, ന്യൂ എസ്.ഇ.ആർ.എമ്മുകൾ, എസ്.ടി .കെ ഇൻഹിബിറ്റേഴ്സ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ.
ഒാരോ രോഗിക്കും ഒാരോതരം മരുന്നാണ് ഉപയോഗിക്കേണ്ടിവരുന്നത്. അത് രോഗത്തിെൻറ അവസ്ഥയും പരിശോധനമാർഗങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ മരുന്നുകൾ ഡോക്ടർമാരുടെ നിർദേശാനുസരണമേ കഴിക്കാവൂ.
പ്രതിരോധ മാർഗങ്ങൾ
ഒാസ്റ്റിയോപോറോസിസ് എന്ന രോഗത്തിെൻറ പ്രാധാന്യവും അത് പ്രതിരോധിക്കേണ്ടതിെൻറ ആവശ്യകതയും കണക്കിലെടുത്ത് ഒക്ടോബർ 20 'ലോക ഒാസ്റ്റിയോപോറോസിസ് ഡേ' ആയി ആചരിക്കാറുണ്ട്. പ്രതിരോധമാർഗങ്ങൾ വളരെ ചെറുപ്പകാലം മുതൽക്ക് തന്നെ പാലിക്കേണ്ടത് വളരെ ആവശ്യമാണ്.
ഓസ്റ്റിയോപോറോസിസ് ജീവിതം ദുരിതമയമാക്കാതിരിക്കാൻ പാലിക്കേണ്ട ചില പ്രതിരോധ മാർഗങ്ങൾ ഇതാ:
●കാത്സ്യം, മാംസം (പ്രോട്ടീൻ) എന്നിവ ധാരാളമുള്ള ആഹാരപദാർഥങ്ങൾ ഉൾപ്പെടുത്തുക
●പതിവായി വ്യായാമം ചെയ്യുക
●വേണ്ടത്ര സൂര്യപ്രകാശം കൊള്ളുക
●പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക
●ഡിപ്രഷൻ ഒഴിവാക്കുക
●ശരിയായ രീതിയിൽ ഇരിക്കാനും നിൽക്കാനും ശ്രമിക്കുക
●വീഴ്ചകൾ വരാതെ നോക്കുക
●എല്ലുകളുടെ ബലം കുറയുന്നതുപോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ യഥാസമയം ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടങ്ങുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.