മാതാപിതാക്കളാവുക എന്നത് കുട്ടിക്കളിയല്ല; ഒരുങ്ങാം അച്ഛനമ്മമാരാകാൻ
text_fieldsപിറന്നുവീഴുന്ന ഓരോ കുഞ്ഞും മനുഷ്യരാശിയുടെ പ്രതീക്ഷയും സാധ്യതയുമാണ്. അതുകൊണ്ടുതന്നെ രക്ഷാകർതൃത്വം വലിയ ഉത്തരവാദിത്തമാണ്. എന്നാൽ, ഒട്ടുമിക്ക പേരും അതിനു വേണ്ട രീതിയിൽ തയാറെടുപ്പ് നടത്താറില്ല എന്നതാണ് വാസ്തവം. നവദമ്പതികളിൽനിന്ന് മാതാപിതാക്കളിലേക്കുള്ള പരിവർത്തനകാലത്ത് മാനസികവും വൈകാരികവുമായി ഒരുങ്ങാനുള്ള വഴികൾ ഇതാ...
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സാറാസ്' എന്ന സിനിമയിൽ സിദ്ദീഖ് കൈകാര്യം ചെയ്യുന്ന ഡോ. ഹാഫിസ് എന്ന കഥാപാത്രം നായകനായ സണ്ണി വെയ്നോട് ചോദിക്കുന്നുണ്ട്, ''ഏതൊരു ചെറിയ പരീക്ഷക്കുപോലും വലിയ വലിയ തയാറെടുപ്പുകളും ഒരുക്കങ്ങളും നടത്തുന്ന നമ്മൾ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയൻറായ മാതാപിതാക്കളാവുന്ന ഘട്ടത്തിലേക്കു കടക്കുമ്പോൾ എന്തു തയാറെടുപ്പുകളാണ് നടത്തുന്നത്'' എന്ന്.
നമുക്കു ചുറ്റുമുള്ള 10 പേരോട് ഈ ചോദ്യം ഒന്നു ചോദിച്ചു നോക്കൂ. ഒമ്പതു പേരും ഒരു തയാറെടുപ്പുകളും നടത്താതെതന്നെയായിരിക്കും മാതാപിതാക്കളായതെന്ന് കാണാനാവും. കല്യാണം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു, വളർത്തുന്നു... അതിപ്പോൾ നാട്ടിൽ നടക്കുന്ന സ്ഥിരം സംഗതിയല്ലേ. അതിലെന്താണിത്ര ആലോചിക്കാൻ എന്നാവും പലരുടെയും ലാഘവത്തോടെയുള്ള മറുപടി.
എന്നാൽ, മാതാപിതാക്കളാവുക എന്നത് വെറും കുട്ടിക്കളിയല്ല. മനുഷ്യജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളിലൊന്നാണ് പാരൻറിങ്. മാനസികമായും വൈകാരികമായും ഏറെ തയാറെടുപ്പുകൾ വേണ്ട ഭാരിച്ച ഉത്തരവാദിത്തം. നിർഭാഗ്യവശാൽ ഒട്ടും തയാറെടുപ്പില്ലാതെ, ഉത്തരവാദിത്തബോധമില്ലാതെയും നാം ചെയ്യുന്ന ജോലിയും അതുതന്നെയാണ്. ഉത്തമമായ ഒരു സമൂഹത്തിന്റെ നിർമിതിയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ വലുതാണ്..
പാരൻറിങ് ഒരു കല
പാരൻറിങ് ഒരു കലയാണ്. മനോഹരമായ, സങ്കീർണമായ, എന്നാൽ അതീവ സംതൃപ്തിയേകുന്ന ഒരു മഹത്തായ കല. ഒഴിഞ്ഞ ഒരു കാൻവാസിൽ ചിത്രകാരൻ ചിത്രംവരക്കുന്നതുപോലെയാണത്. ഏതുതരം ബ്രഷുകളും വർണങ്ങളും ഉപയോഗിക്കണം, എന്ത് ടെക്നിക്കാണ് അവലംബിക്കേണ്ടത്, ഓരോ ബ്രഷ് ചലനങ്ങളും എങ്ങനെയായിരിക്കണം, ചിത്രത്തിൽനിന്ന് കാഴ്ചക്കാരൻ വായിച്ചെടുക്കേണ്ടത് എന്താണ് എന്നൊക്കെ ചിന്തിച്ചുറപ്പിച്ച് ആദ്യം അയാൾ മനസ്സിലൊരു ചിത്രം വരക്കുന്നു. പിന്നെ അതീവ ശ്രദ്ധയോടെ അത് കാൻവാസിലേക്കു പകരുന്നു. സമാനമാണ് പാരൻറിങ്ങും. കുട്ടികളാണ് അവിടെ കാൻവാസ്. മാതാപിതാക്കളാണ് പെയിൻറർമാർ. ജീവിതത്തെക്കുറിച്ചും ലോകത്തെക്കെുറിച്ചുമൊക്കെയുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും പ്രതികരണങ്ങളും പെരുമാറ്റങ്ങളും മൂല്യബോധവും ഒക്കെ രൂപപ്പെടുന്നത് മാതാപിതാക്കളായ നിങ്ങളുടെ ബ്രഷ് ചലനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനായി നിങ്ങൾ ബോധപൂർവം സമയവും ഊർജവും ചെലവഴിക്കുമ്പോൾ നിങ്ങൾക്കും സമൂഹത്തിനും ലഭിക്കുന്നത് അതിമനോഹരമായ ഒരു ജീവിതചിത്രമായിരിക്കും. കല്യാണം കഴിക്കുകയും കുട്ടികളെ ആഗ്രഹിക്കുകയും ചെയ്യുന്നവർ ചിന്തിച്ചുറപ്പിക്കേണ്ടതും നടപ്പിൽ വരുത്തുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
സജ്ജമാണോ ചുറ്റുപാടുകൾ
പുതിയ കാലത്ത് കുടുംബങ്ങൾ അണുവോളം ചുരുങ്ങിയിരിക്കുന്നു. ഭാര്യയും ഭർത്താവും കുട്ടികളും മാത്രമായി കുടുംബം മാറിക്കഴിഞ്ഞു. അതിൽ പലയിടത്തും പങ്കാളികളിരുവരും ജോലിക്കാരുമായിരിക്കും. ഈ ചെറിയ ലോകത്തുണ്ടാകുന്ന കുഞ്ഞുകുഞ്ഞു അനുഭവങ്ങൾപോലും കുട്ടികളെ വളരെയധികം സ്വാധീനിക്കും. കുട്ടികളുടെ മാനസികവികാസത്തിലും വൈകാരിക വളർച്ചയിലും അവർ ജീവിക്കുന്ന ചുറ്റുപാടുകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നമുക്ക് ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ നാം ജീവിക്കുന്ന ഈ ചുറ്റുപാട് അവനോ അവൾക്കോ വളരാൻ എത്രത്തോളം അനുരൂപമാണ്? അതവരെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നത് കുട്ടികളുണ്ടാകുന്നതിനുമുമ്പ് പത്തുവട്ടമെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നു തീരുമാനിക്കുന്ന നിമിഷം മുതൽ അവർക്ക് അനുരൂപമാകുന്ന ചുറ്റുപാട് നാം ഉണ്ടാക്കിയെടുക്കേണ്ടിവരും. കുട്ടികളുടെ ശരിയായ വളർച്ചക്ക് ഉത്തമമായ അന്തരീക്ഷം സൃഷ്ടിക്കൽ വളരെ പ്രധാനമാണെന്ന് സാരം. പക്ഷേ, നമ്മളിൽ എത്രപേർ ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്?
കുഞ്ഞ് എപ്പോൾ വേണം...
നമുക്ക് രക്ഷിതാവാകാൻ പറ്റുമോ എന്നതിനേക്കാൾ നല്ലൊരു രക്ഷിതാവാകാൻ സാധിക്കുമോ എന്ന് പങ്കാളികൾ നൂറുവട്ടം ചിന്തിക്കണം. അതുപോലെ എപ്പോൾ കുട്ടികളെ വേണമെന്ന് തീരുമാനിക്കേണ്ടതും ദമ്പതികൾ തന്നെയാണ്. അതല്ല, കല്യാണം കഴിഞ്ഞിട്ട് മാസങ്ങളായല്ലോ, കുഞ്ഞിക്കാൽ കാണേണ്ടേ, വിശേഷമൊന്നും ആയില്ലേ എന്നുമൊക്കെ ചോദിക്കുന്നവരുടെ വായ അടപ്പിക്കാനോ നിങ്ങളിലാർക്കാണ് പ്രശ്നം എന്ന് ചോദിക്കുന്നവർക്ക് മറുപടിയായോ അല്ല ഗർഭിണി ആവേണ്ടതും കുഞ്ഞിനെ പ്രസവിക്കേണ്ടതും. കല്യാണം കഴിഞ്ഞ് ഉടനെ വേണമോ അതോ ഒരു വർഷമോ രണ്ടുവർഷമോ കഴിഞ്ഞ് കുട്ടികൾ മതിയോ എന്നും പങ്കാളികൾ തീരുമാനിക്കണം.
എന്നാൽ തികച്ചും ആകസ്മികമായാണ് പലപ്പോഴും ഗർഭധാരണം സംഭവിക്കുന്നത്. വിവാഹം കഴിഞ്ഞ് സ്ത്രീയും പുരുഷനും മനസ്സുകൊണ്ട് രക്ഷിതാവാകാൻ ഒരുങ്ങിയതിനുശേഷം മാത്രം രക്ഷാകർതൃത്വത്തിനായി തയാറെടുക്കുക. അല്ലാത്തപക്ഷം ഗർഭം ധരിക്കുമ്പോൾ സ്ത്രീയിലും പുരുഷനിലും ഉണ്ടാകുന്ന സംഘർഷഭരിതമായ മാനസികാവസ്ഥ, പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ തുടങ്ങിയവയെല്ലാം ഗർഭാവസ്ഥയിലുള്ള കുഞ്ഞിെൻറ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കും. കുഞ്ഞ് ജനിച്ച ശേഷം ചുരുങ്ങിയത് പത്തു വർഷത്തേക്കുള്ള കാര്യങ്ങളെങ്കിലും മുൻകൂട്ടികണ്ടു വേണം അതിനായി ഒരുങ്ങാൻ. പങ്കാളികളികളിലൊരാൾക്കെങ്കിലും ഇത് ആസൂത്രിതമല്ലാതെ സംഭവിച്ചതാണ് എന്ന ചിന്ത മനസ്സിലുണ്ടെങ്കിൽ അത് കുട്ടിയോടുള്ള പെരുമാറ്റത്തിലോ ഇടപെടലിലോ പ്രതിഫലിക്കാം. കുഞ്ഞുണ്ടാകുന്നത് എപ്പോഴും പോസിറ്റിവായ കാര്യമായിതന്നെ സംഭവിക്കണം. സ്വാഗതം ചെയ്യപ്പെട്ടില്ല എന്ന വിചാരത്തോടെ ഒരു കുട്ടിയും ഭൂമിയിലേക്ക് പിറന്നുവീഴരുത്. ''അബദ്ധത്തിൽ സംഭവിച്ചുപോയി, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വന്നതാണ് നീ'' എന്ന തരം സംസാരം ഉണ്ടാകുന്ന രീതിയിൽ ഒരു ഗർഭധാരണവും സംഭവിക്കരുത്. ആ ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇടപെടലുകളിൽ കടന്നുവരാം.
മാനസികവും വൈകാരികവും ആരോഗ്യപരവും സാമ്പത്തികവുമായ ഒരുപാട് കാര്യങ്ങൾ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ പങ്കാളികൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് മിക്ക സ്ത്രീകളും ജോലിയുള്ളവരാണ്. ഗർഭിണിയാകാൻ തയാറെടുക്കുകയാണെങ്കിൽ ജോലി, പ്രസവശേഷം എത്രകാലം അവധിയെടുക്കേണ്ടിവരും, ആ സമയത്ത് എങ്ങനെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നതൊക്കെ കൃത്യമായി പ്ലാൻ ചെയ്യേണ്ടിവരും. അതിനുശേഷം മാത്രമായിരിക്കണം ഡോക്ടറെ കാണുന്നതും ഉപദേശം സ്വീകരിക്കേണ്ടതും.
ആരോഗ്യാവസ്ഥ ഉറപ്പുവരുത്തുക
ഭാര്യയോ ഭർത്താവോ ഏതെങ്കിലും അസുഖങ്ങളാൽ പ്രയാസപ്പെടുന്നവരാണെങ്കിൽ പ്രത്യേകിച്ച് പ്രമേഹം, ഹൈപോ െതെറോയിഡിസം, പാരമ്പര്യമായി ജനിതകപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ നേരേത്ത കുട്ടികളാകാൻ നോക്കുന്നതാണ് നല്ലത്. അതും ഡോക്ടറുടെ ഉപദേശത്തോടെയായിരിക്കണം ഗർഭിണികളാകേണ്ടത്. കൂടാതെ, രണ്ടുപേർക്കും പ്രായം ഒരുപാട് കൂടുതലാണെങ്കിലും നേരേത്ത കുട്ടികളാവുന്നതുതന്നെയാണ് നല്ലത്. അത് സ്ത്രീകളുടെ ഗർഭകാലത്തെയും പ്രസവസമയത്തെയും സങ്കീർണതകൾ കുറക്കാൻ സഹായിക്കും.
മാറ്റം വേണം ജീവിതക്രമത്തിൽ
നാം ഏതു സാഹചര്യത്തിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനും ഗർഭിണിയാകുന്നതിനു മുമ്പ് ഏറെ പ്രാധാന്യമുണ്ട്. കടുത്ത മാനസിക സമ്മർദമേറിയ സാഹചര്യം, മലിനമായ അന്തരീക്ഷം, പങ്കാളികളിലാരെങ്കിലും മദ്യം, പുകവലി, മറ്റു മയക്കുമരുന്നുകൾ ഇവ ഉപയോഗിക്കുന്നവരായി ഉണ്ടാകുക... ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നവർ ഇതിൽനിന്നെല്ലാം മാറിയശേഷം വേണം ഗർഭിണിയാകേണ്ടത്.
കൂടാതെ, ഗർഭിണിയാകുന്നതിന് മുമ്പെടുത്ത വാക്സിനുകളെക്കുറിച്ചും ഇനി എടുക്കേണ്ട വാക്സിനുകളെക്കുറിച്ചുമെല്ലാം ഡോക്ടറോട് പറയുകയും ചോദിച്ചു മനസ്സിലാക്കുകയും വേണം. കൂടാതെ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ അമ്മയാകാൻ പോകുന്ന സ്ത്രീകൾ ശ്രമിക്കുക. അമിത വണ്ണവും തീരെ മെലിഞ്ഞിരിക്കുന്നതും ഒരുപോലെ ദോഷം ചെയ്യും. സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് വ്യായാമം ചെയ്യുക, സമ്മർദങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സും ശരീരവും റിലാക്സ് ചെയ്യാനുള്ള സമയം കണ്ടെത്തുക. ഗർഭിണിയാകുന്നതിന് ആറാഴ്ച മുമ്പുതന്നെ ഫോളിക് ആസിഡ് കഴിച്ചുതുടങ്ങേണ്ടതാണ്.
മാനസികമായി ഒരുങ്ങുക
കുട്ടിയുടെ മാനസിക വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും വേണ്ട കരുതലും സ്നേഹവും കൊടുക്കാനുള്ള പക്വത വന്നിട്ടുണ്ടോ എന്ന കാര്യവും പങ്കാളികൾ ആലോചിക്കണം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഗർഭകാലത്തെ സ്നേഹപൂർണമായ ബന്ധം പോലും കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പങ്കാളികൾക്കിടയിലെ ബന്ധം സംഘർഭരിതമാണെങ്കിൽ അത് കുഞ്ഞിെൻറ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഗർഭധാരണത്തിന് മുമ്പുതന്നെ ഒരു കുഞ്ഞിനെ നല്ല രീതിയിൽ വളർത്താനും പക്വതയിലേക്ക് കൊണ്ടുവരാനും പരിചരണം കൊടുക്കാനും തങ്ങൾപ്രാപ്തരാണോ എന്ന കാര്യം പങ്കാളികൾ ആലോചിച്ച് ഉറപ്പുവരുത്തണം.
ഗർഭിണിയാവുന്ന സമയം മുതൽ പ്രസവശേഷം വരെ സ്ത്രീയുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരും. ചിലർക്ക് തടി കൂടും, മറ്റു ചിലർക്ക് പ്രമേഹം വരാം. ഇതുമല്ലെങ്കിൽ പ്രസവാനന്തര വിഷാദത്തിന് (പോസ്റ്റ്പാർട്ടം ഡിപ്രഷനും) സാധ്യതയുണ്ട്. രക്തബന്ധത്തിലുള്ള ആർക്കെങ്കിലും മുമ്പ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടായിരുന്നോ, അവർ എങ്ങനെയാണ് നേരിട്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ നേരേത്ത അറിഞ്ഞുവെക്കുകയും ഡോക്ടറുമായി പങ്കുവെക്കുകയും ചെയ്യണം. ഗർഭിണിയാവുന്നതിനുമുമ്പ് ഏതെങ്കിലും തരത്തിൽ ആത്മഹത്യ പ്രവണത കാണിച്ചിട്ടുള്ളവർ, അമിതമായ ആശങ്ക, ഭയം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർ അക്കാര്യം പങ്കാളിയോടും ഡോക്ടറോടും പങ്കുവെക്കുകയും വേണ്ട നിർദേശങ്ങൾ തേടുകയും വേണം.
പ്രഭാത അസ്വസ്ഥതകൾ, ഛർദി, തലവേദന, ശരീരവേദന, ക്ഷീണം, ഭക്ഷണം കഴിക്കാൻ തോന്നുമെങ്കിലും കഴിക്കാൻ സാധിക്കാതെ വരുക തുടങ്ങിയ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്തിെൻറ ആദ്യഘട്ടങ്ങളിൽ ഉണ്ടാകും. ഈ സമയത്ത് സംരക്ഷിക്കാനും മാനസികമായ പിന്തുണ നൽകാനും ആരെങ്കിലുമുണ്ടാകുമോ എന്നും ഉറപ്പുവരുത്തണം. അതല്ലെങ്കിൽ, ഇതെല്ലാം സ്വയം നേരിടാൻ കഴിയുമെന്ന ഉറപ്പ് സ്ത്രീക്ക് വേണ്ടിവരും.
ആദ്യം ദാമ്പത്യബന്ധം ദൃഢപ്പെടുത്താം
കുട്ടികൾ വേണം എന്ന് നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ ആദ്യം ശക്തിപ്പെടുത്തേണ്ടത് പങ്കാളികൾക്കിടയിലെ ദാമ്പത്യബന്ധമാണ്. കാരണം നവദമ്പതികളിൽനിന്ന് മാതാപിതാക്കളിലേക്കുള്ള മാറ്റത്തിെൻറ കാലത്ത് ഭാര്യാഭർതൃബന്ധത്തിന് ശക്തിക്ഷയം സംഭവിക്കാനിടയുണ്ട്.കുട്ടി ഉണ്ടായശേഷമുള്ള ആദ്യ വർഷം ദാമ്പത്യബന്ധത്തിലെ ഏറ്റവും സംഘർഷഭരിതമായ വർഷമായിരിക്കും. ഇത് തിരിച്ചറിയുകയും കുട്ടിയെ നോക്കൽ, സാമ്പത്തിക വിഷയങ്ങൾ തുടങ്ങിയവ പോലുള്ള കാര്യങ്ങളിൽ ശരിയായ മുന്നൊരുക്കവും നടത്തിയില്ലെങ്കിൽ ദമ്പതികൾക്കിടയിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാവും. ദാമ്പത്യബന്ധം ദൃഢപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം, പങ്കാളികൾക്കിടയിലെ ആശയവിനിമയം, തുറന്നുപറച്ചിലുകൾ എന്നിവകൊണ്ട് ഇതിനെ മറികടക്കാനാവും.
സ്നേഹം പങ്കിടാൻ ഒരാൾകൂടിയെത്തുമ്പോൾ
ഭാര്യയുടെയും ഭർത്താവിെൻറയും തീർത്തും സ്വകാര്യമായ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നാമത്തെ ആളായിരിക്കും അവരുടെ ആദ്യ കുഞ്ഞ്. അതുവരെയുണ്ടായിരുന്ന, ജീവിച്ചിരുന്ന പല കാര്യങ്ങൾക്കും നിയന്ത്രണങ്ങൾ വന്നേക്കാം. ലൈംഗികമായ അഭിനിവേശങ്ങൾക്കുവരെ നിയന്ത്രണങ്ങൾ വേണ്ടിവരും.
കുഞ്ഞ് ജനിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി മാതാപിതാക്കളുടെ സമയവും സ്നേഹവും ഊർജവും ഒരാൾക്കുകൂടി പങ്കിട്ടുകൊടുക്കേണ്ടതായിവരും. അതുകൊണ്ട് ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടായിരിക്കണം കുഞ്ഞിനുവേണ്ടി ഒരുങ്ങേണ്ടത്.
രണ്ടുപേരും ജോലിക്കാരാണെങ്കിൽ കുഞ്ഞിെൻറ ഉത്തരവാദിത്തങ്ങൾ എങ്ങനെ പങ്കിട്ടെടുക്കാം എന്ന് തീരുമാനിക്കണം. രാത്രി കരയുന്ന കുട്ടിയാണെങ്കിൽ ഭർത്താവും ഭാര്യയും ഓരോ ദിവസവും മാറി മാറി നോക്കാം എന്നതൊക്കെ മുൻകൂട്ടി തീരുമാനിച്ചിരിക്കണം. എല്ലാം അങ്ങ് നടന്നോളും, ഇതൊക്കെ ഇപ്പോഴേ തീരുമാനിക്കണോ എന്ന് ചിന്തിക്കരുത്. ഭാവിയിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും. അച്ഛനും അമ്മയും കുഞ്ഞുങ്ങളുടെ മുന്നിൽ ഒന്നായി വേണം എപ്പോഴും നിൽക്കാനും.
മാനസികമായ തയാറെടുപ്പുകൾക്കു പുറമെ കുഞ്ഞ് വളരേണ്ട വീടിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ശ്രദ്ധിക്കണം. മൂർച്ചയുള്ള വസ്തുക്കൾ, മറിഞ്ഞുവീഴാവുന്ന വസ്തുക്കൾ ഇവയൊന്നും കുഞ്ഞിന് കൈയെത്തുന്ന ഇടങ്ങളിൽ വെക്കരുത്.
പോസിറ്റിവായി ചിന്തിക്കുക
പരസ്പരം അറിഞ്ഞ്, മനസ്സുകൊണ്ടും ശരീരം കൊണ്ടും തയാറെടുത്തുകൊണ്ടുള്ള ഗർഭധാരണവും, അതിലെ ഓരോ ഘട്ടവും അതിൽ കൊടുക്കേണ്ട രക്ഷാകർതൃ പങ്കും നന്നായി ആസ്വദിക്കുക. നിങ്ങൾ രക്ഷാകർതൃത്വം നേടിയ വിധത്തെക്കുറിച്ചും ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചും യാഥാർഥ്യബോധത്തോടെ ചിന്തിക്കുക. ആദ്യമായി രക്ഷിതാവാകുന്നത് പുതിയൊരു അനുഭവം ആയതുകൊണ്ടു തന്നെ മാനസിക സമ്മർദം സ്വാഭാവികമാണ് എന്ന് പരസ്പരം മനസ്സിലാക്കുക. അതിനെ പോസിറ്റിവായി കാണുക. പരസ്പരബന്ധം ദൃഢമാക്കാൻ സമയം കണ്ടെത്തുക. ശരീരവും മനസ്സും ഹൃദയവും പരിപോഷിപ്പിക്കാൻ സമയം കണ്ടെത്തുക.
സാമ്പത്തിക അടിത്തറ
ഒരു കുട്ടിയെ വളർത്തിയെടുക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടോ എന്ന് പങ്കാളികൾ നിർബന്ധമായും ഉറപ്പുവരുത്തണം. രണ്ടാൾക്കും സ്ഥിരവരുമാനവും സ്ഥിരമായ തൊഴിലിലും ഉറച്ചിട്ടുണ്ടോ, ആ ആനുകൂല്യത്തിൽ കുട്ടിയെ വളർത്താൻ നമുക്ക് കഴിയുമോ എന്നും രണ്ടുപേരും ഉറപ്പുവരുത്തണം. അല്ലെങ്കിൽ കുട്ടികൾ കഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചിലപ്പോൾ കുട്ടി ജനിക്കുമ്പോൾ ഇതൊന്നും ഉണ്ടായെന്ന് വരില്ല, എന്നിരുന്നാലും അത് സ്വരൂപിക്കാനുള്ള പദ്ധതിയെങ്കിലും മനസ്സിലുണ്ടാകണം. എല്ലാവർക്കും ആവശ്യമായ പണം മുഴുവൻ സമ്പാദിച്ച ശേഷം കുട്ടിക്കായി ഒരുങ്ങാൻ സാധിച്ചെന്നുവരില്ല. എന്നിരുന്നാലും അതേക്കുറിച്ച് ഏതാണ്ടൊരു ആശയമെങ്കിലും ഉണ്ടാക്കിരിക്കണം.
കൂടാതെ, ഗർഭിണിയാകുന്നതു മുതൽ പ്രസവം വരെ ഒരുപാട് ചെലവുകളുണ്ടാകും. സ്കാനിങ്ങുകൾക്കും മരുന്നുകൾക്കും ആശുപത്രിവാസത്തിനുമൊക്കെ നല്ലൊരു തുക ചെലവാകും. ചികിത്സയും പ്രസവവും സ്വകാര്യ ആശുപത്രിയിൽ വേണോ, സർക്കാർ ആശുപത്രിയിൽ വേണോ എന്ന് ആദ്യമേ തീരുമാനിക്കാം. സാധാരണ പ്രസവമാണെങ്കിൽ എത്ര തുക ചെലവാകും, സിസേറിയനാണെങ്കിൽ എത്ര ചെലവാകും തുടങ്ങിയ കാര്യങ്ങളും അറിഞ്ഞിരിക്കണം. മെഡിക്കൽ ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ അതിെൻറ നടപടി ക്രമങ്ങൾ, പണം കിട്ടാനെടുക്കുന്ന കാലതാമസം, അതുവരെ ചെലവാക്കാനുള്ള പണം കൈയിലുണ്ടോ എന്നിവയും ഉറപ്പുവരുത്തണം. ജനനശേഷം കുട്ടിക്ക് ആവശ്യമായി വരുന്ന സാധനങ്ങൾ വാങ്ങാനുള്ള ചെലവും മുന്നിൽ കാണണം. ഇക്കാര്യങ്ങൾ പങ്കാളികൾ തമ്മിലും മാതാപിതാക്കക്കളോടും ചർച്ചചെയ്യുകയും അതിൽ തീരുമാനമെടുക്കുകയും ചെയ്താൽ അവസാന നിമിഷം പണത്തിനായി ഓടിനടക്കേണ്ടിവരുന്ന സാഹചര്യവും ഒഴിവാക്കാനാവും.
ചുമതലകൾ പങ്കിട്ടെടുക്കാം
കുട്ടി ജനിച്ചുകഴിഞ്ഞാൽ കുട്ടിയുടെ ഉത്തരവാദിത്തം അമ്മക്കാണ് എന്നതാണ് പരമ്പരാഗത കാഴ്ചപ്പാട്. കുട്ടിയെ ഉണ്ടാക്കുക മാത്രമാണ് തെൻറ കടമ, അവരെ നോക്കലും വളർത്തലും അസുഖം വരുമ്പോൾ പരിചരിക്കുന്നതും ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതും വലുതായാൽ സ്കൂളിലെ കാര്യങ്ങൾ ശ്രദ്ധിക്കലുമെല്ലാം അമ്മയുടെ മാത്രം ചുമതലയും ഉത്തരവാദിത്തവുമാണ് എന്നതാണ് പരമ്പരാഗത പുരുഷ ധാരണ. എന്നാൽ, ഈ കാഴ്ചപ്പാടുകൾ പുതിയ കാലത്ത് കുടുംബങ്ങളിൽ സംഘർഷമുണ്ടാക്കും.
കുഞ്ഞിനെ വളർത്തുന്ന ചുമതല ഒരു പങ്കാളിയുടെ ചുമലിലായിരിക്കില്ലെന്ന് ഉറപ്പുവരുത്തണം. ഈ കാര്യത്തിൽ രണ്ടുപേരുടെയും തുല്യ പങ്കാളിത്തവും കൂട്ടായ്മയും ഉണ്ടാകുമെന്നതും ഉറപ്പുവരുത്തണം. അതിനുള്ള മനഃസ്ഥിതി ഉണ്ടാക്കിയെടുക്കണം.
കുട്ടിയെ കുളിപ്പിക്കൽ, മൂത്രമൊഴിച്ചാൽ കഴുകുക, ഭക്ഷണം കൊടുക്കുക തുടങ്ങിയതെല്ലാം ഇരുകൂട്ടരും പങ്കുവെച്ചു ചെയ്യുമെന്നും പരിചരണത്തിെൻറ അനുഭവങ്ങൾ തുല്യമായ രീതിയിൽ കുട്ടിക്ക് നൽകുമെന്നും ഗർഭിണിയാകുന്നതിന് മുമ്പുതന്നെ പങ്കാളികൾ തീരുമാനിക്കണം.
പരമ്പരാഗതമായ അച്ഛൻ വേഷം, അമ്മ വേഷം എന്ന രീതിയിൽ ചുമതല വിഭജിക്കാതെയുള്ള കരുതൽ പിറക്കാനിരിക്കുന്ന കുഞ്ഞിന് കൊടുക്കുമെന്ന് ഉറപ്പുവരുത്തുക. കുഞ്ഞിനെ പരിചരിക്കാനും കൂടെ നിൽക്കാനും ഞാനുമുണ്ടാകും എന്ന് ഓരോ ഭർത്താവും തീരുമാനിക്കണം. ഗർഭകാലത്തുതന്നെ പരിചരണത്തിലൂടെ തെൻറ സ്വാധീനം കുഞ്ഞിനെ അറിയിക്കാൻ പിതാവിന് സാധിക്കണം.
കുഞ്ഞ് കൊണ്ടുവരുന്ന നല്ല മാറ്റങ്ങൾ
രക്ഷിതാവാകുന്നതോടെ ഓരോ അച്ഛനമ്മമാരുടെയും ജീവിതത്തിൽ പലവിധ മാറ്റങ്ങളുണ്ടാവും. അതിശയിപ്പിക്കുന്നതും വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും ഈ മാറ്റങ്ങളിൽ പലതും. ഒരു കുഞ്ഞിെൻറ വരവോടെ കുടുംബത്തിൽ സംഭവിക്കുന്ന ചില പോസിറ്റിവായ വശങ്ങൾ ഇവയാണ്:
●ഓരോ കുട്ടിയും സവിശേഷരാണ്. അവരുടെ കൊച്ചുകൊച്ചു കാൽവെപ്പുകളും കൊഞ്ചലുകളും വാക്കുകളുമൊക്കെ മാതാപിതാക്കൾക്ക് പഠിക്കാനും ആസ്വദിക്കാനും കഴിയും.
●തികച്ചും പുതുമയുള്ള, ആഴമേറിയതും ശക്തമായതുമായ സ്നേഹാനുഭവമാണ് ഓരോ കുഞ്ഞും മാതാപിതാക്കൾക്ക് പകരുക.
●കുട്ടിയുടെ വരവോടെ പല മാതാപിതാക്കളും പക്വതയാർജിക്കും, ഉത്തരവാദിത്തമുള്ളവരാകും. കുട്ടിയെ നല്ല രീതിയിൽ വളർത്തുന്നത് അവരുടെ ജീവിതത്തിന് അർഥവും ആത്മസംതൃപ്തിയുമേകും.
●കുഞ്ഞുങ്ങൾ കുടുംബബന്ധത്തിന് പുതിയ ഭാവവും ദൃഢതയും പകരും.
●വരുംതലമുറയെ നയിക്കാനും പഠിപ്പിക്കാനും അവർക്ക് മൂല്യങ്ങൾ പകർന്നുനൽകാനും രക്ഷാകർതൃത്വം അവസരമേകും.
●കുട്ടിയുണ്ടാവുന്നതോടെ തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹത്തെയും അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് ദമ്പതികൾക്ക് കൂടുതൽ മനസ്സിലാക്കാനാവും.
അമിത പ്രതീക്ഷ അരുത്...
ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് പല പ്രതീക്ഷകളും മാതാപിതാക്കൾക്കുണ്ടാകും. നല്ല ബുദ്ധിയുണ്ടാകണം, സുന്ദരൻ/സുന്ദരിയായിരിക്കണം, തടി വേണം, അങ്ങനെ ഒരുപാട് പ്രതീക്ഷകൾ. എന്നാൽ അമിത പ്രതീക്ഷകൾ ഒരിക്കലും വെച്ചുപുലർത്തരുത്. ആധുനിക വൈദ്യശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ച് കുഞ്ഞിന് ഉണ്ടായേക്കാവുന്ന ജനിതകമായ രോഗങ്ങളെക്കുറിച്ചും അംഗവൈകല്യങ്ങളെക്കുറിച്ചും ഒരു പരിധിവരെ മനസ്സിലാക്കാനാവും. പക്ഷേ, ചിലപ്പോൾ കുഞ്ഞ് ജനിച്ച ശേഷമായിരിക്കും രോഗങ്ങളെക്കുറിച്ചോ വൈകല്യങ്ങളെക്കുറിച്ചോ അറിയാൻ സാധിക്കുക. ഈ സമയത്ത് ആരും ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ആൺകുട്ടി പ്രതീക്ഷിച്ചിട്ട് പെൺകുട്ടിയാകുക, പെൺകുട്ടിയെ പ്രതീക്ഷിച്ചിട്ട് ആൺകുട്ടിയാകുക -ഇതിലൊന്നും തളരരുത്. പരസ്പരം കുറ്റപ്പെടുത്തരുത്. എപ്പോഴും ശുഭാപ്തിവിശ്വാസം മനസ്സിലുണ്ടാകുക. ഗർഭിണിയായിരിക്കുമ്പോൾ പാട്ടുകൾ കേൾക്കുക, കഥകൾ വായിക്കുക, മനസ്സ് ശാന്തമായി കൊണ്ടുനടക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് കുട്ടിക്കും ഗുണംചെയ്യും. അല്ലാതെ തെൻറ പ്രതീക്ഷകൾക്കനുസരിച്ച് മോഡിഫൈ ചെയ്തെടുത്ത കുട്ടിയെ കിട്ടണമെന്ന് വാശിപിടിക്കാതിരിക്കുക.
മികച്ച രക്ഷിതാവാകുക
കുട്ടി ജനിച്ചശേഷം വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിെൻറ ആവശ്യങ്ങളെക്കുറിച്ച് മനസ്സിലാക്കി വേണം മുന്നോട്ടുപോകാൻ. മാനസികവും വൈകാരികവുമായ വളർച്ചയുടെ ഘട്ടത്തിൽ എന്തൊക്കെ പറയണം, എന്തൊക്കെ ചെയ്യണം, അതിന് കോട്ടം സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം ചെയ്തുകൂടാ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. കുട്ടികളുടെ കൂടെ ചെലവഴിക്കാൻ സമയം കണ്ടെത്താൻ സാധിക്കുമോ, ഓരോ പ്രായത്തിലും കുഞ്ഞിന് എന്തൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുമെല്ലാം നല്ല അവബോധം രക്ഷിതാക്കൾക്കുണ്ടായിരിക്കണം.
എല്ലാത്തിനും ഉപരിയായി നല്ല പാരൻറിങ് രീതി പരിശീലിക്കാൻ പങ്കാളികൾ ശ്രമിക്കുക. സ്വയം നിങ്ങൾക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും സൈക്കോളജിസ്റ്റിെൻറ സഹായം തേടാവുന്നതാണ്. അവർ തരുന്ന നിർദേശങ്ങൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കുക. നിങ്ങൾ കുഞ്ഞുങ്ങളുടെ രക്ഷിതാവായില്ലെങ്കിലും മോശമായ രക്ഷിതാക്കളാകാതിരിക്കുക.''
നിർബന്ധിത ഗർഭധാരണം ആപത്ത്
നമുക്ക് ഇഷ്ടമല്ലാത്ത ഒന്ന് നമ്മുടെ ശരീരത്തിൽ വളരുന്നുവെന്ന തോന്നലും ഇഷ്ടക്കേടും മറ്റ് പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ആദ്യമായി ഗർഭിണിയാകുന്നതിെൻറ പ്രശ്നമാണ്, പോകപ്പോകെ എല്ലാം ശരിയാകും, കുഞ്ഞിെൻറ മുഖം കണ്ടാൽ ഇതൊക്കെ മാറും എന്നൊക്കെ മുതിർന്നവരുടെ ഉപദേശം വേറെ ലഭിക്കും. ഇത് എല്ലാവരിലും ശരിയായിക്കൊള്ളണമെന്നില്ല. ആർക്കോ വേണ്ടിയാണ്, അതല്ല, നിർബന്ധിതമായ അവസ്ഥയിലാണ് ഗർഭിണിയാകുന്നത് എന്ന ചിന്ത സ്ത്രീയുടെ മനസ്സിൽ കയറിക്കഴിഞ്ഞാൽ അത് കുഞ്ഞിെൻറ സ്ഥിതിയെ വളരെ മോശമായി ബാധിക്കും. കൂടാതെ, പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ആശങ്കയുണ്ടാകുന്നവരാണെങ്കിൽ അതും അമ്മയെന്ന നിലയിൽ അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്കു നയിക്കും. ഇത് പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്നൊക്കെ വിളിക്കുന്ന മാനസികപ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകും. ഇത്തരം സാഹചര്യത്തിൽ ഗർഭിണിയാകുന്നത് അമ്മയുടെയും കുഞ്ഞിെൻറയും ജീവനുതന്നെ ഭീഷണിയായിത്തീരാം. അതുപോലെതന്നെ ഭർത്താവിന് ഇപ്പോൾ കുഞ്ഞുവേണ്ട എന്നും എന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കില്ലെന്ന് സ്ത്രീ പറയുന്നതും സമാനമായ സാഹചര്യമാണ്.
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കുമ്പോൾ
ആദ്യ കുഞ്ഞിനെ സ്വീകരിക്കുമ്പോൾ മാത്രമല്ല, രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ആലോചിക്കുമ്പോഴും ചില തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ആദ്യ കുഞ്ഞിനെ വളർത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇതിനകം അത്യാവശ്യം ധാരണകളുണ്ടാകും. ഈ ഘട്ടത്തിൽ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ആദ്യ കുഞ്ഞിനെ പാകപ്പെടുത്തുന്നതിനാണ് തയാറെടുപ്പുകൾ നടത്തേണ്ടത്. ആദ്യ കുഞ്ഞിന് ആറുമാസം പ്രായമേ ഉള്ളൂവെങ്കിൽപോലും പുതിയൊരാൾ വരുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കിക്കൊടുക്കണം. രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് എപ്പോഴും പോസിറ്റിവായി മാത്രം സംസാരിക്കുക. പുതിയ കുഞ്ഞുവാവ വന്നാൽ നിന്നെ ആർക്കും ഇഷ്ടമല്ലാതാകും എന്ന രീതിയിലുള്ള സംസാരങ്ങൾ നിർബന്ധമായും ഒഴിവാക്കുക. എല്ലാ അർത്ഥത്തിലും മൂത്ത കുഞ്ഞ് ഇളയ കുഞ്ഞിനെ സ്വീകരിക്കാനുള്ള മനഃസ്ഥിതിയിലെത്തിയിരിക്കണം. ഇളയ കുഞ്ഞിന് സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും അവർക്കുള്ള ഇടങ്ങൾ ഒരുക്കുമ്പോഴുമെല്ലാം മൂത്ത കുട്ടിയെ കൂടെ കൂട്ടുക. നീ ചെറുതായിരുന്നപ്പോൾ അമ്മയും അച്ഛനും ഇതൊക്കെതന്നെയാണ് ചെയ്തിരുന്നതെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സി.ജെ. ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
ഡോ. അശ്വതി സോമൻ
മെഡിക്കൽ ഓഫിസർ, മൊബൈൽ ഡിസ്പെൻസറി, നിലമ്പൂർ
ഡോ. സന്ദീഷ് പി.ടി. സീനിയർ ക്ലിനിക്കല് സൈക്കോളജിസ്റ്റ്,
കേരള ഹെൽത്ത് സർവീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.