വേനലിൽ സൂക്ഷിക്കാം, പകർച്ചവ്യാധികളെ
text_fieldsകത്തുന്ന സൂര്യന് കീഴിൽ വെന്തുരുകുകയാണ് നാടൊന്നാകെ. ചൂടിനൊപ്പം പകർച്ചവ്യാധികൾകൂടി വർധിക്കുന്ന കാലമാണിത്. പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർക്ക് വേനലിൽ മറ്റു രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണ്. അന്തരീക്ഷ താപനില ഉയരുന്നതോടെ പലതരത്തിലുള്ള രോഗങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നു.
കടുത്ത ക്ഷീണം, അലർജി രോഗങ്ങൾ, ചെങ്കണ്ണ്, വൃക്കരോഗങ്ങൾ, ടൈഫോയ്ഡ് തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന വേനൽക്കാല രോഗങ്ങൾ.
നിർജലീകരണം
ശരീരത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യ ഘടകമാണ് ജലാംശത്തിന്‍റെ (fluids) സാന്നിധ്യം. ചൂടുകാലത്തുണ്ടാവുന്ന അമിത വിയർപ്പുമൂലം ശരീരത്തിലെ ജലാംശവും അതോടൊപ്പം ചില ധാതുലവണങ്ങളും നഷ്ടപ്പെടും.
ഈ അവസ്ഥയിൽ പെട്ടെന്നുതന്നെ വെള്ളം കുടിക്കുകയോ മറ്റു രീതിയിൽ ശരീരത്തിലേക്ക് വെള്ളം എത്തിക്കുകയോ ചെയ്തില്ലെങ്കിൽ നിർജലീകരണം സംഭവിക്കുകയും ശരീരം ദുർബലമാവുകയും ചെയ്യും.
ഇതുമൂലം കടുത്ത ക്ഷീണവും ബോധക്ഷയവും സംഭവിച്ചേക്കാം. ശരീരത്തിലെ തൊലി വരണ്ട് ചുളിയുന്നത് നിർജലീകരണത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുകയോ തകരാറിലാകുകയോ ചെയ്യും.
കൂടാതെ, തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ആവശ്യത്തിന് ശുദ്ധജലം കുടിക്കുകയാണ് പ്രതിവിധി.
സൂര്യാഘാതം
കനത്ത വെയിലേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്നതിനെയാണ് സൂര്യാഘാതം (Sunstroke) എന്നു വിളിക്കുന്നത്. അൾട്രാവയലറ്റ് രശ്മികളടങ്ങിയ സൂര്യപ്രകാശം നേരിട്ട് തൊലിപ്പുറത്ത് പതിക്കുന്നതാണ് ഇതിന് കാരണം.
കഠിന വെയിലത്ത് ദീർഘനേരം കഴിയുന്നതുമൂലമുള്ള അമിത ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുകയും ശരീരത്തിന്‍റെ താപനിയന്ത്രണം നഷ്ടമാവുകയും ചെയ്യും. തുടർന്നുണ്ടാവുന്ന നിർജലീകരണവും ചൂടും കാരണം തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവും.
തുറസ്സായ സ്ഥലങ്ങളിൽ ദീർഘനേരം കഠിനജോലികൾ ചെയ്യുന്നവരിലും കുട്ടികളിലും പ്രായമായവരിലുമാണ് സൂര്യാഘാത സാധ്യത കൂടുതലായി കണ്ടുവരുന്നത്. മാരകമായേക്കാവുന്ന ഒരവസ്ഥയാണിത്.
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ വ്യക്തിയെ തണലത്തേക്കു മാറ്റി വിശ്രമം നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. ഉടൻ ധാരാളം തണുത്ത വെള്ളം കുടിക്കാൻ നൽകുകയും ധരിച്ച വസ്ത്രങ്ങള്‍ ഊരിമാറ്റുകയും ചെയ്യുക.
തുടർന്ന് തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുകയും നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം മൂടുകയും ചെയ്യുക. ഒട്ടും താമസിക്കാതെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തമാണ് ചൂടുകാലത്ത് കാണപ്പെടുന്ന മറ്റൊരു സാംക്രമികരോഗം. കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന ഈ രോഗം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.
മൂത്രത്തിന് മഞ്ഞനിറത്തോടൊപ്പം പനി, ക്ഷീണം, തലചുറ്റൽ, ഛർദി, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. തുടക്കത്തിൽതന്നെ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചശേഷം ചികിത്സ തേടണം.
വിശ്രമത്തോടൊപ്പം പഴവര്‍ഗങ്ങളും ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങളും ശുദ്ധജലവും മാത്രം കഴിക്കുകയും മത്സ്യ-മാംസങ്ങളും എണ്ണയില്‍ വറുത്തതുമായ ആഹാരവസ്തുകൾ ഒഴിവാക്കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കിണർ വെള്ളത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്താൽ മഞ്ഞപ്പിത്തം പടരുന്നത് തടയാം.
മൂത്രാശയരോഗങ്ങൾ
മൂത്രത്തിൽ ഇടക്കിടെയുണ്ടാവുന്ന പഴുപ്പ്, മൂത്രസഞ്ചിയിലും വൃക്കകളിലും രൂപപ്പെടുന്ന കല്ലുകൾ തുടങ്ങിയവയാണ് വേനൽക്കാലത്ത് കൂടുതലായി കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്നം. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം.
അതുമൂലം മൂത്രത്തിന്‍റെ അളവ് കുറയുകയും മൂത്രമൊഴിക്കുന്ന ഇടവേളകൾ കൂടുകയും ചെയ്യും. ഇതോടെ മൂത്രസഞ്ചിയിൽ മൂത്രം കെട്ടിക്കിടന്ന് രോഗാണുബാധയുണ്ടാവുന്നു. മൂത്രത്തിൽ പഴുപ്പ് ഉണ്ടാവാൻ കാരണമിതാണ്. ഇതേതുടർന്ന് മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും അനുഭവപ്പെടുന്നു.
ശരീരത്തിൽ ജലാംശം കുറയുന്നതോടെ മൂത്രത്തിന്‍റെ സാന്ദ്രത വർധിച്ചും ചില രാസപ്രവർത്തനങ്ങളെ തുടർന്ന് കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ്, മഗ്നീഷ്യം, അമോണിയ, യൂറിക് ആസിഡ് തുടങ്ങിയവയുടെ കണികകൾ അടിഞ്ഞുകൂടിയുമാണ് മൂത്രാശയക്കല്ലുകൾ രൂപപ്പെടുന്നത്.
ശാരീരിക പ്രവർത്തനങ്ങളിലെ തകരാറുകൾ, ജനിതകഘടകങ്ങള്‍, ആഹാരരീതി എന്നിവയെല്ലാം ഇതിന് കാരണമാണെങ്കിലും വെള്ളം കുടിക്കുന്നതിലെ കുറവാണ് പ്രധാനമായും കല്ലുകള്‍ക്ക് കാരണമായിത്തീരുന്നത്.
ചിക്കൻ പോക്‌സും മീസിൽസും
ചിക്കൻ പോക്‌സും അഞ്ചാംപനി എന്ന മീസിൽസും വേനൽക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന വൈറസ് സാംക്രമികരോഗങ്ങളാണ്. കടുത്ത പനിയെ തുടർന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് ചിക്കൻ പോക്സിന്‍റെ പ്രധാന ലക്ഷണം. പനിയോടൊപ്പം തലവേദന, പുറംവേദന, വിശപ്പില്ലായ്മ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടും.
ഫലപ്രദമായ ആന്‍റി വൈറൽ മരുന്നുകൾ ഇന്ന് ചിക്കൻപോക്സ് ചികിത്സക്ക് ലഭ്യമാണ്. ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക, പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കുക, ശരീരശുചിത്വം പുലർത്തുക എന്നിവയാണ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചൊറിച്ചിൽ ഇല്ലാതാക്കാനും കുമിളകൾ വേഗത്തിൽ ഉണങ്ങാനും സഹായിക്കും.
മീസിൽസ് എന്ന അഞ്ചാംപനി മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, കണ്ണുകളിൽ ചുവപ്പുനിറം എന്നിവയാണ് ലക്ഷണം. ഈ രോഗങ്ങളുടെ പ്രതിരോധത്തിന് ഫലപ്രദമായ വാക്‌സിനുകൾ ഇപ്പോൾ ലഭ്യമാണ്.
മുണ്ടിനീര്
വേനൽക്കാലത്ത് കുട്ടികളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം (Mumps). തുമ്മലും ചുമയും വഴി പകരുന്ന ഈ വൈറസ് രോഗം മൂലം ചെവിക്കു മുന്നിലുള്ള പരോട്ടിഡ് ഗ്രന്ഥി വീർക്കുകയും ചെവിയിലും ചുറ്റിലും വേദനയും പനിയും ഉണ്ടാവുകയും ആഹാരം കഴിക്കാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു.
ഒന്നര വയസ്സിൽ നൽകുന്ന എം.എം.ആർ പ്രതിരോധ കുത്തിവെപ്പിലൂടെ ഒരു പരിധിവരെ രോഗത്തെ തടയാനാവും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മറ്റു സങ്കീർണതകൾക്ക് സാധ്യതയുള്ളതിനാൽ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടണം.
ചെങ്കണ്ണ്
വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. കാര്യമായ സങ്കീർണതകളില്ലാത്ത രോഗമാണിത്. അണുബാധയുണ്ടായി ഒന്നുരണ്ട് ദിവസത്തിനകം കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍നിന്ന് വെള്ളം വരുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പൊതുവെ ഒരാഴ്ചകൊണ്ട് ഭേദമാവുന്ന രോഗമാണിത്.
മൊബൈൽ ഫോൺ ഉപയോഗം, ടെലിവിഷൻ കാണൽ, വായന എന്നിവ പരമാവധി ഒഴിവാക്കി കണ്ണിന് വിശ്രമം നൽകുകയും നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുകയും ചെയ്യണം. രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും കൈകളുടെ ശുചിത്വം പാലിക്കുകയും ചെയ്താൽ രോഗം വരാതെ സൂക്ഷിക്കാം.
വയറിളക്കവും ഛർദിയും
ഭക്ഷ്യവിഷബാധമൂലമുണ്ടാവുന്ന പ്രശ്നമാണിത്. ശുചിത്വമില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെ ആമാശയത്തെ ബാധിക്കുന്ന അണുബാധയാണ് രോഗകാരണം. ഈച്ചപോലുള്ള ജീവികളും രോഗം പരത്താൻ കാരണമാവുന്നുണ്ട്.
ശരീരത്തിൽ നിർജലീകരണം സൃഷ്ടിക്കാനിടയുള്ളതിനാൽ എത്രയും പെട്ടെന്ന് ആശുപത്രികളിലെത്തി ചികിത്സതേടണം. ശുചിത്വമാണ് പ്രധാന പ്രതിരോധമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.