ഒന്നിനും സമയമില്ലേ? ആശങ്ക വേണ്ട, പരിഹാരമുണ്ട്
text_fieldsഅശ്വിൻ-ആര്യ ദമ്പതികളെ ഞാൻ ആദ്യമായി കാണുന്നത് അവരുടെ ഡിവോഴ്സ് ഹിയറിങ്ങിന്‍റെ ഇടവേളകളിൽ ഒന്നിലായിരുന്നു. അശ്വിൻ 38 വയസ്സുള്ള യുവസംരംഭകൻ. സ്വന്തം സ്റ്റാർട്ടപ് നടത്തുന്നു. ഭാര്യ ആര്യയും എട്ടു വയസ്സുള്ള മകളുമായി ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെയാണ് പ്രശ്നങ്ങൾ പതിയെ തലപൊക്കിയത്.
മകളുടെ സ്കൂളിങ് തുടങ്ങുന്നതുവരെ ആര്യ ജോലിയിൽനിന്ന് അവധി എടുത്ത് കുട്ടിയുടെ കാര്യങ്ങൾ നോക്കാമെന്ന് മകളുടെ ജനനശേഷം ഇരുവരും ചേർന്ന് തീരുമാനിച്ചിരുന്നു. ആദ്യവർഷങ്ങൾ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി. മെല്ലെ മെല്ലെ കാര്യങ്ങൾ മാറിത്തുടങ്ങി. വീട്ടുകാര്യങ്ങളും കുട്ടിയുടെ കാര്യങ്ങളും ആര്യയുടെ മാത്രം ചുമതലകളായി മാറി.
തിരക്കേറിയ ജീവിതശൈലി കാരണം അശ്വിന് ഭാര്യയുടെയും കുട്ടിയുടെയും കാര്യങ്ങൾ ശ്രദ്ധിക്കാനോ അവർക്കൊപ്പം സമയം ചെലവഴിക്കാനോ കഴിയാതെയായി. വലിയ ശമ്പളമുള്ള ജോലി കുടുംബത്തിനുവേണ്ടി മാറ്റിവെച്ച ആര്യ പതിയെ നിരാശയിലേക്കും ഡിപ്രഷനിലേക്കും നീങ്ങാൻ തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്ന മകൾ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിടാനും തന്നിലേക്ക് ഉൾവലിയാനും തുടങ്ങി. ക്രമേണ പഠനത്തിലും താഴേക്ക് പോയിത്തുടങ്ങി.
ജോലിക്കും ജീവിതത്തിനുമിടയിലെ താളം നഷ്ടപ്പെട്ടെങ്കിലും അശ്വിന് ജോലിയിൽ വലിയ ഉയർച്ചയുണ്ടായി. അതുപക്ഷേ, ജീവിതത്തെ നേരെ എതിർദിശയിലേക്കാണ് നയിച്ചത്. ഒടുവിൽ ഈ സമയമില്ലായ്മ അശ്വിനെ എത്തിച്ചത് കോടതി മുറിയിൽ. ഈ രീതിയിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്ന ഉറച്ച തീരുമാനത്തിൽ അപ്പോഴേക്കും ആര്യ എത്തിച്ചേർന്നിരുന്നു.
സമയം കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കിൽ എത്ര മനോഹര ജീവിതവും നിമിഷാർധംകൊണ്ട് കീഴ്മേൽ മറിയുമെന്നതിന്‍റെ നേർസാക്ഷ്യമാണ് ആര്യയുടെയും അശ്വിന്‍റെയും അനുഭവം. സമാന അനുഭവം പലർക്കുമുണ്ടായിരിക്കാം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഇതിനുള്ള പരിഹാരം.
ഇതിനായി ജീവിതക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. സമയം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ജീവിത വിജയത്തിലേക്കുള്ള എളുപ്പ വഴികളിലൊന്നാണ്.
എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂറേയുള്ളൂ. അൽപമൊന്ന് മനസ്സുവെച്ചാൽ സമയബന്ധിതമായി എല്ലാം ചെയ്തുതീർക്കാൻ ആർക്കും സാധിക്കും. സമയം ശത്രുവല്ല, വിലയേറിയ മിത്രമാണെന്ന് തിരിച്ചറിയുക. സമയത്തെ നമ്മുടെ കൈക്കുള്ളിലൊതുക്കുക. അതിനുള്ള ചില മാർഗങ്ങളിതാ...
1. ദിനചര്യ ക്രമീകരിക്കുക
ദിവസവും നിശ്ചിത സമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുക. ഓരോ കാര്യത്തിനും എത്ര സമയം വേണമെന്ന് കണക്കാക്കി ദിനചര്യ പ്ലാൻ ചെയ്യാം. പ്രധാന കാര്യങ്ങൾക്ക് മുൻഗണന നൽകാം. ഇതിൽ വ്യായാമം, പ്രാർഥന, വസ്ത്രങ്ങൾ ക്രമീകരിക്കൽ, ഭക്ഷണം തയാറാക്കൽ, അടുത്ത ദിവസത്തിനായി തയാറെടുക്കൽ, ഷെഡ്യൂൾ അവലോകനം എന്നിവ ഉൾപ്പെടുത്താം.
2. മുൻഗണനാക്രമം
ചെയ്യേണ്ട ഏറ്റവും പ്രധാന ജോലികൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ ദിവസം ആരംഭിക്കുക. ജോലികളെ അവയുടെ അടിയന്തര സ്വഭാവവും പ്രാധാന്യവും അടിസ്ഥാനമാക്കി തരംതിരിക്കാം. ഇതിന് ഐസൻഹോവർ മാട്രിക്സ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാവുന്നതാണ്.
3. ആസൂത്രണം
നന്നായി ചിട്ടപ്പെടുത്തിയ ഡെയിലി പ്ലാൻ നിങ്ങളുടെ സമയത്തിനുള്ള റോഡ് മാപ്പായി പ്രവർത്തിക്കും. ദൈനംദിന-പ്രതിവാര പ്ലാനിങ്, ജോലിയുടെ ഭാഗമായുള്ള ആവശ്യങ്ങൾ, വ്യക്തിഗത സമയം, ഒഴിവുസമയങ്ങൾ എന്നിവ കണക്കിലെടുത്ത് വിവിധ ആവശ്യങ്ങൾക്കായി സമയ സ്ലോട്ടുകൾ ഉണ്ടാക്കുക.
ഡിജിറ്റൽ കലണ്ടറുകൾ, പ്ലാനർ ആപ്പുകൾ എന്നിവ പോലുള്ള ടൂളുകൾ ഇതിനു സഹായിക്കും. Trello, Asana, അല്ലെങ്കിൽ ഗൂഗ്ൾ കലണ്ടർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ടാസ്കുകളും സമയപരിധികളും ട്രാക്ക് ചെയ്ത് സൂക്ഷിക്കാം.
4. കൃത്യമായ ഇടവേളകൾ
ഇടവേളകൾ നിർണായകമാണ്. തിരക്കുകൾക്കിടയിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്തുക. ഈ സമയങ്ങളിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിലൂടെ മാനസിക ഉന്മേഷം നേടാം. പോമോഡോറോ ടെക്നിക് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാം.
5. ടൈം പ്ലാൻ പരിഷ്കരിക്കുക
ജീവിതവും ഉത്തരവാദിത്തങ്ങളും മാറുന്നതനുസരിച്ച് നിങ്ങളുടെ ടൈം മാനേജ്മെന്‍റ് ടെക്നിക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യുക. ദൈനംദിന ജീവിതത്തിൽ ഈ നുറുങ്ങുകൾ സമന്വയിപ്പിക്കുന്നതിലൂടെ സമയം ഫലപ്രദമായി കൈകാര്യം ചെയ്യാനും വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുമുള്ള കഴിവ് ഗണ്യമായി വർധിപ്പിക്കാൻ കഴിയും.
വ്യത്യസ്ത ജീവിതഘട്ടങ്ങളിൽ സമയഘടന വ്യത്യസ്തമായിരിക്കും. ഒരു വിദ്യാർഥിക്ക് ആവശ്യമുള്ളതാകില്ല ഒരു പ്രഫഷനലിനോ വിരമിച്ച വ്യക്തിക്കോ വേണ്ടത്. ഈ മാറ്റം അംഗീകരിക്കുകയും ടൈം മാനേജ്മെന്‍റ് പ്ലാനിൽ കാലിക മാറ്റങ്ങൾ സമയാസമയം കൊണ്ടുവരുകയും വേണം.
6. ഉപകരണങ്ങളും സാങ്കേതികവിദ്യയും
സാങ്കേതികവിദ്യ വിവേകപൂർവം ഉപയോഗിക്കുക. സാധ്യമാകുന്നിടത്ത് ഓട്ടോമേറ്റ് ചെയ്യുക. ടാസ്‌ക് മാനേജർ, നോട്ട് ടേക്കിങ് ആപ്, ഓട്ടോമാറ്റിക് ബിൽ പേമെന്‍റ് എന്നിവപോലുള്ള ഉൽപാദനക്ഷമത വർധിപ്പിക്കുന്ന ആപ്പുകളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിക്കുക. ഓൺലൈൻ ഷോപ്പിങ്, ഭക്ഷണം ഓർഡർ ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്താം. വീട്ടുജോലികൾക്ക് സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാം.
7. ചുമതലകൾ കൈമാറാൻ പഠിക്കുക
മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവരെ ഏൽപിക്കുക. നിങ്ങളുടെ പ്രധാന ജോലികളോ നിങ്ങൾതന്നെ ചെയ്യേണ്ടവയോ അല്ലെങ്കിൽ ഇത് പരീക്ഷിക്കാം. എന്നാൽ, എല്ലാവർക്കും ഇങ്ങനെ ജോലികൾ മറ്റുള്ളവരെ ചുമതലപ്പെടുത്താൻ കഴിയണമെന്നില്ല. എങ്കിലും എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ ശ്രമിക്കേണ്ടതില്ല.
വീട്ടുജോലികളിലും മറ്റു കാര്യങ്ങളിലും സഹായം തേടാൻ മടിക്കരുത്. നോ പറയാൻ പഠിക്കുക. എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകേണ്ടതില്ല. താൽപര്യമില്ലാത്തതും സമയം കളയുന്നതുമായ കാര്യങ്ങൾ ഒഴിവാക്കുക.
8. ഡിജിറ്റൽ ഡിറ്റോക്സ്
ദിവസവും കുറച്ച് സമയം ഫോണും സോഷ്യൽ മീഡിയയും ഡിജിറ്റൽ ഉപയോഗവും ഒഴിവാക്കുക. no interruption time സജ്ജീകരിക്കാവുന്നതാണ്. ഇവിടെ സോഷ്യൽ മീഡിയ-ഫോൺ നോട്ടിഫിക്കേഷനുകൾ നിശ്ശബ്ദമാക്കുകയും ചുമതലയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
ഈ സമയം നിങ്ങൾക്കു ചുറ്റുമുള്ള യഥാർഥ ലോകവുമായി ഇടപഴകാനും വിശ്രമിക്കാനും ഉപയോഗിക്കുക. ഇ-മെയിൽ, സോഷ്യൽ മീഡിയ, മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ പരിശോധിക്കാൻ പ്രത്യേക സമയം നിജപ്പെടുത്തുക.
9. ആരോഗ്യകരമായ ജീവിതശൈലി
നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ ശീലമാക്കുക. ഇത് ഊർജം വർധിപ്പിക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്യും.
10. ലക്ഷ്യങ്ങൾ SMART ആവട്ടെ
ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക. അവയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. ഈ ലക്ഷ്യങ്ങൾ മുൻഗണന അനുസരിച്ച് ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം എന്ന രീതിയിൽ പരിഗണിക്കാം. ഓരോ ദിവസവും ആ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ സമയം കണ്ടെത്തുക.
ലക്ഷ്യം കൃത്യവും യഥാർഥവും (specific) അളക്കാവുന്നതും (measurable) കൈവരിക്കാവുന്നതും (achievable) പ്രസക്തവും (relevant) സമയബന്ധിതവും (time-bound) ആയിരിക്കണം. അതാണ് SMART ലക്ഷ്യങ്ങൾ.
11. ഉറക്കം, വിശ്രമം
തലച്ചോറിന്‍റെ മികച്ച പ്രവർത്തനത്തിന് മതിയായ ഉറക്കം അനിവാര്യമാണ്. നന്നായി വിശ്രമിക്കുന്ന മനസ്സ് കൂടുതൽ കാര്യക്ഷമവും ഏകാഗ്രവുമാണ്. മൈൻഡ്‌ഫുൾനെസും ധ്യാനവും പരിശീലിക്കുക. ഈ പരിശീലനങ്ങൾക്ക് ഏകാഗ്രത, വൈജ്ഞാനിക വഴക്കം, സമ്മർദം എന്നിവ മെച്ചപ്പെടുത്താൻ കഴിയും.
12. പ്രചോദനം
പ്രചോദിപ്പിക്കുന്ന വ്യക്തികളുടെയും കഥകളുടെയും സഹായത്തോടെ ലക്ഷ്യം നേടാൻ ശ്രമിക്കുക. വിജയിച്ച വ്യക്തികളുടെ ശീലങ്ങൾ പഠിക്കുന്നത് മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകും.
13. കാത്തിരിപ്പ് സമയം ഫലപ്രദമാക്കുക
എന്തിനെങ്കിലും വേണ്ടിയുള്ള കാത്തിരിപ്പ് സമയം ഫലപ്രദമായി ഉപയോഗിക്കുക. പ്രാധാന്യം അനുസരിച്ച് ഒരു ‘to do’ ലിസ്റ്റ് സൂക്ഷിക്കുക. കാത്തിരിപ്പ് സമയങ്ങൾ ഇ-മെയിൽ വായിക്കാനും ചെയ്യാനുള്ള ജോലികൾ ആസൂത്രണം ചെയ്യാനും വിനിയോഗിക്കുക. അല്ലെങ്കിൽ സമാനമായ ചെറിയ ജോലികൾക്കായി ഈ സമയം വിനിയോഗിക്കുക.
14. വ്യക്തമായ അതിർവരമ്പുകൾ
ജോലി-ജീവിത ബാലൻസ്, അല്ലെങ്കിൽ മറ്റു പ്രവർത്തനങ്ങളിൽ ചെലവഴിക്കുന്ന സമയം എന്നിവയിൽ വ്യക്തമായ അതിർവരമ്പുകൾ പാലിക്കുക. വ്യക്തമായ അതിരുകൾ ഫോക്കസ് നിലനിർത്താനും ക്ഷീണം ഒഴിവാക്കാനും സഹായിക്കുന്നു.
ജോലികൾക്ക് സമയപരിധി നിശ്ചയിക്കുന്നത് ആവശ്യത്തിലധികം സമയം എടുക്കുന്നത് തടയുകയും ഫോക്കസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ഏകാഗ്രതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഒരു സമയം ഒരു ടാസ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മൾട്ടി ടാസ്കിങ് കാര്യക്ഷമത കുറക്കുകയും പിഴവുകൾ വർധിപ്പിക്കുകയും ചെയ്യും.
15. ഡെഡ്‌ലൈനുകൾ നിശ്ചയിക്കാം
ചെയ്തുതീർക്കേണ്ട ടാസ്‌ക്കുകൾക്കായി ഡെഡ്‌ലൈനുകൾ ഉണ്ടാക്കുക. ഇത് നീട്ടിവെക്കൽ തടയുകയും ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യും. ജോലി സ്ഥലവും വീടും കൃത്യമായ ആസൂത്രണത്തോടെ ക്രമീകരിച്ച് കൈകാര്യം ചെയ്യുക.
16. കാര്യക്ഷമത പരിശോധന
നിങ്ങളുടെ സാധ്യതകൾ അനാവരണം ചെയ്യാനുള്ള താക്കോലാണ് സമയം. വേഗമേറിയ ലോകത്ത്, സമയം ഫലപ്രദമായി കൈകാര്യംചെയ്യാനുള്ള കഴിവാണ് വിജയവും പരാജയവും തീരുമാനിക്കുന്നത്. നിങ്ങൾ എപ്പോഴാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് (രാവിലെ, ഉച്ചതിരിഞ്ഞ്, വൈകുന്നേരം, രാത്രി) എന്ന് തിരിച്ചറിയുകയും ഈ സമയം ഏറ്റവും പ്രധാന ജോലികൾക്കുവേണ്ടി മാറ്റിവെക്കുകയും ചെയ്യുക.
ആക്ടിവായിരിക്കുന്ന സമയവും ഇനാക്ടിവായ സമയവും മനസ്സിലാക്കുന്നത് നിർണായകമാണ്. കാര്യക്ഷമത കൂട്ടാൻ 80/20 നിയമം (പാരെറ്റോ തത്ത്വം) ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ 20 ശതമാനം ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് 80 ശതമാനം ഫലം നൽകും. ഇതുവഴി കാര്യക്ഷമത വർധിപ്പിക്കാൻ കഴിയും.
17. ഗ്രൂപ്പിങ്
സമാന ടാസ്‌ക്കുകൾ ഒരുമിച്ച് ഗ്രൂപ് ചെയ്‌ത് ഒറ്റ സമയ ബ്ലോക്കിൽ പരിഹരിക്കുക. ഇത് വിവിധ തരത്തിലുള്ള ജോലികൾ ഇടക്കിടെ ചെയ്യേണ്ടിവരുന്നതിന്‍റെ മാനസിക ഭാരം കുറക്കുന്നു. രണ്ട് മിനിറ്റ് റൂളും പരീക്ഷിക്കാവുന്നതാണ്. ഒരു ജോലിക്ക് രണ്ട് മിനിറ്റിൽ താഴെ എടുക്കുകയാണെങ്കിൽ അത് ഉടൻ ചെയ്യുക. ചെറിയ ജോലികൾ കുന്നുകൂടുന്നതിനു മുമ്പ് പരിഹരിക്കാനുള്ള ലളിതവും ഫലപ്രദവുമായ മാർഗമാണിത്.
18. യാത്രകൾ ഫലപ്രദമാക്കാം
നിങ്ങൾ ഇടക്കിടെ യാത്ര ചെയ്യുകയാണെങ്കിൽ വിദ്യാഭ്യാസ പോഡ്‌കാസ്റ്റുകൾ, ഓഡിയോ ബുക്കുകൾ അല്ലെങ്കിൽ ഒരു പുതിയ ഭാഷ എന്നിവ പഠിച്ച് ഈ സമയം ഫലപ്രദമായി ഉപയോഗിക്കാൻ പ്ലാൻ ചെയ്യുക.
19. പെർഫെക്ഷനിസം ഒഴിവാക്കുക
പൂർണതക്കായി പരിശ്രമിക്കുന്നത് സമയം പാഴാക്കും. ആവശ്യമുള്ളപ്പോൾ മികവ് നേടുകയും അല്ലാത്തപ്പോൾ അത് ഒഴിവാക്കുകയും ചെയ്യുക. ടൈം ഓഡിറ്റ് നടത്തുന്നത് ഗുണം ചെയ്യും.
നിങ്ങൾ ചെയ്യുന്നതെല്ലാം ലോഗ് ചെയ്യുകയും ആഴ്ചയിൽ ഒരു തവണയെങ്കിലും പ്ലാൻ ചെയ്യുന്നതനുസരിച്ച് സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഇതുവഴി സമയം പാഴാകുന്ന ഏരിയ തിരിച്ചറിയാനും അവ ഇല്ലാതാക്കാനും സാധിക്കും.
20. നീട്ടിവെക്കാതിരിക്കുക
ടൈം മാനേജ്‌മെന്‍റിലെ സാധാരണ തടസ്സമാണ് കാര്യങ്ങൾ നീട്ടിവെക്കൽ എന്ന നിശ്ശബ്ദ കള്ളൻ. ഇത് ഇല്ലാതാക്കുന്നതിന് അതിന്‍റെ മൂലകാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിൽ പലപ്പോഴും പരാജയത്തെക്കുറിച്ച ഭയം, പൂർണത പിടിവാശി, അല്ലെങ്കിൽ പ്രചോദനത്തിന്‍റെ അഭാവം എന്നിവ ഉൾപ്പെടുന്നു. ടാസ്‌ക്കുകളെ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ഘട്ടങ്ങളായി വിഭജിക്കുന്നത് നീട്ടിവെക്കൽ മറികടക്കാൻ സഹായിക്കും.
ജോലിയുടെയും ലൈഫ് ഇഫക്ടിവ് ടൈം മാനേജ്‌മെന്‍റിന്‍റെയും ബാലൻസ് തൊഴിലിലും ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ജോലി, ഹോബികൾ, വ്യായാമം, വിശ്രമം എന്നിവക്ക് സമയം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നേടിയതും അടുത്ത ദിവസത്തേക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അവലോകനം ചെയ്യാൻ ദിവസവും കുറച്ച് സമയം ചെലവഴിക്കുക. അടുത്ത ദിവസത്തേക്കുള്ള മുൻഗണനകൾ ക്രമീകരിക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.