ശബരിമലയിൽ വൈദ്യസഹായത്തിന് റാപ്പിഡ് ആക്ഷന്‍ യൂനിറ്റിനെ നിയോഗിക്കും -വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് ഉടന്‍ എത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്‌ക്യു വാന്‍, ഐ.സി.യു ആംബുലന്‍സ് എന്നിവയാണ് ശബരിമലക്കായി സജ്ജമാക്കിയത്.
കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഈ സേവനങ്ങള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ബൈക്ക് ഫീഡര്‍ ആംബുലന്‍സ്
ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡര്‍ ആംബുലന്‍സ് ആണ് ഇതില്‍ പ്രധാനം. മറ്റ് ആംബുലന്‍സുകള്‍ക്ക് കടന്നു ചെല്ലാന്‍ പ്രയാസമുള്ള ഇടുങ്ങിയ വഴികളിലും തിരക്കുള്ള പ്രദേശങ്ങളിലും എത്തി രോഗികള്‍ക്ക് പരിചരണം നല്‍കി സമീപത്തുള്ള ആശുപത്രിയില്‍ അല്ലെങ്കില്‍ റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന കനിവ് 108 ആംബുലന്‍സുകളിലേക്കോ എത്തിക്കുകയാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം.
നഴ്സായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആയിരിക്കും ഈ വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. ഓക്‌സിജന്‍ സംവിധാനം ഉള്‍പ്പടെ ഇതിനായി ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
4x4 റെസ്‌ക്യു വാന്‍
സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള ദുര്‍ഘട പാതയില്‍ സേവനം ഒരുക്കാനാണ് 4x4 പ്രത്യേക വാഹനം സജ്ജമാക്കിയിരിക്കുന്നത്. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ഈ വാഹാനത്തില്‍ ഉണ്ടാക്കും.
ഐ.സി.യു ആംബുലന്‍സ്
പമ്പയില്‍ നിന്ന് ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റര്‍, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലന്‍സിലും വൈദ്യസഹായം നല്‍കാന്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.
ശബരിമല തീർഥാടകരുടെ ചികിത്സയ്ക്ക് സുസജ്ജമായ ആശുപത്രികള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എ.എ.ല്‍എസ്, ബിഎല്‍എസ് ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ സംവിധാനം. തീർഥാടന വേളയില്‍ ശ്വാസം മുട്ട്, നെഞ്ചുവേദന ഉള്‍പ്പടെ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ മൊബിലൈല്‍ നിന്ന് 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളില്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റിന്റെ സേവനം ലഭിക്കും.
കനിവ് 108 ആംബുലന്‍സ് സേവനദാതാക്കളായ ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആണ് ശബരിമലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.