Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightപണിപാളിയിരിക്കുകയാണോ?...

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

text_fields
bookmark_border
പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം
cancel

എന്താണ് മനസ്സ്?’ എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും മറ്റുമുള്ള വിശദീകരണങ്ങളും വന്നു.

എന്നാൽ, ആധുനിക ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നത് ‘തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്’ എന്നതാണ്. മനസ്സിന്‍റെ ധർമങ്ങളായ ചിന്തകളും ഓർമകളും വികാരങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ വിവിധ ഭാഗങ്ങൾ തന്നെയാണ്.

തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള വിടവിൽ ചില രാസവസ്തുക്കൾ നിലനിൽക്കുന്നുണ്ട്. ഇവയെ ശാസ്ത്രനാമത്തിൽ ‘നാഡീ പ്രക്ഷേപിണികൾ’ (neurotransmitters) എന്നാണ് വിളിക്കുന്നത്. ഇവയുടെ സഹായത്തോടെയാണ് ഓർമകളും വികാരങ്ങളുമൊക്കെ വൈദ്യുതി തരംഗങ്ങളുടെ രൂപത്തിൽ ഒരു മസ്തിഷ്ക കോശത്തിൽനിന്ന് മറ്റൊന്നിലേക്ക് പ്രസരിക്കുന്നത്.

ഈ രാസവസ്തുക്കളുടെ അളവിലെ വ്യത്യാസമാണ് വിവിധ മാനസിക പ്രശ്നങ്ങൾക്കും പെരുമാറ്റ വൈകല്യങ്ങൾക്കും കാരണമാകുന്നത്.


മാനസികാരോഗ്യം എങ്ങനെ തിരിച്ചറിയാം?

സ്വന്തം കാര്യങ്ങൾ ഫലപ്രദമായി നിർവഹിക്കാനും മറ്റുള്ളവരോട് ആരോഗ്യകരമായ രീതിയിൽ ഇടപെടാനും ജോലിചെയ്ത് ഉപജീവനം നടത്താനും സാധിക്കുന്ന ഏതൊരു വ്യക്തിക്കും മാനസികാരോഗ്യമുണ്ടെന്ന് പ്രഥമദൃഷ്ട്യാ പറയാം. മാനസികാരോഗ്യമുള്ള വ്യക്തിക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ സാധാരണഗതിയിൽ സാധിക്കും. സ്വന്തം ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് കൃത്യമായി നിർണയിച്ച് അതിനു വേണ്ട പരിശ്രമങ്ങൾ നടത്താൻ സാധിക്കും.

ചുറ്റുമുള്ള അഭ്യുദയകാംക്ഷികളെ തിരിച്ചറിയാനും അവരുടെ താൽപര്യങ്ങൾകൂടി സംരക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കാനും കഴിയും. ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും ഇത്തരക്കാർക്ക് പ്രയാസമുണ്ടാകില്ല. താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനും ഉപജീവനത്തിനുവേണ്ട മാർഗങ്ങൾ സ്വതന്ത്രമായി സ്വീകരിക്കാനും സാധിക്കാറുണ്ട്.


എന്താണ് മനോരോഗം?

എന്താണ് മ​നോരോഗം എന്നതിനെക്കുറിച്ചും വിപുലമായ ചർച്ചകൾ നൂറ്റാണ്ടുകളായി സമൂഹത്തിൽ നടന്നിട്ടുണ്ട്. ഒരു വികാരമോ പെരുമാറ്റമോ അത് പ്രകടിപ്പിക്കുന്ന വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കഴിവിനെയും നശിപ്പിക്കുന്ന രീതിയിലേക്ക് വഷളാകുമ്പോഴാണ് ആ വ്യക്തിക്ക് മനോരോഗം ഉണ്ടെന്നു പറയാനാവുകയെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.

അതായത്, സമൂഹത്തിന്‍റെ മുഖ്യധാരയിൽപെട്ട ഭൂരിപക്ഷം പേരും പുലർത്തുന്ന വിശ്വാസങ്ങളിൽനിന്നും കാഴ്ചപ്പാടുകളിൽനിന്നും മാറി സഞ്ചരിക്കുന്ന വ്യക്തിയാണെങ്കിൽപോലും അയാൾക്ക് സ്വന്തമായി ജോലിചെയ്ത് ജീവിക്കാനോ തനിക്ക് ചുറ്റുമുള്ള വേണ്ടപ്പെട്ടവരുമായി ആരോഗ്യകരമായി ഇടപെടാനോ കഴിയുന്നുണ്ടെങ്കിൽ അയാൾക്ക് മാനസികമായി ഒരു പ്രശ്നവുമില്ലെന്ന് കരുതേണ്ടിവരും.

മനസ്സും ശരീരവും

തലച്ചോറിന്‍റെ പ്രവർത്തനം തന്നെയാണ് മനസ്സ് എന്നതിനാൽ ആധുനിക ശാസ്ത്രലോകം മനസ്സിനെ ശരീരത്തിന്‍റെ പ്രവർത്തനമായി തന്നെയാണ് കാണുന്നത്. ഒരു അവയവത്തിനും മറ്റ് അവയവങ്ങളിൽനിന്ന് പൂർണമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് നിലനിൽക്കാൻ കഴിയില്ല എന്നതുപോലെതന്നെ തലച്ചോറിനും മറ്റ് അവയവങ്ങളുടെ സഹായം ആവശ്യമാണ്.

അതുകൊണ്ടുതന്നെ ശരീരത്തിലെ ഏത് അവയവത്തിന്‍റെ പ്രവർത്തന തകരാറും തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാനും അതുവഴി പെരുമാറ്റ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. അതിനാൽ മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരിക ആരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്യമാണ്.


ആരോഗ്യമുള്ള മനസ്സിന്‍റെ ലക്ഷണം

ഏത് സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും സ്വന്തം വൈകാരിക അവസ്ഥയെ നിയന്ത്രിച്ച് നിർത്താനുള്ള കഴിവാണ് ആരോഗ്യമുള്ള മനസ്സിന്‍റെ ഏറ്റവും പ്രധാന ലക്ഷണം. ഏതു മനുഷ്യനെയും പോലെ സങ്കടവും സന്തോഷവും ദേഷ്യവുമൊക്കെ തോന്നാമെങ്കിലും ഇവ പുറത്ത് പ്രകടമാകുന്നത് സ്വന്തമായി നിയന്ത്രിക്കാൻ ഇവർക്ക് സാധിക്കും.

പ്രയാസമുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വൈകാരിക അസ്വാരസ്യങ്ങളെ വേഗം മറികടക്കാൻ കഴിയുന്നതും മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്.

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന സംഗതികളെക്കുറിച്ചും വ്യാകുലപ്പെടാതെ വർത്തമാനകാലത്തിലേക്ക് പൂർണമായി മനസ്സിനെ കേന്ദ്രീകരിക്കാൻ സാധിക്കുന്ന അവസ്ഥ ആരോഗ്യകരമായ മനസ്സിന്‍റെ പ്രധാന ലക്ഷണമാണ്. സ്വന്തം ആഗ്രഹങ്ങളും താൽപര്യങ്ങളും സഫലീകരിക്കുന്നതിനൊപ്പം തനിക്ക് ചുറ്റുമുള്ള വ്യക്തികളുടെ താൽപര്യങ്ങൾകൂടി മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുക എന്നത് പ്രധാനമാണ്.

മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് സ്വയം സങ്കൽപിച്ച് അവർ അനുഭവിക്കുന്ന വൈകാരിക അവസ്ഥ അതേ തീവ്രതയോടെ ഉൾക്കൊണ്ട് അതിനനുസൃതമായി പ്രവർത്തിക്കാനുള്ള ‘അനുതാപം’ (empathy) മാനസികാരോഗ്യത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ്.

ചിലർക്ക് ജനിതക സവിശേഷതകൾ കൊണ്ടുതന്നെ മേൽ സൂചിപ്പിച്ച കാര്യങ്ങൾ ജന്മസിദ്ധമായി ഉണ്ടാകും. എന്നാൽ, മറ്റുള്ളവർ ഇത് പരിശീലനത്തിലൂടെ വളർത്തിയെടുക്കേണ്ടി വരും. മാതാപിതാക്കൾ, അധ്യാപകർ തുടങ്ങിയവർക്കൊക്കെ കുട്ടികളിൽ ഈ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കും. ജീവിതനിപുണതാ വിദ്യാഭ്യാസം നടപ്പാക്കുക വഴി എല്ലാ കുട്ടികളിലും ഈ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ ഒരു പരിധിവരെ സാധിച്ചേക്കും.

നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണോ?

ജോലി, പണം, സമ്പത്ത്, കുട്ടികൾ, വീട് തുടങ്ങിയവയെല്ലാം ലഭിച്ചിട്ടും ജീവിതത്തിൽ ഒരു സന്തോഷവും തോന്നാത്ത ചിലരുണ്ട്. മറ്റുള്ളവർ പുറത്തുനിന്ന് നോക്കുമ്പോൾ ഇവർക്ക് ഒരു കുറവുമില്ല. എന്നിട്ടും ഇവർക്ക് ജീവിതത്തിൽ ഒട്ടും സന്തോഷം തോന്നാത്ത അവസ്ഥയാണ്. പലപ്പോഴും ഇത് ചില മാനസിക രോഗാവസ്ഥകളുടെ സൂചനയാകാം.

പൊതുസമൂഹത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മാനസികാരോഗ്യ പ്രശ്നമാണ് ‘വിഷാദരോഗം’. ‘മാനസിക രോഗങ്ങളിലെ ജലദോഷം’ എന്നാണ് വിഷാദരോഗത്തെക്കുറിച്ച് പറയുന്നത്. സ്ത്രീകളിൽ 20 ശതമാനം പേർക്കും പുരുഷന്മാരിൽ 10 ശതമാനം പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദരോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഭക്ഷണവും മാനസികാരോഗ്യവും

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ ഗൗരവമായി സ്വാധീനിക്കാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നത് വിവിധ പെരുമാറ്റ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ, ഒരുദിവസം ആരംഭിക്കുന്നത് ഒരു കുപ്പി വെള്ളം കുടിച്ചുകൊണ്ടാകണം.

ചൂടുകാലത്ത് ശരീരം അമിതമായി വിയർക്കുന്നതുമൂലം ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും ശരീരത്തിൽനിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ ലവണങ്ങളുടെ അളവ് കുറയുന്നതുമൂലം പെട്ടെന്ന് ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്ത ‘മതിഭ്രമം’ (Delirium) എന്ന അവസ്ഥയിലേക്ക് ആളുകൾ പോകാൻ സാധ്യതയുണ്ട്

എരിവും പുളിയും മസാലയും കൂടുതൽ അടങ്ങിയ ഭക്ഷണം നിരന്തരം കഴിച്ചു ശീലിക്കുന്ന ആളുകൾക്ക് വയറ്റിലെ ആസിഡിന്‍റെ അളവ് കൂടുകയും അതേതുടർന്ന് ദഹനപ്രശ്നങ്ങളും വയറുവേദനയും ഓക്കാനവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇവരിൽ പലർക്കും രാത്രി ഉറക്കമില്ലായ്മയും പകൽ അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്.

പ്രത്യേകിച്ച് രാത്രി അമിതമായി മസാല കലർന്ന ഭക്ഷണം വലിയ അളവിൽ കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തശേഷം ഉടൻ ഉറങ്ങാൻ കിടക്കുന്നത് ഈ ഭക്ഷ്യവസ്തുക്കൾ മുകളിലേക്ക് തികട്ടിവന്ന് ഉറക്കം നഷ്ടപ്പെടാൻ കാരണമാകുന്നു.

അമിത മധുരം, എണ്ണയിൽ വറുത്ത ഭക്ഷ്യവസ്തുക്കൾ, ഫാസ്റ്റ് ഫുഡ്, കൃത്രിമ നിറങ്ങൾ കലർത്തിയ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഉപയോഗം കുട്ടികളിൽ അമിത ദേഷ്യത്തിനും വികൃതിക്കും കാരണമാകാം. ശ്രദ്ധക്കുറവ്, അമിത വികൃതിയുടെ ലക്ഷണങ്ങളായ എ.ഡി.എച്ച്.ഡി, ആശയവിനിമയശേഷിയുടെ വൈകല്യമായ ഓട്ടിസം, ബുദ്ധി വളർച്ചക്കുറവ് തുടങ്ങിയ മസ്തിഷ്ക വികസന വൈകല്യങ്ങളുള്ള കുട്ടികൾക്ക് പഞ്ചസാര, പാൽ, ഗോതമ്പ് എന്നിവയുടെ ഉപയോഗം പെരുമാറ്റ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

പലപ്പോഴും ഇത്തരം കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ കുറക്കാനുള്ള ചികിത്സയുടെ ഭാഗമായി മേൽ സൂചിപ്പിച്ച ഭക്ഷ്യവസ്തുക്കൾ ഓരോന്നായി ഒഴിവാക്കി നോക്കുന്നത് സാധാരണ ചെയ്യുന്ന കാര്യമാണ്.

പ്രായംചെന്ന ആളുകൾ മധുരവും കൊഴുപ്പും കൂടിയ ഭക്ഷണം കഴിക്കുന്നത് രക്തക്കുഴലുകൾ അടയാൻ വഴിതെളിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്നത് ഓർമക്കുറവിനും വിവിധ പെരുമാറ്റ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണത്തിലൂടെ വിഷാംശം ശരീരത്തിനുള്ളിലേക്ക് കടക്കുന്നത് തലച്ചോറിനെ ബാധിക്കുന്ന ഗൗരവമായ പെരുമാറ്റ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

വിഷാദരോഗം തിരിച്ചറിയാം

താഴെപ്പറയുന്ന ഒമ്പത് ലക്ഷണങ്ങളിൽ ചുരുങ്ങിയത് അ​െഞ്ചണ്ണം രണ്ടാഴ്ചയെങ്കിലും തുടർച്ചയായി നീണ്ടുനിന്നാൽ ആ വ്യക്തിക്ക് ചികിത്സ ആവശ്യമുള്ള വിഷാദരോഗം ഉണ്ടെന്ന് അനുമാനിക്കാം.

● രാവിലെ തൊട്ട് വൈകീട്ടുവരെ തുടർച്ചയായി നീണ്ടുനിൽക്കുന്ന കാരണമൊന്നുമില്ലാത്ത സങ്കടഭാവം

● മുമ്പ് വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രവൃത്തികൾപോലും ചെയ്യാൻ താൽപര്യമില്ലായ്മ

● അകാരണമായ ക്ഷീണം

● ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ഗതിവേഗത്തിൽ ഉണ്ടാകുന്ന മന്ദത

● ഉറക്കക്കുറവ്: പലപ്പോഴും വിഷാദരോഗത്തിന്‍റെ ആദ്യഘട്ടത്തിൽ സാധാരണ ഉറക്കമുണരുന്ന സമയത്തേക്കാൾ രണ്ടു മണിക്കൂർ നേരത്തേ ഉണരുന്നു.

● വിശപ്പില്ലായ്മ: വളരെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കൾ കണ്ടാൽപോലും കഴിക്കാൻ തോന്നാത്ത അവസ്ഥ

● ഏകാഗ്രതക്കുറവ്: ഒരു കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ ചിന്തകൾ തിരമാലകൾപോലെ മനസ്സിലേക്ക് ആർത്തലച്ചു വന്ന് ശ്രദ്ധ പതറിപ്പോകുന്ന സ്ഥിതി

● നിരാശയും പ്രതീക്ഷയില്ലായ്മയും: ആരും സഹായിക്കാനില്ലെന്ന തോന്നൽ. അകാരണവും അനാവശ്യവുമായ കുറ്റബോധം. താനൊരു ഉപയോഗശൂന്യനാണെന്ന ചിന്താഗതി

● മരിക്കണമെന്ന ചിന്തയും ആത്മഹത്യ പ്രവണതയും

ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദരോഗം പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകാറുണ്ട്. കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണമായി ഭേദപ്പെടുത്താം. അതുവഴി ആത്മഹത്യകൾ തടയാനും സാധിക്കും.

മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ ഉൾപ്പെടെയുള്ള മനഃശാസ്ത്ര ചികിത്സകളും കൂടെ ഉപയോഗിക്കുമ്പോൾ വിഷാദരോഗം വേഗം മെച്ചപ്പെട്ടുവരുന്നതായി കണ്ടുവരുന്നു.

ഉത്കണ്ഠ രോഗങ്ങൾ

അമിത നെഞ്ചിടിപ്പ്, വിറയൽ, അനാവശ്യ ആശങ്ക, ഉറക്കക്കുറവ് തുടങ്ങിയവ ഇതിന്‍റെ ഭാഗമായും ഉണ്ടാകാം. ഉത്കണ്ഠരോഗങ്ങളും കൃത്യമായ ചികിത്സയിലൂടെ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കുന്ന രോഗാവസ്ഥകൾ തന്നെയാണ്.

പലപ്പോഴും ഇത്തരം മാനസിക ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുന്നതുമൂലം വ്യത്യസ്ത സങ്കീർണതകൾ ഉണ്ടാകാറുണ്ട്. രോഗപ്രതിരോധ ശക്തി കുറയാനും പ്രമേഹം, അധിക രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വഷളാകാനും ഇത് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് ശാരീരിക ആരോഗ്യം സംരക്ഷിക്കാനും പ്രധാനമാണ്.

സ്ത്രീകളും വിഷാദവും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വിഷാദം പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ജീവിതത്തിന്‍റെ മൂന്നു വ്യത്യസ്ത ഘട്ടങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾമൂലം സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കൂടുന്നു. ആർത്തവം ആരംഭിക്കുന്ന സമയത്ത് ചില പെൺകുട്ടികളിലെങ്കിലും ആർത്തവം വരുന്നതിനു തൊട്ടുമുമ്പുള്ള ഒരാഴ്ച തീവ്രമായ മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം.

ഉറക്കമില്ലായ്മ, അമിത ദേഷ‍്യം, അമിത സങ്കടം, ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസം, തീവ്ര ഉത്കണ്ഠ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. എന്നാൽ, ആർത്തവം ആരംഭിച്ച അന്നോ തൊട്ടടുത്ത ദിവസമോ പൊടുന്നനെ ഈ ലക്ഷണങ്ങൾ മാറുന്നതായും കാണാം. ഈ അവസ്ഥയെ ‘ആർത്തവപൂർവ വിഷാദരോഗം’ (premenstrual dysphoric disorder) എന്നു പറയുന്നു.

പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ ഒട്ടേറെ സ്ത്രീകൾക്ക് തീവ്രമായ വിഷാദരോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ‘പ്രസവാനന്തര വിഷാദരോഗം’ (postpartum depression) എന്ന് വിളിക്കുന്ന ഈ അവസ്ഥയും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടതാണ്. അപൂർവം ചില സ്ത്രീകളിൽ പ്രസവം കഴിഞ്ഞുള്ള ഏതാനും ആഴ്ചക്കുള്ളിൽ തീവ്രമായ ചിത്തഭ്രമ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

അകാരണ ഭയം, സംശയം, അക്രമസ്വഭാവം, ഉറക്കമില്ലായ്മ എന്നിവ ലക്ഷണങ്ങളായുള്ള ഈ അവസ്ഥക്ക് പ്രസവാനന്തര ചിത്തഭ്രമം (Postpartum psychosis) എന്നാണ് പറയുന്നത്. കൃത്യമായ ചികിത്സയിലൂടെ ഈ അവസ്ഥകളെല്ലാം പൂർണമായി ഭേദപ്പെടുത്താം.

ആർത്തവ വിരാമത്തെ തുടർന്ന് ശരീരത്തിൽ ഹോർമോണുകളുടെ അളവിൽ പൊടുന്നനെ വ്യത്യാസം വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഈ പ്രശ്നത്തെ ‘ആർത്തവ വിരാമാനന്തര വിഷാദം’ (post menopausal depression) എന്നാണ് വിളിക്കുന്നത്.

തിരിച്ചറിയാം മാനസിക പ്രയാസമുള്ളവരെ

2018ൽ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി നടത്തിയ സർവേ പ്രകാരം കേരളീയരിൽ 12.43 ശതമാനം ആളുകളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. അതായത് മലയാളികളിൽ എട്ടിൽ ഒരാൾക്ക് ചികിത്സ ആവശ്യമുള്ള മാനസിക രോഗമുണ്ട് എന്നർഥം.

കോവിഡിനെ തുടർന്ന് ലോകാരോഗ്യ സംഘടന നടത്തിയ നിരീക്ഷണത്തിൽ ലോകമെമ്പാടും വിഷാദരോഗത്തിന്‍റെയും ഉത്കണ്ഠ രോഗങ്ങളുടെയും തോത് 25 ശതമാനം വർധിച്ചെന്ന് പറയുന്നു. സ്വാഭാവികമായും കേരളത്തിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകും.

വിഷാദരോഗം, ഉത്കണ്ഠ രോഗങ്ങൾ, മദ്യാസക്തി, ഉറക്കക്കുറവ് തുടങ്ങിയവയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ. ഇവ കൃത്യമായി തിരിച്ചറിഞ്ഞ് പരിഹരിച്ചാൽതന്നെ വലിയ വിഭാഗത്തിന്‍റെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.

മിക്കവാറും മാനസികാരോഗ്യ പ്രശ്നങ്ങളൊക്കെ തലച്ചോറിലെ രാസവസ്തുക്കളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉപയോഗിച്ചാൽ ഇവയിൽ പലതും നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

മരുന്നുകളോടൊപ്പം ആവശ്യമുള്ള മനഃശാസ്ത്ര ചികിത്സകളും കുടുംബാംഗങ്ങൾക്കുള്ള പരിശീലനവും ജീവിതശൈലി ക്രമീകരണങ്ങളും ഉറപ്പുവരുത്തിയാൽ സർവസാധാരണമായി കാണപ്പെടുന്ന പല മാനസികരോഗങ്ങളും ഭേദപ്പെടുത്താൻ കഴിയും.

മനോരോഗികളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അവജ്ഞ പലരെയും ചികിത്സ എടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ, തുടക്കത്തിൽതന്നെ ചികിത്സിച്ചാൽ മിക്കവാറും മാനസികാരോഗ്യ പ്രശ്നങ്ങളൊക്കെ ഫലപ്രദമായി നിയന്ത്രിക്കാം.

ചികിത്സയെടുക്കാതെ പോകുന്ന അസുഖത്തിന്‍റെ ദൈർഘ്യം കൂടുന്നതനുസരിച്ച് തീവ്രത കൂടുകയും കൂടുതൽ സങ്കീർണതകളിലേക്ക് എത്തിച്ചേരുകയും ചെയ്യും. അതുകഴിഞ്ഞാൽ പിന്നീട് ദീർഘകാലം ചികിത്സ വേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാം.

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ

പരിചയമുള്ള ആർക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ വിദഗ്ധ ഡോക്ടറുടെ അടുത്ത് എത്തിക്കുംമുമ്പ് നമുക്ക് ചെയ്യാവുന്ന ചില ഇടപെടലുകളുണ്ട്.

ഇതിനെയാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ എന്ന് വിശേഷിപ്പിക്കുന്നത്. നാല് ഘട്ടങ്ങളിലൂടെയാണ് പ്രഥമ ശുശ്രൂഷ കടന്നുപോകുന്നത്.

● പ്രയാസം അനുഭവിക്കുന്ന വ്യക്തിയെ തിരിച്ചറിഞ്ഞ് ‘എന്താണ് നിങ്ങളുടെ പ്രയാസം?’ എന്ന് സ്നേഹപൂർവം അന്വേഷിക്കണം.

● അയാൾക്ക് പറയാനുള്ള കാര്യങ്ങൾ മുൻവിധിയില്ലാതെ, തടസ്സപ്പെടുത്താതെ ക്ഷമയോടെ അവസാനംവരെ ശ്രദ്ധാപൂർവം കേൾക്കണം.

● മിക്കവാറും ആളുകൾ എന്തെങ്കിലും തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലായിരിക്കും മാനസിക സമ്മർദത്തിലേക്ക് പോകുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ശരിയായ വിവരം പകർന്നുകൊടുത്ത് അവരെ അറിവിലേക്ക് നയിക്കാം. ഇതുവഴി അവരുടെ മാനസിക സമ്മർദം ലഘൂകരിക്കാം.

● ചിലപ്പോൾ ഗൗരവസ്വഭാവമുള്ള പ്രതിസന്ധികൾ എന്തെങ്കിലും അവർ അനുഭവിക്കുന്നുണ്ടാകാം. ഈ ഘട്ടത്തിലും ‘എന്നെക്കൊണ്ട് ആവുംവിധം ഞാൻ കൂടെയുണ്ടാകും’ എന്ന മട്ടിൽ ആശ്വസിപ്പിക്കാം.

ഇത്രയും ചെയ്തിട്ടും അയാളുടെ പ്രയാസം മാറുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നാണ് അർഥം. ഒരു മാനസികാരോഗ്യ വിദഗ്ധനെ നേരിൽ കണ്ട് കൃത്യമായ ചികിത്സ എടുക്കാൻ വേണ്ട സൗകര്യങ്ങൾ അയാൾക്ക് ചെയ്തുകൊടുക്കാം. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്.

മനസ്സിനെ അസ്വസ്ഥമാക്കുന്ന ഘടകങ്ങൾ

മനസ്സിനെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളിൽ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പാരമ്പര്യമായി മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലുള്ള കുടുംബത്തിൽ ജനിച്ച വ്യക്തിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസികാരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത നേരിയതോതിൽ കൂടുതലാണ്.

തലച്ചോറിൽ ഏറ്റ പരിക്കുകൾ, ഹോർമോൺ വ്യതിയാനങ്ങൾ, ദീർഘകാലമായി നീണ്ടുനിൽക്കുന്ന ശാരീരിക രോഗങ്ങൾ, കഠിന ശരീരവേദന എന്നിവയൊക്കെ മനസ്സിനെ താളം തെറ്റിക്കാൻ പ്രാപ്തിയുള്ള സംഗതികളാണ്.

ജീവിതാനുഭവങ്ങളെ നാം വിലയിരുത്തുന്ന രീതിയാണ് മനസ്സിനെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രധാന സംഗതി. ചില വ്യക്തികൾ നിസ്സാര അനുഭവങ്ങളെപോലും പർവതീകരിച്ച് ചിത്രീകരിച്ച് സ്വന്തം കഴിവിനെ സ്വയം ചോദ്യംചെയ്യുന്ന സ്ഥിതിയിലേക്കു പോകും. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല അല്ലെങ്കിൽ താനൊരു ലോക പരാജയമാണ് എന്ന മട്ടിലുള്ള മൂല്യനിർണയ സ്വഭാവമുള്ള ചിന്തകൾ ഇവരുടെ മാനസികനിലയെ തകർത്തുകളയും.

മറ്റു ചിലരാകട്ടെ മറ്റുള്ളവർ പറയുന്ന വിമർശന സ്വഭാവമുള്ള വാചകങ്ങളെ അക്ഷരാർഥത്തിൽ അംഗീകരിച്ച് വിഷമിക്കും. ഇത് അവരുടെ മാനസികാരോഗ്യം തകർക്കാനിടയാക്കും. മദ്യം, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യവും ക്രമേണ തകർന്നുവരും. ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ വികസിപ്പിക്കുക വഴി വലിയൊരു അളവ് വരെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കും.

എന്നാൽ, സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന വ്യക്തികൾക്ക് വേഗം മനസ്സ് അസ്വസ്ഥമാകും. പ്രയാസം തോന്നുമ്പോൾ ആരോടും പങ്കുവെക്കാൻപോലും കഴിയുന്നില്ലെങ്കിൽ മാനസികാരോഗ്യം തകരാനുള്ള സാധ്യത കൂടുതലാണ്.

ജീവിതത്തെക്കുറിച്ച് നാം വെച്ചുപുലർത്തുന്ന പ്രതീക്ഷകളുടെ ഭാരമാണ് മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകം. എപ്പോഴും സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്തുകൊണ്ടിരിക്കുന്നത് മാനസികാരോഗ്യത്തിന് ഹാനികരമാണ്. സന്തോഷകരമായി ജീവിക്കുന്നു എന്ന് നാം വിശ്വസിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന യാഥാർഥ്യം മനസ്സിലാക്കണം.

ആ പ്രശ്നങ്ങളുടെ ഇടയിൽ സന്തോഷത്തിന്‍റെ ചില മുഹൂർത്തങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ് നമ്മുടെ മനസ്സിനെ വരുതിയിലാക്കാനുള്ള മാർഗം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മാനസികാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങൾതന്നെയാണ്.

സമ്പത്തും സൗകര്യങ്ങളും അറിവുമൊക്കെ പരസ്യമായി പ്രദർശിപ്പിക്കുന്ന നമ്മുടെ സംസ്കാരത്തിന് ഇതുമായി വലിയ ബന്ധമുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ളതെന്ന് കരുതപ്പെടുന്ന സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിൽ പ്രദർശനാത്മകതയുടെ സംസ്കാരം കുറവാണ്. അവനവന് ലഭ്യമായ സൗകര്യങ്ങളിൽ പൂർണമായും സംതൃപ്തി അടയുകയെന്ന സംസ്കാരം പിന്തുടരുന്ന ആ രാജ്യങ്ങളിൽ ജനങ്ങൾ കൂടുതൽ സന്തോഷമായി ജീവിക്കുന്നു.

കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും മാനസികാരോഗ്യ പ്രശ്നങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. ചിത്തഭ്രമം, വൈകാരിക പ്രശ്നങ്ങൾ, അക്രമസ്വഭാവം, ആത്മഹത്യ പ്രവണത എന്നിങ്ങനെ പല പെരുമാറ്റ പ്രശ്നങ്ങൾ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രണയഭംഗം സംഭവിക്കുമ്പോൾ മുൻ പങ്കാളിയെ കൊലചെയ്യാനുള്ള പ്രവണത അടക്കമുള്ള ആധുനിക സ്വഭാവ പ്രശ്നങ്ങളിൽ പലപ്പോഴും ലഹരി വസ്തുക്കളുടെ ഉപയോഗം ചാലകശക്തിയായി പ്രവർത്തിക്കുന്നു എന്നതാണ് സത്യം.

മാനസികാരോഗ്യം മെച്ചപ്പെടുത്താം

മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ വ്യക്തിബന്ധം വികസിപ്പിക്കുക എന്നതാണ്. അതിനാൽ നല്ല സൗഹൃദങ്ങൾ വികസിപ്പിക്കാനും വളർത്തിയെടുക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. സൗഹൃദത്തിൽ സഹായങ്ങൾ കൊടുക്കാനും വാങ്ങാനുമുള്ള കഴിവ് വികസിപ്പിക്കുക വഴി പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാൻ ആളുകളുണ്ടെന്ന തോന്നൽ മനസ്സിൽ ശക്തമാകും.

മാനസിക സമ്മർദം നിയന്ത്രിക്കാൻ ഒരുവ്യക്തിക്ക് പരിശീലിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. ദീർഘ ശ്വസന വ്യായാമങ്ങൾ, പ്രോഗ്രസിവ് മസിൽ റിലാക്സേഷൻ, ധ്യാനരീതികൾ, മനോനിറവ് പരിശീലനം എന്നിവയൊക്കെ മാനസിക സമ്മർദം നിയന്ത്രിക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലിക്കാൻ സാധിക്കും.

അവരവരുടെ ജീവിതസാഹചര്യങ്ങൾക്കനുസൃതമായി അനുയോജ്യമായ ഒരു സമ്മർദ നിയന്ത്രണ പരിശീലനം ശീലിക്കുന്നത് ആരോഗ്യകരമായിരിക്കും. കൃത്യമായി ഉറങ്ങുകയാണ് മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മൂന്നാമത്തെ മാർഗം. ദിവസേന എട്ടു മണിക്കൂർ ഉറങ്ങാൻ സാധിച്ചാൽ മാനസികാരോഗ്യത്തിന് ഏറെ ഗുണകരമായിരിക്കും.

നിത്യജീവിതത്തിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളിൽ പലതും നമ്മളെ മാനസികമായി ബാധിക്കാം. നമ്മുടെ നിറം, സൗന്ദര്യം, ജോലി, പഠനനിലവാരം, ജീവിതസാഹചര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് പലരും അഭിപ്രായങ്ങൾ പറഞ്ഞേക്കാം. എന്നാൽ, ഈ അഭിപ്രായങ്ങൾ വിലയിരുത്തി വസ്തുനിഷ്ഠമല്ലെന്ന് തോന്നുന്നത് തള്ളിക്കളയാൻ നാം ശീലിക്കേണ്ടതുണ്ട്.

പലപ്പോഴും യഥാർഥത്തിൽ ഉള്ളതിനെക്കാൾ തീവ്രമായ രീതിയിലായിരിക്കും പല പ്രശ്നങ്ങളെയും നാം വിലയിരുത്തുന്നത്. ഇപ്പോൾ ഉണ്ടായ ദുരവസ്ഥ ജീവിതത്തിലെ താൽക്കാലിക അവസ്ഥയാണെന്നും അത് കഴിഞ്ഞുപോകുമെന്നും ചിന്തിക്കുന്നത് മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായകമാണ്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental healthHealthtipshealthnews
News Summary - We can control our mind
Next Story