‘അല്ലാഹു അഅ്ലം’ അഥവാ തമ്പുരാനറിയാം!, തയാറാക്കാം നോമ്പുതുറയിലെ താരമായ ഈ പലഹാരം
text_fieldsചെറിയ നോമ്പുതുറയിലെ അവിഭാജ്യഘടകമാണ് ‘അല്ലാഹു അഅ്ലം’ എന്ന രുചികരമായ പലഹാരം. കൗതുകമുണർത്തുന്ന ഇൗ പേര് വരാനുള്ള കാരണം വിശദീകരിക്കുന്നുണ്ട് പൊന്നാനിയുടെ പ്രാദേശിക ചരിത്രകാരനായ ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ.
‘‘റമദാനിലെ ഒരു വൈകുന്നേരം അയക്കറവീട്ടിലെ െഎസീവി അയൽവീട്ടുകാരി പക്കിന്റകത്ത് കുഞ്ഞീവിയെ കാണാൻ ചെന്നു. കുഞ്ഞീവി അന്നേരം ഒരു വിഭവം പരീക്ഷിക്കുകയായിരുന്നു. മൈദയിൽ മുട്ടയും ഉപ്പുവെള്ളവും ചേർത്ത മാവുകൊണ്ട് ദോശ, പിന്നെ അതിലും വലിയ ദോശ, അങ്ങനെ വലുപ്പം കൂട്ടിക്കൂട്ടി ആറു ദോശകൾ. ഒാരോന്നിലും ഒാരോരോ കൂട്ടുകൾ.
ഒടുവിൽ എല്ലാം ചേർത്ത് പെട്ടിപോലെ ഒരു പലഹാരം. ഇത് കണ്ട െഎസീവി ചോദിച്ചു. ‘‘എന്താണീ സാധനത്തിെൻറ പേര്?’’ പൊടുന്നനെ കുഞ്ഞീവിയുടെ മറുപടി, ‘‘അല്ലാഹു അഅ്ലം’’ (ദൈവത്തിനറിയാമായിരിക്കും!). അങ്ങനെ കുഞ്ഞീവി കണ്ടുപിടിച്ച വിഭവത്തിന് െഎസീവി പേരിട്ടു; ‘അല്ലാഹു അഅ്ലം’. ഇന്നും നോമ്പ് തീൻമേശയിൽ ‘അല്ലാഹു അഅ്ലം’ നിറഞ്ഞുനിൽക്കുന്നു.
‘അല്ലാഹു അഅ്ലം’ തയാറാക്കാം
ചേരുവകൾ
1. മൈദ ^1 കപ്പ്
2. മുട്ട ^3 എണ്ണം
3. വെള്ളം ^1 കപ്പ്
4. ഉപ്പ് ^ആവശ്യത്തിന്
5. ഏലക്ക ^5 എണ്ണം
6. ഒായിൽ ^2 ടീസ്പൂൺ
7. പഞ്ചസാര ^4 1/2 ടീസ്പൂൺ
8. നെയ്യ് ^ആവശ്യത്തിന്
9. നേന്ത്രപ്പഴം ^1 എണ്ണം
10. തേങ്ങ ചിരകിയത് ^1/2 കപ്പ്
11. ഇൗത്തപ്പഴം ^15 എണ്ണം
12. അണ്ടിപ്പരിപ്പ് ^ആവശ്യത്തിന്
13. മുന്തിരി ^ആവശ്യത്തിന്
14. കിസ്മിസ് ^ആവശ്യത്തിന്
കൂട്ട് തയാറാക്കൽ
1. നെയ്യിൽ രണ്ടു ടീസ്പൂൺ പഞ്ചസാരയും മൂന്ന് ഏലക്കയും ചേർത്ത് മുട്ട കലക്കി പാനിൽ ചിക്കിയെടുക്കുക.
2. അരക്കപ്പ് തേങ്ങ ചിരകിയതും രണ്ടു ടീസ്പൂൺ പഞ്ചസാരയും രണ്ട് ഏലക്കയും ആവശ്യത്തിന് കിസ്മിസും അണ്ടിപ്പരിപ്പും ചേർത്ത ചേരുവ നെയ്യിൽ വഴറ്റി എടുക്കുക.
3. ഒരു നേന്ത്രപ്പഴം അരസ്പൂൺ പഞ്ചസാര ചേർത്ത് നെയ്യിൽ വഴറ്റി എടുക്കുക.
4. 15 ഇൗത്തപ്പഴം ചെറുതായി അരിഞ്ഞ് ചെറുതാക്കിയ അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് മിക്സ് ചെയ്യുക.
പെട്ടി തയാറാക്കാം
മൈദയിൽ മൂന്നു മുട്ട ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് ദോശമാവുപോെല കലക്കിയെടുക്കുക. പാനിൽ നെയ്യ് പുരട്ടി ഇൗ മിക്സ് ഒഴിക്കുക. ചെറിയ ദോശ ആദ്യം ഉണ്ടാക്കുക. വലുപ്പം കൂട്ടിക്കൂട്ടി അഞ്ചോ ആറോ ദോശ ഉണ്ടാക്കുക.
ആദ്യം ഉണ്ടാക്കിയ ദോശയിൽ മുട്ടയുടെ ഫില്ലിങ് ചേർത്ത് നാലായി മടക്കി പെട്ടിരൂപത്തിലാക്കുക. രണ്ടാമത്തെ ദോശ എടുത്ത് ഇൗ പെട്ടി അതിൽ വെച്ച് അടുത്ത തേങ്ങ ഫില്ലിങ് ചേർക്കുക. മടക്കി വീണ്ടും പെട്ടിരൂപത്തിലാക്കുക.
ഇങ്ങനെ നാലു ഫില്ലിങ് വെച്ച് വലിയ പെട്ടിരൂപത്തിലാക്കുക. അവസാനത്തെ വലിയ ദോശ എടുത്ത് കവർ ചെയ്ത് പെട്ടി ആക്കുക. ഇത് ഒരു പാത്രത്തിലേക്ക് വെച്ച് പഞ്ചസാര ലായനി മുകളിൽ ഒഴിക്കുക. ചെറീസ് വെച്ച് അലങ്കരിക്കുക. പലഹാരം റെഡി.
(തയാറാക്കിയത്: പി.കെ. ജമീല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.