വീട്ടിൽ പരീക്ഷിക്കാം വെറൈറ്റി ബിരിയാണികൾ
text_fieldsപ്രഷർ കുക്കർ ബിരിയാണി
ചേരുവകൾ
1. ചിക്കൻ -ഒരു കിലോ
2. വെളിച്ചെണ്ണ -ഒരു ടീസ്പൂൺ
3. സവാള -മൂന്ന്
4. പച്ചമുളക് -10
5. ചെറിയ ഉള്ളി -10
6. വെളുത്തുള്ളി -20 അല്ലി
7. ഇഞ്ചി -ചെറിയ കഷണം
8. കശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ
9. മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
10. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
11. ഗരം മസാല -ഒരു ടീസ്പൂൺ
12. തക്കാളി -രണ്ട്
13. ഉപ്പ് -ആവശ‍്യത്തിന്
14. മല്ലിയില -ഒരുപിടി
15. കറിവേപ്പില -മൂന്ന് മുതൽ നാലുവരെ തണ്ട്
16. പുതിനയില -ഒരുപിടി
17. തൈര് -അരക്കപ്പ്
18. കുരുമുളകുപൊടി -അര ടീസ്പൂൺ
19. ചെറുനാരങ്ങ നീര് -പകുതി നാരങ്ങയുടേത്
20. കറുവപ്പട്ട -ഒന്ന്
21. ഏലക്ക -നാല്
22. ഗ്രാമ്പു -നാല്
23. കറുവ ഇല -ഒന്ന്
24. ബസ്മതി അരി -രണ്ടര കപ്പ്
തയാറാക്കുന്ന വിധം
● കുക്കർ ചൂടാക്കിയെടുത്ത് വെളിച്ചെണ്ണയൊഴിച്ച് അതിനൊപ്പം സവാളയും ഉപ്പും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
● ചിക്കൻ മാരിനേറ്റ് ചെയ്യാൻ 4 മുതൽ 7 വരെയുള്ള ചേരുവകൾ ചതച്ചെടുത്ത് ബൗളിലേക്ക് മാറ്റുക. അതോടൊപ്പം വറുത്തുവെച്ച സവാള, 8 മുതൽ 18 വരെയുള്ള ചേരുവകൾ എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക.
● പ്രഷർ കുക്കർ വീണ്ടും ചൂടാക്കി എണ്ണയൊഴിച്ച് 20 മുതൽ 23 വരെയുള്ള ചേരുവകൾ ചേർക്കുക. അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കനും ചേർക്കാം.
● ഉയർന്ന ചൂടിൽ മൂന്ന് മിനിറ്റ് വേവിച്ചശേഷം ബസ്മതി അരി ഇട്ടുകൊടുക്കുക.
● ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് എന്ന തോതിൽ വെള്ളമൊഴിച്ച് കൊടുക്കുക. ആവശ‍്യത്തിന് ഉപ്പും ചേർക്കുക.
● കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. 20 മിനിറ്റിനുശേഷം കുക്കറിൽനിന്ന് ബൗളിലേക്ക് മാറ്റി പ്രഷർ കുക്കർ ബിരിയാണി ചൂടോടെ വിളമ്പാം.
സുർബിയാൻ
ചേരുവകൾ
ഉള്ളി വറുക്കുന്നതിന്
1. ഒലിവ് ഓയിൽ -1/3 കപ്പ്
2. സവാള -മൂന്ന്
അരി വേവിക്കാൻ
1. വെള്ളം -മൂന്ന് ലിറ്റർ
2. ബസ്മതി അരി -മൂന്ന് കപ്പ്
3. ഉപ്പ് -ആവശ‍്യത്തിന്
4. കറുവ ഇല -ഒന്ന്
5. തക്കോലം -ഒന്ന്
6. കറുവപ്പട്ട -ഒന്ന്
7. ഏലക്ക -ആറ്
8. ഗ്രാമ്പു -ആറ്
9. ജാതിക്ക -ഒന്ന്
10. ഉണക്ക നാരങ്ങ -ഒന്ന്
11. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
മാരിനേഷന്
1. വറുത്തെടുത്ത സവാള
2. ഇഞ്ചി -ഒരു കഷണം
3. വെളുത്തുള്ളി -20 അല്ലി
4. തൈര് -അരക്കപ്പ്
5. പാപ്രിക പൗഡർ -അര ടീസ്പൂൺ
6. കശുവണ്ടി -ഒരു ടേബ്ൾ സ്പൂൺ
7. ഉണക്ക മുന്തിരി -ഒരു ടേബ്ൾ സ്പൂൺ
മസാലക്ക്
1. സവാള -ഒന്ന്
2. കാപ്സിക്കം -ഒന്ന്
3. തക്കാളി -രണ്ട്
4. കറുവ ഇല -ഒന്ന്
5. ഉണക്ക നാരങ്ങ -ഒന്ന്
6. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
7. കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ
8. മല്ലിപ്പൊടി -മൂന്ന് ടീസ്പൂൺ
9. അറബിക് ഗരം മസാല -ഒരു ടീസ്പൂൺ
10. പച്ചമുളക് -അഞ്ച്
11. ഉരുളക്കിഴങ്ങ് -അഞ്ച്
12. ഉപ്പ് -ആവശ‍്യത്തിന്
13. മല്ലി -ഒരു ടേബ്ൾ സ്പൂൺ
14. സ്റ്റോക്ക് ക്യൂബ് -ഒരെണ്ണം
15. കുങ്കുമപ്പൂവ് -ഒന്നോ രണ്ടോ നുള്ള്
16. ഓറഞ്ച് ബ്ലോസം വാട്ടർ -മുക്കാൽ ടീസ്പൂൺ
17. ചിക്കൻ -ഒരു കിലോ
തയാറാക്കുന്ന വിധം
● പാൻ ചൂടാക്കി ഒലിവ് ഓയിൽ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് വറുത്തെടുത്ത് മാറ്റിവെക്കുക.
● അരി വേവിക്കാൻ മൂന്നു ലിറ്റർ വെള്ളമെടുത്ത് 3 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഒരു മിനിറ്റോളം തിളപ്പിക്കുക.
● മൂന്ന് കപ്പ് ബസ്മതി അരിയും സവാള വറുക്കാൻ ഉപയോഗിച്ച എണ്ണയുംകൂടി ചേർക്കുക. എട്ടു മിനിറ്റ് വേവിച്ചെടുത്തശേഷം ചോർ വാർത്തെടുക്കുക.
● ചിക്കൻ മാരിനേറ്റ് ചെയ്യാനായി 1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ബൗളിലേക്ക് മാറ്റി ചിക്കൻ പാപ്രിക പൗഡറും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക.
● പാൻ ചൂടാക്കി എണ്ണയൊഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തെടുത്ത് മാറ്റിവെക്കുക. ഇതേ പാനിൽതന്നെ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
● മസാലക്ക് 2 മുതൽ 10 വരെയുള്ള ചേരുവകൾ മിക്സ് ചെയ്യുക.
● മാരിനേറ്റ് ചെയ്തുവെച്ച ചിക്കൻ പാനിലേക്ക് മാറ്റി വെളിച്ചെണ്ണയൊഴിച്ച് ബ്രൗൺ നിറം ആകുന്നതുവരെ ഫ്രൈ ചെയ്തശേഷം മാറ്റിവെക്കുക.
● മുക്കാൽ കപ്പോളം വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. മല്ലിയില, ഉരുളക്കിഴങ്ങ്, സ്റ്റോക്ക് ക്യൂബ് എന്നിവയും ചേർക്കുക.
● ചെറുതീയിൽ അടച്ചുവെച്ച് 20 മിനിറ്റോളം പാകം ചെയ്യുക. പിന്നീട് പാനിലെ വെള്ളം കുറയാൻ തുറന്നുവെച്ചും അൽപനേരം പാകം ചെയ്യാം.
● നേരത്തേ വേവിച്ചുവെച്ച ചോറിൽ പകുതിയെടുത്ത് പാനിലേക്കിട്ട് വറുത്തെടുത്ത സവാള, മല്ലിയില, പുതിനയില എന്നിവ ചേർക്കുക.
● ബാക്കിയുള്ള ചോറുകൂടി ചേർത്ത് വീണ്ടും വറുത്തെടുത്ത സവാള, മല്ലിയില, പുതിനയില എന്നിവയും ചൂടുവെള്ളത്തിലിട്ട കുങ്കുമപ്പൂവ്, ഓറഞ്ച് ബ്ലോസം വാട്ടർ എന്നിവയുംകൂടി ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് പാകം ചെയ്താൽ രുചികരമായ സുർബിയാൻ തയാർ.
മാഞ്ഞാലി ബിരിയാണി
ചേരുവകൾ
അരി വേവിക്കാൻ
1. കൈമ അരി -മൂന്ന് കപ്പ്
2. ഏലക്ക -ആറ്
3. ഗ്രാമ്പു -ഏഴ്
4. പെരുംജീരകം -അര ടീസ്പൂൺ
5. കറുവപ്പട്ട -അര ഇഞ്ചിന്‍റെ കഷണം
6. ജാതിപത്രി- അരക്കഷണം
7. തക്കോലം -അരക്കഷണം
8. സവാള -ഒരെണ്ണം വലുത്
9. കാരറ്റ് -കാൽ കപ്പ്
10. പൈനാപ്പിൾ -കാൽ കപ്പ്
11. പച്ചമുളക് -ഒരെണ്ണം
12. വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
13. ഇഞ്ചി പേസ്റ്റ് -കാൽ ടീസ്പൂൺ
14. മല്ലിയില -ആവശ്യത്തിന്
15. ഉപ്പ് -ആവശ്യത്തിന്
16. നെയ്യ് -ആവശ്യത്തിന്
17. വെളിച്ചെണ്ണ -ആവശ്യത്തിന്
മാരിനേഷന്
1. ചിക്കൻ -ഒന്നര കിലോ
2. കശ്മീരി ചില്ലി പൗഡർ -ഒരു ടേബ്ൾ സ്പൂൺ
3. മഞ്ഞൾപ്പൊടി -അര ടേബ്ൾ സ്പൂൺ
4. വിനാഗിരി -ഒരു ടേബ്ൾ സ്പൂൺ
5. ഉപ്പ് -ആവശ്യത്തിന്
6. കറിവേപ്പില -മൂന്നു മുതൽ നാലുവരെ തണ്ട്
മസാലക്ക്
1. സവാള -രണ്ടെണ്ണം വലുത്
2. വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
3. ഇഞ്ചി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
4. കശ്മീരി ചില്ലി പൗഡർ -ഒരു ടേബ്ൾ സ്പൂൺ
5. പച്ചമുളക് -രണ്ടെണ്ണം
6. മല്ലിപ്പൊടി - മുക്കാൽ ടേബ്ൾ സ്പൂൺ
7. മഞ്ഞൾപ്പൊടി -കാൽ ടേബ്ൾ സ്പൂൺ
8. ഗരം മസാല -ഒരു ടേബ്ൾ സ്പൂൺ
9. കുരുമുളക് പൊടി -അര ടേബ്ൾ ടീസ്പൂൺ
10. തക്കാളി -രണ്ടെണ്ണം
11. നാരങ്ങ -ഒരെണ്ണം
ഗാർണിഷ് ചെയ്യാൻ
1. സവാള -ഒന്ന് വലുത്
2. കശുവണ്ടി -രണ്ട് ടേബ്ൾ സ്പൂൺ
3. ഉണക്കമുന്തിരി -ഒരു ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
● 2 മുതൽ 6 വരെയുള്ള ചേരുവകൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക.
● അരി വേവിക്കാൻ പാനിലേക്ക് വെളിച്ചെണ്ണ, നെയ്യ് എന്നിവ ചേർത്ത് എണ്ണ ചൂടാകുമ്പോൾ 3 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റിയെടുക്കുക.
● ഇതിലേക്ക് ഉപ്പ്, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പൈനാപ്പിൾ, കാരറ്റ്, പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക.
● ഒരു കപ്പ് അരിക്ക് ഒന്നരക്കപ്പ് എന്നതോതിൽ വെള്ളം ചേർക്കുക. വീണ്ടും ഉപ്പിട്ടശേഷം വെള്ളം തിളക്കുമ്പോൾ മല്ലിയിലകൂടി ചേർക്കാം.
● ഇതിലേക്ക് കുതിർത്തെടുത്ത് വെള്ളം വാർന്ന അരികൂടി ചേർക്കുക. അരി തിളച്ച് തുടങ്ങുമ്പോൾ നാരങ്ങ നീര് ചേർക്കുക.
● ചേരുവകളെല്ലാം ഇളക്കി ചെറുതീയിൽ വെള്ളം വറ്റുന്നതുവരെ പാകം ചെയ്തെടുക്കുക.
● വെള്ളം വറ്റിയശേഷം നെയ്യ് കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്ത് അടച്ചുവെച്ച് 15 മിനിറ്റ് വേവാൻ വെക്കുക.
● കടായിയിൽ വെളിച്ചെണ്ണയൊഴിച്ച് അതിൽ സവാളയിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഈ ചേരുവയിലേക്ക് കറിവേപ്പിലകൂടി ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാത്രത്തിൽ കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി നെയ്യ് ചേർത്ത് വറുത്തെടുക്കുക.
● മറ്റൊരു പാത്രംവെച്ച് ചിക്കൻ മുക്കാൽ കപ്പ് വെള്ളത്തിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. ഇതിൽനിന്ന് ചിക്കൻ കഷണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
● സവാള വറുത്ത എണ്ണയിലിട്ട് ചിക്കൻ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഒന്നുകൂടി വറുത്തെടുക്കുക.
● ഇതിൽനിന്ന് കുറച്ച് എണ്ണ നീക്കം ചെയ്തശേഷം സവാളയും ഉപ്പുമിട്ട് ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക.
● കശ്മീരി ചില്ലി പൗഡർ, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, തക്കാളി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ചിക്കൻ പാകം ചെയ്യാൻ ഉപയോഗിച്ച വെള്ളം കുറച്ച് ചേർത്ത് കൊടുക്കാം.
● ഇവ പേസ്റ്റ് രൂപത്തിലാവുന്നതുവരെ പാകം ചെയ്തശേഷം ചിക്കൻകൂടി ചേർത്ത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. വേവിച്ചുവെച്ച ചോറിൽ വറുത്തെടുത്ത സവാളകൂടി ചേർത്ത് ചിക്കനൊപ്പം രുചികരമായ മാഞ്ഞാലി ബിരിയാണി വിളമ്പാം.
കോഴിക്കോടൻ ബീഫ് ബിരിയാണി
ചേരുവകൾ
ബീഫ് മസാലക്കുള്ളത്
1. ബീഫ് -ഒരു കിലോ
2. വെളിച്ചെണ്ണ -ആവശ്യത്തിന്
3. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
4. സവാള -അരക്കിലോ
5. തക്കാളി -നാല്
6. ഇഞ്ചി പേസ്റ്റ് -രണ്ട് ടേബ്ൾ സ്പൂൺ
7. വെളുത്തുള്ളി പേസ്റ്റ് -മൂന്ന് ടേബ്ൾ സ്പൂൺ
8. പച്ചമുളക് ചതച്ചത് -10 എണ്ണം
9. മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
10. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
11. കുരുമുളകുപൊടി -അര ടീസ്പൂൺ
12. പെരുംജീരകപ്പൊടി -അര ടീസ്പൂൺ
13. നാരങ്ങാനീര് -ഒരു നാരങ്ങയുടേത്
14. ഗരംമസാല -ഒരു ടീസ്പൂൺ
15. തൈര് -അരക്കപ്പ്
16. ഉപ്പ് -ആവശ‍്യത്തിന്
17. പുതിനയില -അരക്കപ്പ്
18. കറിവേപ്പില -കുറച്ച്
19. മല്ലിയില -ഒരു പിടി
അരി വേവിക്കാൻ
1. കൈമ അല്ലെങ്കിൽ ജീരകശാല അരി -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. കശുവണ്ടി -നാല് ടേബ്ൾ സ്പൂൺ
4. ഉണക്കമുന്തിരി -മൂന്ന് ടേബ്ൾ സ്പൂൺ
5. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
6. ഉപ്പ് -ആവശ‍്യത്തിന്
7. കറുവപ്പട്ട -രണ്ട്
8. ഗ്രാമ്പു -10
9. ഏലക്ക -10
10. വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
11. പച്ചമുളക് പേസ്റ്റ് -അര ടീസ്പൂൺ
12. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
13. നാരങ്ങാനീര് - അര നാരങ്ങയുടേത്
തയാറാക്കേണ്ട വിധം
● ബീഫ് മാരിനേറ്റ് ചെയ്യാൻ മൂന്ന് സവാള, 5 മുതൽ 19 വരെയുള്ള ചേരുവകൾ എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക.
● ബീഫ് കഷണങ്ങൾ വെളിച്ചെണ്ണ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ മാറ്റിവെക്കുക.
● ഗാർണിഷ് ചെയ്യാനുള്ള കശുവണ്ടിയും ഉണക്കമുന്തിരിയും പാനിൽ നെയ്യ് ഉപയോഗിച്ച് വറുത്തെടുക്കുക.
● അരി വേവിക്കാൻ പാനിൽ വെളിച്ചെണ്ണയൊഴിച്ച് സവാളക്കൊപ്പം കുറച്ച് ഉപ്പ് ചേർത്ത് വറുത്തെടുക്കുക. ഇതേ പാത്രത്തിൽ 6 മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് വെള്ളം തിളപ്പിച്ചെടുക്കുക.
● ഇതിലേക്ക് 20 മിനിറ്റ് കുതിർത്തുവെച്ച അരി ചേർക്കുക. ഇത് നന്നായി തിളക്കുമ്പോൾ തീ കുറച്ച് അടച്ചുവെച്ച് വെള്ളം വറ്റുന്നതുവരെ പാകം ചെയ്ത് മാറ്റിവെക്കുക.
● മാരിനേറ്റ് ചെയ്ത ബീഫ് കുക്കറിൽ വേവിച്ചെടുക്കുക.
● കുക്കർ തുറന്ന് ബീഫിലെ വെള്ളം വറ്റിച്ചെടുക്കുക.
● ബീഫിൽ വേവിച്ചുവെച്ച ചോർ ചേർക്കുക.
● മുകളിലേക്ക് പുതിനയില, മല്ലിയില, വറുത്തെടുത്ത സവാള, ഉണക്കമുന്തിരി, കശുവണ്ടി എന്നിവ ചേർക്കുക.
● അടുത്ത ലെയറിൽ വീണ്ടും ബീഫും ചോറും ചേർത്ത് സവാള, മല്ലിയില, പുതിനയില, ഉണക്കമുന്തിരി എന്നിവ ചേർക്കുക.
● മുകളിൽ നെയ്യ്, ഗരം മസാല, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ 20 മിനിറ്റ് ദം ചെയ്തെടുത്താൽ രുചിയൂറും കോഴിക്കോടൻ ബീഫ് ബിരിയാണി തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.