ആവശ്യക്കാർ ഏറി, ചക്ക തിരിയിട്ട് തുടങ്ങുമ്പോഴേ അഡ്വാൻസ് നൽകി പ്ലാവ് ബുക്ക് ചെയ്ത് കച്ചവടക്കാർ...
text_fields
ചക്കക്കൂട്ടാൻ കണ്ട കിടാങ്ങളെപ്പോലെ’ എന്ന ചൊല്ല് ഇപ്പോൾ ‘ചക്കക്കൂട്ടംകണ്ട കച്ചോടക്കാരെപ്പോലെ’ എന്ന് തിരുത്തിപ്പറയുകയാണ് എറണാകുളം ജില്ലക്കാർ. ഇവിടെ കിഴക്കൻ മേഖലയിലെ പ്ലാവുകളിലെ ചക്കയെല്ലാം മൂപ്പെത്തും മുമ്പേ കച്ചവടമായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ചക്കക്കച്ചവടമാണ് കാലടി, പെരുമ്പാവൂര്‍, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിൽ നടക്കുന്നത്.
ഡിമാൻഡ് ഇടിച്ചക്കക്ക്
സംസ്ഥാന ഫലമായ ചക്കക്ക് നല്ല കാലമാണ് ഇപ്പോൾ. അധികം മൂപ്പെത്താത്ത ഇടിച്ചക്കക്കാണ് ഡിമാൻഡ് കൂടിയത്. ഇടിച്ചക്ക കൊണ്ടുണ്ടാക്കുന്ന ബേബി ഫുഡ്, പൊടി എന്നിവക്ക് രാജ്യത്തിന് അകത്തും പുറത്തും ഡിമാൻഡ് വർധിച്ചതോടെ പ്ലാവിൽ ചക്ക തിരിയിട്ട് തുടങ്ങുമ്പോഴേ കച്ചവടക്കാർ ഗ്രാമങ്ങളിലടക്കം ഇവ അടങ്കൽ എടുക്കുകയാണ്. ഒരു പ്ലാവിൽ ഉണ്ടാകുന്ന ചക്കയുടെ എണ്ണമെടുത്ത് അഡ്വാൻസ് നൽകി കരാർ ഉറപ്പിച്ചശേഷം ഇടിച്ചക്കയാകുമ്പോൾ എത്തി പറിച്ചുകൊണ്ടുപോകും.
ഇടിച്ചക്ക കച്ചവടം ഇവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ പൊടിപൊടിക്കുന്നു. പലയിടങ്ങളിലും ചക്കയുടെ എണ്ണത്തിനാണ് വില. ഒന്നിന് 25 മുതൽ 35 രൂപ വരെ വിലക്ക് കുടികളില്‍ നിന്നും കച്ചവടക്കാര്‍ വാങ്ങുന്നു. വലുപ്പമുള്ളവക്ക് കൂടുതല്‍ ഡിമാൻഡുണ്ട്. ഇതിന് 50 രൂപ വരെ നൽകുന്നുണ്ട്. കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ ചക്ക കിലോക്ക് അനുസരിച്ചാണ് വില ലഭിക്കുന്നതെന്നതാണ് ഇതിന് കാരണം. ചക്കക്കുരുവിനും വിപണിയില്‍ വലിയ സ്വീകാര്യതയാണ്. കിലോഗ്രാമിന് 60 മുതൽ 110 രൂപ വരെയാണ് നിലവിലെ വില.
വിഭവങ്ങളിൽ വൈവിധ്യം
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഹോട്ടലുകളിലും ഇടിച്ചക്ക വിഭവങ്ങൾക്ക് ഡിമാൻഡായിട്ടുണ്ട്. ഒരുകാലത്ത് ഗ്രാമങ്ങളിൽ മുഖ്യ വിഭവമായിരുന്ന ഇടിച്ചക്ക തോരന്‍, പുഴുക്ക്, അച്ചാര്‍ തുടങ്ങിയവ ഹോട്ടൽ മെനുവിലും തലയുയർത്തി നിൽക്കുന്നു.
കാലാവസ്ഥ വ്യതിയാനവും പ്ലാവുകൾ ഫർണിച്ചറിനായി വെട്ടുന്നതുംമൂലം ചക്കയുടെ വിളവ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, ലാഭം നൽകുന്ന ബിസിനസായതോടെ കച്ചവടക്കാരുടെ എണ്ണം കൂടി. മറ്റെല്ലാ തൊഴിൽ മേഖലകളിലും എന്നപോലെ പ്ലാവിൽ കയറുന്നതും ഇതര സംസ്ഥാന തൊഴിലാളികളാണ്. കാര്യമായ മുടക്കില്ലാതെ മറ്റു കൃഷികളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാല്‍ പ്ലാവ് വെക്കാൻ കര്‍ഷകർക്കും താൽപര്യമായി.
കൃഷിയും കൂടി
കഴിഞ്ഞ സീസണുകളില്‍ വന്‍ ഡിമാൻഡ് ലഭിച്ചതോടെ കര്‍ഷകരില്‍ പലരും വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് കൃഷി തുടങ്ങി. നല്ലയിനം പ്ലാവ് രണ്ടുവര്‍ഷം കൊണ്ട് ഫലം നല്‍കും. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ചക്ക മൂപ്പെത്തുംമുമ്പെ പറിച്ചെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. പറമ്പിലെ പ്ലാവുകളിൽ അവശേഷിക്കുന്ന ചക്കത്തിരിക്കുപോലും വിലപറഞ്ഞ് പണം വാങ്ങിക്കഴിഞ്ഞു.
ന്യൂട്രീഷനൽ ഫുഡ്
മൂപ്പെത്താത്ത ഇടിയന്‍ ചക്ക ഫുഡ് സപ്ലിമെന്റിനായാണ് ഏറെ ഉപയോഗിക്കുന്നത്. വിവിധ ചക്ക വിഭവങ്ങളും ന്യൂട്രീഷനല്‍ ഫുഡായും ഇത് മാറ്റിയെടുക്കുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുമാണ് ചക്ക നാടുകടക്കുന്നത്. സ്‌പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡൻ ജാക്ക് മിക്‌സ്ചര്‍, ജാക്ക് ബാര്‍, ജാക്ക് ജാഗറി സ്വീറ്റ് തുടങ്ങിയ വ്യത്യസ്ത ചക്ക വിഭവങ്ങൾക്കാണ് പ്രിയം. ചക്കക്കുരുവാകട്ടെ ജാക്ക് സ്വീഡ് സാലയും പോട്ട് റോസ്റ്റഡും ജാക്ക് സ്വീഡുമൊക്കെയായി വിൽക്കുന്നു.
ചക്ക പഴയ ചക്കയല്ല
പറമ്പുകളില്‍ മൂത്തുപഴുത്ത് താഴെ വീണ് ചീഞ്ഞുപോയിരുന്ന ചക്കയിപ്പോള്‍ രുചിനോക്കാന്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ജാക്ക് ഫ്രൂട്ട് കൗണ്‍സില്‍, കൃഷിവിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ ഏജന്‍സികളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ചക്കയുടെ പ്രിയവും വിപണിയും വർധിച്ചത്. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകയും ചക്ക ഫെസ്റ്റ് നടത്തിയതുമൊക്കെ ചക്ക പഴയ ചക്കയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്.
പച്ചച്ചക്കയിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതുകൊണ്ട് ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ മികച്ചതാണെന്ന് വിലയിരുത്തലുണ്ട്. മഹാനിംബിന്‍ എന്ന ഘടകമാണ് പ്രത്യേക ഗുണം നല്‍കുന്നത്. പച്ചച്ചക്കയിലെ ഐസോഫ്‌ളേവനോയ്ഡുകള്‍, ലിഗ്നനുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയെല്ലാം ഗുണകരംതന്നെ. വിഷമയമില്ലാത്ത ഭക്ഷ്യവസ്തുവെന്നതും ചക്കയുടെ ഡിമാൻഡ് വർധിപ്പിക്കുന്നു.
ഹൃദയാരോഗ്യത്തിനും നന്ന്
കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വൈറ്റമിന്‍ എ, സി, വിവിധ ബി വൈറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, വൈറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടം. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യമുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്‌ട്രോള്‍രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പില്ല. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.