നാട്ടിലെ ഈദിന്റെ മൊഞ്ച്
text_fieldsറമദാൻ വന്നാൽ എല്ലാവർക്കും നൊസ്റ്റാൾജിയആയിരിക്കും. പഴയ ഓർമകളും മറ്റും. അതൊരു റമദാൻ മുഹബ്ബത്തായി തീരുന്നതും അതൊക്കെക്കൊണ്ടുതന്നെയാവാം.
എല്ലാ നോമ്പിനും പഴയ ഓർമകൾ അയവിറക്കുന്നതുകൊണ്ടാവാം നോമ്പ് നാട്ടിൽ കിട്ടാൻ ആഗ്രഹിക്കാറുണ്ട്. രണ്ടു വർഷം മുമ്പ് പകുതി നോമ്പ് നാട്ടിൽനിന്നുതന്നെ കഴിച്ചുകൂട്ടി. അക്കരപ്പച്ച എന്നു പറഞ്ഞപോലെ, ബഹ്റൈനിൽ നോമ്പെടുക്കാൻ ആഗ്രഹിച്ച് പെട്ടെന്നുതന്നെ തിരികെ പോന്നു. നാട്ടിലെ നോമ്പുതുറയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. കൂട്ടുകുടുംബം ഒക്കെ ഉണ്ടെങ്കിലേ നാട്ടിലെ ആ ഒരു സുഖവും സന്തോഷവും കിട്ടൂ എന്നു തോന്നി. പ്രത്യേകിച്ച് മരിച്ചുപോയവർ. ഉമ്മാമ ഒക്കെ വീടിന്റെ തീരാനഷ്ടം തന്നെയാണ്. എന്നെ സംബന്ധിച്ച്, ഈദിന്റെ മൊഞ്ച് തന്നെ ഉമ്മാമേന്റെ ആദ്യത്തെ കെട്ടിപ്പിടിച്ചുള്ള മുത്തവും ഉമ്മാമാന്റെ അനിയത്തിയുടെ പൊരുത്തവുമൊക്കെയാണ്. അവരൊക്കെ പോയപ്പോൾതന്നെ നാട്ടിലെ ഈദിന്റെ മൊഞ്ചനുഭവം പോയി.
കൂട്ടുകുടുംബം പിന്നീട് അണുകുടുംബം ആയതോടെ കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ മാത്രം ബാക്കിയായി. ഇനി ഒരിക്കലും ആ കാലങ്ങളോ ഒന്നും കിട്ടില്ലെന്നറിയാം. അതുകൊണ്ടാവാം ഇപ്പോൾ ഇഷ്ടം ബഹ്റൈൻ നോമ്പിനോടുതന്നെയായി. കുറെ കാലങ്ങൾ കഴിഞ്ഞാൽ മക്കളുടെ മനോഹരമായ നോമ്പുകാലം തീർച്ചയായും ഇപ്പോൾ നമ്മൾ കൊണ്ടുപോകുന്ന ഈ സുവർണ കാലം തന്നെയാവില്ലേ? ഇന്ന് എല്ലാ സാധനങ്ങളും സമൃദ്ധിയായി നാട്ടിലും ഇവിടെയും കിട്ടുന്നതുകൊണ്ടാവാം, ആ പഴയ സുഖം കിട്ടാത്തതെന്ന് തോന്നാറുണ്ട്.
എന്തായാലും പഴയ കാലം, അത് എത്ര കാലം കഴിഞ്ഞാലും ഓരോ മലയാളിയുടെയും മനസ്സിൽ നോവുതന്നെയാണ്. അതു പറയുമ്പോൾ കിട്ടുന്ന സന്തോഷം, അതൊന്ന് വേറെതന്നെയാ... എന്റെ കുട്ടികളോട് ഞാൻ കഥകളായി അതൊക്കെ പറയും. അവർ കേട്ടുമടുത്തുകാണുമെങ്കിലും അത് പറയുമ്പോൾ കിട്ടുമ്പോഴുള്ള ഒരു ഫീൽ കുട്ടികൾക്ക് മനസ്സിലാകുമോ എന്നറിയില്ല; എങ്കിലും ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. അതിനൊരിക്കലും അന്ത്യമില്ലെന്നു പറയാം. ഒക്കെ പറയുമ്പോൾ കണ്ണുകൾ ഈറനണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.